Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് വാങ്ങിയ ടിവി സെറ്റുകൾ വീട്ടിൽ നിന്ന് കൊണ്ടു വന്ന ശേഷം വാടക എഴുതിയെടുത്തു; ഓടാത്ത വാഹനങ്ങൾക്ക് ലക്ഷങ്ങളുടെ ട്രിപ്പ് വൗച്ചർ; ഭക്ഷണം കൊടുത്തവരിൽ നിന്ന് വാങ്ങിയത് ലക്ഷങ്ങളുടെ ബിൽ; ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചെലവ് പറഞ്ഞ് പത്തനംതിട്ടയിൽ സർവീസ് സംഘടനാ നേതാക്കൾ അടിച്ചു മാറ്റിയത് 1.70 കോടി; പ്രതിക്കൂട്ടിൽ ആയിരിക്കുന്നത് ജോയിന്റ് കൗൺസിലുകാർ: എൻജിഓ യൂണിയനും അസോസിയേഷനും പങ്കു കിട്ടിയെന്നും ആരോപണം

തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് വാങ്ങിയ ടിവി സെറ്റുകൾ വീട്ടിൽ നിന്ന് കൊണ്ടു വന്ന ശേഷം വാടക എഴുതിയെടുത്തു; ഓടാത്ത വാഹനങ്ങൾക്ക് ലക്ഷങ്ങളുടെ ട്രിപ്പ് വൗച്ചർ; ഭക്ഷണം കൊടുത്തവരിൽ നിന്ന് വാങ്ങിയത് ലക്ഷങ്ങളുടെ ബിൽ; ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചെലവ് പറഞ്ഞ് പത്തനംതിട്ടയിൽ സർവീസ് സംഘടനാ നേതാക്കൾ അടിച്ചു മാറ്റിയത് 1.70 കോടി; പ്രതിക്കൂട്ടിൽ ആയിരിക്കുന്നത് ജോയിന്റ് കൗൺസിലുകാർ: എൻജിഓ യൂണിയനും അസോസിയേഷനും പങ്കു കിട്ടിയെന്നും ആരോപണം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പ് ചെലവിന്റെ പേരിൽ ജില്ലയിൽ അഴിമതി മാമാങ്കം. കള്ളബില്ലുകളും വ്യാജവൗച്ചറുകളും നിരത്തി സർവീസ് സംഘടനാ നേതാക്കൾ പോക്കറ്റിലിട്ടത് 1.70 കോടി. സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ പ്രതിക്കൂട്ടിൽ. സിപിഎമ്മിന്റെ എൻജിഓ യൂണിയനും കോൺഗ്രസിന്റെ എൻജിഒ അസോസിയേഷനും തട്ടിപ്പ് പണത്തിന്റെ പങ്കു പറ്റിയെന്ന് ആരോപണം.

ഭാര്യയുടെയും മക്കളുടെയും ആഭരണങ്ങൾ വരെ ഊരി പണയം വച്ച് തെരഞ്ഞെടുപ്പ് നടത്തിയ ശേഷം ചെലവുകാശ് പോലും കിട്ടാതെ ഒരു പറ്റം സത്യസന്ധരായ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടുമ്പോഴാണ് വ്യാജ ബില്ലുകളും വൗച്ചറുകളും നിരത്തി തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ച കോടികൾ ജോയിന്റ് കൗൺസിൽ നേതാക്കൾ പോക്കറ്റിലാക്കിയതായി ആക്ഷേപമുള്ളത്. തെരഞ്ഞെടുപ്പിന് ചെലവഴിച്ച തുകയുടെ യഥാർഥ കണക്ക് നൽകിയ ഉദ്യോഗസ്ഥർക്ക് അത് വെട്ടിച്ചുരുക്കി നൽകിയപ്പോഴാണ് വ്യാജവൗച്ചറും കണക്കുമായി വന്നവർക്ക് മുഴുവൻ തുകയും കിട്ടിയത്. ഇതിനെതിരെ കലക്ടറേറ്റിലെ ഒരു വിഭാഗം ജീവനക്കാർ രംഗത്തെത്തി.

എന്നാൽ സ്ഥലം മാറ്റ ഭീഷണി നിലനിൽക്കുന്നതിനാൽ പലരും പ്രതികരിക്കാൻ മടിക്കുകയാണ്. റവന്യൂ വകുപ്പിലെ ചില ഉന്നതരാണ് അടിച്ചു മാറ്റലിന് നേതൃത്വം നൽകിയത് എന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിക്കപ്പെട്ട ജീവനക്കാർക്ക് ഭക്ഷണം നൽകിയ കലക്ടറേറ്റിലെ കാന്റീൻ നടത്തിപ്പുകാരന് പോലും ചെലവായ തുക പൂർണമായി നൽകിയിട്ടില്ലെന്നാണ് അറിവ്. ചെലവായതിന്റെ ഇരട്ടി തുക വൗച്ചറിൽ എഴുതിയാണ് ഈ ഇനത്തിൽ തട്ടിപ്പ് നടത്തിയിട്ടുള്ളത്.

ഈ തുക വിവിധ പോക്കറ്റുകളിലേക്ക് പോയെന്ന് മാത്രമല്ല, ഭക്ഷണം നൽകിയ ആൾക്ക് കിട്ടാനുള്ള പണത്തിന്റെ പകുതിയിൽ ഏറെയും നേതാക്കൾ പോക്കറ്റിലാക്കിയെന്നാണ് പരാതി. തെരഞ്ഞെടുപ്പ് ആവശ്യത്തിനായി വാങ്ങിയ വില കൂടിയ എൽഇഡി ടിവി സെറ്റുകളുംഅപ്രത്യക്ഷമായതായി ജീവനക്കാർ പറയുന്നു. വൻ തുകയാണ് ഈ ഇനത്തിൽ ചെലവായത്. ടിവി സെറ്റുകളിൽ പലതും നേതാക്കന്മാരുടെ വീട്ടിലെത്തിയിട്ടുണ്ടെന്ന് പറയുന്നു. വീട്ടിലെ ടിവി സെറ്റ് കൊണ്ടു വന്ന് വാടകയ്ക്ക് എടുത്തതാണെന്ന് പറഞ്ഞ് പണം തട്ടിയ വിരുതനും ഉണ്ട്. കൗണ്ടിങ് സെന്ററിലേക്ക് ആവശ്യമുള്ള ക്യാമറ വാങ്ങിയതിന്റെ പേരിലും തട്ടിപ്പ് നടന്നതായി ആരോപണമുണ്ട്.

മുന്നൂറോളം ജീവനക്കാരെയാണ് തെരഞ്ഞെടുപ്പ് ജോലിക്കായി നിയമിച്ചത്. ഇവരിൽ പലർക്കും ശമ്പളം നൽകിയിട്ടില്ല. കലക്ടറേറ്റിലെ ജീവനക്കാർക്ക് 5000 -7000 രൂപ വരെ ലഭിക്കാനുണ്ട്. ഇതിനെതിരെ പരാതിപ്പെടാൻ പലരും മടിക്കുകയാണ്. ചിലർ എന്തും വരട്ടെയെന്ന് കരുതി പ്രതികരിച്ചു. ഇവരെ ആദ്യം വിരട്ടി നോക്കി. വഴങ്ങുന്നില്ലെന്ന് കണ്ടതോടെ പണം അടിച്ചുമാറ്റിയവരുടെ പേഴ്സണൽ അക്കൗണ്ടിൽ നിന്നും ശമ്പളം നൽകി പ്രശ്നം രമ്യതയിലാക്കി. ഭീഷണിയുടെ പേരിൽ മൗനം ഭജിച്ചവർക്ക് ചില്ലിക്കാശ് ഇതുവരെ ലഭിച്ചിട്ടില്ല.

തെരഞ്ഞെടുപ്പിനായി അനുവദിച്ച പണം സർക്കാർ അക്കൗണ്ടിൽ നിന്നും അടിച്ചുമാറ്റാൻ ഉന്നത തലത്തിൽ നിന്നുള്ള ഇടപെടൽ ഉണ്ടായതായി പറയപ്പെടുന്നു. ഇലക്ഷൻ ആവശ്യത്തിനായി വാടകയ്ക്ക് എടുത്ത വാഹനങ്ങളുടെ പേരിൽ ലക്ഷങ്ങളാണ് എഴുതിത്ത്ത്തള്ളിയത്. കൂടുതൽ വാഹനങ്ങൾ വാടകയ്ക്ക് എടുത്തുവെന്ന് കാട്ടിയായായിരുന്നു കൊള്ള. പ്രതികരിക്കുന്ന ജീവനക്കാരെ നാടുകടത്തുമെന്ന ഭീഷണി നിലനിൽക്കുകയാണ്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമാണ്.

കലക്ടറേറ്റിൽ ഇതിനു മുമ്പും സമാന തട്ടിപ്പ് നടന്നതായി സൂചനയുണ്ട്. ഇതിനെതിരെ പ്രതികരിക്കാൻ പ്രതിപക്ഷ യൂണിയൻ നേതാക്കളും ഇതുവരെ തയാറായിട്ടില്ല. അവർക്കും ഇതിന്റെ പങ്ക് കിട്ടിയെന്ന ആരോപണവും നിലനിൽക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP