Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്‌നാഥ് സിങ് ഏറ്റു വാങ്ങിയത് എക്‌സ്ട്രാ ഫിറ്റിങ്‌സ് ഇല്ലാത്ത റഫാൽ വിമാനം; ഇനിയുള്ള എട്ട് മാസം ഇന്ത്യൻ ആവശ്യങ്ങൾ അനുസരിച്ചുള്ള ആയുധം പിടിപ്പിക്കൽ; മേയിൽ എത്തുന്ന നാല് വിമാനങ്ങൾ ശത്രുരാജ്യത്തിന്റെ നെഞ്ചിടിപ്പ് കൂട്ടും; രണ്ട് കൊല്ലത്തിനകം എത്തുന്നത് 36 കിടിലോൽ കിടിലൻ യുദ്ധവിമാനങ്ങൾ; ഇന്ത്യൻ വ്യോമസേനയുടെ കാവലാളായി മാറാൻ പോകുന്ന റഫാൽ വിമാനങ്ങളുടെ കഥ

രാജ്‌നാഥ് സിങ് ഏറ്റു വാങ്ങിയത് എക്‌സ്ട്രാ ഫിറ്റിങ്‌സ് ഇല്ലാത്ത റഫാൽ വിമാനം; ഇനിയുള്ള എട്ട് മാസം ഇന്ത്യൻ ആവശ്യങ്ങൾ അനുസരിച്ചുള്ള ആയുധം പിടിപ്പിക്കൽ; മേയിൽ എത്തുന്ന നാല് വിമാനങ്ങൾ ശത്രുരാജ്യത്തിന്റെ നെഞ്ചിടിപ്പ് കൂട്ടും; രണ്ട് കൊല്ലത്തിനകം എത്തുന്നത് 36 കിടിലോൽ കിടിലൻ യുദ്ധവിമാനങ്ങൾ; ഇന്ത്യൻ വ്യോമസേനയുടെ കാവലാളായി മാറാൻ പോകുന്ന റഫാൽ വിമാനങ്ങളുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : ഫ്രാൻസിൽ നിന്നു വാങ്ങുന്ന റഫാൽ യുദ്ധവിമാനങ്ങളിൽ എല്ലാ അത്യാധുനിക സംവിധാനങ്ങളുമുണ്ടാകും. ഈ വിമാനങ്ങളിൽ ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ചുള്ള ആയുധങ്ങളും സാങ്കേതിക സൗകര്യങ്ങളും സജ്ജമാക്കാൻ വ്യോമസേന നടപടികൾ എടുത്തു കഴിഞ്ഞു. കഴിഞ്ഞ ദിവസം ഫ്രാൻസിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ആദ്യ വിമാനം ഏറ്റുവാങ്ങിയെങ്കിലും ഇതുൾപ്പെടെ 4 എണ്ണം അടുത്ത മേയിൽ മാത്രമേ ഇന്ത്യയിലെത്തൂ. ആയുധങ്ങളും സാങ്കേതിക സൗകര്യങ്ങളും സജ്ജമാക്കാക്കാനാണ് ഇത്. വ്യോമസേനയുടെ ആവശ്യപ്രകാരം റഫാൽ നിർമ്മാതാക്കളായ ഡാസോ ഏവിയേഷൻ വിമാനങ്ങളിൽ ആയുധങ്ങൾ സ്ഥാപിക്കും.

ആകെ 36 വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. 18 എണ്ണം 2021 ഫെബ്രുവരിയിൽ എത്തും. ബാക്കിയുള്ളവ 2022ൽ സേനയുടെ ഭാഗമാകും. 18 എണ്ണം വീതം ഹരിയാനയിലെ അംബാല, ബംഗാളിലെ ഹാസിമാര വ്യോമതാവളങ്ങളിൽ നിലയുറപ്പിക്കും. പാക്ക്, ചൈന വ്യോമാതിർത്തിക്ക് ഇവ കാവലൊരുക്കും. ഇതോടെ ശത്രു രാജ്യങ്ങളുടെ നെഞ്ചിടിപ്പ് കൂടും. വ്യോമസേനയുടെ ആയുധ ബലവും കരുത്തും കൂടും. രാജ്‌നാഥ് ഏറ്റുവാങ്ങിയ റഫാലിന്റെ ടെയിൽ നമ്പർ (വിമാനത്തിന്റെ വാലിൽ രേഖപ്പെടുത്തിയിരിക്കുന്ന തിരിച്ചറിയൽ നമ്പർ) ആർബി 001. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ബധൗരിയയുടെ പേരു സൂചിപ്പിച്ചാണ് 'ആർബി' എന്നു രേഖപ്പെടുത്തിയത്. ഇത് എക്‌സ്ട്രാ ഫിറ്റിങ് ഒന്നുമില്ലാത്ത സാധാ വിമാനമാണ്. ചടങ്ങിന് വേണ്ടി മാത്രമായിരുന്നു ചടങ്ങ്. ഇനിയാണ് യുദ്ധ വിമാനത്തിൽ ആയുധങ്ങൾ പിടിപ്പിക്കുക. സാങ്കേതിക സംവിധാനങ്ങളും പരിഷ്‌കരിക്കും.

പാക്കിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങൾ ഉയർത്തുന്ന ഭീഷണിയെ മറികടക്കാൻ കാലാവധി കഴിഞ്ഞ ജെറ്റ് വിമാനങ്ങൾ സേനയിൽ നിന്നു മാറ്റണമെന്ന നിലപാട് 2017 മുതൽ വ്യോമസേന ശക്തമായി ആവശ്യപ്പെടുന്നുണ്ട്. ഇതേ തുടർന്നാണ് റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള ധാരണയിലെത്തുന്നത്. ഏറെ കാലമായി വ്യോമസേന ആവശ്യപ്പെട്ടുപോന്ന മീഡിയം മൾട്ടിറോൾ പോർവിമാനം വിഭാഗത്തിലാണ് റഫാൽ വരുന്നത്. എൺപതുകളിൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി മാറിയ മിറാഷ് 2000 എന്ന യുദ്ധ വിമാനം വികസിപ്പിച്ചതും ഡസോൾട്ടാണ്. ഇന്ത്യയുടെ ആണവ പോർമുനകൾ ഘടിപ്പിച്ച മിസൈലുകൾ മിറാഷാണ് വഹിക്കുന്നത്. 1999 ലെ കാർഗിൽ യുദ്ധത്തിൽ ഇന്ത്യയുടെ ആക്രമണങ്ങളുടെ കുന്തമുനയായിരുന്നു മിറാഷ്.

അമേരിക്കയുടെ എഫ്-16, എഫ്-18, റഷ്യയുടെ മിഗ്-35, സ്വീഡന്റെ ഗ്രിപെൻ, യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ യൂറോഫൈറ്റർ എന്നിവയുമായുള്ള കടുത്ത മത്സരത്തെ അതിജീവിച്ചാണു റഫാൽ വാങ്ങാൻ തീരുമാനമെടുത്തത്. എൺപതുകളിൽ വികസനം ആരംഭിച്ച റഫാൽ 2001 ലാണ് ഫ്രഞ്ച് വ്യോമസേനയുടെ ഭാഗമായി മാറുന്നത്. നിലവിൽ ഫ്രഞ്ച് വ്യോമ, നാവിക സേനകൾ, ഈജിപ്ത് വായുസേന, ഖത്തർ വായുസേന എന്നിവരാണ് റഫാൽ ഉപയോഗിക്കുന്നത്. വിമാനത്തിന്റെ നീളം 15.27 മീറ്ററാണ്. റഫാലിന്റെ വേഗം മണിക്കൂറിൽ 1912 കിലോമീറ്ററാണ്. ഒറ്റപറക്കലിൽ 3700 കിലോമീറ്റർ പരിധിവരെ പറക്കാൻ കഴിയുന്ന വിമാനത്തിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്. ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റഫാൽ. എയർ ടു എയർ, എയർ ടു ഗ്രൗണ്ട്, എയർ ടു സർഫെഴ്‌സ് ശേഷിയുള്ളതാണ് റഫാൽ. മിക്ക ആധുനിക ആയുധങ്ങളും റഫാലിൽ ഘടിപ്പിക്കാനാകും.

അസ്ട്ര, സുദർശൻ ബോംബുകൾ, എഇഎസ്എ റഡാർ, പൈത്തൺ 5, ഇസ്രയേലിന്റെ ഡെർബി മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യയുടെ റാഫേൽ പുറത്തിറങ്ങുക. രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷി റഫാലിനുണ്ട്. 9.3 ടൺ ആയുധങ്ങൾ വിമാനത്തിനു വഹിക്കാം. മീറ്റിയോർ ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ ടു എയർ മിസൈൽ ഇതിലുണ്ടാകും. ആകാശത്തെ ലക്ഷ്യം തകർക്കാനുള്ള മിസൈലാണ് ഇത്. ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന മിസൈലിന്റെ ദൂരപരിധി: 120 150 കിലോമീറ്ററാണ്. സ്‌കാൽപ് എയർ ടു ഗ്രൗണ്ട് ക്രൂസ് മിസൈൽ റഫാലിൽ ഘടിപ്പിക്കും. ആകാശത്തു നിന്നു കരയിലെ ലക്ഷ്യത്തിലേക്കു തൊടുക്കുന്ന മിസൈലാണ് ഇത്. ദുരപരിധി 300 കിലോമീറ്റർ. ഒരു വിമാനത്തിന് 2 സ്‌കാൽപ് മിസൈലുകൾ വഹിക്കാം. ഇറാഖിൽ ഭീകര സംഘടനയായ ഐഎസ് ക്യാംപുകളിൽ മുൻപ് റഫാലിലെ സ്‌കാൽപ് മിസൈലുകൾ ഉപയോഗിച്ച് ഫ്രാൻസ് ആക്രമണം നടത്തിയിട്ടുണ്ട്. മീറ്റിയോർ, സ്‌കാൽപ് വിഭാഗത്തിലുള്ള മിസൈലുകൾ നിലവിൽ പാക്കിസ്ഥാന്റെ പക്കലില്ല.

മിന്നൽ പോലെ ഇന്ത്യയുടെ ശത്രുക്കൾക്ക് മേൽ പതിച്ച് ഭസ്മീകരിക്കുന്ന അപകടകാരിയായ മിസൈൽ , തങ്ങൾക്ക് നേരിടാനാവില്ലെന്ന് ചൈന-പാക് പ്രതിരോധ വിദഗ്ദ്ധർ തന്നെ വ്യക്തമാക്കിയ മെറ്റോർ മിസൈലുകൾ . അതിദൂരത്തുള്ള ലക്ഷ്യങ്ങളെയും തകർക്കുന്ന സ്‌കാൽപ് , ഫ്രാൻസിൽ നിന്നു വാങ്ങുന്ന 36 റഫാൽ പോർവിമാനങ്ങളിലും മെറ്റോർ , സ്‌കാൽപ് മിസൈലുകൾ ഘടിപ്പിച്ചാണ് ഇന്ത്യയിലേക്ക് എത്തുന്നത്. നിലവിലുള്ള പോർവിമാനങ്ങൾക്കൊപ്പം റാഫേൽ കൂടി സൈന്യത്തിന്റെ ഭാഗമാകുന്നതോടെ വ്യോമസേന കൂടുതൽ കരുത്താർജ്ജിക്കും .ഏറ്റവും നൂതനമായ 4++ വിഭാഗത്തിൽപ്പെട്ട വിമാനം മാത്രമല്ല റാഫേൽ , ഏറെ അപകടകാരികളായ എന്നാൽ കൃത്യമായി ലക്ഷ്യം ഭേദിക്കുന്ന മിസൈലുകളും ഇതിലുണ്ട് .

റഡാർ ഉപയോഗിച്ചു നിയന്ത്രിക്കാവുന്ന ഇവ ലോകത്ത് ഇന്നുള്ള ഏറ്റവും മികച്ച എയർ ടു എയർ മിസൈലുകളിലൊന്നായ മെറ്റോറാണ് ഇതിൽ ഒന്ന് . 100 കിലോമീറ്റർ വരെ ദൂരം സഞ്ചരിച്ച് ആക്രമണം നടത്താൻ മെറ്റോറിനു കഴിയും. റാംജെറ്റ് എന്നറിയപ്പെടുന്ന ത്രോട്ടബിൾ ഡക്ട് റോക്കറ്റാണ് ഇതിന്റെ പ്രധാന സവിശേഷത. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പാക് വ്യോമസേനക്കെതിരെ നടന്നതു പോലുള്ള ഡോഗ്‌ഫൈറ്റിനു ഉപയോഗിക്കാൻ ഏറ്റവും മികച്ചതാണ് മെറ്റോർ മിസൈൽ. അവയെ പ്രതിരോധിക്കാനുള്ള ശേഷി പാക്കിസ്ഥാനും ചൈനയ്ക്കും ഇല്ലെന്ന് മുൻപ് തന്നെ പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു . പാക്കിസ്ഥാനും ചൈനയ്ക്കും ഇത്രയും പ്രഹരശേഷിയുള്ള എയർ ടു എയർ മിസൈൽ ഇല്ല.

ലോകത്ത് ഈ ഇനത്തിൽ ഇപ്പോഴുള്ള മിസൈലുകളേക്കാൾ ആറിരട്ടി കൈനറ്റിക് ശക്തി മെറ്റോറിനുണ്ട്. റഫാലിനു പുറമെ മിറാഷിൽ കൂടി മെറ്റോർ മിസൈൽ ഘടിപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം . ഇതോടെ ലോകത്തെത്തന്നെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങൾ ഇന്ത്യയുടേതാകും . യൂറോപ്പിലെ മിസൈൽ നിർമ്മാതാക്കളായ എംബിഡിഎ ആണു മെറ്റോറിന്റെ നിർമ്മാതാക്കൾ. വിക്ഷേപണം നടക്കുന്നതോടെ മെറ്റോറിന്റെ എൻജിനിലേക്കു ശക്തമായ ഓക്‌സിജൻ പ്രവാഹമുണ്ടാകും. ഇത് വേഗം വർധിപ്പിക്കും. അമേരിക്കയുടെ അകങ120ഉ മിസൈലിന്റെ വേഗത്തിലേക്ക് (മാക് 4) മെറ്റോറിനെ കൊണ്ടെത്തിക്കാൻ ശേഷിയുള്ളതാണ് ഈ സാങ്കേതികത .ബിയോണ്ട് വിഷ്വൽ റെയ്ഞ്ച് മെറ്റോർ മിസൈലാണ് റഫാൽ പോർവിമാനത്തിലും ഘടിപ്പിച്ചിരിക്കുന്നത്.

5.10 മീറ്റർ നീളവും 1300 കിലോഗ്രാം ഭാരവുമുള്ള സ്‌കാൽപ് മിസൈൽ ദൂരത്തുള്ള ലക്ഷ്യങ്ങളെ പോലും കൃത്യമായി ഭേദിക്കാൻ കഴിവുള്ളതാണ് .ഏറ്റവും സങ്കീർണ്ണമായ ഓപ്പറേഷനുകളിൽ നിർണ്ണായക പങ്ക് വഹിക്കാൻ ശേഷിയുള്ളതാണ് സ്‌കാൽപ് .988 കിലോമീറ്റർ ദൂരത്തിൽ പറക്കാൻ ശേഷിയുള്ള സബ്‌സോണിക് മിസൈൽ ഗൾഫ് യുദ്ധങ്ങളിലും ഉപയോഗിച്ചിരുന്നു. അത്യാധുനിക റഡാർ.. ശത്രു സേനയുടെ റഡാറുകൾ നിശ്ചലമാക്കാനുള്ള സംവിധാനം, ലഡാക്ക് പോലെ ഉയർന്ന മേഖലകളിൽനിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനുള്ള എൻജിൻ കരുത്ത്, ശത്രുസേനയുടെ മിസൈലുകൾ വഴിതിരിച്ചു വിടാനുള്ള സാങ്കേതിക വിദ്യ എന്നിവയും റഫാലിന്റെ പ്രത്യേകതകളാണ്. വിമാനത്തിൽ ശസ്ത്രപൂജ നടത്തിയ ശേഷമാണ് രാജ്‌നാഥ് സിങ് ഏറ്റുവാങ്ങിയത്.

വിമാനത്തിൽ ഓം എന്നെഴുതി, ആയുധപൂജ നടത്തി. ഇന്ത്യൻ വായുസേനാ ദിനത്തിനൊപ്പം ദസറയും ഒത്തുചേർന്ന ചൊവ്വാഴ്ചയാണ് ഫ്രാൻസിലെ ദസോൾട്ട് എവിയേഷൻ നിർമ്മിച്ച റഫാൽ വിമാനം ഇന്ത്യയ്ക്ക് കൈമാറിയത്. യുദ്ധവിമാനങ്ങൾക്കൊപ്പം അദ്ദേഹം നിൽക്കുന്നതിന്റെയും ഫ്രഞ്ച് സൈനിക വിമാനത്തിൽ പാരിസിൽനിന്ന് മെരിഗ്നാക്കിലേക്ക് പറക്കുന്നതിന്റെയും ചിത്രങ്ങൾ വാർത്താ ഏജൻസികൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. റഫാൽ വിമാന കൈമാറ്റത്തോടെ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാകുമെന്നു രാജ്നാഥ് സിങ് ചടങ്ങിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP