Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐഎസിനെതിരെ അമേരിക്കയോടൊപ്പം നിന്നു പോരാടിയ കുർദിഷ് പോരാളികളെ കൈവിട്ട് ട്രംപ്; അപ്രതീക്ഷിതമായി അമേരിക്ക പിന്മാറിയപ്പോൾ കുർദിഷ് റിബലുകൾക്കെതിരെ പോരിനിറങ്ങി തുർക്കി; വാക്കിൽ പ്രതിഷേധിക്കുമ്പോഴും കൊലയ്ക്ക് കൊടുത്ത ട്രംപിനെ ചതിയനെന്ന് വിളിച്ച് പാശ്ചാത്യ രാജ്യങ്ങൾ

ഐഎസിനെതിരെ അമേരിക്കയോടൊപ്പം നിന്നു പോരാടിയ കുർദിഷ് പോരാളികളെ കൈവിട്ട് ട്രംപ്; അപ്രതീക്ഷിതമായി അമേരിക്ക പിന്മാറിയപ്പോൾ കുർദിഷ് റിബലുകൾക്കെതിരെ പോരിനിറങ്ങി തുർക്കി; വാക്കിൽ പ്രതിഷേധിക്കുമ്പോഴും കൊലയ്ക്ക് കൊടുത്ത ട്രംപിനെ ചതിയനെന്ന് വിളിച്ച് പാശ്ചാത്യ രാജ്യങ്ങൾ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ ഡിസി: വടക്കൻ സിറിയയിൽനിന്നു യുഎസ് സൈന്യത്തെ അപ്രതീക്ഷിതമായി പിൻവലിച്ച യുഎസ് പ്രസിഡന്റ് ട്രംപിന്റെ നടപടിക്ക് എതിരേ രൂക്ഷവിമർശനം. ഐഎസിനെ തുരത്താൻ യുഎസ് സൈന്യത്തെ സഹായിച്ച കുർദുകൾക്ക് എതിരേ ആക്രമണത്തിന് ഇതോടെ തുർക്കി തയ്യാറെടുപ്പു തുടങ്ങി. യുഎസ് തങ്ങളെ പിന്നിൽ നിന്നു കുത്തുകയായിരുന്നുവെന്നു കുർദുകൾ പരാതിപ്പെട്ടു. വടക്കൻ സിറിയയിലെ കുർദിഷ് പോരാളികൾക്ക് എതിരേ തുർക്കിയും തുർക്കിയുടെ പിന്തുണയുള്ള ഫ്രീ സിറിയൻ നാഷണൽ ആർമിയും ആക്രമണം ആരംഭിച്ചു.

ഐഎസ് പോരാളികളെയും കുർദിഷ് തീവ്രവാദികളെയും ലക്ഷ്യമിട്ടാണ് ഓപ്പറേഷൻ പീസ് സ്പ്രിംഗെന്ന് തുർക്കി പ്രസിഡന്റ് എർദോഗൻ ട്വീറ്റു ചെയ്തു. തുർക്കി വിമാനങ്ങൾ മേഖലയിൽ ആക്രമണം ആരംഭിച്ചതായി എസ്ഡിഎഫ് വൃത്തങ്ങൾ പറഞ്ഞു. സിറിയൻ പട്ടണമായ റാസ് അൽ അയിനിൽ നിരവധി സ്‌ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുണ്ട്.

തുർക്കിക്ക് ആക്രമണത്തിന് അവസരം ഒരുക്കി മേഖലയിലെ യുഎസ് സൈനികരെ ഞായറാഴ്ച പ്രസിഡന്റ് ട്രംപ് മടക്കിവിളിച്ചിരുന്നു. ഐഎസിനെതിരേയുള്ള പോരാട്ടത്തിൽ യുഎസിനെ സഹായിച്ച കുർദുകളെ കൈവിട്ട ട്രംപിന്റെ നടപടിക്ക് എതിരേ രൂക്ഷവിമർശനമുയർന്നിരുന്നു. തുർക്കി പ്രസിഡന്റ് എർദോഗനുമായി നടത്തിയ ഫോൺ സംഭാഷണത്തെത്തുടർന്നു ഞായറാഴ്ചയാണ് സൈന്യത്തെ പിൻവലിക്കുകയാണെന്നു ട്രംപ് പ്രഖ്യാപിച്ചത്. പെന്റഗണോടു പോലും ആലോചിക്കാതെ ട്രംപ് നടത്തിയ പ്രഖ്യാപനം റിപ്പബ്‌ളിക്കന്മാർക്കിടയിലും അലോസരമുണ്ടാക്കി.

യുഎസ് സൈന്യം പിന്മാറിയ തക്കം മുതലെടുത്ത് കുർദുകളെ ആക്രമിച്ചാൽ തുർക്കിയെ സാമ്പത്തികമായി തകർക്കുമെന്നും ട്രംപ് താക്കീതു നൽകി. യുഎസിന്റെ താക്കീത് തങ്ങളുടെ പരിപാടികളെ ബാധിക്കില്ലന്നു തുർക്കി പ്രതികരിച്ചു.അതേസമയം ട്രംപിന്റെ മുന്നറിയിപ്പ് വെറും വാക്കിൽ മാത്രം ഒതുങ്ങുന്നതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

മേഖലയിൽ സമാധാനം കൊണ്ടുവരാനും ഭീകര ഇടനാഴി രൂപപ്പെടുന്നതു തടയാനുമാണ് ഓപ്പറേഷൻ പീസ് സ്പ്രിംഗിനു തുടക്കം കുറിച്ചതെന്ന് എർദോഗൻ അവകാശപ്പെട്ടു. സിറിയയുടെ അഖണ്ഡത നിലനിർത്തുന്നതോടൊപ്പം പ്രാദേശിക സമൂഹങ്ങളെ ഭീകരരുടെ പിടിയിൽനിന്നു മോചിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുർക്കി അതിർത്തിയിലെ സിറിയൻ മേഖലയിൽ കുർദിഷ് മുക്ത സുരക്ഷിതപ്രദേശം സ്ഥാപിക്കുവാനാണു തുർക്കിയുടെ പദ്ധതി. തുർക്കിയിലേക്ക് നേരത്തെ പലായനം ചെയ്ത സിറിയൻ അഭയാർഥികളിൽ കുറച്ചുപേരെ ഇവിടെ പുനരധിവസിപ്പിക്കാനും പദ്ധതിയുണ്ട്.

തുർക്കിക്ക് എതിരേ ദശകങ്ങളായി പോരാടുന്ന കുർദിസ്ഥാൻ വർക്കേഴ്‌സ് പാർട്ടിയുമായി ബന്ധമുള്ളവരാണ് സിറിയയിലെ കുർദുകളുടെ നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സസ്(എസ്ഡിഎഫ്).ഇവരെ ഭീകരരായാണ് തുർക്കി കാണുന്നത്. എന്നാൽ, എസ്ഡിഎഫിന്റെ സഹായത്തോടെയാണു മേഖലയിലെ ഐഎസ് ഭീകരരെ യുഎസ് ഒതുക്കിയത്. അതേസമയം, സിറിയയ്ക്ക് എതിരായ ആക്രമണം ചെറുക്കുമെന്ന് ഡമാസ്‌കസിൽ ബഷാർ അൽ അസാദ് ഭരണകൂടം വ്യക്തമാക്കി.

ഐഎസിന്റെ പുനരുജ്ജീവനത്തിനു ട്രംപിന്റെ നടപടി ഇടയാക്കുമെന്നു റിപ്പബ്‌ളിക്കൻ സെനറ്റർ മിറ്റ് റോംനി പറഞ്ഞു. അമേരിക്ക വിശ്വസിക്കാൻ കൊള്ളാത്ത സഖ്യകക്ഷിയാണെന്ന സന്ദേശമാണ് ട്രംപിന്റെ നടപടി നൽകുന്നത്.ഐഎസിനെതിരേയുള്ള പോരാട്ടത്തിൽ സഹായിച്ച കുർദ് സൈനികരെ മരണത്തിലേക്കു തള്ളിവിടുന്ന നടപടിയാണു ട്രംപിന്റേതെന്നു യുഎന്നിലെ മുൻസ്ഥാനപതിയും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി പറഞ്ഞു. തുർക്കി നമ്മുടെ സുഹൃത്തല്ല- ഹേലി ട്വീറ്റു ചെയ്തു.ഇതേസമയം, യുഎസ് സൈന്യവുമായി സഹകരിച്ച് ഐഎസിനെതിരേ നടത്തിയ പോരാട്ടത്തിൽ തങ്ങളുടെ പതിനായിരം ഭടന്മാർക്ക് ജീവൻകൊടുക്കേണ്ടിവന്നുവെന്ന് എസ്ഡിഎഫ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP