Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കെജി സൈമണായി മോഹൻ ലാൽ എത്തുമ്പോൾ ജോളിയാകുക ആര്? ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകനിലും സസ്‌പെൻസ്; ബിഗ് ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഫെബ്രുവരിൽ തുടങ്ങും; ദൃശ്യത്തിന് ശേഷം ക്രൈം ത്രില്ലറിന്റെ പുതിയൊരു വെർഷനുമായി മോഹൻലാൽ എത്തുമ്പോൾ

കെജി സൈമണായി മോഹൻ ലാൽ എത്തുമ്പോൾ ജോളിയാകുക ആര്? ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകനിലും സസ്‌പെൻസ്; ബിഗ് ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഫെബ്രുവരിൽ തുടങ്ങും; ദൃശ്യത്തിന് ശേഷം ക്രൈം ത്രില്ലറിന്റെ പുതിയൊരു വെർഷനുമായി മോഹൻലാൽ എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കൂടത്തായിയിലെ നിഗൂഡതകൾ വെള്ളിത്തിരയിൽ എത്തുമ്പോ കൂടത്തായി കൂട്ടക്കൊലപാതകം സിനിമയാക്കുന്നു. മോഹൻലാൽ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന സിനിമയുടെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

മോഹൻലാലിനുവേണ്ടി നേരത്തേ തയാറാക്കിയ കുറ്റാന്വേഷണ കഥയ്ക്കു പകരമായാണ് കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നതെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. ഫെബ്രുവരിയോടെ ചിത്രീകരണം തുടങ്ങും. കൂടത്തായി സംഭവത്തിനൊപ്പം നേരത്തേ തയാറാക്കിയ കഥയുടെ ഭാഗങ്ങളും സിനിമയിൽ ഉൾപ്പെടുത്തും. വടകര റൂറൽ എസ് പി കെ ജി സൈമണാണ് കൂടത്തായിയിലെ നിർണ്ണായക വിവരങ്ങൾ പുറത്തു കൊണ്ടു വന്നത്. ഈ റോളിലാകും മോഹൻലാൽ എത്തുകയെന്നാണ് സൂചന.

ജോളിയായി വേഷമിടുക ആരെന്ന ചർച്ചയും സജീവമാണ്. മോഹൻലാൽ ഇപ്പോൾ സിദ്ദിഖിന്റെ ബിഗ് ബ്രദർ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. അതേസമയം കൂടത്തായി സംഭവത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ തന്നെ സിനിമ പ്രഖ്യാപിച്ച നടി ഡിനി ഡാനിയലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. കൂടത്തായി എന്ന പേരിലാണ് സിനിമ ആസൂത്രണം ചെയ്തിരുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കിയിരുന്നു. വാർത്ത കണ്ട് ഞെട്ടിയെന്നും ഇനിയിപ്പോ എന്ത് ചെയ്യും എന്നും ഡിനി ഫേസ്‌ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

ജോളിയുടെ വേഷത്തിൽ ഡിനി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോണെക്‌സ് ഫിലിപ്പ് ആയിരുന്നു. അഭയ കേസുമായി ക്രൈംഫയൽ കൊലപാതകങ്ങൾ അടക്കമുള്ള യഥാർത്ഥ സംഭവങ്ങളെ ഇതിന് മുൻപും മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിട്ടുണ്ട്. കുപ്രസിദ്ധമായ സിസ്റ്റർ അഭയ കൊലക്കേസിനെ അടിസ്ഥാനമാക്കിയാണ് കെ മധു ക്രൈം ഫയൽ എന്ന പേരിലുള്ള ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഒരുക്കിയത്. മമ്മൂട്ടിയുടെ സിബിഐ ഡയറിക്കുറിപ്പും ഏറെ ചർച്ചയായി. ഇതിനെല്ലാം ഉപരി ദൃശ്യമെന്ന ചിത്രവും ചർച്ചയായി. മോഹൻലാലിനെ നായകനാക്കി ചെയ്ത ഈ ചിത്രത്തിന്റെ മാതൃകയിൽ പലരും കൊലപാതകങ്ങൾ പോലും നടത്തി.

സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. കോഴിക്കോട്ടെ കൂടത്തായിലാണ് കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പര നടക്കുന്നത്. 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ഒരു കുടുംബത്തിലെ ആറ് പേർ കൊല്ലപ്പെടുന്നതാണ് കേസ്. റിട്ടയേർഡ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട അദ്ധ്യാപിക അന്നമ്മ, മകൻ റോയി തോമസ്, ബന്ധുവായ യുവതി, ഇവരുടെ പത്തുമാസം പ്രായമായ കുഞ്ഞ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ എന്നിവരാണ് കൊലപ്പെടുന്നത്. 2002ൽ അന്നമ്മയാണ് ആദ്യം മരിച്ചത്. തുടർന്ന് വർഷങ്ങളുടെ ഇടവേളകളിലാണ് മറ്റുള്ളവരുടെ മരണം.

ആറ് വർഷം മുമ്പ് മരിച്ച റോയിയുടെ മൃതദേഹം ബന്ധുക്കൾ പറഞ്ഞതനുസരിച്ച് പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ വിഷം ഉള്ളിൽച്ചെന്നതായി കണ്ടെത്തിയിരുന്നു. ടോം തോമസിന്റെ സ്വത്ത് മകന്റെ ഭാര്യയായ ജോളി വ്യാജ ഒസ്യത്തുപയോഗിച്ച് തട്ടിയെടുക്കാൻ ശ്രമിച്ചതോടെയാണ് ഇളയമകൻ റോജോ പരാതി നൽകുന്നത്. പരാതിക്കാരനെ കേസിൽ നിന്ന് പിന്തിരിപ്പിക്കാനും ജോളി ശ്രമിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകങ്ങളിലെ ജോളിയുടെ പങ്ക് പൊലീസ് കണ്ടെത്തുന്നത്. ഉടൻ തന്നെ ജോളിയെ പൊലീസ് അറസ്റ്റ് ചെയ്തു. നിലവിൽ കേസന്വേഷണം തുടരുകയാണ്. വടകര റൂറൽ എസ്‌പി കെ ജി സൈമണിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസിൽ രാഷ്ട്രീയ നേതാക്കളുടെ പങ്കും പൊലീസ് കണ്ടെത്തിയിരുന്നു. അന്വേഷണ സംഘത്തെ ആറായി തിരിച്ച് ഓരോ മരണവും ഓരോ സംഘം അന്വേഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP