Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്പെഷ്യൽ ഓഫീസർ രാജമാണിക്യം ഏറ്റെടുത്തത് 18 ഉത്തരവുകളിലായി ഹാരിസൺ മലയാളം പ്ലാന്റേഷൻസ് കൈവശം വച്ചതും മറിച്ച് വിറ്റതുമായ 38, 171 ഏക്കർ ഭൂമി; ചെറുവള്ളി എസ്റ്റേറ്റിലെ 2264 ഏക്കറും ഇതിൽ വരും; ഇത്തരമൊരു ഭൂമിക്ക് നഷ്ടപരിഹാര തുക കോടതിയിൽ കെട്ടിവയ്ക്കുന്നതിൽ വിവാദം; ഉടമസ്ഥാവകാശം സർക്കാരിനില്ല എന്നുള്ളതിന്റെ നഗ്‌നമായ അംഗീകാരം കൂടിയാണ് മന്ത്രിസഭയുടെ തീരുമാനമെന്ന വാദുമായി ബിലീവേഴ്‌സ് ചർച്ചും; ശബരിമല വിമാനത്താവളത്തിനുള്ള ചെറുവള്ളി ഭൂമി ഏറ്റെടുക്കലിൽ വിവാദം

സ്പെഷ്യൽ ഓഫീസർ രാജമാണിക്യം ഏറ്റെടുത്തത് 18 ഉത്തരവുകളിലായി ഹാരിസൺ മലയാളം പ്ലാന്റേഷൻസ് കൈവശം വച്ചതും മറിച്ച് വിറ്റതുമായ 38, 171 ഏക്കർ ഭൂമി; ചെറുവള്ളി എസ്റ്റേറ്റിലെ 2264 ഏക്കറും ഇതിൽ വരും; ഇത്തരമൊരു ഭൂമിക്ക് നഷ്ടപരിഹാര തുക കോടതിയിൽ കെട്ടിവയ്ക്കുന്നതിൽ വിവാദം; ഉടമസ്ഥാവകാശം സർക്കാരിനില്ല എന്നുള്ളതിന്റെ നഗ്‌നമായ അംഗീകാരം കൂടിയാണ് മന്ത്രിസഭയുടെ തീരുമാനമെന്ന വാദുമായി ബിലീവേഴ്‌സ് ചർച്ചും; ശബരിമല വിമാനത്താവളത്തിനുള്ള ചെറുവള്ളി ഭൂമി ഏറ്റെടുക്കലിൽ വിവാദം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം ശബരിമല വിമാനത്താവള പദ്ധതിയുമായി വീണ്ടും ഇടതുസർക്കാർ രംഗത്തെത്തുമ്പോൾ ചെറുവള്ളി എസ്‌റ്റേറ്റിനെ കുറിച്ചുള്ള വിവാദങ്ങളും പുതിയ തലത്തിലേക്ക്. ഭൂമി തർക്കത്തെ തുടർന്ന് മുടങ്ങിപ്പോയ പദ്ധതിയാണ് സജീവമാക്കുന്നത്. വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചു. തർക്കഭൂമി ഏറ്റെടുക്കുന്നതിനുള്ള നിയമപരമായ മാർഗങ്ങൾ തേടാനും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ശബരിമല വിമാനത്താവളത്തിനുള്ള സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ഉന്നതതല യോഗത്തിൽ തീരുമാനമായി. നടപടികൾ വേഗത്തിലാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ സെക്ഷൻ 77 അനുസരിച്ച് കോടതിയിൽ നഷ്ടപരിഹാരത്തുക കെട്ടിവച്ചാണ് ഭൂമി ഏറ്റെടുക്കുക.

ഇതിൽ നഷ്ടപരിഹാര തുക നൽകുന്നതാണ് വിവാദങ്ങൾക്ക് ഇട നൽകുന്നത്. സ്വകാര്യ വ്യക്തിയുടെ ഭൂമിയല്ല ചെറുവള്ളി എസ്റ്റേറ്റ് എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. സർക്കാരിന്റെ മാത്രം ഭൂമിയാണിത്. ചെറുവള്ളി എസ്റ്റേറ്റ് 2015 മെയ് 28ന് തന്നെ സർക്കാർ ഏറ്റെടുത്തതാണ്. ഭൂമി തിരിച്ച് പിടിക്കാനുള്ള സ്പെഷ്യൽ ഓഫീസർ എം.ജി രാജമാണിക്യത്തിന്റെ നേതൃത്വത്തിലാണ് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്തത്. 18 ഉത്തരവുകളിലായി ഹാരിസൺ മലയാളം പ്ലാന്റേഷൻസ് കൈവശം വച്ചതും മറിച്ച് വിറ്റതുമായ 38, 171 ഏക്കർ ഭൂമിയാണ് അന്ന് ഏറ്റെടുത്തത്. ഇതിൽ ചെറുവള്ളി എസ്റ്റേറ്റിലെ 2264 ഏക്കറും വരും. ഇത്തരമൊരു ഭൂമിക്ക് എന്തിനാണ് പണം നൽകുന്നതെന്നാണ് ഉയരുന്ന ചോദ്യം.

അതിനിടെ ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഏറ്റെടുക്കാൻ തീരുമാനച്ചതിന് പിന്നാലെ സർക്കാർ വാദം തള്ളി ബിലീവേഴ്‌സ് ചർച്ച് രംഗത്തെത്തി. നിലവിൽ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥതയെ സംബന്ധിച്ച് ഒരു കേസും ഒരു കോടതിയിലും ഇല്ലെന്ന് സഭാ വക്താവ് സിജോ പന്തപ്പള്ളിൽ പ്രതികരിച്ചു. കേരള ഹൈക്കോടതിയും സുപ്രീംകോടതിയും നിലവിലുള്ള കേസുകൾക്ക് തീർപ്പു കൽപ്പിച്ചിട്ടുള്ളതാണ്. സർക്കാരിന്റെ ഇതുവരെയുള്ള വാദങ്ങളെല്ലാം നീതിപീഠങ്ങൾ തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ നടപടിക്രമങ്ങളെ കുറിച്ച് യാതൊരു അറിവും സഭക്ക് ഈ നിമിഷം വരെ ഇല്ല. ഉടമസ്ഥാവകാശം സംബന്ധിച്ച് കേസുകൾ നിലവിൽ ഇല്ലാതിരിക്കെ കോടതിയിൽ പണം കെട്ടിവെച്ച് സ്ഥലം ഏറ്റടുക്കുക എന്ന നടപടിക്കുള്ള നിയമ സാധുത തള്ളിക്കളയേണ്ടിയിരിക്കുന്നു. കോടതിയിൽ പണം കെട്ടിവെക്കാൻ ആലോചിക്കുന്നു എന്നുള്ളത് യാഥാർഥ്യമെങ്കിൽ ഉടമസ്ഥാവകാശം സർക്കാരിനില്ല എന്നുള്ളതിന്റെ നഗ്‌നമായ അംഗീകാരം കൂടിയാണ്. സർക്കാരിന്റെ മുൻപോട്ടുള്ള നടപടി ക്രമങ്ങളുടെ ഔദ്യോഗികമായ അറിയിപ്പ് കിട്ടുന്നതനുസരിച്ച് സഭാ സിനഡ് ചേർന്ന് തുടർ നടപടികൾ തീരുമാനിക്കുമെന്നും സഭാ വക്താവ് പറഞ്ഞു.

ശബരിമല തീർത്ഥാടകർക്കായി വിമാനത്താവളം നിർമ്മിക്കുന്നതിന്റെ മറവിൽ അനധികൃത തോട്ടഭൂമി കയ്യേറ്റങ്ങൾ സാധൂകരിക്കാൻ രഹസ്യനീക്കമെന്നാണ് ഉയരുന്ന ആരോപണം. തോട്ടഭൂമി കയ്യേറിയെന്ന് കണ്ടെത്തി സ്പെഷ്യൽ ഓഫീസർ ഏറ്റെടുത്ത ചെറുവള്ളി എസ്റ്റേറ്റിൽ നിന്നുള്ള ഭൂമിക്ക് സർക്കാർ തന്നെ ഓഹരിയവകാശം നൽകുന്നതോടെ എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം തങ്ങളുടേത് എന്നു സ്ഥാപിക്കാൻ അവർക്ക് കഴിയും. ഇതോടെ വിട്ടുകൊടുക്കുന്ന 500 ഏക്കറിന്റെ മറവിൽ യാതൊരു രേഖകളുമില്ലാത്ത 2265 ഏക്കർ ഭൂമിക്കും അവർക്ക് ഉടമസ്ഥാവകാശം വരും. ഈ ഉത്തരവിന്റെ മറവിൽ കേരളത്തിലെ ലക്ഷക്കണക്കിന് ഏക്കർ തോട്ടഭൂമി കയ്യേറ്റക്കാർക്ക് കോടതികളിലെ കേസുകളിൽ തങ്ങൾക്കനുകൂല വിധി നേടാൻ സാധിക്കും. 1923ൽ മലയാളം പ്ലാന്റേഷൻ യുകെ ലിമിറ്റഡ് വ്യാജമായി തയ്യാറാക്കിയ 1600/1923 എന്ന ആധാരത്തിൽപ്പെട്ട സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റ്. 1978ൽ ഇന്ത്യൻ കമ്പനി ആക്ട്പ്രകാരം രജിസ്റ്റർ ചെയ്ത മലയാളം പ്ലാന്റേഷൻസ് (ഇന്ത്യ) കമ്പനിക്ക് ആസ്തികൾ കൈമാറിയെന്നും 1984ൽ അത് ഹാരിസൺ മലയാളം ലിമിറ്റഡായി മാറിയെന്നുമാണ് കമ്പനി വാദിച്ചിരുന്നത്.

എന്നാൽ 1977ൽ രൂപീകൃതമായ മലയാളം പ്ലാന്റേഷൻസ് (ഹോൾഡിങ്സ്) ലിമിറ്റഡ് എന്ന ബ്രിട്ടീഷ് കമ്പനിയുടെ ബിനാമി കമ്പനിയാണ് ഹാരിസൺ എന്നും ഹാരിസൺ കൈവശം വച്ചിരുന്നതും കൈമാറ്റം ചെയ്തതുമായ 75000 ഏക്കർ ഭൂമി ഏറ്റെടുക്കണമെന്നും ഇതേകുറിച്ച് സിബിഐ അന്വേഷിക്കണമെന്നും സ്പെഷ്യൽ ഓഫീസർ എം.ജി. രാജമാണിക്യം ശുപാർശ നൽകിയിരുന്നു. ഇത്തരത്തിൽ അനധികൃതമായി കൈവശമുള്ള ഭൂമിയിൽനിന്ന് ഹാരിസൺ 1984ൽ കൈമാറിയ 2265 ഏക്കറിൽപ്പെടുന്നതാണ് ഇപ്പോൾ ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയിരിക്കുന്ന ഭൂമി.

വിമാനത്താവള പദ്ധതി ഏകോപനത്തിന് സ്പെഷൽ ഓഫിസറെ ഉടൻ നിയമിക്കാനാണ് സർക്കാർ തീരുമാനം. സ്പെഷൽ ഓഫിസറെ കണ്ടെത്താൻ മുൻ കേന്ദ്ര ഏവിയേഷൻ സെക്രട്ടറി എം. മാധവൻ നമ്പ്യാർ അധ്യക്ഷനായി സെർച് കമ്മിറ്റി രൂപവൽക്കരിച്ചിരുന്നു. വിമാനത്താവളത്തിനു കണ്ടെത്തിയ എരുമേലി ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച നിയമപ്രശ്നം പരിഹരിക്കപ്പെടാത്തതിനാൽ തുടർനടപടികൾ സ്തംഭിച്ച സാഹചര്യത്തിലാണ് സ്പെഷൽ ഓഫിസറെ നിയമിച്ചത്. വിമാനത്താവളത്തിനായി സാധ്യതാപഠനം നടത്തിയ ലൂയി ബ്ഗർ സമർപ്പിച്ച റിപ്പോർട്ട് ഇപ്പോഴും നിയമവകുപ്പിന്റെ പരിഗണനയിലാണ്.

ഭൂമി സർക്കാരിന്റെ ഉടമസ്ഥതയിലല്ലാത്തതിനാൽ മണ്ണുപരിശോധനയും പരിസ്ഥിതി ആഘാതപഠനവും നടത്താനായിട്ടില്ല. ചെറുവള്ളി എസ്റ്റേറ്റിന് രണ്ടു ദേശീയപാതകളുടെയും അഞ്ചു പി.ഡബ്ല്യു.ഡി. റോഡുകളുടെയും സാമീപ്യമുണ്ട്. ശബരിമലയിലേക്കു 48 കിലോമീറ്ററാണു ദൂരം, കൊച്ചിയിലേക്ക് 113 കിലോമീറ്റർ. ഭൂമി കണ്ടെത്തിയാൽ വിമാനത്താവളത്തിന് അനുമതി നൽകാമെന്നു കേന്ദ്ര സർക്കാർ നേരത്തേ അറിയിച്ചിരുന്നു. നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്കു മുഖ്യമന്ത്രി നിർദ്ദേശം നൽകിക്കഴിഞ്ഞു. ഇതിനിടെയാണ് വിവാദം. എരുമേലി-പത്തനംതിട്ട സംസ്ഥാന പാതയിൽ, എരുമേലിയിൽനിന്നു 3 കിലോമീറ്റർ അകലെയാണു ചെറുവള്ളി എസ്റ്റേറ്റ്. ജനവാസം കാര്യമായി ഇല്ലാത്തതിനാൽ കുടിയൊഴിപ്പിക്കൽ പോലുള്ള നടപടികളും പ്രതിസന്ധി സൃഷ്ടിക്കാനിടയില്ല. ഇതേസമയം പരിസ്ഥിതി അനുമതി പ്രധാന കടമ്പയാകും. മൊട്ടക്കുന്നുകൾ നിറഞ്ഞ ഭൂപ്രകൃതി ആയതിനാൽ നിർമ്മാണ പ്രവർത്തനങ്ങളും വൈകില്ല.

വിമാനത്താളത്തിനുള്ള പണം എങ്ങനെ കണ്ടെത്തുമെന്നതിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളുടെ മാതൃകയിൽ കമ്പനി രൂപീകരിച്ചായിരിക്കും പ്രവർത്തനം. 42 രാജ്യങ്ങളിൽ നിന്നായി വർഷം 3 കോടി തീർത്ഥാടകരാണ് ശബരിമലയിൽ എത്തുന്നത്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലക്കാരായ 5 ലക്ഷം പേർ വിദേശരാജ്യങ്ങളിൽ പ്രവാസികളായുണ്ട്. മൂന്നാർ, തേക്കടി, കുമരകം തുടങ്ങിയ സ്ഥലങ്ങളിലേക്കു ധാരാളം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളും എത്തുന്നുണ്ട്. ഇവർക്കെല്ലാം പദ്ധതി പ്രയോജനപ്പെടും. നേരത്തേ നെടുമ്പാശേരിയുടെ ഫീഡർ വിമാനത്താവളം എന്ന നിലയിലാണു വിഭാവനം ചെയ്തതെങ്കിലും പിന്നീട് മാറ്റി. തുടക്കത്തിലേ രാജ്യാന്തര വിമാനത്താവളമായി നിർമ്മിക്കാനാണ് തീരുമാനം. 4.8 കിലോമീറ്റർ നീളത്തിലാണ് റൺവേ. നെടുമ്പാശേരി, മധുര, തിരുവനന്തപുരം എന്നിവയാണു സമീപത്തെ മറ്റു വിമാനത്താവളങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP