Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുതിരാനിൽ കുടുങ്ങി ഗതികെട്ടു! പ്രതിഷേധ പരിപാടികളുമായി നാട്ടുകാർ രംഗത്ത്; മേഖല പൂർണമായും ടാറിടൽ നടത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയത് ജനകീയ കൂട്ടായ്മകളും ആംബുലൻസ് ഡ്രൈവർമാരും വിവിധ ക്ലബ്ബുകളുമടക്കം നിരവധിപേർ; ശക്തമായ സമരപരിപാടികൾ ഉടൻ ആരംഭിക്കുമെന്ന് ജനകീയ സമരസമിതി; പ്രതിഷേധത്തിന് നടുവിലും കുതിരാനിൽ ഗതാഗത കുരുക്കിന് ശമനമില്ല

കുതിരാനിൽ കുടുങ്ങി ഗതികെട്ടു! പ്രതിഷേധ പരിപാടികളുമായി നാട്ടുകാർ രംഗത്ത്; മേഖല പൂർണമായും ടാറിടൽ നടത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയത് ജനകീയ കൂട്ടായ്മകളും ആംബുലൻസ് ഡ്രൈവർമാരും വിവിധ ക്ലബ്ബുകളുമടക്കം നിരവധിപേർ; ശക്തമായ സമരപരിപാടികൾ ഉടൻ ആരംഭിക്കുമെന്ന് ജനകീയ സമരസമിതി; പ്രതിഷേധത്തിന് നടുവിലും കുതിരാനിൽ ഗതാഗത കുരുക്കിന് ശമനമില്ല

മറുനാടൻ മലയാളി ബ്യൂറോ

കുതിരാൻ; ദേശീയപാത കുതിരാനിലെ യാത്രാദുരിതത്തിനെതിരേ ശക്തമായ പ്രതിഷേധപരിപാടികളുമായി നാട്ടുകാർ രംഗത്ത്. മണ്ണുത്തിമുതൽ വടക്കഞ്ചേരിവരെയുള്ള ജനകീയ കൂട്ടായ്മകൾ, ആംബുലൻസ് ഡ്രൈവർമാർ, വിവിധ ക്ലബ്ബുകൾ, ബസ് ഓണേഴ്സ് സംഘടനകൾ, ബസ് തൊഴിലാളിസംഘടനകൾ, ഡ്രൈവേഴ്‌സ് അസോസിയേഷൻ, വിവിധ വാട്സ് ആപ്പ് ഗ്രൂപ്പുകൾ തുടങ്ങിയവരും ജനകീയസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

കുതിരാൻ ജനകീയ പ്രതിഷേധക്കൂട്ടായ്മയുടെ നേതൃത്വത്തിൽ കുതിരാൻ മേഖല പൂർണമായും ടാറിടൽ നടത്തണമെന്ന ആവശ്യവുമായി ബുധനാഴ്ചമുതൽ പ്രതിഷേധ പരിപാടികൾ ആരംഭിക്കും.ശക്തമായ സമരപരിപാടികൾ ഉടൻ ആരംഭിക്കുമെന്ന് ജനകീയ സമരസമിതി പ്രവർത്തകർ അറിയിച്ചു. അതേസമയം പ്രതിഷേധത്തിന് നടുവിലും കുതിരാനിൽ ഗതാഗത കുരുക്കിന് ശമനമില്ല.

ദിവസങ്ങൾക്ക് മുൻപ് കണ്ടെയ്‌നർ ലോറി തകരാറിലായതിനെ തുടർന്ന് ദേശീയപാതയിൽ രാവിലെ 6 മുതൽ 7 മണിക്കൂർ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. പാലക്കാട് ഭാഗത്തേക്കു പോവുകയായിരുന്ന കണ്ടെയ്നർ ലോറി കുതിരാനിലെ പടിഞ്ഞാറേ തുരങ്കത്തിനു സമീപം ആക്സിൽ ഒടിഞ്ഞു റോഡിൽ കുടുങ്ങിയതാണ് പ്രശ്‌നത്തിനു കാരണം. ഹൈവേ പൊലീസ് മെക്കാനിക്കിനെ എത്തിച്ചു വാഹനത്തിന്റെ തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വലിയ വാഹനത്തിന്റെ ആക്സിൽ മാറ്റുന്നതിനു കൂടുതൽ സമയം വേണമെന്ന് ഇയാൾ അറിയിച്ചതോടെ പൊലീസ് ആ ശ്രമം ഉപേക്ഷിച്ചു.

തുടർന്നു ലോറി കിടക്കുന്ന ഭാഗത്തെ തടസ്സം ഒഴിവാക്കാൻ മണ്ണുമാന്തിയന്ത്രം കൊണ്ടുവന്നു താൽക്കാലിക വഴിയുണ്ടാക്കി. മണ്ണിട്ടു നിരത്തി വഴി വീതികൂട്ടി വാഹനങ്ങൾ കടത്തിവിട്ടാണ് പ്രശ്‌നം പരിഹരിച്ചത്. എന്നാൽ ഇതിനിടെ വാഹനങ്ങളുടെ നിര ചുവന്ന മണ്ണ് മുതൽ കൊമ്പഴ വരെ നീണ്ടു. ഒട്ടേറെ സ്വകാര്യ ബസുകൾ ട്രിപ്പുകൾ റദ്ദാക്കിയതോടെ നാട്ടുകാർ വലഞ്ഞു. ഉച്ചയോടെയാണ് ഗതാഗതം സാധാരണ സ്ഥിതിയിലായത്.

കുതിരാനിലെ 3 കിലോമീറ്റർ ദൂരം പൂർണമായും തകർന്നു കിടക്കുന്നതാണ് കുരുക്ക് രൂക്ഷമാക്കുന്നത്. കഴിഞ്ഞദിവസം വടക്കഞ്ചേരി ഭാഗത്തു കുഴികൾ അടച്ചെങ്കിലും പാത ഏറ്റവും കൂടുതൽ തകർന്ന ഭാഗത്തു അറ്റകുറ്റപ്പണികൾ നടത്താത്തതിൽ പ്രതിഷേധമുയരുന്നുണ്ട്.ജനകീയ സമരത്തിനുപുറമേ വിവിധ രാഷ്ട്രീയകക്ഷികളും സമരപ്രഖ്യാപനവുമായി രംഗത്തെത്തിയിട്ടുണ്ട്. സമരപരിപാടികൾ ശക്തിപ്രാപിക്കുമ്പോഴും കുതിരാനിലെ ഗതാഗതക്കുരുക്കിന് ഒരു മാറ്റവുമില്ല.

വഴുക്കുംപാറയിലും വില്ലൻവളവിലും നിരന്തരം ഗതാഗതക്കുരുക്കാണ്. മൂന്നുകിലോമീറ്റർ ദൂരം മാത്രമുള്ള കുതിരാന്മേഖല കടക്കാൻ മുക്കാൽ മണിക്കൂറിലേറെ സമയം വേണ്ടിവരുന്നുണ്ട്. വലിയ കുഴികളിൽ ക്വാറിപ്പൊടി ഇട്ടതിനാൽ മഴമാറിയപ്പോൾ രൂക്ഷമായ പൊടിശല്യമാണ്. കാഴ്ചയെപ്പോലും മറയ്ക്കുംവിധം ശക്തമായാണ് ദേശീയപാതയിൽ പലയിടത്തും പൊടിപറക്കുന്നത്. അറ്റകുറ്റപ്പണികൾക്കായുള്ള ടെൻഡർ നടപടികൾ പൂർത്തിയായി ആറുദിവസം കഴിഞ്ഞിട്ടും മേഖലയിൽ ഒരിടത്തും പണിനടത്താത്തതിൽ നാട്ടുകാർ ശക്തമായ പ്രതിഷേധമറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP