Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളുടെ ചരിത്രം ആരംഭിക്കുന്നത് റോസമ്മ പൂന്നൂസിൽ നിന്നാണ്; മുന്നണികളെ പ്രതിനിധീകരിച്ച് ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച വനിതകൾ വെറും മൂന്നുപേർ; ഇടക്കാല പരീക്ഷണം നേരിട്ട മുഖ്യമന്ത്രിമാരിൽ ഒന്നാമൻ അച്യുതമേനാൻ; എ.കെ.ആന്റണി രണ്ടുതവണ ജയിച്ചപ്പോൾ നായനാരും രണ്ടു തവണ വെന്നിക്കൊടി പാറിച്ചു; ഉപതെരഞ്ഞെടുപ്പുകളുടെ കഥ: ജോർജ് പുളിക്കൻ എഴുതുന്നു

കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളുടെ ചരിത്രം ആരംഭിക്കുന്നത് റോസമ്മ പൂന്നൂസിൽ നിന്നാണ്; മുന്നണികളെ പ്രതിനിധീകരിച്ച്  ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച വനിതകൾ വെറും മൂന്നുപേർ; ഇടക്കാല പരീക്ഷണം നേരിട്ട മുഖ്യമന്ത്രിമാരിൽ ഒന്നാമൻ അച്യുതമേനാൻ; എ.കെ.ആന്റണി രണ്ടുതവണ ജയിച്ചപ്പോൾ നായനാരും രണ്ടു തവണ വെന്നിക്കൊടി പാറിച്ചു; ഉപതെരഞ്ഞെടുപ്പുകളുടെ കഥ: ജോർജ് പുളിക്കൻ എഴുതുന്നു

ജോർജ് പുളിക്കൻ

രാഷ്ട്രീയ കേരളത്തിന്റെ തിരഞ്ഞെടുപ്പ് മാപിനിയിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ചുകൊണ്ട്, മിനി നിയമസഭാ തെരഞ്ഞെടുപ്പ് എന്നറിയപ്പെടുന്ന അഞ്ച് നിയമസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് കേളികൊട്ടുയർന്നു. പൊതുതെരഞ്ഞെടുപ്പിന്റെ അതേ വീറും വാശിയും ജനിപ്പിക്കാൻ കഴിയും പല ഉപതെരഞ്ഞെടുപ്പുകൾക്കും. കേരളത്തിലെ നിർണ്ണായകമായ പല രാഷ്ട്രീയമാറ്റങ്ങളും തീരുമാനങ്ങളും ഒക്കെ ഉണ്ടാക്കാൻ പല ഇടക്കാല ജനവിധികൾക്കും കഴിഞ്ഞിട്ടുണ്ട്. ഈ ഗോദയിൽ വീണവരും വാണവരും ഒട്ടേറെ. കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളുടെ ചരിത്രം എങ്ങനെയാണ്. പ്രമുഖ മാധ്യമ പ്രവർത്തകൻ ജോർജ് പുളിക്കൻ എഴുതുന്ന ലേഖന പരമ്പര 'ഉപതെരഞ്ഞെടുപ്പുകളുടെ കഥ' ഇന്നുമുതൽ

മുന്നേ നടന്ന റോസമ്മ

കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളുടെ ചരിത്രം ആരംഭിക്കുന്നത് റോസമ്മ പൂന്നൂസിൽ നിന്നാണ്. 1957-ലെ ഒന്നാം കേരളനിയമസഭയുടെ കാലത്തു തന്നെ ആദ്യ ഉപതിരഞ്ഞെടുപ്പും നടന്നു. ഇടുക്കി ജില്ലയിലെ ദേവികുളം മണ്ഡലമാണ് ഇതിനു വേദിയായത്. അക്കാലത്ത് ദേവികുളം ഒരു ദ്വയാംഗമണ്ഡലമായിരുന്നു. ജനറൽ സീറ്റിൽ സിപിഐയിലെ റോസമ്മ പൂന്നൂസും സംവരണ സീറ്റിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ എൻ.ഗണപതിയും വിജയം കണ്ടു. തുടർന്ന് കേരളത്തിലെ ആദ്യ പ്രോട്ടെം സ്പീക്കറെന്ന നിലയിൽ ഗവർണറുടെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത റോസമ്മ അങ്ങനെ കേരളത്തിലെ ആദ്യ എംഎ‍ൽഎ. എന്ന ബഹുമതിക്കും അർഹയായി.

റോസമ്മ പുന്നൂസിനെതിരെ ജനറൽ സീറ്റിൽ മത്സരിച്ച ബി.കെ.നായരുടെ നാമനിർദ്ദേശപത്രിക വരണാധികാരി തള്ളിയിരുന്നു. ഇതിനെതിരെ ബി.കെ.നായർ കോട്ടയം തിരഞ്ഞെടുപ്പ് ട്രിബ്യൂണലിനെ സമീപിച്ചു. സാധുവായിട്ടും പത്രിക തള്ളി എന്നായിരുന്നു പരാതി. ട്രിബ്യൂണൽ തിരഞ്ഞെടുപ്പു റദ്ദാക്കി. അതിനെതിരെ അപ്പീൽ നൽകിയെങ്കിലും തള്ളപ്പെട്ടു. ബി.കെ.നായരുടെ പരാതി പരിഗണിച്ച് കമ്മീഷൻ റോസമ്മ പുന്നൂസിന്റെ വിജയം അസാധുവാക്കി.

1958 മെയ് 16-നു നടന്ന ഉപതിരഞ്ഞെടുപ്പിൽ റോസമ്മ പുന്നൂസും ബി.കെ.നായരും ഏറ്റുമുട്ടിയപ്പോൾ റോസമ്മയ്ക്കായിരുന്നു വിജയം. അവർ ബി.കെ.നായരെ 7089 വോട്ടിന് പരാജയപ്പെടുത്തി. ആദ്യതവണ 1922 വോട്ടുകളായിരുന്നു റോസമ്മയുടെ ഭൂരിപക്ഷം. ഈ തിരഞ്ഞെടുപ്പിൽ ആർ.എസ്‌പി സ്വതന്ത്രനായി കെ.എസ്.സുബ്രഹ്മണ്യനും മത്സരിച്ചിരുന്നു. വി എസ്.അച്യുതാനന്ദനായിരുന്നു റോസമ്മയുടെ പ്രചാരണത്തിന് ചുക്കാൻ പിടിച്ചിരുന്നത്. തമിഴ് വംശജരെ ആകർഷിക്കാനായി അക്കാലത്ത് ജ്ഞാനദേശികൻ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ വിഖ്യാതസംഗീതജ്ഞനും ഗായകനുമായ ഇളയരാജയും തമിഴ്‌നടൻ എം.ജി.രാമചന്ദ്രനുമൊക്കെ റോസമ്മക്കുവേണ്ടി പ്രചാരണത്തിനെത്തിയിരുന്നു.

റോസമ്മ പുന്നൂസിനെ കൂടാതെ പ്രമുഖ മുന്നണികളെ പ്രതിനിധീകരിച്ച് ഇതേവരെ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചവർ മൂന്നു വനിതകളാണ്. സരസ്വതി കുഞ്ഞുകൃഷ്ണൻ, റേച്ചൽ സണ്ണി പനവേലിൽ, എലിസബത്ത് മാമൻ മത്തായി. സരസ്വതി പരാജയപ്പെട്ടപ്പോൾ മറ്റു രണ്ടുപേരും വിജയം കണ്ടു. 1985 ജനുവരി 31-നു നടന്ന ആറ്റിങ്ങലിൽ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഐയുടെ സ്ഥാനാർത്ഥിയായിരുന്നു സരസ്വതി കുഞ്ഞുകൃഷ്ണൻ. ഇടതുമുന്നണിയിലെ കോൺഗ്രസ് എസ്. സ്ഥാനാർത്ഥി പി.വിജയദാസിനോട് അവർ പരാജയപ്പെട്ടു. 1982-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പി.വിജയദാസിനെ തോല്പിച്ച വക്കം പുരുഷോത്തമൻ 1984-ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മത്സരിച്ചു ജയിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നത്. വിജയദാസിനെ വക്കം പുരുഷോത്തമൻ 7359 വോട്ടുകൾക്ക് തോല്പിച്ചപ്പോൾ ഉപതിരഞ്ഞെടുപ്പിൽ വിജയദാസ് നേടിയത് 5433 വോട്ടുകളുടെ ഭൂരിപക്ഷമാണ്. റേച്ചൽ സണ്ണി പനവേലിയും എലിസബത്ത് മാമൻ മത്തായിയും സ്ഥാനാർത്ഥിയായത് എംഎ‍ൽഎമാരായ ഭർത്താക്കന്മാരുടെ മരണത്തെത്തുടർന്നായിരുന്നു.

റാന്നിയിലെ കോൺഗ്രസ് എസ്. എംഎ‍ൽഎ. സണ്ണി പനവേലിൽ 1985 മാർച്ച് 21ന് മരിച്ചു. തുടർന്ന് 1986 ജനുവരി 23നായിരുന്നു ഉപതിരഞ്ഞെടുപ്പ്. സണ്ണി പനവേലിയുടെ ഭാര്യ റേച്ചലും കോൺഗ്രസ് ഐ യുടെ സാരഥി എം.സി.ചെറിയാനും തമ്മിൽ മത്സരിച്ചപ്പോൾ 623 വോട്ടുകൾക്ക് റേച്ചൽ സീറ്റ് നിലനിർത്തി. സണ്ണി പനവേലി അന്ന് കോൺഗ്രസ് എ ഗ്രൂപ്പുകാരനായിരുന്ന എം.സി.ചെറിയാനെ തോല്പിച്ചത് 9245 വോട്ടുകൾക്കായിരുന്നു. നിയമസഭയിൽ ഏറ്റവും കുറച്ചുകാലം എംഎ‍ൽഎയായ വനിത എന്ന റെക്കോഡ് ഇപ്പോഴും റേച്ചൽ സണ്ണി പനവേലിക്കൊപ്പമാണ്.
തിരുവല്ലയിലെ കേരളാ കോൺഗ്രസ് അംഗമായിരുന്ന അഡ്വ.മാമ്മൻ മത്തായി 2003 സെപ്റ്റംബർ 23-ന് മരിച്ചു. ഇതേത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് മാമ്മൻ മത്തായിയെ പാർട്ടി രംഗത്തിറക്കിയത്. 2003 ഡിസംബർ ഒന്നിനു നടന്ന ഉപതിരഞ്ഞെടുപ്പിൽ ജനതാദൾ എസിലെ ഡോ.വർഗീസ് ജോർജിനെ 4669 വോട്ടുകൾക്ക് അവർ പരാജയപ്പെടുത്തി. മാമ്മൻ മത്തായിയുടെ എതിരാളിയും വർഗീസ് ജോർജ് തന്നെയായിരുന്നു. 10061 വോട്ടുകൾക്കാണ് മാമ്മൻ മത്തായിയോട് വർഗീസ് ജോർജ് പരാജയപ്പെട്ടത്.

മുഖ്യരിൽ മുമ്പൻ അച്യുതമേനോൻ

കേരളത്തിൽ ഉപതിരഞ്ഞെടുപ്പിനെ നേരിട്ട മുഖ്യമന്ത്രിമാർ മൂന്നുപേരാണ്. അതിൽ ഒന്നാമൻ സി.അച്യുതമേനോനാണ്. രണ്ടാമനായ എ.കെ.ആന്റണി രണ്ടുതവണ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചു. അവസാന ഊഴം ഇ.കെ.നായനാരുടേതായിരുന്നു. 1970-ൽ കൊട്ടാരക്കരയിലായിരുന്നു സി.അച്യുതമേനോന്റെ ഉപതിരഞ്ഞെടുപ്പങ്കം. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള സ്പതകക്ഷിമുന്നണി മന്ത്രിസഭയുടെ രാജിയെത്തുടർന്ന് 1969 നവംബർ ഒന്നിന് അധികാരമേറ്റ ഇടക്കാലമന്ത്രിസഭയെ നയിച്ച അച്യുതമേനോൻ അന്ന് നിയമസഭാംഗമായിരുന്നില്ല. രാജ്യസഭാംഗമായിരുന്ന അച്യുതമേനോനു മത്സരിക്കാനായി കൊട്ടാരക്കരയിലെ സിപിഐ അംഗം ഇ.ചന്ദ്രശേഖരൻനായരാണ് സീറ്റൊഴിഞ്ഞുകൊടുത്തത്. കൊട്ടാരക്കരയിൽ സി.അച്യുതമേനോനും സിപിഎമ്മിലെ പി.എസ്.ശങ്കരനാരായണൻനായരും തമ്മിലായിരുന്നു മത്സരം. 1970 ഏപ്രിൽ 20-ന് നടന്ന തിരഞ്ഞെടുപ്പിൽ അച്യുതമേനോൻ 26,063 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ചു.

മുഖ്യമന്ത്രിക്കസേരയിലെ ഇരിപ്പുറപ്പിക്കാൻ വേണ്ടി രണ്ടുതവണ ഉപതിരഞ്ഞെടുപ്പിനെ നേരിട്ട മുഖ്യമന്ത്രിയാണ് എ.കെ.ആന്റണി. ആദ്യ ഊഴം കഴക്കൂട്ടത്തായിരുന്നു. കഴക്കൂട്ടത്ത് എംഎ‍ൽഎയായിരുന്ന തലേക്കുന്നിൽ ബഷീറാണ് ആന്റണിക്കുവേണ്ടി സീറ്റൊഴിഞ്ഞു കൊടുത്തത്. ഇടതു സ്വതന്ത്രൻ അഡ്വ.പിരപ്പൻകോട് ശ്രീധരൻനായരായിരുന്നു ആന്റണിയുടെ എതിരാളി. 1977 ഒക്ടോബർ 23-ന് നടന്ന തിരഞ്ഞെടുപ്പിൽ 8669 വോട്ടിന് ആന്റണി ശ്രീധരൻനായരെ പരാജയപ്പെടുത്തി. പൊരിഞ്ഞ പോരാട്ടം നടന്ന തിരഞ്ഞെടുപ്പിൽ തലേക്കുന്നിൽ ബഷീറിന്റെ ഭൂരിപക്ഷത്തോടൊപ്പമെത്താൻ ആന്റണിക്കായില്ല. ബഷീർ ഓൾ ഇന്ത്യാ മുസ്ലിം ലീഗിലെ എ.ഇസുദ്ദീനെ 14,377 വോട്ടുകൾക്കായിരുന്നു പരാജയപ്പെടുത്തിയത്.

ആന്റണിയുടെ രണ്ടാമങ്കം തിരൂരങ്ങാടിയിലായിരുന്നു. മുസ്ലിം ലീഗ് പിളർന്ന് ഐ.എൻ.എൽ. ഉണ്ടായപ്പോൾ അതിൽ ചേർന്ന ലീഗ് എംഎ‍ൽഎ. യു.എ.ബീരാൻ രാജിവെച്ചതിനെത്തുടർന്നാണ് തിരൂരങ്ങാടിയിൽ ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നത്. ഈ സമയത്താണ് ചാരക്കേസിനെത്തുടർന്ന് കെ.കരുണാകരൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതും രാജ്യസഭാംഗമായ ആന്റണി മുഖ്യമന്ത്രിയായതും. ആന്റണിക്ക് എംഎ‍ൽഎയാകാൻ മുസ്ലിംലീഗ് തിരൂരങ്ങാടി സീറ്റ് വിട്ടുനൽകുകയായിരുന്നു. 1995 മെയ് 27-നു നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്വതന്ത്രൻ ഡോ.എൻ.എ.കരീമായിരുന്നു ആന്റണിയുടെ എതിരാളി. യു.എ.ബീരാനും സിപിഐയിലെ അഡ്വ.എം.റഹ്മത്തുള്ളയും ഏറ്റമുട്ടിയപ്പോൾ ബീരാൻ നേടിയ 19,202 വോട്ടിന്റെ ഭൂരിപക്ഷം ആന്റണി മറികടന്നു. ആന്റണി 22,161 വോട്ടിനാണ് കരീമിനെ പരാജയപ്പെടുത്തിയത്.

ഏറ്റവുമൊടുവിൽ ഉപതിരഞ്ഞെടുപ്പിനെ നേരിട്ട മുഖ്യമന്ത്രി ഇ.കെ.നായനാരാണ്. 1996-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു ജനാധിപത്യമുന്നണി അധികാരത്തിലെത്തിയപ്പോൾ മുഖ്യമന്ത്രിയാകുമെന്നു കരുതിയ വി എസ്.അച്യുതാനന്ദൻ മാരാരിക്കുളത്ത് പരാജയപ്പെട്ടു. പാർട്ടി സംസ്ഥാന സെക്രട്ടിയായിരുന്ന ഇ.കെ.നായനാർക്കാണ് വീണ്ടും മുഖ്യമന്ത്രിയാകാനുള്ള നറുക്കുവീണത്. നായനാർക്ക് മത്സരിക്കാനായി തലശ്ശേരിയിലെ സിപിഎം. എംഎ‍ൽഎ. കെ.പി.മമ്മൂമാസ്റ്റർ രാജിവെച്ചു. മമ്മുമാസ്റ്റർ കോൺഗ്രസ് ഐയിലെ കെ.സി.കടമ്പൂരാനെ 18,350 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയതെങ്കിൽ 1996 ഒക്ടോബർ 11-ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി നായനാർ ഭൂരിപക്ഷം വർധിപ്പിച്ചു. കോൺഗ്രസ് ഐയിലെ അഡ്വ.ടി.ആസഫലിയെ 24,501 വോട്ടുകൾക്കാണ് അദ്ദേഹം തോല്പിച്ചത്.

ഇ.കെ.നായനാരുടെ ആദ്യ ഉപതിരഞ്ഞെടുപ്പായിരുന്നില്ല ഇത്. മുഖ്യമന്ത്രിയൊക്കെയാകുന്നതിനു മുമ്പ് നായനാർ മറ്റൊരു ഉപതിരഞ്ഞെടുപ്പിൽ കൂടി മത്സരിച്ചിരുന്നു. ഇരിക്കൂരിലെ സിപിഎം എംഎ‍ൽഎ.യായിരുന്ന എ.കുഞ്ഞിക്കണ്ണൻ 1973 നവംബർ 23-ന് മരിച്ചതിനെത്തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. എ.കുഞ്ഞിക്കണ്ണനും ആർ.എസ്‌പിയുടെ ടി.ലോഹിതാക്ഷനും ഏറ്റുമുട്ടിയപ്പോൾ കുഞ്ഞിക്കണ്ണൻ നേടിയ 1668 വോട്ടിന്റെ ഭൂരിപക്ഷം അല്പം കൂടി ഉയർത്താൻ നായനാർക്കു കഴിഞ്ഞു. ആർ.എസ്‌പി.സ്ഥാനാർത്ഥി കെ.അബ്ദുൾ ഖാദറിനെ 1822 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നായനാർ തോല്പിച്ചത്.

( തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP