Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തട്ടിൽ എസ്റ്ററ്റേ് കുംഭകോണത്തിൽ കരുണാകരൻ പ്രതിയാണെന്ന് തെളിയിക്കുന്ന രേഖ മദ്യപിച്ച് അവശനാക്കി ജയറാം പടിക്കൽ തന്നെക്കൊണ്ട് തീറ്റിച്ചെന്ന് വെളിപ്പെടുത്തി; അഴീക്കോടൻ വധത്തിലും കരുണാകരന്റെ പങ്ക് തുറന്നടിച്ചു; അനീതിക്കെതിരെ കോടതി വ്യവഹാരങ്ങളിലൂടെ നിരന്തരം പോരാടി; മന്ത്രിമാരുടെയും അധികാരികളുടെയും കണ്ണിലെ കരടായി; സ്ഥിരമായി ഒരു വിലാസം പോലുമില്ലാതെ അവധൂതനെപ്പോലെ സഞ്ചരിച്ച് നീതിക്കായി പോരാടി; നവാബ് രാജേന്ദ്രൻ ഓർമ്മയായിട്ട് 16 വർഷം

തട്ടിൽ എസ്റ്ററ്റേ് കുംഭകോണത്തിൽ കരുണാകരൻ പ്രതിയാണെന്ന് തെളിയിക്കുന്ന രേഖ മദ്യപിച്ച് അവശനാക്കി ജയറാം പടിക്കൽ തന്നെക്കൊണ്ട് തീറ്റിച്ചെന്ന് വെളിപ്പെടുത്തി; അഴീക്കോടൻ വധത്തിലും കരുണാകരന്റെ പങ്ക് തുറന്നടിച്ചു; അനീതിക്കെതിരെ കോടതി വ്യവഹാരങ്ങളിലൂടെ നിരന്തരം പോരാടി; മന്ത്രിമാരുടെയും അധികാരികളുടെയും കണ്ണിലെ കരടായി; സ്ഥിരമായി ഒരു വിലാസം പോലുമില്ലാതെ അവധൂതനെപ്പോലെ സഞ്ചരിച്ച് നീതിക്കായി പോരാടി; നവാബ് രാജേന്ദ്രൻ ഓർമ്മയായിട്ട് 16 വർഷം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാളികൾക്ക് അത്ര എളുപ്പത്തിലൊന്നും മറക്കാൻ കഴിയാത്ത പേരാണ് നവാബ് രാജേന്ദ്രന്റെത്. വിവരാവകാശ നിയമമൊന്നും നിലവിലില്ലാതിരുന്നു ഒരു കാലത്ത് അഴിമതിക്കെതിരെ നിരന്തരം കോടതി വഴി പടവെട്ടിയ വ്യക്തിത്വമായിരുന്നു നവാബിന്റെത്.മലയാളികൾക്ക് അങ്ങനെയൊന്നും മറക്കാനാവാത്ത രൂപമാണ് നവാബ് രാജേന്ദ്രന്റേത്. നിലം മുട്ടുന്ന കാവിമുണ്ടും, ജുബ്ബയും തോൾസഞ്ചിയും നീട്ടി വളർത്തിയ താടിയും ചുണ്ടിൽ എരിയുന്ന സിഗരറ്റുമെല്ലാം നവാബ് രാജേന്ദ്രന്റെ അടയാളപ്പെടുത്തലുകളായിരുന്നു. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലാണ് ടി.എ. രാജേന്ദ്രന്റെ ജനനം. മാധ്യമപ്രവർത്തകനായി ജീവിതം ആരംഭിച്ച അദ്ദേഹം തൃശൂരിൽ നവാബ് എന്ന പേരിൽ പത്രം ആരംഭിച്ചു. എല്ലാ ദിവസവും സർക്കാരിന്റെയും സർക്കാർ വകുപ്പുകളിലെ ചെറുതോ വലുതോ ആയ അഴിമതികളും മറ്റും അദ്ദേഹം തന്റെ പത്രത്തിലൂടെ പുറത്തുകൊണ്ടുവന്നു.

ഇത് അദ്ദേഹത്തിന് വളരെയേറെ ശത്രുക്കളെ സൃഷ്ടിച്ചു. ഒടുവിൽ പത്രം അടച്ചുപൂട്ടേണ്ടി വന്നു. പത്രം പൂട്ടിപ്പോയെങ്കിലും നവാബ് എന്ന പേര് അദ്ദേഹത്തെ വിട്ടുപോയില്ല. പിന്നീടങ്ങോട്ട് രാജേന്ദ്രൻ നവാബ് രാജേന്ദ്രൻ എന്ന പേരിൽ അറിയപ്പെട്ടു.ജയറാമിനെ നായകനാക്കി ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്ത 'വക്കാലത്ത് നാരായണൻകുട്ടി' എന്ന സിനിമ നവാബ് രാജേന്ദ്രന്റെ ജീവിത കഥയിൽ നിന്നുണ്ടായതാണ്. നവാബ് രാജേന്ദ്രൻ ഓർമയായിട്ട് ഇന്നേക്ക് 16 വർഷം പിന്നിടുകയാണ്. ആരും അനുസ്മരണ സമ്മേളനങ്ങളും സെമിനാറുകളും ഒന്നും നടത്തിയില്ലെങ്കിലും മലയാളിയുടെ മനസ്സിൽ നവാബ് നിലനിൽക്കുമെന്ന് ഉറപ്പാണ്.

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരനുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന തട്ടിൽ കൊലക്കേസ് എന്നറിയപ്പെടുന്ന തട്ടിൽ എസ്റ്റേറ്റ് മാനേജരുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് നവാബ് രാജേന്ദ്രന്റെ പേര് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. കൊലപാതകുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകൾ ആദ്യമായി ലഭിച്ചത് നവാബ് രാജേന്ദ്രനാണെന്നാണ് പറയപ്പെടുന്നത്. ഈ തെളിവുകൾ കണ്ടെത്തുന്നതിനായി ജയാറാം പടിക്കലിന്റെ നേതൃത്വത്തലുള്ള പൊലീസ് നവാബ് രാജേന്ദ്രനെ പൊലീസ് കൊടിയ മർദനങ്ങൾക്ക് ഇരയാക്കി. തെളിവുകൾ കണ്ടെത്താനായി പൊലീസ് പല വഴികളും ഉപയോഗിച്ചു.

പൊലീസ് മർദനത്തെ തുടർന്ന് അദ്ദേഹത്തിന്റെ മുൻനിരയിലെ പല്ലുകൾ പോലും നഷ്ടപ്പെട്ടു. അന്ന് കരുണാകരൻ പ്രതിയാണെന്ന് തെളിയിക്കാനുള്ള രേഖ ജയറാംപടിക്കൽ മദ്യത്തോടൊപ്പം നൽകി തന്റെ ചിക്കൻ കറിയിൽ വിതറി തന്നെക്കൊണ്ടുതന്നെ തീറ്റിക്കുകയായിരുന്നെന്ന് പിൽക്കാലത്ത് പ്രശ്സത മാധ്യമ പ്രവർത്തകൻ കമൽറാം സജീവിന് നൽകിയ അഭിമുഖത്തിൽ നവാബ് വ്യക്തമാക്കിയിരുന്നു. ആദ്യമായി മദ്യപിച്ചത് ജയറാംപടിക്കലിന് ഒപ്പമായിരുന്നെന്നും നവാബ് വെളിപ്പെടുത്തിയിരുന്നു. അഴീക്കോടൻ രാഘവൻ വധിച്ചതിലും എം വി ആര്യൻ ഗ്രൂപ്പല്ല, കരുണാകരൻ തന്നെയാണെന്ന നവാബിന്റെ വെളിപ്പെടുത്തലും വിവാദമായിരുന്നു.

പൊലീസിൽ നിന്നേറ്റ കൊടിയ മർദനങ്ങൾക്ക് പിന്നാലെ അനീതിക്ക് എതിരായി പോരാടിയത് നിയമങ്ങളിലൂടെയും കോടതികളിലൂടെയും ആയിരുന്നു. നവാബ് സമർപ്പിച്ച പല പൊതു താൽപര്യ ഹർജികളിലും അനുകൂലമായ വിധിയുണ്ടായി. സർക്കാരിനും മന്ത്രിമാർക്കും മറ്റ് പ്രമുഖർക്കും എതിരെയുള്ളവയായിരുന്നു ഇവയിൽ പലതും. ഇതോടെ നവാബ് രാജേന്ദ്രന്റെ പരാതികൾ പരിഗണിക്കരുതെന്ന് കാണിച്ച് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കോടതിയുടെ വിലപ്പെട്ട സമയം വെറുതെ കളയുന്ന കേസുകളാണ് നവാബ് രാജേന്ദ്രൻ കൊണ്ടുവരുന്നതെന്നായിരുന്നു സർക്കാർ വാദം. എന്നാൽ കോടതി ഈ വാദം തള്ളി. പ്രാധാന്യമുള്ള കേസുകളാണ് നവാബ് രാജേന്ദ്രൻ ശ്രദ്ധയിൽക്കൊണ്ടുവരുന്നതെന്നും സമൂഹത്തിന് ഇത്തരം ആളുകളുടെ ആവശ്യമാണുള്ളതെന്നും കോടതി നിരീക്ഷിച്ചു.

കേസുകളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും പുതിയ പ്രശ്‌നങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനുമായുള്ള യാത്രകളിലായിരുന്നു അദ്ദേഹം ഒട്ടുമിക്ക സമയങ്ങളിലും. എന്നിരുന്നാൽ പോലും അദ്ദേഹത്തിന് സ്ഥിരമായ ഒരു പോസ്റ്റൽ അഡ്രസ്സ് ഉണ്ടായിരുന്നുവെന്നത് വളരെ ശ്രദ്ധേയമാണ്. ഗവൺമെന്റ് ലോ കോളജിന്റെ സ്റ്റുഡന്റ് ഹോസ്റ്റലിലായിരുന്നു കൊച്ചിയിലുണ്ടായിരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ താമസം. ആ സമയത്ത് വിദ്യാർത്ഥികൾ അദ്ദേഹത്തെ തങ്ങളുടെ നേതാവിനെപ്പോലെയാണ് കണ്ടിരുന്നത്. റൂമുകൾ നൽകിയും ഭക്ഷണം പങ്കുവച്ചും തങ്ങളിലൊരാളെപ്പോലെ വിദ്യാർത്ഥികൾ അദ്ദേഹത്തെ കണ്ടു.ഹോസ്റ്റൽ റൂമിൽ തങ്ങാൻ പറ്റാത്ത സാഹചര്യങ്ങളിൽ ബസ് സ്റ്റാൻഡുകളിലായിരുന്നു അദ്ദേഹം തങ്ങിയിരുന്നത്. ലോറിക്കാർക്കൊപ്പമായിരുന്നു കൂടുതൽ യാത്രകളും. തന്റെ സ്വന്തം നേട്ടങ്ങളിൽ പ്രശസ്തി നേടിയെടുക്കുന്നതിന് അദ്ദേഹം ഒരിക്കലും താത്പര്യപ്പെട്ടിരുന്നില്ല.

എറണാകുളം മഹാരാജാസ് കോളജിനു സമീപത്തുള്ള ഇന്ത്യൻ കോഫി ഹൗസായിരുന്നു ചർച്ചകൾക്കായി അദ്ദേഹം തെരഞ്ഞെടുത്തിരുന്ന സ്ഥലം. വൈകുന്നേരങ്ങളിൽ വിദ്യാർത്ഥികളും സമൂഹത്തിന്റ നാനാമേഖലകളിൽ നിന്നുള്ളവരും അടക്കം വലിയൊരു കൂട്ടം അവിടെ എത്തിച്ചേരുമായിരുന്നു.സമൂഹത്തിലെ തെറ്റുകൾക്കെതിരെ പോരാടാൻ എന്നും മുൻപിൽ നവാബ് രാജേന്ദ്രൻ ഉണ്ടായിരുന്നു. അഴിമതി ആയിരുന്നു അദ്ദേഹം എന്നും എതിർത്തിരുന്നത്. 1990 ൽ സമൂഹത്തിന് അദ്ദേഹം ചെയ്ത സേവനങ്ങളെ കണക്കിലെടുത്ത് ഒരു ട്രസ്റ്റ് രണ്ടു ലക്ഷം രൂപ അദ്ദേഹത്തിന് സമ്മാനിച്ചു. എന്നാൽ അദ്ദേഹം ആ തുക കൊച്ചി ജനറൽ ആശുപത്രിക്ക് സംഭാവന ചെയ്യുകയാണുണ്ടായത്. ഇതിൽ നിന്നു തന്നെ പണത്തിന് അദ്ദേഹം ജീവിത്തിൽ വലിയ പ്രാധാനം നൽകിയിരുന്നില്ലെന്നത് വ്യക്തമാണ്. ഇതിനിടയിലാണ് കാൻസർ രോഗ ബാധിതനായതിനെ തുടർന്ന് 2003 ഒക്ടോബർ 10 ന് അദ്ദേഹം മരണത്തിന് കീഴടങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP