Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ബിജെപി ലക്ഷ്യം വെക്കുന്നത് ന്യൂനപക്ഷ വോട്ടുകൾ; മുസ്ലിം വോട്ടർമാരെ ലക്ഷ്യമിട്ട് ഉയർത്തുന്നത് ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണവും ക്രിസ്ത്യൻ വോട്ടുകൾക്കായി പറയുന്നത് കാരുണ്യ പള്ളിക്ക് നേരെയുള്ള ആക്രമണവും; പരമ്പരാഗത വോട്ടുകൾക്കൊപ്പം ന്യൂനപക്ഷ വോട്ടുകൾ കൂടി നേടാനായാൽ മഞ്ചേശ്വരത്ത് താമര വിരിയുക വൻ ഭൂരിപക്ഷത്തിൽ

വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ബിജെപി ലക്ഷ്യം വെക്കുന്നത് ന്യൂനപക്ഷ വോട്ടുകൾ; മുസ്ലിം വോട്ടർമാരെ ലക്ഷ്യമിട്ട് ഉയർത്തുന്നത് ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണവും ക്രിസ്ത്യൻ വോട്ടുകൾക്കായി പറയുന്നത് കാരുണ്യ പള്ളിക്ക് നേരെയുള്ള ആക്രമണവും; പരമ്പരാഗത വോട്ടുകൾക്കൊപ്പം ന്യൂനപക്ഷ വോട്ടുകൾ കൂടി നേടാനായാൽ മഞ്ചേശ്വരത്ത് താമര വിരിയുക വൻ ഭൂരിപക്ഷത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോഡ്: മഞ്ചേശ്വരത്തെ പരമ്പരാഗത ഹിന്ദു വോട്ടുകൾക്കൊപ്പം നിലവിലെ സാഹചര്യത്തിൽ ന്യൂനപക്ഷ വോട്ടുകൾ കൂടി തങ്ങൾക്ക് അനുകൂലമാകും എന്ന കണക്കുകൂട്ടലിൽ ബിജെപി. ചെമ്പരിക്ക ഖാസിയുടെ ദുരൂഹമരണത്തിൽ പ്രതികളെ കണ്ടെത്താനാകാത്തതും മഞ്ചേശ്വരം ക്രിസ്ത്യൻ പള്ളിക്ക് നേരെയുണ്ടായ ആക്രമണവുമാണ് മണ്ഡലത്തിൽ ബിജെപി പ്രചാരണയുധമാക്കുന്നത്. ഇത്തരത്തിൽ മുസ്ലിം-ക്രിസ്ത്യൻ വോട്ടുകൾ തങ്ങൾക്കനുകൂലമാക്കി മാറ്റി മണ്ഡലം പിടിച്ചെടുക്കാനാകും എന്നാണ് ബിജെപി കേന്ദ്രങ്ങൾ കണക്ക് കൂട്ടുന്നത്.

ഇ കെ സമസ്ത വൈസ് പ്രസിഡന്റും ചെമ്പരിക്ക ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. വീടിന് സമീപമുള്ള ചെമ്പരിക്കയിലെ കടൽത്തീരത്ത് 2010 ഫെബ്രുവരി 15-ന് വെളുപ്പാൻ കാലത്താണ് മരണപ്പെട്ട നിലയിൽ അബ്ദുള്ള മൗലവിയെ കണ്ടെത്തുന്നത്. 2010 മാർച്ച് 2-ന് ക്രൈം ഡിറ്റാച്‌മെന്റ് സെൽ ബേക്കൽ പൊലീസ് പരിധിയിൽ നിന്നും കേസ് ഏറ്റെടുത്തു. രണ്ട് ദിവസത്തിനുള്ളിൽ തന്നെ വീണ്ടും കേസ് ക്രൈം ബ്രാഞ്ചിലേക്ക് മാറ്റി. ക്രൈം ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് മാർച്ച് 24ന് കേസ് സിബിഐ ഏറ്റെടുത്തു.

ഖാസി തനിയെ പാറപ്പുറത്ത് നിന്ന് കടലിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് 2011-ൽ സിബിഐ റിപ്പോർട്ട് സമർപ്പിച്ചു. അതിന് ശേഷമാണ് ഖാസിയുടെ കുടുംബം നിയമപോരാട്ടം ശക്തമാക്കുന്നത്. സിബിഐയുടെ ഈ അന്വേഷണ റിപ്പോർട്ട് തള്ളണമെന്നും പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഖാസിയുടെ മകൻ മുഹമ്മദ് ഷാഫി സമർപ്പിച്ച ഹർജിയിൽ പറയുന്ന കാര്യങ്ങളിൽ അന്വേഷണം നടത്താൻ നേരത്തെ തന്നെ കോടതി നിർദ്ദേശിച്ചിരുന്നു. 2016 ഫെബ്രുവരി 12-ൽ സിബിഐയുടെ ആദ്യ റിപ്പോർട്ട് എറണാകുളം മജിസ്‌ട്രേറ്റ് കോടതി തള്ളി. സിറോസിസ് രോഗബാധിതനായ ഖാസി അസഹനീയമായ വേദന കാരണം ആത്മഹത്യ ചെയ്തുവെന്നാണ് സിബിഐ ആദ്യം നിഗമനത്തിലെത്തിയത്.

2017 ജനുവരി 23-ലാണ് സിബിഐ രണ്ടാമത്തെ റിപ്പോർട്ട് നൽകുന്നത്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ രണ്ടാമത്തെ റിപ്പോർട്ടും നവംബർ 16-ന് സിജെഎം കോടതി തള്ളുകയായിരുന്നു. ഖാസിയുടേത് അപകടമരണമല്ലെന്ന് നേരത്തെ തന്നെ കോടതി നിരീക്ഷിച്ചിരുന്നു. മറ്റുള്ള കാര്യങ്ങളെ കുറിച്ചാണ് കോടതി അന്വേഷിക്കാൻ നിർദ്ദേശിച്ചത്. പുനരന്വേഷണം നടത്താൻ കോടതി നിർദ്ദേശം നൽകുകയും പുനരന്വേഷണം നടത്തിയ ശേഷം 2017-ൽ മുൻ റിപ്പോർട്ടിലെ കണ്ടെത്തലുകൾ തന്നെ ആവർത്തിച്ച് സിബിഐ രണ്ടാമത്തെ അന്വേഷണ റിപ്പോർട്ടും സമർപ്പിക്കുകയായിരുന്നു. ഇതാണ് കോടതി തള്ളിയത്.

മരണത്തിൽ ശാസ്ത്രീയ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം. സമരസമിതി നേതാക്കളെ കേന്ദ്രമന്ത്രിമാരുടെയും ബിജെപി നേതാക്കളുടെയും അടുത്തെത്തിച്ചും ബന്ധം ശക്തമാക്കാനുള്ള ശ്രമങ്ങളും മഞ്ചേശ്വരത്ത് ബിജെപി നടത്തുന്നുണ്ട്. പ്രചരണ യോഗങ്ങളിലും ചെമ്പരിക്ക ഖാസിക്ക് നീതി കിട്ടാൻ പരിശ്രമിക്കുമെന്ന് ബിജെപി നേതാക്കൾ ഉറപ്പ് നൽകുന്നു.

മഞ്ചേശ്വരം ക്രിസ്ത്യൻ പള്ളിക്ക് നേരെയുണ്ടായ അക്രമമാണ് ബിജെപി തുറുപ്പുചീട്ടാക്കുന്ന മറ്റൊരു വിഷയം. ആക്രമണത്തിന് പിറകിൽ മണൽ മാഫിയ ആണെന്നും യുഡിഎഫും എൽഡിഫും അക്രമികളെ പിന്തുണക്കുന്നതാണ് കേസിൽ ആരും പിടിയിലാകാതിരിക്കാൻ കാരണമെന്നുമാണ് ബിജെപി പ്രചാരണം. കുറ്റവാളികളെ കയ്യാമം വച്ച് മഞ്ചേശ്വരത്ത് കൂടി നടത്താൻ ബിജെപി പ്രതിജ്ഞാബദ്ധമെന്ന് പ്രചാരണവേദികളിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള പറയുന്നു. ഓഗസ്റ്റ് പത്തൊൻപതിനാണ് മഞ്ചേശ്വരത്ത് മംഗളൂരു രൂപതയുടെ കീഴിലുള്ള കാരുണ്യാ പള്ളിക്ക് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം അക്രമം നടത്തിയത്.

ന്യൂനപക്ഷ വോട്ടർമാർ കൂടുതലുള്ള സ്ഥലങ്ങളിൽ എപി അബ്ദുള്ള കുട്ടി അടക്കമുള്ള നേതാക്കളെ രംഗത്തിറക്കിയാണ് പ്രചാരണം. ന്യൂനപക്ഷങ്ങൾക്ക് 50 ശതമാനത്തിലധികം വോട്ടുള്ള മണ്ഡലത്തിൽ അവരുടെ പിന്തുണ ഇല്ലാതെ മുന്നേറാനാവില്ലെന്ന തിരിച്ചറിവാണ് ബിജെപിയെ മുന്നോട്ട് നയിക്കുന്നത്. എന്നാൽ മഞ്ചേശ്വരത്ത് ഈ രാഷ്ട്രീയതന്ത്രം വിലപ്പോവില്ലെന്ന വിശ്വാസത്തിലാണ് യുഡിഎഫും എൽഡിഎഫും.

കപ്പിനും ചുണ്ടിനും ഇടയിൽ വച്ചാണ് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം ബിജെപിക്ക് നഷ്ടമായത്. ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനും യുഡിഎഫ് സ്ഥാനാർത്ഥി പിബി അബ്ദുൾ റസാഖും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും 89 ആയിരുന്നു. സുരേന്ദ്രൻ കള്ളവോട്ട് അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ച് കോടതി കയറി ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഒ രാജഗോപാലിലൂടെ കേരളത്തിൽ അക്കൗണ്ട് തുറന്ന ബിജെപിക്ക് മഞ്ചേശ്വരം കയ്യിൽ നിന്ന് വഴുതിപ്പോയതിന്റെ കുറവ് ഇത്തവണ നികത്തോനാണ് നേതൃത്വം ശ്രമിക്കുന്നത്. ബിജെപിക്ക് വലിയ വേരോട്ടമുള്ള മഞ്ചേശ്വരത്ത് ഇത്തവണ വിജയത്തിൽ കുറഞ്ഞതൊന്നും പാർട്ടി പ്രതീക്ഷിക്കുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP