Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജോളിക്ക് സയനൈഡ് നൽകിയത് രണ്ടുപേർ; പ്രജികുമാറിന് പുറമേ മറ്റൊരാൾ മുഖേനയും മാത്യു സയനൈഡ് നൽകി; ഇയാൾ മരിച്ചതിനാൽ അന്വേഷണം ഉണ്ടാകില്ലെന്ന് പൊലീസ്; മാത്യു ജോളിക്ക് സയനൈഡ് കൈമാറിയത് പൊന്നാമറ്റം വീട്ടിൽ വച്ച് രണ്ടുകുപ്പികളിൽ രണ്ടുതവണയായി; കല്ലറ തുറന്ന് പരിശോധിക്കുന്നത് തടയാൻ ജോളി ശ്രമിച്ചതായി വിവരം; കല്ലറ തുറന്നാൽ ദോഷമുണ്ടാകുമെന്ന് പ്രചാരണം; പള്ളി വികാരിയെ ഇതിനായി ജോളി സമീപിച്ചെന്നും അന്വേഷണ സംഘം

ജോളിക്ക് സയനൈഡ് നൽകിയത് രണ്ടുപേർ; പ്രജികുമാറിന് പുറമേ മറ്റൊരാൾ മുഖേനയും മാത്യു സയനൈഡ് നൽകി; ഇയാൾ മരിച്ചതിനാൽ അന്വേഷണം ഉണ്ടാകില്ലെന്ന് പൊലീസ്; മാത്യു ജോളിക്ക് സയനൈഡ് കൈമാറിയത് പൊന്നാമറ്റം വീട്ടിൽ വച്ച് രണ്ടുകുപ്പികളിൽ രണ്ടുതവണയായി; കല്ലറ തുറന്ന് പരിശോധിക്കുന്നത് തടയാൻ ജോളി ശ്രമിച്ചതായി വിവരം; കല്ലറ തുറന്നാൽ ദോഷമുണ്ടാകുമെന്ന് പ്രചാരണം; പള്ളി വികാരിയെ ഇതിനായി ജോളി സമീപിച്ചെന്നും അന്വേഷണ സംഘം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ജോളിക്ക് സയനൈഡ് നൽകിയത് രണ്ടുപേരെന്ന് അന്വേഷണ സംഘം. പ്രജികുമാറിന് പുറമേ മറ്റൊരാൾ മുഖേനയും മാത്യു സയനൈഡ് നൽകി. ഇയാൾ മരിച്ചതിനാൽ അന്വേഷണം ഉണ്ടാകില്ലെന്നും പൊലീസ് വ്യക്തമാക്കി. അതേ സമയം കല്ലറ തുറന്ന് പരിശോധന നടത്തുന്നത് തടയാൻ ജോളി ശ്രമിച്ചതായി വിവരം കിട്ടി. ഇതിന് വേണ്ടി ജോളി പള്ളി വികാരിയെ സമീപിച്ചിരുന്നു. കല്ലറ തുറന്നാൽ ദോഷം ഉണ്ടാകുമെന്നും പ്രചരിപ്പിച്ചു.

കൂട്ടക്കൊലകൾക്ക് ഉപയോഗിച്ച സയനൈഡ് മാത്യു ജോളിക്കു കൈമാറിയതു പൊന്നാമറ്റം വീട്ടിൽ വച്ചായിരുന്നു. പൊന്നാമറ്റത്തെ വീട്ടിൽ പ്രതികളെ എത്തിച്ച് തെളിവെടുപ്പു നടത്തുന്നതിനിടെയാണു ജോളിയും മാത്യുവും ഇക്കാര്യം പൊലീസിനോടു സ്ഥിരീകരിച്ചത്. ആദ്യ മൂന്നു കൊലപാതകങ്ങളും നടന്നത് ഈ വീട്ടിലാണ്. രണ്ടു കുപ്പികളിൽ രണ്ടുതവണയായാണു സയനൈഡ് നൽകിയത്. ഇതിൽ ഒരു കുപ്പി ഉപയോഗിച്ചു, ഒരു കുപ്പി ഒഴുക്കി കളഞ്ഞെന്നു ജോളി പൊലീസിനോടു പറഞ്ഞത്. ജോളിക്ക് സയനൈഡ് കൈമാറിയതിൽ മാത്യുവിന്റെ പങ്ക് നേരത്തെ കണ്ടെത്തിയിരുന്നു.

പൊന്നാമറ്റത്തെ തെളിവെടുപ്പിനിടെ പൊലീസ് രണ്ടു കുപ്പികൾ കണ്ടെത്തിയിട്ടുണ്ട്. ഇവ കീടനാശിനിയുടെ കുപ്പികളാണെന്നാണു വിവരം. ഈ കുപ്പികൾ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഒരു കുപ്പി വീടിന്റെ പരിസരത്തു നിന്നും ഒരു കുപ്പി കിടപ്പുമുറിയിൽ നിന്നുമാണു കണ്ടെത്തിയത്.

ഭർത്താവ് റോയി തോമസിനെ കൊലപ്പെടുത്തിയ ശേഷം ജോളി ആദ്യം വിളിച്ചത് കൂട്ടു പ്രതി മാത്യുവിനെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. റോയി തോമസിന്റെ ഫോണിൽ നിന്നാണ് മാത്യുവിനെ വിളിച്ചത്. രണ്ടാം ഭർത്താവ് ഷാജുവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതായും ജോളി ചോദ്യം ചെയ്യലിനിടെ മൊഴി നൽകി. ആദ്യ ഭർത്താവ് റോയി തോമസിനെ കൊലപ്പെടുത്തിയ മാതൃകയിൽ തന്നെ രണ്ടാം ഭർത്താവ് ഷാജുവിനേയും ഇല്ലാതാക്കാൻ ജോളി തീരുമാനിച്ചിരുന്നു. ഇതിനായി പദ്ധതിയും തയ്യാറാക്കിയിരുന്നതായി ജോളി അന്വേഷണ സംഘത്തിന് മൊഴി നൽകി. ബി.എസ്.എൻ.എൽ ജീവനക്കാരനായ ജോൺസണിനൊപ്പം ജീവിക്കാൻ വേണ്ടിയായിരുന്നു ഇത്.

പിരിയാൻ കഴിയാത്ത രീതിയിലുള്ള ബന്ധമായി ജോൺസണുമായുള്ള അടുപ്പം മാറിയിരുന്നുവെന്നാണ് ജോളി അന്വേഷണ സംഘത്തോട് സമ്മതിച്ചത്. ജോൺസണിനൊപ്പം പലയിടത്തും പോയിട്ടുണ്ട്. ഓണക്കാലത്ത് കട്ടപ്പനയിലേക്ക് എന്ന് പറഞ്ഞ് പോയത് കോയമ്പത്തൂരിലേക്കായിരുന്നു. ഒപ്പം ജോൺസണും ഉണ്ടായിരുന്നതായും ജോളി മൊഴി നൽകി. ഷാജുവിനെ കൊല്ലാൻ തീരുമാനിച്ചത് ജോൺസണും അറിയാമായിരുന്നുവെന്നും ജോളി മൊഴി നൽകിയിട്ടുണ്ട്. ജോൺസണിന്റെ ഭാര്യയേയും കൊല്ലാൻ പദ്ധതി ഇട്ടിരുന്നു. ഇതും ജോൺസണ് അറിയാമെന്നാണ് ജോളി പറയുന്നത്. ജോളിക്ക് ഫോണും സിമ്മുമെല്ലാം എടുത്തു നൽകിയതും ജോൺസൺ ആണെന്ന നിഗമനത്തിലാണ് പൊലീസ്. അദ്ധ്യാപകനായ ഷാജുവിനെ കൊലപ്പെടുത്തുന്നതിലൂടെ സർക്കാർ സർവീസിൽ ആശ്രിതനിയമനവും ജോളി ലക്ഷ്യം വെച്ചു.

ജോളിയും ജോൺസണും കുടുംബാംഗങ്ങളുമൊത്ത് പലവട്ടം സിനിമയ്ക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പോയിട്ടുണ്ട്. എന്നാൽ ഇതിനിടെ ജോളിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ ജോൺസന്റെ ഭാര്യ ഇവരുമായുള്ള സൗഹൃദം ഉപേക്ഷിച്ചു. തുടർന്ന് ഇക്കാര്യം ജോൺസണിനോട് പറയുകയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ജോളിയുമായി സൗഹൃദം ഉണ്ടെന്ന് ജോൺസൺ കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നൽകിയിരുന്നു. ജോളി ഏറ്റവും കൂടുതൽ തവണ ഫോൺ വിളിച്ചവരിൽ ഒരാൾ ജോൺസണാണ്. ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും കുടുംബത്തോടൊപ്പം വിനോദയാത്ര നടത്തിയിട്ടുണ്ടെന്നും ജോൺസൺ പൊലീസിനോട് വ്യക്തമാക്കിയിരുന്നു. കസിലെ അന്വേഷണ പുരോഗതി നേരിട്ട് വിലയിരുത്താൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ കൂടത്തായിയിലെത്തിയിരുന്നു. പൊന്നാമറ്റം വീട്ടിലെത്തി കാര്യങ്ങൾ വിലയിരുത്തിയ ശേഷം അദ്ദേഹം വടകര എസ്‌പി ഓഫിസിലുമെത്തി.

ആദ്യഭർത്താവ് റോയി തോമസ് മരിച്ചതിന്റെ രണ്ടാംദിവസം ഒരു പുരുഷസുഹൃത്തിനൊപ്പം ജോളി കോയമ്പത്തൂരിലെത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇത് ജോൺസൺ ആണെന്നാണ് സൂചന. ഐഐഎമ്മിൽ എന്തോ ക്ലാസുണ്ടെന്ന് പറഞ്ഞായിരുന്നു ജോളി വീട്ടിൽനിന്ന് ഇറങ്ങിയത്. അതായത് ഷാജുവിനെ വിവാഹം ചെയ്യും മുമ്പ് തന്നെ ജോൺസണുമായി ജോളിക്ക് ബന്ധമുണ്ടായിരുന്നു. ജോലി എന്ന ലക്ഷ്യത്തോടെയാണ് ഷാജുവുമായി അടുത്തതെന്നാണ് ഇപ്പോൾ പൊലീസ് കരുതുന്നത്. മാത്യു നൽകിയ സയനൈഡ് ഉപയോഗിച്ചായിരുന്നു ആദ്യ ഭർത്താവ് റോയിയെ ജോളി കൊലപ്പെടുത്തിയത്. മരണം ഉറപ്പായതിന് പിന്നാലെ ജോളി വിവരം ഫോണിൽ വിളിച്ച് മാത്യുവിനോട് പറഞ്ഞുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിനാൽ തന്നെ ജോളിയുടെ എല്ലാ നീക്കങ്ങളും കൂട്ടുപ്രതി മാത്യുവിന് അറിയാമായിരുന്നുവെന്ന കണക്ക് കൂട്ടലിലാണ് അന്വേഷണ സംഘം.

അതിനിടെ ജോളിക്ക് മരിച്ച മഞ്ചാടിയിൽ മാത്യുവുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി പൊലീസിന്റെ കണ്ടെത്തൽ. ജോളിയുടെ ആദ്യഭർത്താവ് റോയി തോമസിന്റെ അമ്മാവനായിരുന്നു മാത്യു. മദ്യത്തിൽ സയനൈഡ് കലർത്തി മാത്യുവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജോളി അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. സ്ഥലംവിറ്റ പതിനാറു ലക്ഷം രൂപ ജോളിയുടെ ആദ്യ ഭർതൃപിതാവ് ടോം തോമസ്, ജോളിയുടെ അക്കൗണ്ടിൽ ഇട്ടിരുന്നു. റോയിയുടെയും ജോളിയുടെയും ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു ഇത്. ഈ പണം ജോളിയും മാത്യുവും ചേർന്ന് പലിശയ്ക്ക് കൊടുത്തിരുന്നു. ഈ സാമ്പത്തിക ഇടപാടിൽ ഇവർ റോയി തോമസിനെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതേത്തുടർന്ന് റോയ് സ്വന്തമായി റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് കടന്നുവെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

സിലിയെ കൊല്ലാൻ ഷാജുവിന്റെ സഹായം ലഭിച്ചുവെന്ന ജോളിയുടെ മൊഴിയെ തുടർന്ന് ഷാജുവിനെ വീണ്ടും ചോദ്യംചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. സിലിയെ കൊലപ്പെടുത്താനായി ആദ്യം രണ്ട് തവണ ശ്രമിച്ചപ്പോൾ ഗുളികയിൽ സയനൈഡ് പുരട്ടി തന്നത് ഷാജുവായിരുന്നുവെന്നാണ് ജോളി അന്വേഷണ സംഘത്തിന് നൽകിയ മൊഴി. മൂന്നാം ശ്രമത്തിലാണ് ദന്താശുപത്രിയിൽ വെച്ച് സിലിയെ കൊലപ്പെടുത്തിയത്. അതിന് മുമ്പ് രണ്ട് തവണ ഗുളികയിൽ പൊട്ടാസ്യം സയനൈഡ് പുരട്ടി സിലിക്ക് താൻ നൽകിയിരുന്നുവെന്നാണ് ജോളിയുടെ മൊഴി. രണ്ട് തവണയും തലനാരിഴയക്ക് സിലി രക്ഷപ്പെട്ടു. രണ്ട് തവണയും അവശയായി ആശുപത്രിയിൽ സിലി പ്രവേശിക്കപ്പെട്ടിരുന്നതായും മൊഴിയിലുണ്ട്. ഗുളികയിൽ പൊട്ടാസ്യം സയനൈഡ് പുരട്ടാൻ സഹായിച്ചത് ഷാജുവായിരുന്നുവെന്ന് പലതവണ ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും ജോളി ആവർത്തിച്ചു.

സിലി കൊലചെയ്യപ്പെട്ട തവണ ഷാജു സഹായിച്ചോ എന്ന അന്വേഷണ സംഘത്തിന്റെ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ ജോളി തയ്യാറായിട്ടില്ല. തലകുനിച്ച് ഇരിക്കുക മാത്രമായിരുന്നു ഈ ചോദ്യത്തോടുള്ള പ്രതികരണം. ഇന്നലേയും ഷാജുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അപ്പോഴും ജോളിയുടെ മൊഴി ഷാജു നിഷേധിച്ചു. ഇതോടെയാണ് സിലിയുടെ സാന്നിധ്യത്തിൽ ഷാജുവിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്. ഷാജുവിനെ സ്വന്തമാക്കാനായി താൻ തന്നെയാണ് സിലിയെ കൊലപ്പെടുത്തിയതെന്ന് ആദ്യം തന്നെ ജോളി സമ്മതിച്ചിരുന്നു. എന്നാൽ എല്ലാം ഷാജുവിന്റെ കൂടി അറിവോടെയാണെന്നാണ് ഇപ്പോൾ ജോളി പറഞ്ഞ് വെയ്ക്കുന്നത്. എന്നാൽ ഇതൊന്നും പൊലീസ് വിശ്വസിച്ചിട്ടില്ല.

കൂടത്തായിയിലെ കൊലപാതക പരമ്പരയുടെ കേസന്വേഷണം വലിയ വെല്ലുവിളിയാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ സമ്മതിച്ചിട്ടുണ്ട്. വിദഗ്ധരുടെ പങ്കാളിത്തം കേസിൽ ആവശ്യമായതിനാൽ കൂടുതൽ മിടുക്കരായ ഉദ്യോഗസ്ഥരെ കേസന്വേഷണത്തിന് നിയോഗിക്കും. വർഷങ്ങൾ നീണ്ട കൊലപാതകപരമ്പരയിൽ തെളിവ് ശേഖരണമാകും കേരളാ പൊലീസിന് മുന്നിൽ വലിയ വെല്ലുവിളിയാകുകയെന്നും ബെഹ്റ വ്യക്തമാക്കി. രാവിലെ പൊന്നാമറ്റം വീട്ടിൽ നേരിട്ടെത്തി ബെഹ്റ പരിശോധന നടത്തി. ജോളിയെ ബെഹ്റ തന്നെ നേരിട്ട് ചോദ്യം ചെയ്യുമോ എന്നതുൾപ്പടെ കേസിന്റെ വിശദാംശങ്ങൾ പുറത്തുവിടാൻ അദ്ദേഹം തയ്യാറായില്ല. വിഷാംശത്തിന്റെ വിശദാംശങ്ങൾ ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞ അദ്ദേഹം ആവശ്യമെങ്കിൽ സാംപിളുകൾ വിദേശത്തേയ്ക്കും അയക്കുമെന്ന് ആവർത്തിച്ചു. ഏറ്റവും മിടുക്കരായ ഫൊറൻസിക് വിദഗ്ധരെക്കൊണ്ടാണ് സാംപിളുകൾ പരിശോധിപ്പിക്കുന്നത്.

ആറ് കൊലപാതകങ്ങളും ആറ് കേസുകളായിത്തന്നെയാണ് അന്വേഷിക്കുക. ഓരോ കേസും അന്വേഷിച്ച് കൃത്യമായ തെളിവുകൾ ശേഖരിക്കണം. 17 വർഷങ്ങൾ മുമ്പാണ് ആദ്യ കൊലപാതകം നടന്നത്. അവസാന കൊലപാതകം 2016-ലും. കേസിൽ ദൃക്സാക്ഷികളുണ്ടാകില്ല. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും കൃത്യമായി കോർത്തെടുത്ത് കേസിൽ കുറ്റപത്രം തയ്യാറാക്കണം. ആറ് കേസുകൾക്കും ആറ് ടീമുകളുണ്ട്. അതിന് മേൽനോട്ടം വഹിക്കാൻ മറ്റൊരു ടീമും വേണം. എന്തായാലും നിലവിലുള്ള എണ്ണം മതിയാകില്ലെന്ന് വ്യക്തമായിട്ടുണ്ട്. കൂടുതൽ അംഗങ്ങളെ, അതും മിടുക്കരായ ഉദ്യോഗസ്ഥരെത്തന്നെ നിയോഗിക്കും - ബെഹ്റ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP