Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അദ്ധ്യാപകർ വരാതായതോടെ എല്ലാറ്റിന്റെയും കൺട്രോൾ കുട്ടികൾക്ക്; വിധിനിർണയത്തിന് ആളില്ലാതായതോടെ തമ്മിലടിയും കൂട്ടപ്പൊരിച്ചിലും; സബ് ജില്ലാ കായികമേളയ്ക്ക് അറിയിപ്പ് ലഭിച്ചത് ഇന്നലെ രാത്രി; എല്ലാ ഇനങ്ങളും ഒരുമിച്ച് തുടങ്ങിയപ്പോൾ ഏതിൽ പങ്കെടുക്കണമെന്ന് അറിയാതെ വിദ്യാർത്ഥികൾ; കായികാധ്യാപകരുടെ ചട്ടപ്പടി സമരം തുടരുന്നതോടെ സംസ്ഥാന സ്‌കൂൾ കായികമേളയും കുളമാകുമെന്ന് സംശയം

അദ്ധ്യാപകർ വരാതായതോടെ എല്ലാറ്റിന്റെയും കൺട്രോൾ കുട്ടികൾക്ക്; വിധിനിർണയത്തിന് ആളില്ലാതായതോടെ തമ്മിലടിയും കൂട്ടപ്പൊരിച്ചിലും; സബ് ജില്ലാ കായികമേളയ്ക്ക് അറിയിപ്പ് ലഭിച്ചത് ഇന്നലെ രാത്രി; എല്ലാ ഇനങ്ങളും ഒരുമിച്ച്  തുടങ്ങിയപ്പോൾ ഏതിൽ പങ്കെടുക്കണമെന്ന് അറിയാതെ വിദ്യാർത്ഥികൾ; കായികാധ്യാപകരുടെ ചട്ടപ്പടി സമരം തുടരുന്നതോടെ സംസ്ഥാന സ്‌കൂൾ കായികമേളയും കുളമാകുമെന്ന് സംശയം

എം മനോജ് കുമാർ

 പാലോട്: ചരിത്രത്തിലാദ്യമായി സ്‌കൂൾ കായികമേള നടത്തിപ്പ് പ്രതിസന്ധിയിലാകുന്നു. സബ് ജില്ലാ കായികമേളകൾ ഇപ്പോൾ സംസ്ഥാന തലത്തിൽ തന്നെ ആരംഭിച്ചിരിക്കെ പ്രതിസന്ധി നിലവിൽ രൂക്ഷമാവുകയാണ്. കായികാധ്യാപകർ ചട്ടപ്പടി സമരം തുടരുന്നത് കാരണമാണ് ഈ പ്രതിസന്ധി രൂക്ഷമാകുന്നത്. സംസ്ഥാന സ്‌കൂൾ കായികമേള നവംബർ 14 മുതൽ 17 വരെ കണ്ണൂരിൽ നടത്താനാണ് തീരുമാനം. നവംബറിൽ തന്നെയാണ് ദേശീയ സ്‌കൂൾ കായികമേളയും നടക്കാനിരിക്കുന്നത്. എന്നാൽ കായികാധ്യാപക സമരം എല്ലാം കുഴയ്ക്കുന്ന ലക്ഷണമാണ്. ദേശീയ കായികമേളയ്ക്കായുള്ള സംസ്ഥാന ടീമിനെ തെരഞ്ഞെടുക്കണമെങ്കിൽ ഉപജില്ലാ, റവന്യൂ ജില്ലാ, സംസ്ഥാന കായികമേളകൾ നടത്തേണ്ടതുണ്ട്. എന്നാൽ കായികാധ്യാപകർ സഹകരിക്കുന്നില്ല. ഇത് തന്നെയാണ് ഇന്നു നടക്കുന്ന പാലോട് സബ് ജില്ലാ കായികമേളയിലും കണ്ടത്.

സംസ്ഥാന കായിക മേളയ്ക്ക് മുന്നോടിയായി നടത്തേണ്ട ഉപജില്ലാ, റവന്യൂ ജില്ലാ മത്സരങ്ങൾക്കാണ് ഇപ്പോൾ അരങ്ങ് ഒരുങ്ങുന്നത്. ആശയക്കുഴപ്പത്തിലും പ്രതിസന്ധിയിലുമായാണ് ഈ കായിക മത്സരങ്ങൾ മുന്നോട്ടു നീങ്ങുന്നത്. സബ് ജില്ലാ കലോത്സവം കഴിഞ്ഞാണ് റവന്യൂ ജില്ലാ കായികമേള നടക്കേണ്ടത്. ഇന്നു പാലോട് സബ് ജില്ലാ കായികമേള നടക്കുമ്പോൾ നാളെ തന്നെ റവന്യൂ ജില്ലാ കായികമേളയും നടക്കുകയാണ്. അത് കഴിഞ്ഞാണ് ജില്ലാ തല മത്സരങ്ങൾ വരുന്നത്. അത് കഴിഞ്ഞു സംസ്ഥാന മത്സരങ്ങളും. പക്ഷെ ഇന്നു പാലോട് സബ് ജില്ലാ മത്സരം നടക്കുകയാണെന്ന് ഇന്നലെ രാത്രി ഒമ്പതരയ്ക്കാണ് അറിയിപ്പ് കിട്ടുന്നത്. പാലോട് എഇഒയാണ് അറിയിപ്പ് നൽകേണ്ടത്. നല്കിയതും. കായികമേളയായതിനാൽ വിപുലമായ ഒരുക്കങ്ങൾ വേണ്ട പരിപാടിയാണ് നടക്കുന്നത്. ഭാരിച്ച ഉത്തരവാദിത്തവും ഇതിനു പിന്നിലുണ്ട്.

സാധാരണ ഗതിയിൽ കായികമേളകൾക്ക് ഒരുക്കങ്ങൾക്ക് സമയം ആവശ്യമായതിനാൽ നേരത്തെ തന്നെ അറിയിപ്പ് നൽകുകയും ഒരുക്കങ്ങൾ നടത്തുകയും ചെയ്യും. അറിയിപ്പ് നൽകിയത് പക്ഷെ ഇന്നലെ രാത്രിയാണ്. പല ഇനങ്ങളെക്കുറിച്ചും മെയിലിൽ പരാമർശവും വന്നില്ല. അറിഞ്ഞവരും അറിയാത്തവരും എല്ലാം തിരക്കിട്ട് വിതുര വിഎച്ച്എസ്സിയിൽ എത്തുകയായിരുന്നു. അതുകൊണ്ട് തന്നെ സ്‌കൂളുകൾക്ക് ഒരു ഒരുക്കവും നടത്താൻ കഴിഞ്ഞതുമില്ല. അത് ഇന്നത്തെ സബ് ജില്ലാ കായികമേളയിൽ പ്രതിഫലിക്കുകയും ചെയ്തു. മത്സരം കുളമായി എന്നാണ് പാലോട് സബ് ജില്ലാ കായികമേള നടക്കുന്ന വിതുര ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നും അറിയാൻ കഴിഞ്ഞത്.

സാധാരണ ഒരു സ്‌കൂളിൽ ഒരു ഇനം മാത്രം നടത്തും. അപ്പോൾ സ്‌കൂളുകൾക്ക് ഒരുങ്ങാം. കുട്ടികൾക്കും സൗകര്യവുമാകും. എന്നാൽ ഇന്നലെ അറിയിപ്പ് നടത്തി മുഴുവൻ മത്സരങ്ങളും ഒരു ഗ്രൗണ്ടിൽ നടത്താൻ തീരുമാനിച്ചപ്പോൾ എല്ലാം കുളമായി. കുട്ടികൾ തമ്മിൽ തമ്മിൽ തന്നെ പ്രശ്‌നങ്ങൾ നടന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. എല്ലാ സ്‌കൂളുകൾക്കും ഒരേ വേദി. ഒരു ഗ്രൗണ്ട്. പല വിധ കായിക ഇനങ്ങളും. പല വിതുര സ്‌കൂളിൽ ഇതിനൊന്നും സൗകര്യവുമില്ല. കുട്ടികൾ നാലുപാടു നിന്നും എത്തിയപ്പോൾ എത്ര മത്സരം നടത്തണം എന്ന് പോലും തീരുമാനിക്കാൻ കഴിയാത്ത അവസ്ഥയിലായി. റവന്യൂ തുടങ്ങി സംസ്ഥാനതലത്തിൽ മത്സരിക്കാൻ ആഗ്രഹിച്ച കുട്ടികളും കുടുങ്ങി. രണ്ടു കായിക ഇനങ്ങൾ ഒരുമിച്ച് നടന്നപ്പോൾ ഒരു ഇനത്തിൽ മാത്രമേ കുട്ടികൾക്ക് മത്സരിക്കാൻ കഴിഞ്ഞുള്ളു. ഒരു ഇനം ഒഴിവാക്കേണ്ടി വന്നു. ഉദാഹരണമായി കുട്ടികൾ ചൂണ്ടിക്കാട്ടിയത് ഇതാണ്: ബാസ്‌ക്കറ്റ് ബോൾ ടീമിലും ഫുട്‌ബോൾ ടീമിനും പേര് നൽകിയവരാണെങ്കിൽ രണ്ടു ഇനവും നടക്കുന്നത് ഒരേ സമയം. അപ്പോൾ എങ്ങിനെ തങ്ങൾക്ക് പങ്കെടുക്കാൻ കഴിയും-കുട്ടികൾ ചോദിക്കുന്നു. ഭാവിയിലെ താരങ്ങൾക്ക് മത്സര ഇനങ്ങൾ നഷ്ടമായി. ഇതാണ് പാലോട് സബ് ജില്ലാ കായികമേളയിൽ സംഭവിച്ചത്.

പല സ്‌കൂളുകളിലായി മത്സരങ്ങൾ, പല ദിവസം. ഇങ്ങിനെയാണ് മത്സരങ്ങൾ നടക്കാറ്. പക്ഷെ കായികാധ്യാപക സമരം എല്ലാം കുളമാക്കി. ഇത് തന്നെയാണ് കായികമേളയിൽ കണ്ടതും. കായിക മേള ഓർഗനൈസ് ചെയ്യേണ്ടത് കായിക അദ്ധ്യാപകർ ആയിരുന്നു. ഇവർ അത് ആലോചിച്ച് പ്ലാൻ ചെയ്യും. കായികാധ്യാപകർ വിട്ടു നിന്നപ്പോൾ സംഭവം എഇഒയുടെ തലയിലായി. ഇതൊന്നും നടത്തിപ്പരിചയമില്ലാത്ത എഇഒമാർ കുടുങ്ങുകയും ചെയ്തു. ഇതാണ് പാലോട് കണ്ടത്. കായികാധ്യാപകർ ഇല്ലാത്തത് വിധി നിർണ്ണയത്തെ ബാധിക്കുകയും ചെയ്തു.

പാലോട് സബ് ജില്ലാ കായികമേള നടക്കുന്നുണ്ട്. പക്ഷെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു പോയിട്ടുണ്ടാകും. കായികാധ്യാപകർ സമരം നടത്തുന്നത് സ്‌കൂൾ കായികമേളകളെ ബാധിച്ചിട്ടുണ്ട്. പാലോടും ഇത് തന്നെയാണ് പ്രശ്‌നം. എഇഒമാർ ഇപ്പോൾ മുൾമുനയിലാണ്. ഇതെല്ലാം നോക്കി നടത്തേണ്ട ഉത്തരവാദിത്തം കായികാധ്യാപകർക്കാണ്. അവർ വിട്ടു നിൽക്കുന്നത് മേളകളെ ബാധിക്കും. കുട്ടികൾക്ക് അവസരം നഷ്ടമാകാതിരിക്കാനാണ് ഞങ്ങൾ സബ് ജില്ലാ കായികമേളകൾ ഇത്ര പെട്ടെന്ന് നടത്തുന്നത്. കുട്ടികളെ ചൊല്ലിയാണ്, അവർക്ക് അവസരം നഷ്ടമാകരുത് എന്ന് കരുതിയാണ് മേള ഇത്ര ധൃതി പിടിച്ചു നടത്തിയത്-പാലോട് എഇഒ മറുനാടനോട് പറഞ്ഞു. വേറെ വേദികൾ എടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. കായികാധ്യാപകർ മാറി നിൽക്കുന്നു. ഇത് ഗുരുതരമായ പ്രശ്‌നമാണ്. ഞങ്ങൾക്ക് കുട്ടികളുടെ അവസരം നഷ്ടപ്പെടുത്തിക്കൂടാ. ഞങ്ങൾ ഇത് മനഃപൂർവം ചെയ്യുന്നതല്ല. വലിയ റിസ്‌ക് ആണ് കായികമേളയുമായി ബന്ധപ്പെട്ടു ഞങ്ങൾക്ക് നേരിടേണ്ടി വരുന്നത്-എഇഒ പറയുന്നു.

സംസ്ഥാനത്തെ കായികാധ്യാപകർ ആരംഭിച്ച ചട്ടപ്പടി സമരമാണ് കായികമേളകളെ കുഴപ്പത്തിലാക്കുന്നത്. കഴിഞ്ഞ ജൂണിൽ ആരംഭിച്ച സമരം ഇപ്പോഴും തുടരുന്നത്. ഇതാണ് കായികമേളകളെ പ്രഹസനമാക്കി മാറ്റുന്നത്. യു.പി, ഹൈസ്‌കൂൾ കായികാധ്യാപകരുടെ തസ്തിക നിർണയ മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്‌കരിക്കുക, ഹയർ സെക്കൻഡറിയിൽ തസ്തിക അനുവദിച്ച് നിയമനവും പ്രമോഷനം നടപ്പാക്കുക, തുല്യ ജോലിക്ക് തുല്യ വേതനം അനുവദിക്കുക, സ്പെഷ്യലിസ്റ്റ് തസ്തിക ഒഴിവാക്കി ജനറൽ അദ്ധ്യാപകരായി പരിഗണിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കായികാധ്യാപകർ ചട്ടപ്പടി സമരം നടത്തുന്നത്.

2017ൽ കായികാധ്യാപകർ സമരം നടത്തിയിരുന്നെങ്കിലും സർക്കാറുമായുള്ള ചർച്ചയെ തുടർന്ന് സമരത്തിൽ നിന്നും എന്നാൽ യാതൊരു നടപടിയും ഉണ്ടാവാതിരുന്നതിനെ തുടർന്ന് കഴിഞ്ഞ ജൂൺ മുതൽ വീണ്ടും സമരം തുടങ്ങുകയായിരുന്നു. സംസ്ഥാന സ്‌കൂൾ കായികമേളയുടെ നടത്തിപ്പിൽ സഹായം ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് സ്പോർട്സ് കൗൺസിലിനെ സമീപിച്ചിരുന്നു. കായികാധ്യാപകരുടെ ചട്ടപ്പടി സമരത്തെ തുടർന്ന് സ്‌കൂൾ കായികമേളയുടെ നടത്തിപ്പ് പ്രതിസന്ധിയിലായതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. അദ്ധ്യാപകരുടെ സമരം വിദ്യാർത്ഥികളുടെ പരിശീലനത്തെയും ബാധിക്കുന്നുണ്ട്. ദേശീയ കായികമേളയ്ക്കുള്ള സംസ്ഥാന ടീമിന്റെ പ്രകടനത്തേയും കായികാധ്യാപക സമരം ബാധിക്കുമെന്ന് ഇപ്പോൾ തീർച്ചയുമായിക്കഴിഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP