Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂടത്തായി കൊലപാതക പരമ്പരക്കേസിൽ അംഗബലം 35 ആയി ഉയർത്തി അന്വേഷണ സംഘം വിപുലീകരിച്ചതോടെ ഓരോ മരണവും ഓരോ സംഘം അന്വേഷിക്കും; സാങ്കേതിക സഹായം നൽകാൻ പ്രത്യേക സംഘം; മേൽനോട്ട ചുമതല ഐജി അശോക് യാദവിന്; പ്രതികൾക്കായുള്ള ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷ താമരശേരി കോടതി പരിഗണിക്കുക വ്യാഴാഴ്ച; മുഖ്യപ്രതി ജോളിക്കായി ഹാജരാകുക അഡ്വ.ആളൂർ

കൂടത്തായി കൊലപാതക പരമ്പരക്കേസിൽ അംഗബലം 35 ആയി ഉയർത്തി അന്വേഷണ സംഘം വിപുലീകരിച്ചതോടെ ഓരോ മരണവും ഓരോ സംഘം അന്വേഷിക്കും; സാങ്കേതിക സഹായം നൽകാൻ പ്രത്യേക സംഘം; മേൽനോട്ട ചുമതല ഐജി അശോക് യാദവിന്; പ്രതികൾക്കായുള്ള ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷ താമരശേരി കോടതി പരിഗണിക്കുക വ്യാഴാഴ്ച; മുഖ്യപ്രതി ജോളിക്കായി ഹാജരാകുക അഡ്വ.ആളൂർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര അന്വേഷിക്കുന്ന സംഘത്തെ വിപുലീകരിച്ചു. കൂടുതൽ ഡിവൈഎസ്‌പിമാരെ ഉൾപ്പെടുത്തി സംഘത്തിന്റെ അംഗബലം 35 ആക്കി ഉയർത്തി. നേരത്തെ ഇത് 10 ആയിരുന്നു. തിരുവനന്തപുരത്ത് ഡിജിപി വിളിച്ച് ഉന്നതതല യോഗമാണ് തീരുമാനമെടുത്തത്. അന്വേഷണത്തിന് സാങ്കേതിക സഹായം നൽകാനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഫോറൻസിക് ലാബ് മേധാവികളും വിദഗ്ധരും ഉൾപ്പെട്ട സംഘത്തിന് ഐസിറ്റി സൂപ്രണ്ട് ഡോ. ദിവ്യ വി. ഗോപിനാഥ് നേതൃത്വം നൽകും. അന്വേഷണ മേൽനോട്ടം ഐ.ജിയെ ഏൽപ്പിച്ചു. തുടക്കം മുതൽ അന്വേഷണത്തിന്റെ മേൽനോട്ടം റൂറൽ എസ്‌പി കെ.ജി സൈമണിനായിരുന്നു.

നേരത്തേ ഓരോ മരണവുംം ഓരോ സംഘം വീതം അന്വേഷിക്കാൻ തീരുമാനമായിരുന്നു. ഓരോ അന്വേഷണ സംഘത്തിനും ആരൊക്കെ ഉണ്ടായിരിക്കണം എന്നു തീരുമാനിക്കുന്നതും ഇതിന്റെ മൊത്തം ചുമതലയും സൈമണിനു നൽകിയിരുന്നു. അന്വേഷണസംഘം വിപുലീകരിക്കുമെന്ന് നേരത്തെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു.

സംഘം ഇങ്ങനെ

അന്വേഷണ സംഘത്തിന്റെ മേൽനോട്ടചുമതല ഐജി അശോക് യാദവിനാണ്. കണ്ണൂർ എ.എസ്‌പി ശിൽപ്പ ഡി, നാദാപുരം എ.എസ്‌പി അങ്കിത് അശോകൻ, താമരശ്ശേരി ഡിവൈ.എസ്‌പി കെ.പി. അബ്ദുൾ റസാക്ക്, തലശ്ശേരി ഡിവൈ.എസ്‌പി വേണുഗോപാൽ കെ.വി, കോഴിക്കോട് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ശിവപ്രസാദ്.സി, പൊലീസ് ആസ്ഥാനത്തെ ഹൈ ടെക് സെൽ ഇൻസ്പെക്റ്റർ സ്റ്റാർമോൻ ആർ. പിള്ള എന്നിവരെയാണ് പുതുതായി സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അന്വേഷണത്തിന് സാങ്കേതികസഹായം നൽകുന്നതിന് ഐ.സി.റ്റി വിഭാഗം പൊലീസ് സൂപ്രണ്ട് ഡോ. ദിവ്യ വി. ഗോപിനാഥിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം ഉണ്ടായിരിക്കും. ഫോറൻസിക് സയൻസ് ലബോറട്ടറി ഡയറക്റ്റർ, ഫിംഗർ പ്രിന്റ് ബ്യൂറോ ഡയറക്റ്റർ, കണ്ണൂർ റീജിയണൽ ഫോറൻസിക് സയൻസ് ലബോറട്ടറി ഡയറക്റ്റർ, കണ്ണൂർ റീജിയണൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ ബയോളജി വിഭാഗം മേധാവി, തിരുവനന്തപുരം ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ സീറോളജി വിഭാഗം മേധാവി, തൃശൂർ കേരളാ പൊലീസ് അക്കാദമിയിലെ ഫോറൻസിക് വിഭാഗം മേധാവിയും ജോയിന്റ് ഡയറക്റ്ററുമായ ഷാജി.പി എന്നിവരാണ് അംഗങ്ങൾ.

കേസിലെ പ്രതികൾക്കായുള്ള ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷ താമരശേരി കോടതി നാളെ പരിഗണിക്കും. പതിനൊന്ന് ദിവസത്തേക്കാണ് അപേക്ഷ നൽകിയിരിക്കുന്നത്. പ്രതി എം.സ്.മാത്യുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതും നാളത്തേക്ക് മറ്റി. പ്രധാനപ്രതി ജോളിക്കായി അഭിഭാഷകൻ ബി.എ.ആളൂർ ഹാജരാകും. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിൽ മാത്യുവിന്റെ ജാമ്യാപേക്ഷയാണ് ആദ്യം പരിഗണിച്ചത്. മാത്യു നിരപരാധിയാണെന്നും ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും വാദിച്ചാണ് അപേക്ഷ നൽകിയത്. അസി.പബ്ലിക് പ്രോസിക്യൂട്ടർ എതിർത്തതോടെ തീരുമാനം നാളത്തേക്ക് മാറ്റി. ഇതിന് പിന്നാലെ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ആർ.ഹരിദാസൻ അസി.പബ്ലിക് പ്രോസിക്യൂട്ടർ മുഖാന്തരം കസ്റ്റഡി അപേക്ഷ നൽകി. പ്രതികൾക്ക് അഭിഭാഷകരില്ലാത്തതിനാൽ അവരുടെ ഭാഗം കൂടി കേൾക്കാൻ നാളെ പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.ജോളിയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് ആളൂർ വക്കാലത്ത് ഏറ്റെടുത്തതെന്നാണ് സൂചന. ജോളിയെ സഹായിക്കില്ലെന്നു ഭർത്താവ് ഷാജുവും ബന്ധുക്കളും പറഞ്ഞിരുന്നു.

അതേസമയം, മുഖ്യപ്രതി ജോളിയുമായി ഫോണിൽ സംസാരിച്ചത് സൗഹൃദത്താലെന്ന് അവർ ഏറ്റവും കൂടുതൽ തവണ ഫോണിൽ വിളിച്ചവരിൽ ഒരാളായ ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസൺ പറഞ്ഞു. ജോളിയുമായി ജോൺസൺ ഫോണിൽ സംസാരിച്ചിരുന്നെന്ന് കണ്ടെത്തിയതോടെ ഇയാളെ ചോദ്യം ചെയ്യാനായി അന്വേഷണസംഘം ഓഫീസിലേക്ക് വിളിപ്പിക്കുകയായിരുന്നു. ജോളിയുമായി സൗഹൃദമുണ്ടെന്നും ഫോണിൽ സംസാരിച്ചത് സൗഹൃദത്തിന്റെ പുറത്തെന്നുമാണ് ജോൺസൻന്റെ മൊഴി. ജോളിയോടൊപ്പം സിനിമയ്ക്ക് പോവുകയും കുടുംബത്തോടൊപ്പം വിനോദയാത്ര നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ കൊലപാതകത്തിൽ പങ്കില്ലെന്നും തനിക്ക് അതിനെക്കുറിച്ച് അറിവില്ലെന്നുമാണ് ജോൺസൺ പറയുന്നത്.

അതേസമയം ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാൻ വ്യാജ വിൽപത്രം ഉണ്ടാക്കിയ സംഭവത്തിൽ ജോളിയുടെ സുഹൃത്തായ തഹസിൽദാർ ജയശ്രീയുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇവരുടെ പങ്ക് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ഇക്കാര്യത്തിൽ റവന്യൂമന്ത്രിയും ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിരുന്നു. ഉടൻതന്നെ റിപ്പോർട്ട് നൽകാനും കുറ്റക്കാരെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കാനും കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP