Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തന്ത്രപൂർവ്വം നടപ്പാക്കിയത് റോയിയുടെ അമ്മാവൻ വയലോരം മഞ്ചാടിയിൽ മാത്യുവിന്റെ കൊല; ആദ്യ ഭർത്താവിന്റെ മരണത്തിൽ പോസ്റ്റ്‌മോർട്ടത്തിന് ബഹളം വച്ച ബന്ധുവിനെ വകവരുത്തിയത് കട്ടൻചായയിൽ സയ്‌നൈയ്ഡ് നൽകി; കൊന്നത് മാത്യു ജീവിച്ചിരുന്നാൽ സത്യം പുറത്തുവരുമെന്ന ഭയം കാരണം; ഈ കൊലയോടെ സുരക്ഷിതെന്ന് കരുതിയ കുറ്റവാളിയെ കുടുക്കിയത് സ്വത്ത് തർക്കം; അന്നമ്മയെ വകവരുത്തിയത് കീടനാശിനി നൽകിയും; ആറു കൊലയും ജോളി ഒറ്റയ്ക്ക് നടത്തിയതെന്ന നിഗമനത്തിലേക്ക് പൊലീസ്

തന്ത്രപൂർവ്വം നടപ്പാക്കിയത് റോയിയുടെ അമ്മാവൻ വയലോരം മഞ്ചാടിയിൽ മാത്യുവിന്റെ കൊല; ആദ്യ ഭർത്താവിന്റെ മരണത്തിൽ പോസ്റ്റ്‌മോർട്ടത്തിന് ബഹളം വച്ച ബന്ധുവിനെ വകവരുത്തിയത് കട്ടൻചായയിൽ സയ്‌നൈയ്ഡ് നൽകി; കൊന്നത് മാത്യു ജീവിച്ചിരുന്നാൽ സത്യം പുറത്തുവരുമെന്ന ഭയം കാരണം; ഈ കൊലയോടെ സുരക്ഷിതെന്ന് കരുതിയ കുറ്റവാളിയെ കുടുക്കിയത് സ്വത്ത് തർക്കം; അന്നമ്മയെ വകവരുത്തിയത് കീടനാശിനി നൽകിയും; ആറു കൊലയും ജോളി ഒറ്റയ്ക്ക് നടത്തിയതെന്ന നിഗമനത്തിലേക്ക് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിച്ച ജോളി അഞ്ച് പേരുടെ കൊലപാതകത്തിൽ പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചെന്നും പൊലീസിനോട് സമ്മതിച്ചു. അതിനിടെ ആറ് കൊലപാതകങ്ങളും ജോളി ഒറ്റയ്ക്കാണ് നടത്തിയതെന്ന നിഗമനത്തിൽ പൊലീസ് എത്തുകയാണ്. കൊലപാതകത്തിനുള്ള പശ്ചാത്തല സൗകര്യമൊരുക്കാൻ മാത്രമാണ് ജോളി പരസഹായം തേടിയത്. എന്നാൽ, കൊലകൾ എല്ലാം ആസൂത്രണംചെയ്ത് നടപ്പാക്കിയത് ജോളി തനിച്ചാണെന്നാണ് വിലിയിരുത്തൽ.

ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ ഇത്രയും കാലം ജോളിക്ക് പിടിച്ചു നിൽക്കാൻ സാധിക്കില്ലെന്നും രഹസ്യം ഏതെങ്കിലും വിധേന പുറത്താകുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌പി കെ ജി സൈമൺ പറയുന്നു. ലോകത്തെ പരമ്പര കൊലപാതകത്തിന്റെ ചരിത്രം പരിശോധിച്ചാലും കൊലയാളി ഒറ്റയ്ക്കാണ് കൃത്യം നിർവഹിച്ചതെന്ന് ബോധ്യപ്പെടും. ജോളിയുടെ കാര്യത്തിലും ഈ നിഗമനം ശരിയാണ്. ചോദ്യം ചെയ്തപ്പോഴും തനിച്ചാണ് കൊല നടത്തിയതെന്ന് ജോളി പറഞ്ഞിട്ടുണ്ട്. പൊന്നാമറ്റം തറവാട്ടിലെ സ്വത്ത് തർക്കമാണ് ഈ കൊലപാതകത്തിന്റെ ചുരുൾ അഴിച്ചത്. അല്ലാത്ത പക്ഷം ജോളി ഇന്നും എൻ ഐ ടിയിലെ കറക്കം തുടരുമായിരുന്നു.

ആറ് കൊലയിൽ തന്ത്രപൂർവം ജോളി നടപ്പാക്കിയത് റോയിയുടെ അമ്മാവൻ കൂടത്തായിയിലെ വയലോരം മഞ്ചാടിയിൽ മാത്യുവിന്റെതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഈ കൊലയിൽ കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. മാത്യുവിന്റെ വീട്ടിൽ പോയാണ് ജോളി കൃത്യം നിർവഹിച്ചത്. കട്ടൻ കാപ്പിയിൽ സയനൈഡ് കലർത്തുകയായിരുന്നു. ഭർത്താവ് റോയിയുടെ കൊലയിൽ സംശയം പ്രകടിപ്പിച്ച് പോസ്റ്റ്മോർട്ടത്തിന് നിർബന്ധിച്ചത് മാത്യുവായിരുന്നു. ജീവിച്ചിരുന്നാൽ ഭാവിയിൽ കള്ളം വെളിച്ചത്തുവരുമെന്നും കുടുങ്ങുമെന്നും ഭയന്നാണ് ആസൂത്രിതമായി മാത്യുവിനെ വകവരുത്തിയത്. ഈ കൊലയോടെ താൻ സുരക്ഷിതയായെന്നും ജോളി വിശ്വസിച്ചിരുന്നുവെന്നും പൊലീസ് വിലയിരുത്തുന്നു.

ഉച്ചയ്ക്ക് മൂന്ന് മണിയോടെ വടകര റൂറൽ എസ്‌പി ഓഫീസിലെത്തിച്ച ശേഷം ജോളിയെയും കൂട്ടു പ്രതികളെയും ഏറെ നേരം അന്വേഷണ സംഘം ചോദ്യം ചെയ്തു. ജോളി ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചാണ് അഞ്ച് കൊലപാതങ്ങൾ നടത്തിയതെന്നും അന്നമ്മയുടെ കൊലപാതകത്തിന് മറ്റൊരു വിഷം ഉപയോഗിച്ചെന്നും ജോളി പൊലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിന്റെ പലഘട്ടത്തിലും ജോളി തേങ്ങിക്കരഞ്ഞു. പ്രതികൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്ന് എസ്‌പി വ്യക്തമാക്കി. ജോളിക്ക് സയനൈഡ് എത്തിച്ചു നൽകിയ മാത്യുവിനെയും മാത്യു സയനൈഡ് വാങ്ങിയ പ്രജികുമാറിനെയും വെവ്വേറെ ചോദ്യം ചെയ്തു. എത്ര തവണ സയനൈഡ് കൈമാറി, കൊലപാതകത്തിൽ പങ്കുണ്ടോ, കൊലപാതക വിവരം അറിയാമായിരുന്നോ എന്നീ കാര്യങ്ങളാണ് ഇവരിൽ നിന്ന് അന്വേഷിച്ചത്. അതിനിടെ വൈകുന്നേരത്തോടെ വിപുലീകരിച്ച അന്വേഷണ സംഘത്തിന്റെ ആദ്യ യോഗം ചേർന്നു. ഇത് വരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തിയ യോഗത്തിൽ, ഇനി സ്വീകരിക്കേണ്ട തെളിവെടുപ്പ് ഉൾപ്പടെയുള്ള നടപടികളും ചർച്ച ചെയ്തു.

റോയിയുടെ സഹോദരൻ റോജോയുടെ പരാതിയിൽ കേസ് പുനരന്വേഷിച്ചപ്പോഴാണ് ആറ് സ്വാഭാവിക മരണങ്ങൾക്ക് പിന്നിലെ യഥാർഥ കൊലയാളിയെ കണ്ടെത്തിയത്. രഹസ്യസ്വഭാവത്തോടെയുള്ള പൊലീസിന്റെ നീക്കത്തിനൊടുവിലായിരുന്നു 17 വർഷങ്ങൾക്കുശേഷം ജോളി പിടിയിലായത്. കുടുംബത്തിലെ അധികാരത്തിനും സ്വത്തിനും വേണ്ടിയായിരുന്നു ഈ കൊലപാതകങ്ങളെല്ലാമെന്നാണ് പൊലീസ് നിഗമനം. കൊല്ലപ്പെട്ട അന്നമ്മയ്ക്ക് നൽകിയത് കീടനാശിനിയെന്നാണ് ജോളിയുടെ മൊഴി. സിലിയുടെ മകൾക്ക് സയനൈഡ് നൽകിയതായി ഓർമയില്ല. ബാക്കിവന്ന സയനൈഡ് കളഞ്ഞെന്നും ജോളി മൊഴി നൽകി. ചോദ്യംചെയ്യലിൽ പതാറാതെയായിരുന്നു ജോളിയുടെ മറുപടികൾ. റോയിയുടേത് ഒഴികെയുള്ള അഞ്ചുകേസുകൾ അഞ്ച് സിഐമാരുടെ നേതൃത്വത്തിൽ അന്വേഷിക്കാനും തീരുമാനമായി.

അവിഹിതബന്ധങ്ങൾ മറയ്ക്കാനും സ്ഥിര വരുമാനമുള്ളയാളെ വിവാഹം കഴിക്കാനുമാണ് ജോളി ആദ്യഭർത്താവ് റോയിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വിശദീകരിച്ചു കഴിഞ്ഞു. കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് പൊലീസിന്റെ വെളിപ്പെടുത്തൽ. റോയിയുടെ മദ്യപാനാസക്തിയും അന്ധവിശ്വാസങ്ങളും വിരോധത്തിന് കാരണമായെന്നും പൊലീസ് അറിയിച്ചു. കൂടത്തായിയിൽ നടന്ന ആറ് കൊലപാതകങ്ങളിൽ മൂന്നാമത്തേതാണ് റോയിയുടേത്. ജോളിക്കെതിരെ നിലവിലുള്ള കേസും ഈ കൊലപാതകത്തിലാണ്. പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ മറ്റ് അഞ്ച് മരണങ്ങളിലേക്കുള്ള സൂചനകൾ മാത്രമാണുള്ളത്. റോയിയെ കൊലപ്പെടുത്താൻ നാല് കാരണങ്ങളാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.

റോയിയുടെ അമിതമദ്യപാനശീലത്തിൽ ജോളിക്കുള്ള അതൃപ്തി, റോയിയുടെ അന്ധവിശ്വാസങ്ങളിൽ ജോളിക്കുള്ള എതിർപ്പ്, ജോളിയുടെ അവിഹിതബന്ധങ്ങളിൽ റോയിക്കുള്ള എതിർപ്പ്, സ്ഥിരവരുമാനമുള്ളയാളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം എന്നിവയാണ് കാരണങ്ങൾ. 2011 സെപ്റ്റംബർ മുപ്പതിനാണ് ജോളി മാത്യുവിന്റേയും പ്രജികുമാറിന്റേയും സഹായത്തോടെ റോയിയെ ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തിയത്. മറ്റ് അഞ്ച് കൊലപാതകങ്ങളും തെളിയിക്കാൻ റോയിയുടെ മരണം സംശയാതീതമായി തെളിയിക്കേണ്ടത് അന്വേഷണസംഘത്തിന്റെ പ്രധാന ആവശ്യമാണ്. കസ്റ്റഡി അപേക്ഷയിൽ പറഞ്ഞ കാരണങ്ങളിൽ ഊന്നിയാകും മുന്നോട്ടുള്ള അന്വേഷണവും തെളിവുശേഖരണവും.

അതിനിടെ കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധം സംശയിക്കുന്ന ചാത്തമംഗലത്തെ പ്രാദേശിക കോൺഗ്രസ് നേതാവ് രാമകൃഷ്ണന്റെ മരണത്തിൽ ബ്യൂട്ടി പാർലർ ഉടമ സുലേഖയെയും ഭർത്താവ് മജീദിനെയും പൊലീസ് ചോദ്യംചെയ്തു. കോഴിക്കോട് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ അസി. കമീഷണർ ടി പി രഞ്ജിത്താണ് ചോദ്യംചെയ്തത്. രാമകൃഷ്ണന്റെ മകൻ രോഹിത്തിന്റെ പരാതിയിലാണ് നടപടി. അച്ഛൻ സാമ്പത്തിക തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ജോളിക്കും സുലേഖക്കും ഇതിൽ പങ്കുണ്ടെന്നുമായിരുന്നു പരാതി. രാവിലെ രാമകൃഷ്ണന്റെ വീട്ടിലെത്തി ഭാര്യയുടെയും മകന്റെയും മൊഴിയെടുത്തു. കട്ടാങ്ങൽ, എൻഐടി, കുന്നമംഗലം എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

എൻഐടിയിലെ വ്യാജ ലെറ്റർപാഡ് ഉപയോഗിച്ച് കോഴിക്കോട്ടെ കെമിക്കൽ കടകളിൽ നിന്ന് വിദ്യാഭ്യാസ ആവശ്യത്തിന് എന്ന വ്യാജേന സയനൈഡ് ജോളി വാങ്ങിയോ എന്ന കാര്യവും പൊലീസ് സംശയിക്കുന്നു. രാമകൃഷ്ണന്റെ ഭാര്യാ സഹോദരങ്ങളെ ഡിസിആർബി ഓഫീസിൽ വിളിപ്പിച്ചും മൊഴി രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP