Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെണ്ണുകേസിൽ പിടികിട്ടാപ്പുള്ളി ദേവസ്വം ബോർഡ് മേഖലാ ചെയർമാനായത് മന്ത്രിയുടെയും എം പിയുടെയും അറിവോടെ; വിവാദമായതോടെ സുധീരൻ ഇടപെട്ട് അന്വേഷണം; മുഖംമൂടി അഴിഞ്ഞുവീഴുമെന്ന ഭയത്തിൽ പ്രമുഖർ

പെണ്ണുകേസിൽ പിടികിട്ടാപ്പുള്ളി ദേവസ്വം ബോർഡ് മേഖലാ ചെയർമാനായത് മന്ത്രിയുടെയും എം പിയുടെയും അറിവോടെ; വിവാദമായതോടെ സുധീരൻ ഇടപെട്ട് അന്വേഷണം; മുഖംമൂടി അഴിഞ്ഞുവീഴുമെന്ന ഭയത്തിൽ പ്രമുഖർ

കോഴിക്കോട്: മലബാർ ദേവസ്വം ബോർഡ് ഏരിയാ കമ്മിറ്റി ചെയർമാനായി ക്രിമിനൽ കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ കോൺഗ്രസ് നേതാവിനെ നിയമിച്ചത് ദേവസ്വം മന്ത്രിയുടെ ഓഫീസിന്റെയും എം പിയുടെയും അറിവോടെ. മലബാർ മേഖലയിലെ 900 ക്ഷേത്രങ്ങളുടെ ചുമതലക്കാരനായാണ്, വഞ്ചിക്കപ്പെട്ട് യുവതി ആത്മഹത്യ ചെയ്ത കേസിലെ പ്രതിയായ കോൺഗ്രസ് നേതാവ് അവരോധിക്കപ്പെട്ടത്. ഈ കേസിൽ പിടികിട്ടാപ്പുള്ളിയായിരിക്കെയാണ് ഇയാൾ ചെയർമാനായി നിയമിക്കപ്പെട്ടതും പൊലീസിന്റെ മുമ്പിലൂടെയെത്തി സത്യപ്രതിജ്ഞ ചെയ്തതും. സുപ്രധാനസ്ഥാനത്തേക്കു നിയമിക്കപ്പെടുന്നയാളിന്റെ പ്രൊഫൈൽ മന്ത്രിയുടെ ഓഫീസും കണ്ടതാണ്. ഭരണസ്വാധീനത്തിൽ കൽപ്പിച്ചു നൽകിയ സ്ഥാനം കോഴിക്കോട് കലക്ടറേറ്റിലെത്തി ആഘോഷപൂർവം പിടികിട്ടാപ്പുള്ളി ഏറ്റെടുക്കുകയും ചെയ്തു.

സംഭവം ഇപ്പോൾ വിവാദമായതോടെ കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ ഇക്കാര്യത്തിൽ പാർട്ടിതല അന്വേഷണത്തിന് ഉത്തരവിട്ടു. ഇതോടെ ഭരണക്കാരുടെയും പൊലീസിന്റെയും മുഖംമൂടികൾ വരുംനാളുകളിൽ അഴിഞ്ഞുവീഴും. മലബാർ മേഖലയിലെ 900 ക്ഷേത്രങ്ങളുടെ ചുമതലയുള്ളതാണ് മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് ഏരിയാ കമ്മറ്റി. പരിപാവനമായ ഇത്രയും ക്ഷേത്രങ്ങളുടെ മേൽനോട്ടക്കാരനായി പെൺകേസിൽ പെട്ട് ഒന്നാം പ്രതിയായയാളെ നിയമിച്ചതിന് കോൺഗ്രസ് നേതാക്കൾ കുടുങ്ങിയേക്കും. ദേവസ്വം മന്ത്രിയുടെയും ഒരു എംപിയുടെയും ഒത്താശയോടെ നടന്ന ഈ നാടകത്തിലെ കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ വെളിവാകും.

യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ മുൻഭാരവാഹിയും ഇപ്പോൾ കോൺഗ്രസ് മാങ്കാവ് ബ്ലോക്ക് നേതാവുമായ പ്രജീഷ് തിരുത്തിയിലിനെയാണ് മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് മേഖലാ ചെയർമാനായി നിയമിച്ചത്. ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ ഇയാൾ പൊലീസ് തെരയുന്ന പിടികിട്ടാപ്പുള്ളിയായിരുന്നുവെന്ന് ദേവസ്വം മന്ത്രിയുടെ ഓഫീസിന് അറിയാമായിരുന്നു. എന്നിട്ടും ഇയാൾക്കുവേണ്ടി മന്ത്രിയുടെ ഓഫീസും ഒരു എംപിയും വേണ്ട ഒത്താശകളെല്ലാം ചെയ്തുകൊടുക്കുകയായിരുന്നു. ഒളിവിൽ കഴിയുന്ന പ്രതി കോഴിക്കോട് കലക്ടറേറ്റിലെ മലബാർ ദേവസ്വം സെക്രട്ടറിയുടെ ഓഫീസിലെത്തി 2004 ഡിസംബർ 24ന്് ചുമതലയേൽക്കുകയായിരുന്നു.

ഉന്നത നേതാക്കളുടെ നിർദ്ദേശപ്രകാരം പൊലീസിന്റെ മൗനാനുവാദത്തോടെയായിരുന്നു ഇത്്. ചുമതലയേറ്റ ഇയാൾ വീണ്ടും ഒളിവിൽ പോകുകയായിരുന്നു. ഇക്കാര്യം ചില കോൺഗ്ര്‌സ നേതാക്കൾ തന്നെ ദേവസ്വം മന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. അപ്പോൾ പിഴവു പറ്റിയെന്നും മലബാർദേവസ്വം ബോർഡ് ചെയർമാനോട് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു മന്ത്രിയുടെ ഓഫീസിൽനിന്നും ലഭിച്ച മറുപടി. എന്നാൽ മാസം മൂന്നു പിന്നിടാറായിട്ടും ഒരു നടപടിയും ഉണ്ടായില്ല. ചെയർമാനായി ചാർജെടുത്തു മുങ്ങിയ പ്രജീഷ് ദേവസ്വം ബോർഡിന്റെ കഴിഞ്ഞ രണ്ടു മീറ്റിംഗിലും പങ്കെടുത്തിട്ടില്ല. ഏപ്രിൽ മൂന്നിനാണ് അടുത്ത മീറ്റിങ്.

പിടികിട്ടാപ്പുള്ളിയെ ദേവസ്വം ബോർഡ് ചെയർമാനാക്കിയതിന്റെ അനൗചിത്യം ചൂണ്ടിക്കാട്ടി കെ.പിസിസി പ്രസിഡന്റിനു പരാതി ലഭിച്ചതോടെ സംഭവത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്കിടയിൽ അങ്കലാപ്പ്് തുടങ്ങിയിട്ടുണ്ട്. സുധീരൻ ഇക്കാര്യത്തിൽ പാർട്ടിതല അന്വേഷണം പ്രഖ്യാപിച്ചതോടെ ഇതുവരെ പ്രജീഷിനെ അറസ്റ്റ് ചെയ്യാതെ ഒത്താശ ചെയ്തിരുന്ന പൊലീസും ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. പ്രജീഷിനെ മലബാർ ദേവസ്വം ബോർഡ്് ഏരിയാ കമ്മിറ്റി സ്ഥാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്ലളം സിഐ റിപ്പോർട്ട് തയ്യറാക്കി കഴിഞ്ഞ ദിവസം ദേവസ്വം വകുപ്പിനു സമർപ്പിച്ചു.

കോഴിക്കോട് ജില്ലയിലെ ഫറോക്ക് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ നിഷേധിച്ചതോടെയാണ് പ്രജീഷ് തിരുത്തിയിൽ ഒളിവിൽ പോകുന്നത്. ബേപ്പൂർ അരക്കിണർ സ്വദേശിനി വിബിന (32) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പ്രജീഷിനെതിരേ ഫറോക്ക് പൊലീസ് കേസെടുത്തത്. വിബിനയുടെ ആത്മഹത്യാക്കുറുപ്പിൽ പ്രജീഷാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് സൂചിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരേ പൊലീസ് കേസെടുത്തത്.

ബേപ്പൂർ തമ്പി റോഡിലെ കെ എസ് ഇ ബി റിട്ട. ഉദ്യോഗസ്ഥൻ ലോഹിതാക്ഷന്റെ മകളാണ് ആത്മഹത്യ ചെയ്ത വിബിന. വിവാഹമോചിതയായ ഇവർ രണ്ടുവർഷമായി പെരുമുഖത്തെ വാടകവീട്ടിലായിരന്നു താമസം. പ്രജീഷ് വിവാഹവാഗ്ദാനം നൽകി മകളെ കൂട്ടിക്കൊണ്ടു പോയി വാടക വീട്ടിൽ താമസിപ്പിക്കുകയായിരുന്നുവെന്നും രണ്ടു വർഷം കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്തതിനെത്തുടർന്ന് മകൾ ജീവനൊടുക്കുകയായിരുന്നെന്നും ലോഹിതാക്ഷൻ പറയുന്നു. വിബിനയുടെ ആത്മഹത്യയിൽ കുറ്റക്കാരായവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തിച്ചുവരികയാണ്.

വിബിനയുടെ മരണത്തിനു കാരണക്കാരനായ കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി പത്തു ദിവസം മുൻപ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് എളമരം കരീം എംഎൽഎയുടെ സാന്നിധ്യത്തിൽ നിവേദനം നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു നടപടിയും ആഭ്യന്തരമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായില്ല. തൊട്ടടുത്ത ദിവസമാണ് പ്രജീഷിനെ ദേവസ്വം ബോർഡ് ചെയർമാനായി പ്രഖ്യാപിക്കുന്നത്. മലബാർ ദേവസ്വം ബോർഡിനെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തലശേരി എന്നിങ്ങനെ അഞ്ചുമേഖലകളായി തിരിച്ചിട്ടുണ്ട്. ഓരോ മേഖലയ്ക്കും ഓരോ ചെയർമാനുണ്ട്. മുൻ എംഎൽഎ കെ.എ. ചന്ദ്രനാണ് ബോർഡിന്റെ മൊത്തത്തിലുള്ള ചെയർമാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP