Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദർശിന്റെ വീടിരുന്നത് ഒരൊറ്റപ്പെട്ട സ്ഥലത്ത്; സംശയ നിഴലിലുള്ള ഒന്നാമൻ അനാശാസ്യത്തിന്റെ ഉസ്താദ്; മദ്യപാനിയും പെൺകുട്ടിയും തമ്മിലെ അവിഹിതം കുട്ടി കണ്ടോ എന്നും സംശയം; പട്ടാളക്കാരനും മദ്യപാനിയും ബന്ധുവും കുടുങ്ങുമെന്നായപ്പോൾ ഡിവൈഎസ് പിയെ സ്ഥലം മാറ്റി അട്ടിമറി; പ്രതികളെന്ന് സംശയിച്ചവർ മുന്നിട്ടിറങ്ങി ജനകീയ പ്രക്ഷോഭവും; നിക്കറിലെ രക്തക്കറയും സെമണും നിർണ്ണായകം; ഭരതന്നൂരിൽ പന്ത്രണ്ടുകാരനെ കൊന്നതും കാമവെറി; പത്തുകൊല്ലം മുമ്പത്തെ കൊലപാതകിയെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് വീണ്ടും

ആദർശിന്റെ വീടിരുന്നത് ഒരൊറ്റപ്പെട്ട സ്ഥലത്ത്; സംശയ നിഴലിലുള്ള ഒന്നാമൻ അനാശാസ്യത്തിന്റെ ഉസ്താദ്; മദ്യപാനിയും പെൺകുട്ടിയും തമ്മിലെ അവിഹിതം കുട്ടി കണ്ടോ എന്നും സംശയം; പട്ടാളക്കാരനും മദ്യപാനിയും ബന്ധുവും കുടുങ്ങുമെന്നായപ്പോൾ ഡിവൈഎസ് പിയെ സ്ഥലം മാറ്റി അട്ടിമറി; പ്രതികളെന്ന് സംശയിച്ചവർ മുന്നിട്ടിറങ്ങി ജനകീയ പ്രക്ഷോഭവും; നിക്കറിലെ രക്തക്കറയും സെമണും നിർണ്ണായകം; ഭരതന്നൂരിൽ പന്ത്രണ്ടുകാരനെ കൊന്നതും കാമവെറി; പത്തുകൊല്ലം മുമ്പത്തെ കൊലപാതകിയെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് വീണ്ടും

എം മനോജ് കുമാർ

തിരുവനന്തപുരം: കൂടത്തായിയിലെ സീരിയൽ കൊലപാതകങ്ങൾ പോലെ പാങ്ങോട് ഭരതന്നൂരിലെ ആദർശ് വിജയന്റെ (12) ദുരൂഹ മരണവും ക്രൈംബ്രാഞ്ചിനു വെല്ലുവിളിയായി മാറിയേക്കും. ഒന്നര പതിറ്റാണ്ടിന്നിടെ നടന്ന കൊലപാതകങ്ങളാണ് കൂടത്തായിലിതേങ്കിൽ ഒരു പതിറ്റാണ്ട് മുൻപ് നടന്ന ദുരൂഹമരണമാണ് ആദർശ് വിജയന്റെത്. ആദ്യം നടന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തന്നെ ആദർശിന്റെ മരണം കൊലപാതകമാണെന്ന് ഉറപ്പിച്ചിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുന്ന ഘട്ടത്തിൽ തന്നെയാണ് അന്വേഷണത്തിൽ അട്ടിമറിയായി രാഷ്ട്രീയ ഇടപെടൽ വരുന്നത്. മൂന്നു പേരാണ് ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിൽ മുൻ നിരയിൽ വന്നത്. ഒരാൾ ഭരതന്നൂരിലെ പട്ടാളക്കാരൻ, മദ്യപിക്കുകയും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്ന ആൾ, മൂന്നാമതുകൊല്ലപ്പെട്ട കുട്ടിയുടെ ഒരു ബന്ധു. കുട്ടിയുടെ നിക്കറിൽ നിന്നും ലഭിച്ച സെമണും രക്തക്കറകളും ആധാരമാക്കി നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ക്രൈംബ്രാഞ്ച് സംഘം ഇവരിലൊരാളുടെ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങാൻ തീരുമാനമെടുത്തിരുന്നത്. ഈ ഘട്ടത്തിൽ തന്നെയാണ് ശക്തമായ രാഷ്ട്രീയ ഇടപെടൽ വരുന്നത്.

അന്വേഷണ സംഘത്തെ നയിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്ക് സ്ഥലം മാറ്റം വന്നു. ഒപ്പം ക്രൈംബ്രാഞ്ച് അന്വേഷ സംഘത്തിന്നെതിരെ നാട്ടിൽ ഒരു പ്രത്യേക പ്രക്ഷോഭവും രൂപപ്പെട്ടിരുന്നു. പ്രതികൾ ആണെന്ന് സംശയിച്ചവർ പിന്നിൽ നിന്ന് നയിച്ച ഒരു പ്രക്ഷോഭമാണിതെന്ന് അന്ന് തന്നെ ക്രൈംബ്രാഞ്ച് സംഘത്തിനു ബോധ്യമായിരുന്നു. പക്ഷെ രാഷ്ട്രീയ ഇടപെടൽ വരുമെന്ന് അന്വേഷണ സംഘവും കരുതിയില്ല. പ്രതികൾ ആണെന്ന് കരുതിയവർ പണം എറിഞ്ഞും രാഷ്ട്രീയ നീക്കങ്ങൾ നടത്തിയും പ്രക്ഷോഭം നയിച്ചും ക്രൈംബ്രാഞ്ച് അന്വേഷണത്തിനു മൂക്ക് കയറിട്ടപ്പോൾ നീതി നിഷേധിക്കപ്പെട്ടത് കുട്ടിയുടെ ദരിദ്ര കുടുംബത്തിനായിരുന്നു. കുട്ടിയുടെ മാതാപിതാക്കളായ രാമരശ്ശേരി വിജയവിലാസത്തിൽ വിജയകുമാറിനും ഭാര്യ ഷീജയും നടത്തിയ നിരന്തരം നടത്തിയ പരാതികൾക്കും പോരാട്ടങ്ങൾക്കും ഒടുവിലാണ് കൂടത്തായിയിലെ പോലെ ആദർശിന്റെ മരണത്തിലും ഇപ്പോൾ പുനരന്വേഷണം വന്നിരിക്കുന്നത്. ബന്ധങ്ങളും സൗഹൃദങ്ങളും കൊലപാതകത്തിനു മുന്നിൽ വന്നപ്പോൾ കൊലപാതകം കുട്ടിയുടെ മാതാപിതാക്കൾക്ക് മുന്നിൽ നിന്നും മറയ്ക്കപ്പെട്ടു എന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നിൽ വന്ന ഒരു യാഥാർത്ഥ്യം. ആ രീതിയിലുള്ള അന്വേഷണമാണ് അന്നത്തെ ക്രൈംബ്രാഞ്ച് സംഘം നടത്തിയിരുന്നത്.

ആദർശിന്റെ വീടിരുന്നത് ഒരൊറ്റപ്പെട്ട സ്ഥലത്താണ്. 200 മീറ്റർ ചുറ്റളവിൽ അവിടെ ഇപ്പോഴും വീടുകൾ പോലുമില്ല. അവിടെ നിന്നുമാണ് ഒരു കിലോമീറ്റർ അകലെ ആദർശ് പാല് വാങ്ങാൻ വീട്ടിൽ നിന്നും പുറപ്പെട്ടു പോകുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങൾ ആയതിനാൽ അനാശാസ്യങ്ങളും ഇവിടെ നടന്നിരുന്നു. പ്രതിപ്പട്ടികയിൽ വന്ന മദ്യപാനിയായ ആൾക്കും ഇത്തരം അനാശാസ്യ പരിപാടികൾ ഉണ്ടായിരുന്നു എന്നാണ് അന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്. കൊലപാതകത്തിൽ അന്ന് ക്രൈംബ്രാഞ്ച് സംശയിച്ച ഒരു പെൺകുട്ടി കൂടിയുണ്ടായിരുന്നു. അനാശാസ്യത്തിൽ ഏർപ്പെട്ടിരുന്ന പെൺകുട്ടി. ഈ പെൺകുട്ടിക്ക് കൊലപാതകകാര്യം അറിയാമായിരുന്നു എന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിനു വിവരം ലഭിച്ചത്. മദ്യപാനിയും ഈ പെൺകുട്ടിയും ഉൾപ്പെട്ട ദൃശ്യങ്ങൾ ആദർശ് കണ്ടിരുന്നോ എന്ന സംശയവും ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നിൽ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണോ കൊല നടന്നത് എന്നും ക്രൈംബ്രാഞ്ച് അന്ന് പരിശോധിച്ചിരുന്നു. ഒടുവിൽ അന്വേഷണം മൂന്നു പേരിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. ഇവരിൽ ഒരാൾ അറസ്റ്റിൽ ആവുന്ന ഘട്ടം വന്നപ്പോൾ ഡിവൈഎസ്‌പിക്ക് സ്ഥലം മാറ്റം വന്നു. അന്വേഷണം ഇഴയുകയും ചെയ്തു. പിന്നീട് അന്വേഷണം മുന്നോട്ടു നീങ്ങിയില്ല. കുടുംബത്തിനു നീതി നിഷേധിക്കപ്പെടുകയും ചെയ്തു.

ദുർബലമായ തെളിവുകളും ശാസ്ത്രീയ നിഗമനങ്ങളും അടിസ്ഥാനമാക്കി മാത്രമേ ആദർശിന്റെ മരണത്തിലും അന്വേഷണം ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നോട്ടു നീക്കാൻ കഴിയൂ. ഒരു പതിറ്റാണ്ട് മുൻപ് നടന്ന കൊലപാതകമാണിത്. കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് തന്നെ കണ്ടെത്തിയിരുന്നു. അതുകൊണ്ട് ദുരൂഹമരണത്തെ കൊലപാതകമെന്നു തന്നെ വിശേഷിപ്പിക്കാൻ കഴിയും. ആദർശിന്റെ ശരീരം പൊന്തിക്കിടന്ന ഭരതന്നൂർ രാമരശ്ശേരിയിലെ ഈ കുളം തന്നെ ഇപ്പോഴില്ല. അതെല്ലാം നികത്തപ്പെട്ടു. കുളത്തിൽ നിന്നും ക്രൈംബ്രാഞ്ച് സംഘത്തിനു ലഭിച്ച മഴുത്തായ മാത്രമാണ് കുളവുമായി ബന്ധപ്പെട്ടു ഇപ്പോഴത്തെ അന്വേഷണ സംഘത്തിനു മുന്നിലുള്ളത്. അത് തന്നെ ഇപ്പോഴുണ്ടോ എന്നതും സംശയമാണ്. കേസ് അന്വേഷിച്ച പാങ്ങോട് പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധമായി ഒരു വിവരവും ഇല്ല. രേഖകൾ അന്നു സിബിസിഐഡിക്ക് കൈമാറി എന്നാണു പാങ്ങോട് പൊലീസ് സ്റ്റേഷനിൽ നിന്നും മറുനാടന് ലഭിച്ച മറുപടി. ഫയൽ ക്രൈംബ്രാഞ്ച് സംഘത്തിലേക്ക് പോയി. ആ ഫയൽ തപ്പിയെടുത്ത് വേണം അന്വേഷണ സംഘത്തിനു മുന്നോട്ടു നീങ്ങാൻ കഴിയുക.

ആദർശിന്റെ മരണവുമായി ബന്ധപ്പെട്ടു പാങ്ങോട് സ്റ്റേഷനിൽ നിന്നും ഒരു വിവരവും പൊലീസുകാർക്ക് നല്കാൻ കഴിയില്ല. എല്ലാവരും സ്റ്റേഷനിൽ നിന്നും സ്ഥലം മാറി പോയി. അതുകൊണ്ട് തന്നെ പൊലീസുകാർക്ക് ഈ മരണത്തെക്കുറിച്ച് പറയാൻ അധികമൊന്നുമില്ല താനും. ഇനി കുഴിമാടം തുറക്കുന്ന കാര്യം എടുത്താൽ അസ്ഥികൾ മാത്രമാകും ആദർശ് വിജയന്റെ കുഴിമാടത്തിൽ നിന്നും ലഭിക്കുക. തലയോട്ടിയിൽ ഏറ്റ മുറിവാണോ കുട്ടിയുടെ മരണകാരണമെന്നു മാത്രമാണ് കല്ലറ തുറന്നുള്ള പരിശോധനകൊണ്ട് ക്രൈംബ്രാഞ്ച് സംഘം ഉദ്ദേശിക്കുന്നത്. കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയമായതായി ക്രൈംബ്രാഞ്ച് സംഘത്തിനു അന്ന് ബോധ്യമായിരുന്നുവെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഈ വിവരം രേഖപ്പെടുത്തിയിട്ടില്ല. തിരുവനന്തപുരം മെഡിക്കൽ കോളെജിലല്ല പോസ്റ്റ് മോർട്ടം നടന്നത്. ഒരു വിധ സൗകര്യവും ഇപ്പോഴും ലഭ്യമാകാത്ത കടയ്ക്കൽ ആശുപത്രിയിൽ വച്ചാണ്. അതുകൊണ്ട് തന്നെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഈ കാര്യം രേഖപ്പെടുത്തപ്പെടാനും ഇടയായില്ല. കുട്ടിയുടെ നിക്കറിൽ നിന്ന് രക്തക്കറയും സെമണും കിട്ടിയപ്പോൾ അതിനു ആധാരമായ വിരൽ ചൂണ്ടൽ പക്ഷെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വന്നില്ല. അതുകൊണ്ട് തന്നെ പോസ്റ്റ്‌മോർട്ടം സമയത്തെ അശ്രദ്ധ എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിയത്. എന്നിട്ടും അന്വേഷണം മുന്നോട്ടു നീക്കിയപ്പോൾ അന്വേഷണത്തിനു കൂച്ചുവിലങ്ങിട്ടു രാഷ്ട്രീയ ഇടപെടലും വന്നു.

ഒരു പതിറ്റാണ്ട് മുൻപ് നടന്ന ദുരൂഹമരണത്തിന്റെ ഫയലാണ് കൂടത്തായി കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ച് വീണ്ടും ഓപ്പൺ ചെയ്തിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 2009 ഏപ്രിൽ അഞ്ചിന് രാത്രിയോടെയാണ് ആദർശിനെ കാണാതാകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാമശ്ശേരിയിലെ കുളത്തിൽ പൊങ്ങിക്കിടക്കുന്ന വിധത്തിൽ രാത്രി പത്തോടെ കുട്ടിയുടെ മൃതദേഹം കാണപ്പെടുകയായിരുന്നു. രാത്രി ഒരു കിലോമീറ്റർ അകലെയുള്ള ഒരു വീട്ടിലേക്ക് പാല് വാങ്ങാൻ പോയ കുട്ടിയുടെ മൃതദേഹം ഒരു ഷർട്ട് മാത്രം ധരിച്ച് നിക്കർ ഇല്ലാത്ത നിലയിലാണ് കുളത്തിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. കേസ് അന്വേഷിച്ച പാങ്ങോട് പൊലീസിന് തന്നെ കുട്ടിയുടെ മരണത്തിൽ സംശയം നിലനിന്നിരുന്നു. പക്ഷെ അന്വേഷണം എങ്ങുമെത്താത്ത നിലയിൽ വന്നപ്പോൾ കുട്ടിയുടെ മാതാപിതാക്കൾ മരണം സംശയാസ്പദമെന്നു ചൂണ്ടിക്കാട്ടി ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുകയായിരുന്നു. തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു സർക്കാർ ഉത്തരവ് വന്നത്.

പക്ഷെ പാതി വഴിയിൽ നിലയ്ക്കാനാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു തലവിധി വന്നത്. മരണവുമായി ബന്ധപ്പെട്ടു ക്രൈംബ്രാഞ്ച് നടത്തിയ നിരന്തര ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമെതിരെ നാട്ടിൽ ഉയർന്ന പരാതികളാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു മൂക്ക് കയർ ഇട്ടത്. ഇതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ നടത്തിയ നിരന്തര പോരാട്ടത്തിന്റെ ഫലം കൂടിയാണ് വീണ്ടുമൊരു സത്വര അന്വേഷണം ഈ മരണവുമായി ബന്ധപ്പെട്ടു നടക്കുന്നത്. നാളെയാണ് കുട്ടിയുടെ കല്ലറ തുറന്നു പരിശോധിക്കാൻ ക്രൈംബ്രാഞ്ച് സംഘം തയ്യാറാറെടുക്കുന്നത്. പുനരന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ഒരാഴ്‌ച്ചയായി പാങ്ങോട് കേന്ദ്രീകരിച്ച് രഹസ്യ അന്വേഷണത്തിലാണ്. കുട്ടിയുടെ മരണം കൊലപാതകമെന്ന രീതിയിലേക്ക് അന്നത്തെ ക്രൈംബ്രാഞ്ച് സംഘം നീങ്ങുന്ന വേളയിൽ നാട്ടിൽ ഒരു പ്രക്ഷോഭം രൂപപ്പെട്ടിരുന്നു. ക്രൈംബ്രാഞ്ച് സംഘം നിരന്തരം നാട്ടുകാരെയും ബന്ധുക്കളെയും ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് അന്ന് ഭരതന്നൂരിൽ പ്രക്ഷോഭം രൂപപ്പെട്ടത്. അന്ന് നാട്ടുകാർ പരാതിയുമായി മുന്നോട്ടു വരുകയും ചെയ്തിരുന്നു.

കുട്ടിയുടെ മരണം കൊലപാതകം എന്ന രീതിയിൽ അന്വേഷണം മുന്നോട്ടു പോകുമ്പോൾ അത് തടസ്സപ്പെടുത്താനുള്ള ഉദ്ദേശ്യം കൂടി ഈ പ്രക്ഷോഭത്തിനു പിന്നിലുണ്ടെന്നു അന്ന് ക്രൈംബ്രാഞ്ചിനു ബോധ്യമായിരുന്നു. പക്ഷെ പ്രക്ഷോഭം അന്വേഷണത്തിന്റെ വഴിമുടക്കി. നൂറിലധികം സംശയാസ്പദമായ വ്യക്തിത്വങ്ങളുടെ ലിസ്റ്റ് എടുത്ത് ഇവരെ ചോദ്യം ചെയ്യുന്ന വേളയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു മേൽ ജനകീയ പ്രക്ഷോഭമെന്ന കുരുക്ക് വീഴുന്നത്. ഇതോടെയാണ് അന്വേഷണം പാതിവഴിയിൽ നിലച്ചത്. അന്വേഷണത്തിനു നേരെ മുഖം തിരിക്കുകയും അന്വേഷണം നടത്താതിരിക്കാൻ പരിശ്രമിക്കുകയും ചെയ്ത ചിലരുടെ വിജയമായാണ് അന്നത്തെ പ്രക്ഷോഭം വിലയിരുത്തപ്പെട്ടത്. അന്നത്തെ പ്രക്ഷോഭത്തിന്റെ അലയൊലികൾ ഇപ്പോഴും ഭരതന്നൂരിൽ നിലനിൽക്കുന്നുണ്ടോ എന്നറിയാനാണ് ക്രൈംബ്രാഞ്ച് പാങ്ങോട് ക്യാമ്പ് ചെയ്ത് രഹസ്യ അന്വേഷണം നടത്തിയത്. ഒരു എതിർപ്പും നിലനിൽക്കില്ലെന്ന് മനസിലാക്കിയാണ് നാളെ കല്ലറ തുറന്നു പരിശോധന നടത്താൻ ക്രൈംബ്രാഞ്ച് സംഘം തീരുമാനമെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP