Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആദ്യ ഭർത്താവിന്റെ പോസ്റ്റ് മോർട്ടത്തിൽ വിഷം കണ്ടെത്തിയിട്ടും പിടിക്കപ്പെട്ടില്ല; ആത്മവിശ്വാസം കൂടിയതോടെ 2014ൽ 3 മാസത്തെ ഇടവേളയിൽ നടത്തിയതു രണ്ട് കൊലകൾ; ആരേയും എപ്പോഴും തട്ടാനുള്ള പദ്ധതിയുമായി സയ്‌നൈയ്ഡ് കൊണ്ടു നടന്നത് ഹാൻഡ് ബാഗിലും; ആൽഫൈന് കൊടുക്കാനുള്ള ബ്രഡിൽ വിഷം പുരട്ടിയത് തന്ത്രപരമായി; താമരശ്ശേരിയിലെ അഭിഭാഷകനുമായുള്ള അടുപ്പവും സംശയ നിഴലിൽ; വ്യാജ ഒസ്യത്തിൽ അഡ്വക്കേറ്റ് കുടുങ്ങിയേക്കും; ജോളിയുടെ ക്രൂരതകളിലെ പങ്കാളികളെ തേടി അന്വേഷണം  

ആദ്യ ഭർത്താവിന്റെ പോസ്റ്റ് മോർട്ടത്തിൽ വിഷം കണ്ടെത്തിയിട്ടും പിടിക്കപ്പെട്ടില്ല; ആത്മവിശ്വാസം കൂടിയതോടെ 2014ൽ 3 മാസത്തെ ഇടവേളയിൽ നടത്തിയതു രണ്ട് കൊലകൾ; ആരേയും എപ്പോഴും തട്ടാനുള്ള പദ്ധതിയുമായി സയ്‌നൈയ്ഡ് കൊണ്ടു നടന്നത് ഹാൻഡ് ബാഗിലും; ആൽഫൈന് കൊടുക്കാനുള്ള ബ്രഡിൽ വിഷം പുരട്ടിയത് തന്ത്രപരമായി; താമരശ്ശേരിയിലെ അഭിഭാഷകനുമായുള്ള അടുപ്പവും സംശയ നിഴലിൽ; വ്യാജ ഒസ്യത്തിൽ അഡ്വക്കേറ്റ് കുടുങ്ങിയേക്കും; ജോളിയുടെ ക്രൂരതകളിലെ പങ്കാളികളെ തേടി അന്വേഷണം   

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: അവസാന മൂന്ന് കൊലപാതകങ്ങൾക്ക് ജോളിക്ക് കരുത്തായത് പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസം. ആരേയും എപ്പോൾ വേണമെങ്കിലും കൊന്നു തള്ളാമെന്ന മനസ്സ് എത്തുന്നത് ഇതോടെയാണ്. ഓരോ കൊലപാതകത്തിനു ശേഷവും പിടിക്കപ്പെടാതിരുന്നത് ആത്മവിശ്വാസം കൂട്ടിയെന്ന് ജോളി ജോസഫ് പൊലീസിനോട് സമ്മതിച്ചു. പിന്നീടുള്ള ഓരോ കൊല നടത്താനും ഇതു ധൈര്യം നൽകി. ഇതോടെ കൊലപാതകങ്ങൾക്കിടയിലെ കാലയളവ് കുറഞ്ഞുവന്നുവെന്നും ജോളി മൊഴി നൽകി. അതിനിടെ ഷാജുവിന്റെ മകൾ ആൽഫൈനെ കൊന്നത് താൻ തന്നെയെന്ന് ജോളി സമ്മതിച്ചു. വെള്ളിയാഴ്ച ഇത് നിഷേധിച്ചിരുന്നു. ബാഗിലാണ് സയനൈഡ് സൂക്ഷിച്ചിരുന്നതെന്നും അന്വേഷണ സംഘത്തോട് പറഞ്ഞു.

ജോളിക്ക് ആരുടെയൊക്കെ പിന്തുണ കിട്ടിയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഒറ്റയ്ക്ക് ജോളി ഇ്ത്രയും പേരെ വകവരുത്തിയെന്നാണ് മൊഴി. എന്നാൽ അത് ആരെയൊക്കെയോ രക്ഷിക്കാനാണെന്ന് പൊലീസ് കരുതുന്നു. ആദ്യ ഭർത്താവ് റോയി തോമസിന്റെ മൃതശരീരം പോസ്റ്റ്‌മോർട്ടം ചെയ്തപ്പോൾ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടും ഒരന്വേഷണവും നടക്കാതിരുന്നതോടെ പൂർണ ധൈര്യമായെന്നു ജോളി ചോദ്യം ചെയ്യലിനിടെ പൊലീസിനോടു പറഞ്ഞു. ഷാജുവിന് പല മരണങ്ങളെ കുറിച്ചു അറിയാമായിരുന്നുവെന്ന് ജോളി പറയുന്നു. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. എന്നാൽ ബി എസ് എൻ എൽ ജീവനക്കാരൻ ജോൺസണിന്റെ പങ്കിൽ അന്വേഷണം തുടരും. ജോൺസണും ജോളിയും തമ്മിലെ ബന്ധത്തിന്റെ ആഴത്തെ കുറിച്ച് അന്വേഷിക്കുകയാണ് പൊലീസ് ഇപ്പോൾ.

ഓരോ കൊലപാതകം നടത്തിയ രീതിയും ജോളി നിർവികാരതയോടെ വിവരിച്ചു. ആദ്യ ഭർത്താവ് റോയ് തോമസിന്റെ അമ്മ അന്നമ്മ തോമസിനെ കൊലപ്പെടുത്തിയത്. 2002ൽ. കൊലയ്ക്ക് ഉപയോഗിച്ചത് കീടനാശിനി. രണ്ടാമത്തെ കൊലപാതകം 6 വർഷത്തിനു ശേഷം. ടോം തോമസിന് കപ്പപ്പുഴുക്കിലും വെള്ളത്തിലും സയനൈഡ് കലർത്തി നൽകിയാണ്. മൂന്നു വർഷത്തിനു ശേഷം 2011ൽ മൂന്നാമത്തെ കൊലപാതകം. ഭർത്താവ് റോയ് തോമസിനു സയനൈഡ് കലർത്തി നൽകിയത് ഏറ്റവും ഇഷ്ടപ്പെട്ട കടലക്കറിയിൽ ആയിരുന്നു. റോയ് തോമസിന്റെ മരണത്തെക്കുറിച്ച് അന്വേഷണം ഇല്ലാതായതോടെ പൂർണധൈര്യമായി. 2014ൽ 3 മാസത്തെ ഇടവേളയിൽ നടത്തിയതു 2 കൊലകളും. മഞ്ചാടിയിൽ മാത്യുവിന് സയനൈഡ് കലർത്തി നൽകിയത് മദ്യത്തിൽ. ഷാജുവിന്റെ മകൾ ആൽഫൈനിനു സയനൈഡ് പുരട്ടിയ ബ്രെഡ് ഇറച്ചിക്കറിയിൽ മുക്കി നൽകി.

ഒരു വർഷത്തിനു ശേഷം ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ വധിക്കാനുള്ള ശ്രമം തുടങ്ങി. രണ്ടു ശ്രമങ്ങൾ പരാജയപ്പെട്ടു. 2016ൽ നടത്തിയ മൂന്നാം ശ്രമത്തിൽ സിലി മരിച്ചു. സയനൈഡ് നൽകിയത് വെള്ളത്തിൽ കലക്കിയും ഗുളികയിൽ പുരട്ടിയും. ഷാജുവിനെ വിവാഹം ചെയ്യാനായിരുന്നു ഇത്. ഭാവിയിൽ ഷാജുവിനെ വകവരുത്തി സർക്കാർ ജോലിയിൽ കയറുകയായിരുന്നു ലക്ഷ്യം. ആശ്രിത നിയമനത്തിലൂടെ ജോലി നേടി ഉറ്റ സുഹൃത്ത് ജോൺസണെ വിവാഹം കഴിക്കാനായിരുന്നു പദ്ധതി. ജോൺസണിന്റെ ഭാര്യയേയും ജോളി കൊല്ലാൻ പദ്ധതി ഇട്ടിരുന്നു. അതിനിടെ കൂടത്തായി കൊലപാതകങ്ങളിൽ മൃതദേഹാവശിഷ്ട പരിശോധനയ്ക്കായി കല്ലറ തുറക്കുന്നത് തടയാൻ ജോളി ജോസഫ് ശ്രമിച്ചെന്ന് വെളിപ്പെടുത്തൽ. കല്ലറ തുറന്നാൽ ദോഷമുണ്ടാകുമെന്നാണ് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമിടയിൽ പ്രചരിപ്പിച്ചത്. പള്ളി അധികൃതരെ കണ്ട് തീരുമാനം മാറ്റാനും നീക്കം നടത്തിയിരുന്നു. എന്നാൽ കാര്യങ്ങൾ കൈവിട്ടു പോയെന്ന് മനസ്സിലായപ്പോൾ പതിയെ പിന്മാറി.

ജോളിയുമായി വർഷങ്ങളായി അടുപ്പമുണ്ടായിരുന്ന അഭിഭാഷകനും സംശയനിഴലിൽ. ഇയാൾക്കൊപ്പം ജോളി നടത്തിയ തമിഴ്‌നാട് യാത്രകളെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. താമരശ്ശേരി മേഖലയിൽ താമസിക്കുന്ന ഇയാൾ റോയി തോമസിന്റെ മരണശേഷം പതിവായി ജോളിയെ കാണാൻ വീട്ടിലെത്താറുണ്ടായിരുന്നു. ചില ബന്ധുക്കൾ വിലക്കിയതോടെയാണ് ഈ സന്ദർശനം നിലച്ചത്. കൊലപാതകവുമായി ഇയാൾക്കു ബന്ധമുണ്ടോയെന്നും വ്യാജ ഒസ്യത്ത് തയാറാക്കാൻ സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇയാളെ അന്വേഷണസംഘം അടുത്തദിവസം ചോദ്യം ചെയ്യും. ജോളിയുടെ സുഹൃത്ത് ജോൺസണെ പൊലീസ് 6 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസണൊപ്പം ജോളി പലവട്ടം കോയമ്പത്തൂരിലും ബെംഗളുരൂവിലും പോയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒരു യാത്ര റോയ് തോമസ് മരിച്ച് ആഴ്ചകൾക്കുള്ളിലായിരുന്നു.

ഷാജുവിന്റെ ആദ്യഭാര്യയിലെ മകൾ അൽഫൈന്റെ മരണവുമായി ബന്ധപ്പെട്ടു നിലനിന്ന അവ്യക്തത നീങ്ങിയതും അന്വേഷണത്തിൽ നിർണ്ണായകമാണ്. അൽഫൈനെ ബ്രെഡിൽ സയനൈഡ് പുരട്ടി കൊലപ്പെടുത്തിയതാണെന്നു ജോളി അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പാകെ വെളിപ്പെടുത്തി. ബ്രെഡ് നൽകിയത് ഷാജുവിന്റെ സഹോദരിയായിരുന്നു. അൽഫൈനു കഴിക്കാൻ എടുത്തുവെച്ച ബ്രെഡിൽ വളരെ തന്ത്രപരമായാണു ജോളി സയനൈഡ് പുരട്ടിയത്. ഈ സമയം ഷാജുവിന്റെ സഹോദരിയെ ഇവിടെനിന്നു മാറ്റുകയും ചെയ്തു. ഇതൊന്നുമറിയാതെ സഹോദരി ബ്രെഡ് അൽഫൈനു നൽകി. ചോദ്യംചെയ്യൽ വേളയിൽ അൽഫൈനു താൻ സയനൈഡ് പുരട്ടിയ ഭക്ഷണം നൽകിയില്ലെന്നാണ് ജോളി ആദ്യം പറഞ്ഞത്. തെളിവെടുപ്പ് വേളയിലും ഇക്കാര്യം ആവർത്തിച്ചു. ഷാജുവിന്റെ സഹോദരിയാണ് അന്നു ഭക്ഷണം നൽകിയതെന്നും പറഞ്ഞു. ഇത് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനും സംശയമുന സഹോദരിയിലേക്കു തിരിക്കാനുമാണെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു.

ശനിയാഴ്ച പകൽ നടന്ന ചോദ്യംചെയ്യലിൽ അൽഫൈന്റെ ഭക്ഷണത്തിൽ സയനൈഡ് പുരട്ടിയത് താൻ തന്നെയാണെന്നു ജോളി സമ്മതിച്ചു. ഈ വീട്ടിലേക്കു വരുമ്പോൾ സയനൈഡിന്റെ കുപ്പി ബാഗിൽ കരുതിയിരുന്നു. ഇങ്ങനെ പല സ്ഥലങ്ങളിൽ പോകുമ്പോഴും സയനൈഡ് ഒപ്പം കരുതി. ചില വധശ്രമങ്ങൾ നടത്തിയത് ഇങ്ങനെയാണെന്നും പൊലീസിനു വിവരം ലഭിച്ചു. ഷാജുവുമൊത്തുള്ള ജീവിതത്തിന് അൽഫൈൻ തടസ്സമാകുമെന്നതിനാലാണ് ഈ കൃത്യം ചെയ്തതെന്നാണു മൊഴി. മറ്റുള്ള കൊലപാതകങ്ങളും അതിന്റെ രീതിയും എളുപ്പത്തിൽ സമ്മതിച്ച ജോളി അൽഫൈന്റെ മരണത്തിൽമാത്രം പരസ്പരവിരുദ്ധമായ മൊഴികളാണു നൽകിയത്. ചെറിയ കുട്ടിയെ കൊലപ്പെടുത്തിയത് സമ്മതിക്കാനുള്ള വിമുഖതയാണ് ഇതിനുപിന്നിലെന്നു പൊലീസ് സംശയിക്കുന്നു.

കൂടത്തായി പൊന്നാമറ്റം ടോം തോമസിനെ വധിക്കുംമുമ്പ് ജോളി പണം തട്ടിയെടുത്തതായി സംശയം ഉയരുന്നുണ്ച്. ടോം തോമസിന്റെ പേരിലുണ്ടായിരുന്ന ഭൂമി വിറ്റപ്പോൾ ലഭിച്ച പണവും ജോളിക്കാണ് നൽകിയത്. 2005ലാണ് ടോം തോമസ് സ്ഥലം വിറ്റത്. ഇതുവഴി ലഭിച്ച 16 ലക്ഷം രൂപ ജോളിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു. മകൻ റോയ് തോമസിന് പണം വിനിയോഗിക്കുന്നതിൽ സൂക്ഷ്മതയില്ലെന്ന് പറഞ്ഞാണ് ജോളി പണം തന്റെ അക്കൗണ്ടിലേക്കാക്കിയത്.

ഈ പണം കേസിലെ രണ്ടാംപ്രതി മാത്യുവുമായി ചേർന്ന് പലർക്കും പലിശയ്ക്ക് നൽകിയിരുന്നതായി പൊലീസ് കസ്റ്റഡിയിലുള്ള ജോളി മൊഴി നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിൽ എഇഒ ആയി വിരമിച്ച ടോം തോമസിന്റെ ശമ്പളം, സർവീസിൽനിന്ന് പിരിഞ്ഞപ്പോൾ കിട്ടിയ തുക, പെൻഷൻ എന്നിവയൊന്നും മരണശേഷം അക്കൗണ്ടിൽ ഇല്ലായിരുന്നു. ആകെ 18,000 രൂപയാണ് മരണശേഷം ബാങ്കിലുണ്ടായിരുന്നതെന്ന് അടുത്ത ബന്ധുക്കൾ പറയുന്നു. ടോം തോമസിന്റെ മകൾ റെഞ്ചിക്ക് നൽകാനായി അഞ്ച് ലക്ഷം രൂപയും 65 പവൻ സ്വർണവും മാറ്റിവച്ചിരുന്നു. ഇതിൽ ഒരുഭാഗം സ്വർണം കാണാതായതും പൊന്നാമറ്റം കുടുംബത്തിൽ ചർച്ചയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP