Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇമ്രാനെതിരെ ആസാദി റാലിയുമായി പ്രതിപക്ഷ പാർട്ടികൾ; കശ്മീർ വിഷയത്തിൽ ഇന്ത്യൻ നിലപാട് വിജയിച്ചതിനെതിരെ ജനരോഷം ശക്തം; സൈന്യത്തിന്റെ പിന്തുണയോടെ ഖാനെ താഴെയിറക്കാൻ നീക്കങ്ങളുമായി പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ

ഇമ്രാനെതിരെ ആസാദി റാലിയുമായി പ്രതിപക്ഷ പാർട്ടികൾ; കശ്മീർ വിഷയത്തിൽ ഇന്ത്യൻ നിലപാട് വിജയിച്ചതിനെതിരെ ജനരോഷം ശക്തം; സൈന്യത്തിന്റെ പിന്തുണയോടെ ഖാനെ താഴെയിറക്കാൻ നീക്കങ്ങളുമായി പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ലാമാബാദ്: കശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര തലത്തിൽ പൂർണ്ണമായും ഒറ്റപ്പെട്ടതിന് പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് എതിരെ രാജ്യത്തിനുള്ളിലും കരുനീക്കങ്ങൾ ശ്ക്തം. സൈന്യത്തിന്റെ പിന്തുണയോടെ ഇമ്രാനെ അധികാര ഭ്രഷ്ടനാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇതിനായി ഈ മാസം 27ന് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ആസാധി റാലിക്ക് മറ്റ് പ്രതിപക്ഷ പാർട്ടികളുടെ കൂടി പിന്തുണ തേടുമെന്ന് ജമാഅത്ത് ഉലമ ഇ ഇസ്ലാം ഫസൽ (ജെ.യു.ഐ.-എഫ്) നേതാവ് ഫസലുർ റഹ്മാൻ വ്യക്തമാക്കി.

റാലി ഇമ്രാൻസർക്കാരിനെതിരേയുള്ള യുദ്ധപ്രഖ്യാപനമാണെന്നാണ് റഹ്മാൻ പറയുന്നത്. രാജ്യംമുഴുവൻ യുദ്ധഭൂമിയാക്കിയുള്ള പ്രക്ഷോഭം സർക്കാർ വീണാലേ അടങ്ങൂവെന്ന് അദ്ദേഹം പറയുന്നു. ഇതിനായി മറ്റു പ്രതിപക്ഷപാർട്ടികളായ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പി.പി.പി.), പാക്കിസ്ഥാൻ മുസ്ലിംലീഗ് -നവാസ് (പി.എം.എൽ.-എൻ.) എന്നിവയുടെ പിന്തുണതേടും. മദ്രസാവിദ്യാർത്ഥികളടക്കം എല്ലാവിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ച് രാജ്യവ്യാപകമായ പ്രക്ഷോഭമാണ് ഒരുങ്ങുന്നത്.

എന്നാൽ, റാലിയിൽ പങ്കെടുക്കുന്നത് സംബന്ധിച്ച തീരുമാനങ്ങൾ പിപിയും പിഎംഎല്ലും അന്തിമമായി എടുത്തിട്ടില്ല. ആസാദി റാലിയിൽ പങ്കെടുക്കേണ്ടതില്ല എന്നാണ് ഇരുപാർട്ടികളുടെയും മുൻ നിലപാട്. അതേസമയം, ആസാദി റാലി സർക്കാരിനെതിരായ കലാപമായി മാറിയാൽ അതിന്റെ നേട്ടം ജെയുഐയിലേക്ക് ഒതുങ്ങും എന്ന ബോധ്യവും ഇരു പാർട്ടികൾക്കും ഉണ്ട്. ഇതിനിടെ സൈന്യം നടത്തുന്ന നീക്കങ്ങളും പാക്കിസ്ഥാനിൽ ഭരണമാറ്റത്തിന്റെ സൂചന നൽകുന്നതാണ്.

എന്നാൽ, ഇത്തരം വാർത്തകളെ പൂർണമായും തള്ളുകയാണ് ഇമ്രാൻ ഖാൻ. സർക്കാരിനെതിരേ പ്രതിപക്ഷപാർട്ടികളെ കൂട്ടുപിടിച്ച് 'മതത്തെ ദുരുപയോഗംചെയ്തുകൊണ്ടുള്ള' നീക്കങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഫസലുർ റഹ്മാന്റെ റാലിയിൽ പങ്കെടുക്കില്ലെന്ന് പറയുമ്പോഴും പി.പി.പി.യും പി.എം.എല്ലും റാലിക്ക് സഹായധനമടക്കം നൽകുന്നുണ്ടെന്നും ആരോപിച്ചു. റാലിക്കായി ജെ.യു.ഐ.-എഫ് നിഷ്‌കളങ്കരായ മദ്രസാവിദ്യാർത്ഥികളെ ഉപയോഗിക്കുകയാണെന്നും ഇമ്രാൻ ആരോപിക്കുന്നു.

ഇമ്രാൻ ഖാന്റെ വിശ്വസ്തനും സൈനികമേധാവിയുമായ ഖമർ ജാവേദ് ബജ്വ രാജ്യത്തെ വ്യവസായികളുമായി വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ച ഒരു അട്ടിമറിസാധ്യതയിലേക്ക് വിരൽചൂണ്ടിയിരുന്നു. എന്നാൽ, രാജ്യം നേരിടുന്ന സാമ്പത്തികപ്രതിസന്ധി മറികടക്കാൻ ആഭ്യന്തരസുരക്ഷ വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യമാണ് ദേശീയ വികസനകൗൺസിൽ അംഗംകൂടിയായ സൈനികമേധാവി കൂടിക്കാഴ്ചയിൽ മുന്നോട്ടുവെച്ചതെന്നാണ് പുറത്തുവന്ന വാർത്ത.

രാജ്യത്തെ സാമ്പത്തികരംഗം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥ നേരിടുമ്പോഴും യാഥാർഥ്യം കാണാതെ കശ്മീർവിഷയത്തിലേക്കുമാത്രം ശ്രദ്ധതിരിക്കാനുള്ള ഇമ്രാന്റെ ശ്രമമാണ് സൈന്യത്തെയും പ്രതിപക്ഷപാർട്ടികളെയും അസ്വസ്ഥരാക്കുന്നതെന്നാണ് റിപ്പോർട്ട്. രാജ്യത്തെ യുവാക്കളുടെയും സാധാരണക്കാരുടെയും പ്രതീക്ഷയ്‌ക്കൊത്തുയരാൻ സർക്കാരിന് ആവുന്നില്ലെന്ന് പരക്കെ വിമർശനമുണ്ട്. ഒരുവർഷമായി ദാരിദ്ര്യവും തൊഴിലില്ലായ്മയും വർധിക്കുകയുംചെയ്തു.

ശക്തരായ എതിരാളികളായിരുന്ന പി.പി.പി.യെയും പി.എം.എൽ.-എന്നിനെയും തോൽപ്പിച്ച് ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് (പി.ടി.ഐ.) അധികാരത്തിലേറിയത് സൈന്യത്തിന്റെ പൂർണ പിന്തുണയോടെയായിരുന്നു. എന്നാൽ, സൈന്യവും ഇപ്പോൾ കൂറുമാറുന്നതിന്റെ സൂചന നൽകിയതാണ് ഇമ്രാൻ ഖാൻ നേരിടുന്ന വലിയ ഭീഷണി. അന്താരാഷ്ട്ര തലത്തിൽ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ അമ്പേ പരാജിതനായി സ്വന്തം നാട്ടിലും അധികാര കസേര വിട്ടൊഴിയേണ്ട ഗതികേടിലാണോ ഇമ്രാൻ ഖാ്ൻ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP