Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റോയിയുടെ അമിത അന്ധവിശ്വാസത്തിന് തെളിവ് വീട്ടിലെ നിത്യ പൂജകൾ; ആദ്യ ഭർത്താവിന്റെ മദ്യപാനത്തെ എതിർത്തിരുന്നതിന് കരുത്ത് പകരുന്നത് ബന്ധുവിന്റെ മൊഴി; പരപുരുഷ ബന്ധത്തെ സാധൂകരിക്കുന്നത് ജോൺസണിന്റെ വെളിപ്പെടുത്തൽ; സ്ഥിര വരുമാനക്കാരനെ പങ്കാളിയാക്കാൻ വേണ്ടിയെന്ന വാദത്തിന് തെളിവ് ഷാജുവുമായുള്ള രണ്ടാ വിവാഹം; പൊന്നാമറ്റം വീട്ടിൽ നിന്ന് സയ്‌നൈയ്ഡ് കണ്ടെത്തിയാൽ തെളിവെല്ലാം പൂർത്തിയാകും; കൂടത്തായിയിൽ ജോളിയെ പൂട്ടാൻ കരുതലോടെ പൊലീസ്

റോയിയുടെ അമിത അന്ധവിശ്വാസത്തിന് തെളിവ് വീട്ടിലെ നിത്യ പൂജകൾ; ആദ്യ ഭർത്താവിന്റെ മദ്യപാനത്തെ എതിർത്തിരുന്നതിന് കരുത്ത് പകരുന്നത് ബന്ധുവിന്റെ മൊഴി; പരപുരുഷ ബന്ധത്തെ സാധൂകരിക്കുന്നത് ജോൺസണിന്റെ വെളിപ്പെടുത്തൽ; സ്ഥിര വരുമാനക്കാരനെ പങ്കാളിയാക്കാൻ വേണ്ടിയെന്ന വാദത്തിന് തെളിവ് ഷാജുവുമായുള്ള രണ്ടാ വിവാഹം; പൊന്നാമറ്റം വീട്ടിൽ നിന്ന് സയ്‌നൈയ്ഡ് കണ്ടെത്തിയാൽ തെളിവെല്ലാം പൂർത്തിയാകും; കൂടത്തായിയിൽ ജോളിയെ പൂട്ടാൻ കരുതലോടെ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിൽ റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അന്വേഷണസംഘം. മറ്റ് 5 മരണങ്ങളിൽ മൃതദേഹങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലം വൈകുമെന്നതിനാലാണ് ഇത്. അഞ്ച് മരണങ്ങളും സ്വാഭാവിക മരണങ്ങളുടെ പട്ടികയിലാണ് ഇപ്പോഴുള്ളത്. മൃതദേഹാവശിഷ്ടങ്ങളിൽ വിഷം കണ്ടെത്തിയാൽ മാത്രമേ ഇതിനെ കൊലപാതകമായി പരിഗണിക്കാൻ പറ്റൂ. ജോളിയുടെ കുറ്റസമ്മത മൊഴിയുണ്ടെങ്കിലും ഫോറൻസിക് പരിശോധനാ ഫലം നിർണ്ണായകമാണ്. അതുകൊണ്ടാണ് കൂടുതൽ ശ്രദ്ധ റോയി തോമസിന്റെ മരണത്തിന് കൊടുക്കുക. റോയി തോമസിന്റെ മരണ സമയത്ത് നടത്തിയ പോസ്റ്റ് മോർട്ടത്തിൽ ശരീരത്തിൽ വിഷാംശം കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ റോയ് തോമസിന്റെ മരണം കൊലപാതകമാണെന്നു തെളിയിക്കലാണ് പൊലീസിന്റെ ആദ്യലക്ഷ്യം.

ഈ കേസിൽ പരമാവധി തെളിവുകൾ ശേഖരിക്കുകയും സാഹചര്യത്തെളിവുകളെ കൂട്ടിയിണക്കുന്ന സാക്ഷിമൊഴികൾ രേഖപ്പെടുത്തുകയും ചെയ്ത ശേഷം കുറ്റപത്രം തയാറാക്കാനാണു തീരുമാനം. റോയിയുടെ ശരീരത്തിൽ സയനൈഡിന്റെ അംശം കണ്ടെത്തിയെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് പൊലീസിന് ഇപ്പോഴുള്ള പ്രധാന തെളിവ്. ജോളിക്കു സയനൈഡ് നൽകിയെന്ന ബന്ധു എം.എസ്. മാത്യുവിന്റെ മൊഴിയും മാത്യുവിന് സയനൈഡ് നൽകിയ പ്രജികുമാറിന്റെ ആഭരണനിർമ്മാണശാലയിൽ നിന്നു തെളിവെടുപ്പിനിടെ സയനൈഡ് കണ്ടെത്തിയതും നിർണായകമാവും. കുറ്റസമ്മത മൊഴി വിചാരണയിൽ മാറ്റി പറയാൻ സാധ്യതയുണ്ട്. അതുകൊണ്ട് റോയിയുടെ കൊലപാതകത്തിനു കാരണമായി ചൂണ്ടിക്കാണിക്കുന്ന 4 കാരണങ്ങളെ സാധൂകരിക്കുന്ന തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. റോയിയുടെ അമിതമദ്യപാനത്തെ ജോളി എതിർത്തിരുന്നുവെന്ന കുടുംബാംഗങ്ങളുടെ മൊഴിയാണ് ഇതിൽ പ്രധാനം.

റോയിയുടെ അമിതമായ അന്ധവിശ്വാസത്തോട് ജോളിക്ക് എതിർപ്പായിരുന്നു. വീട്ടിൽ പൂജകൾ നടക്കാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ മൊഴി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില തെളിവുകൾ പൊലീസ് വീട്ടിൽ നിന്നു ശേഖരിക്കുകയും ചെയ്തു. ജോളിയുടെ വഴിവിട്ട ബന്ധങ്ങളെ റോയ് എതിർത്തതും കൊലപാതകത്തിനു കാരണമായിട്ടുണ്ടെന്നതിനെ സാധൂകരിക്കുന്ന മൊഴിയാണ് ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസൺ പൊലീസിനു നൽകിയത്. തന്റെ ചില ഉറ്റബന്ധുക്കളുമായി ജോളിക്കുള്ള ബന്ധം റോയ് കണ്ടെത്തിയിരുന്നുവെന്ന വിവരവും പൊലീസിനു ലഭിച്ചു. റോയിയെ ഒഴിവാക്കി സ്ഥിരവരുമാനക്കാരനായ ഒരാളെ വിവാഹം കഴിക്കാനുള്ള ആഗ്രഹവും കൊലപാതകത്തിനു കാരണമായെന്ന പൊലീസിന്റെ വാദത്തിനു രണ്ടാം ഭർത്താവ് ഷാജുവിന്റെ മൊഴികൾ ബലമേകും.

കൊലപാതകങ്ങൾക്കു ശേഷം ജോളി സയനൈഡ് സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഇതു കണ്ടെത്തിയാൽ കേസിലെ ഏറ്റവും നിർണായക തെളിവാകും. 3 വട്ടം പൊന്നാമറ്റം വീട്ടിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും സയനൈഡ് കണ്ടെത്താനായില്ല. ഇനി നടത്തുന്ന പരിശോധനയിൽ ഇത് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. അങ്ങനെ വന്നാൽ അത് ജോളിയുടെ കുറ്റസമ്മത മൊഴിയെ സാധൂകരിക്കുന്നതാകും. സാധാരണ ആരും വീട്ടിൽ സയ്‌നൈയ്ഡ് സൂക്ഷിക്കാറില്ലെന്നതാണ് ഇതിന് കാരണം. പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് ജോളി സയ്‌നൈയ്ഡ് വാങ്ങിയതെന്ന വിചിത്രവാദം കോടതിയിൽ നിലനിൽക്കില്ലെന്നാണ് പൊലീസിന്റെ നിഗമനം.

ജോളി, മാത്യു, പ്രജുകുമാർ എന്നിവരെ അന്വേഷണസംഘം വിവിധ കേന്ദ്രങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലെത്തിച്ചായിരിക്കും ആദ്യം തെളിവെടുപ്പ് നടത്തുക. ജോളിയെ മാത്രമായിരിക്കും പൊന്നാമറ്റം തറവാട്ടിൽ എത്തിക്കുക എന്നാണ് സൂചന. കൊലപാതകത്തിന് പയോഗിച്ച പൊട്ടാസ്യം സയനൈഡ് വീട്ടിൽ നിന്ന് കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. മൂന്നാം പ്രതി പ്രജുകുമാർ പൊട്ടാസ്യം സയനൈഡ് രണ്ടാം പ്രതി മാത്യുവിന് കൈമാറിയ സ്വർണ്ണക്കടയിലും തെളിപെടുപ്പ് നടത്തിയേക്കും.

കൂടത്തായിൽ ആറിൽ അഞ്ച് പേരെയും കൊലപ്പെടുത്തിയത് പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചാണെന്നാണ് ജോളി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. അഞ്ച് കൊലപാതകങ്ങൾ പൊട്ടാസ്യം സയനൈനഡ് ഉപയോഗിച്ചാണ് നടത്തിയതെന്നും ജോളി വ്യക്തമാക്കി. അന്നമ്മയെ കൊല്ലാൻ മറ്റൊരു വിഷമെന്ന് ഉപയോഗിച്ചതെന്ന് ജോളി വെളിപ്പെടുത്തിയതായാണ് വിവരം. കീടനാശിനിയാണ് നൽകിയെന്നാണ് സൂചന. മറ്റ് രണ്ട് പേരെ കൂടി കൊല്ലാൻ ലക്ഷ്യമിട്ടിരുന്നെന്നും ജോളി ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തി. എന്നാൽ ഇതാരൊക്കെയാണെന്ന് പൊലീസ് വെളിപ്പെടുത്തിയില്ല.

ചോദ്യം ചെയ്യലിന് ശേഷം ജോളിയെ വടകര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വടകര പൊലീസ് സ്റ്റേഷനിലെ വനിതാ സെല്ലിലാണ് ജോളിയെ പാർപ്പിച്ചത്. ഈ മാസം 16 വരെയാണ് മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് നേരെ നാട്ടുകാരുടെ കടുത്ത പ്രതിഷേധമാണുണ്ടായത്. മൂന്നാം പ്രതിയായ പ്രജികുമാറിനെയാണ് കോഴിക്കോട് ജില്ല ജയിലിൽ നിന്നും ആദ്യം പുറത്തിറക്കിയത്. കൊലപാതകത്തിൽ പങ്കില്ലെന്ന് പറഞ്ഞ പ്രജികുമാർ എലിയെക്കൊല്ലാൻ വേണ്ടിയാണ് തന്റെ കൈയിൽ നിന്നും മാത്യു സൈനേഡ് വാങ്ങിയതെന്ന് മാധ്യമങ്ങളോട് വിശദീകരിച്ചു.

പത്തരയോടെ ഒന്നാം പ്രതി ജോളിയെ വനിത സെല്ലിൽ നിന്നും പുറത്തിറക്കി. മുഖം മറച്ച് നടന്ന് നീങ്ങിയ ജോളി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. താമരശ്ശേരി കോടതി പരിസരത്ത് തടിച്ച് കൂടിയ ജനക്കൂട്ടം പ്രതികളെ കൂക്കിവിളിച്ചു. പ്രതികളെ 10 ദിവസം വിട്ട് കിട്ടണമെന്നായിരുന്നു അന്വേഷണസംഘം ആവശ്യപ്പെട്ടത്. എന്നാൽ ആറ് ദിവസത്തേക്ക് മൂന്ന് പ്രതികളെയും കോടതി പൊലീസ് കസ്റ്റഡിയിൽ നൽകി. ജോളിക്ക് വേണ്ടി അഡ്വക്കറ്റ് ബി.എ ആളൂർ അസോസിയേറ്റ്‌സിലെ അഭിഭാഷകർ ഹാജരായി. ഈ മാസം 16ന് പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ ജാമ്യാപേക്ഷയും പരിഗണിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP