Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉപതിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പോരാട്ടത്തിന് അപ്പുറം നടക്കുന്നത് സാമുദായിക വടംവലി; സുകുമാരൻ നായരും വെള്ളാപ്പള്ളിയും രണ്ടു പക്ഷത്തു നിന്നും പോരടിക്കുന്നു; എൻഎസ്എസ് പ്രാമാണിത്തം നിലനിർത്താൻ സുകമാരൻ നായർക്ക് വേണ്ടത് വട്ടിയൂർക്കാവിൽ മോഹൻ കുമാറിന്റെ വിജയം; വെള്ളാപ്പള്ളിക്ക് വേണ്ടത് അരൂരിൽ മനു സി പുളിക്കന്റെ വിജയവും; കോന്നിയിൽ ഇരുസംഘടനകളും ഒരു പോലെ തന്ത്രങ്ങൾ മെനയുന്നു; രാഷ്ട്രീയകേരളം സാക്ഷ്യം വഹിക്കുന്നത് പ്രബല സമുദായ സംഘടനകൾ പാർട്ടികളെ മറയാക്കി നടത്തുന്ന 'ശീതയുദ്ധ'ത്തിന്

ഉപതിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പോരാട്ടത്തിന് അപ്പുറം നടക്കുന്നത് സാമുദായിക വടംവലി; സുകുമാരൻ നായരും വെള്ളാപ്പള്ളിയും രണ്ടു പക്ഷത്തു നിന്നും പോരടിക്കുന്നു; എൻഎസ്എസ് പ്രാമാണിത്തം നിലനിർത്താൻ സുകമാരൻ നായർക്ക് വേണ്ടത് വട്ടിയൂർക്കാവിൽ മോഹൻ കുമാറിന്റെ വിജയം; വെള്ളാപ്പള്ളിക്ക് വേണ്ടത് അരൂരിൽ മനു സി പുളിക്കന്റെ വിജയവും; കോന്നിയിൽ ഇരുസംഘടനകളും ഒരു പോലെ തന്ത്രങ്ങൾ മെനയുന്നു; രാഷ്ട്രീയകേരളം സാക്ഷ്യം വഹിക്കുന്നത് പ്രബല സമുദായ സംഘടനകൾ പാർട്ടികളെ മറയാക്കി നടത്തുന്ന 'ശീതയുദ്ധ'ത്തിന്

എം മനോജ് കുമാർ

തിരുവനന്തപുരം: അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കൊടുമ്പിരികൊള്ളവേ ഇത്തവണത്തെ പോരാട്ടത്തിൽ ദൃശ്യമാകുന്നത് ഒട്ടുവളരെ സങ്കീർണ്ണതകൾ. രാഷ്ട്രീയ പോരാട്ടമായി മാറേണ്ട തിരഞ്ഞെടുപ്പ് സാമുദായിക ശക്തികളുടെ വടംവലികളായാണ് മാറിക്കൊണ്ടിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് ജാതീയ വടംവലികളുടെ അങ്കത്തട്ടായി മാറുമ്പോൾ മൗനം അവലംബിച്ച് തങ്ങളുടെ സ്ഥാനാർത്ഥികൾ ജയിച്ചു കയറാനുള്ള സാധ്യതകളാണ് രാഷ്ട്രീയ നേതൃത്വം പയറ്റുന്നത്. മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലാണ് പൊടിപാറിയ പോരാട്ടത്തിനു അരങ്ങൊരുങ്ങിയിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾ മിക്കതും നിയന്ത്രിക്കുന്നത് സാമുദായിക ശക്തികളാണ് എന്നതാണ് ഈ തിരഞ്ഞെടുപ്പുകളെ സങ്കീർണ്ണവും പ്രശ്‌നാധിഷ്ടിതവും ആക്കുന്നത്.

എൻഎസ്എസും എസ്എൻഡിപിയും ക്രൈസ്തവ സഭകളുമാണ് രാഷ്ട്രീയ പോരാട്ടമായി മാറേണ്ട തിരഞ്ഞെടുപ്പ് പോരാട്ടങ്ങളെ സാമുദായിക ശക്തികളുടെ പോരാട്ടങ്ങളായി മാറ്റിയിരിക്കുന്നത്. വട്ടിയൂർക്കാവിൽ എൻഎസ്എസും അരൂരിൽ വെള്ളാപ്പള്ളിയും കൊച്ചിയിൽ ക്രൈസ്തവ സഭകളുമാണ് പോരാട്ടം നിയന്ത്രിക്കുന്നത്. സാമുദായിക ശക്തികൾ മുന്നിൽ വരുമ്പോൾ രാഷ്ട്രീയ ശക്തികൾ പിന്നിലേക്ക് മാറുന്ന കാഴ്ചയും പോരാട്ട വേളയിൽ ദൃശ്യമാകുന്നു. മിനിറ്റിനു മിനിറ്റിനു കേരളത്തിൽ മതേതരം പ്രസംഗിക്കുന്ന ഇടത്മുന്നണിയും യുഡിഎഫും ഈ കാര്യത്തിൽ ഒട്ടും വ്യത്യസ്തരല്ലെന്നു ഈ പോരാട്ടം സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. വട്ടിയൂർക്കാവ്, മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിൽ ശക്തമായ ത്രികോണമത്സരമാണ് നടക്കുന്നത്. ഇതെല്ലാം സാമുദായിക സമവാക്യങ്ങൾക്ക് കൂടുതൽ പ്രസക്തി നൽകുകയും ചെയ്യുന്നു.

സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ തുടങ്ങിയ കൈകടത്തലാണ് ഇപ്പോൾ സ്വന്തം സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് കൂടു മാറുന്നത്. എറണാകുളത്തും മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും യുഡിഎഫ് മേൽക്കൈ അവകാശപ്പെടുന്നത് ഇവിടെ ഉറപ്പായും യുഡിഎഫിനു ലഭിച്ചു കഴിഞ്ഞ സാമുദായിക പിന്തുണ അടിസ്ഥാനമാക്കിയാണ്. ഈ വിധി തീർപ്പ് കൊണ്ട് തന്നെയാണ് ഉപതിരഞ്ഞെടുപ്പുകളിൽ മേൽക്കൈ നേടുന്നത് സാമുദായിക സമവാക്യങ്ങൾക്ക് തന്നെ എന്ന് തീർത്ത് പറയാൻ കഴിയുന്നത്. എൻഎസ്എസ് നഷ്ടമായപ്പോൾ ഉപതിരഞ്ഞെടുപ്പിൽ സിപിഎം ഉറപ്പിക്കുന്നത് എസ്എൻഡിപിയുടെ പിന്തുണയാണ്. തുഷാർ ദുബായി ജയിലിൽ കിടന്നപ്പോൾ രക്ഷിക്കാൻ ശ്രമിച്ചും വെള്ളാപ്പള്ളിയെ മൈക്രോ ഫിനാൻസ് കേസിൽ അകത്തിടാതെ രക്ഷിച്ചു നിർത്തിയും ഈ പിന്തുണ സിപിഎമ്മും ഉറപ്പാക്കിയിട്ടുണ്ട്. എസ്എൻഡിപി പിന്തുണയോടെ അരൂർ നിലനിർത്തുക. ബാക്കി സീറ്റുകളിൽ ഒന്നെങ്കിലും നേടുക. അപ്പോൾ പാല കൂടി മൊത്തം ഉപതിരഞ്ഞെടുപ്പു നടന്ന ആറിൽ പകുതി സീറ്റുകൾ നേടിയെന്നു അവകാശപ്പെടാം. ഇതിനാണ് സിപിഎം അണിയറ നീക്കം നടത്തുന്നത്. പക്ഷെ പാലായുടെ ക്ഷീണം കാരണം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സീറ്റുകളിൽ അഞ്ചും നേടാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ഇവിടെയാണ് ഇടത് മുന്നണിയെ അപേക്ഷിച്ച് യുഡിഎഫിനുള്ള മേൽക്കൈ ദൃശ്യമാകുന്നത്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം വട്ടിയൂർക്കാവിലെ പോരാട്ടം തങ്ങളുടെ അഭിമാനപോരാട്ടമായാണ് എൻഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വീക്ഷിക്കുന്നത്. എൻഎസ്എസിന്റെ സ്വന്തം സ്ഥാനാർത്ഥിയായ കെ.മോഹൻകുമാറാണ് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥിയായി മാറ്റുരയ്ക്കുന്നത്. തങ്ങളുടെ സ്ഥാനാർത്ഥി ഇവിടെ വട്ടിയൂർക്കാവിൽ ജയിച്ചേ മതിയാവൂ. അതിനായി അരയും തലയും മുറുക്കി സുകുമാരൻ നായർ മോഹൻകുമാറിന് വേണ്ടി രംഗത്തുണ്ട്. എൻഎസ്എസ് വോട്ടുകൾ യുഡിഎഫിനാണെന്ന നിലപാടാണ് സുകുമാരൻ നായർ കൈക്കൊണ്ടിട്ടുള്ളത്. ഇത് പരസ്യമായി പറയാനും സുകുമാരൻ നായർ മടിച്ചിട്ടുമില്ല. 40 ശതമാനമാണ് വട്ടിയൂർക്കാവിലെ നായർ പ്രാതിനിധ്യം. ഈ വോട്ടുകൾ മുഴുവൻ മോഹൻകുമാറിന് വേണ്ടി സമാഹരിക്കാനുള്ള ശ്രമത്തിലാണ് സുകുമാരൻ നായർ. ശബരിമല പ്രശ്‌നത്തിൽ ഒന്നിച്ച് പടപൊരുതിയെങ്കിലും എൻഎസ്എസിന്റെ പിന്തുണ വട്ടിയൂർക്കാവിൽ ബിജെപിക്കില്ല. എൻഎസ്എസ് പിന്തുണയില്ലെന്ന് അറിയാമായിട്ടും എൻഎസ്എസിനെ വെറുപ്പിക്കാത്ത പ്രചാരണമാണ് സിപിഎം വട്ടിയൂർക്കാവിൽ വി.കെ.പ്രശാന്താണ് ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി. എൻ.ഡി.എ സ്ഥാനാർത്ഥി ബിജെപി ജില്ലാ പ്രസിഡന്റ് ആയ എസ്. സുരേഷും. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഒരു മണ്ഡലം കൂടിയായി മാറുകയാണ് വട്ടിയൂർക്കാവ്.

അരൂരിൽ എസ്എൻഡിപിക്ക് ഇടത് മുന്നണി സ്ഥാനാർത്ഥി ജയിച്ചേ മതിയാകൂ. മൈക്രോ ഫിനാൻസ് കേസിൽ അകത്താകുന്ന ഘട്ടം വന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ അകമഴിഞ്ഞ പിന്തുണയുടെ ബലത്തിലാണ് എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി ജയിലിൽ അകപ്പെടാതെ രക്ഷപ്പെട്ടു നിന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ലോക്‌സഭാ സീറ്റിൽ ഇടത് മുന്നണി സ്ഥാനാർത്ഥി എ.എം.ആരിഫിനെ ജയിപ്പിച്ചു മുഖ്യമന്ത്രി നൽകിയ പിന്തുണയ്ക്ക് വെള്ളാപ്പള്ളി തിരിച്ചു സഹായം നൽകുകയും ചെയ്തു. ഇടതുമുന്നണി നേടിയ ഒരേ ഒരു സീറ്റായി ആലപ്പുഴ ലോക്‌സഭാ സീറ്റ് മാറിയതോടെ കേരളാ രാഷ്ട്രീയത്തിൽ വെള്ളാപ്പള്ളിയുടെ മാറ്റ് ഇതാദ്യമായി കുതിച്ചുയരുകയും ചെയ്തു. ഇപ്പോൾ അരൂരിൽ ഉപതിരഞ്ഞെടുപ്പ് സമാഗതമായിരിക്കെ ഈ നിയമസഭാ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥിക്ക് വേണ്ടി പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് വെള്ളാപ്പള്ളി നടേശൻ. അരൂരിൽ ഇടത് സ്ഥാനാർത്ഥി ഡിവൈഎഫ്ഐ സംസ്ഥാന വൈസ്പ്രസിഡന്റ് മനു സി.പുളിക്കനുവേണ്ടിയാണ് വെള്ളാപ്പള്ളി രംഗത്തുള്ളത്. ആലപ്പുഴ ആരിഫിനെ ജയിപ്പിച്ചതുപോലെ അരൂരിൽ മനു.സി.പുളിക്കനെ ജയിപ്പിക്കലാണ് വെള്ളാപ്പള്ളിയുടെ ലക്ഷ്യം.

എൻഡിഎയുടെ സഖ്യ കക്ഷി ആണെങ്കിലും ഇക്കുറി അരൂരിൽ ബിഡിജെഎസിന് സീറ്റ് ബിജെപിക്ക് വിട്ടു നൽകി വെള്ളാപ്പള്ളിയുടെ നീക്കങ്ങൾക്ക് അനുസരിച്ചാണ് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും അരൂരിൽ ചുവട് വയ്ക്കുന്നത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർത്ഥി എം.എം. ആരിഫ് 38,519 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 66,584 വോട്ട് നേടിയപ്പോൾ ഇടതു മുന്നണിക്ക് 65621വോട്ട് കിട്ടി. കെ.ആർ ഗൗരിയമ്മ അര നൂറ്റാണ്ടോളം പ്രതിനിധാനം ചെയ്ത അരൂരിന്റെ നാലാമത്തെ എംഎൽഎ യെ കണ്ടെത്താനാണ് ഇപ്പോൾ ഉപതിരഞ്ഞെടുപ്പ്. പണ്ട് ഇടതു കോട്ടയായിരുന്ന അരൂർ മണ്ഡലത്തിൽ ഇപ്പോൾ മിക്ക പഞ്ചായത്തിലും യുഡിഎഫും ശക്തമായ സാന്നിധ്യമാണ്. ബിജെപിക്കും ശക്തിയുള്ള ഇടം തന്നെയാണ് അരൂർ. പക്ഷെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് മനു സി.പുളിക്കനെ വിജയിപ്പിച്ച് പിണറായി വിജയന്റെ ഗുഡ് ലിസ്റ്റിലെ തന്റെ സാന്നിധ്യം അരക്കിട്ടുറപ്പിക്കാനാണ് വെള്ളാപ്പള്ളിയുടെ ശ്രമം. യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനാണ് മനുവിന്റെ എതിരാളിയായി രംഗത്തുള്ളത്.

എറണാകുളത്തും ക്രിസ്തീയ സഭകൾ തന്നെയാണ് തിരഞ്ഞെടുപ്പിൽ ജയിക്കേണ്ടത് ആരെന്നു തീരുമാനിക്കുന്നത്. യുഡിഎഫിന് മൂന്നു തിരഞ്ഞടുപ്പുകളിൽ ഏകപക്ഷീയ വിജയം സമ്മാനിച്ച നിയമസഭാ മണ്ഡലമാണ് എറണാകുളം. 2014 ലും 2016 ലും 2019 ലും വിജയം യുഡിഎഫിനായിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ജെ വിനോദും എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു റോയിയുമാണ് യുഡിഎഫ്-എൽഡിഎഫ് സ്ഥാനാർത്ഥികളായി മാറ്റുരയ്ക്കുന്നത്. ബിജെപിയുടെ സി.ജി.രാജഗോപാൽ മത്സരിക്കുന്നുണ്ടെങ്കിലും യുഡിഎഫ്-എൽഡിഎഫ് സ്ഥാനാർത്ഥികൾ തമ്മിലാണ് ഇവിടെ മത്സരം. വിധി നിർണ്ണയിക്കുക സാമുദായിക ഘടകങ്ങളും.

അടൂർ പ്രകാശിലൂടെ രണ്ടു പതിറ്റാണ്ടിലേയൊയി യുഡിഎഫിന്റെ കുത്തകയാണ് കോന്നി നിയമസഭാ മണ്ഡലം. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൊത്തമുള്ള 169 ൽ 133 ബൂത്തിലും യുഡിഎഫ് ഒന്നാമതെത്തി. 36 ബൂത്തിൽ മാത്രമാണ് മണ്ഡലത്തിൽ എൽഡിഎഫ് ഒന്നാമതെത്തിയത്. എന്നാൽ ശബരിമല സമരത്തിനു പിന്നാലെ .മണ്ഡലത്തിൽ ബിജെപി നിർണായക ശക്തിയായി മാറിയിട്ടുണ്ട്. പക്ഷെ സ്ഥാനാർത്ഥി നിർണ്ണയ പ്രശ്‌നവുമായി ബന്ധപ്പെട്ടു അടൂർ പ്രകാശ് ഇടഞ്ഞു നിൽക്കുകയാണ്. തന്റെ നോമിനിയായ റോബിൻ പീറ്ററെ സ്ഥാനാർത്ഥിയാക്കാതെ മോഹൻരാജിനെ സ്ഥാനാർത്ഥിയാക്കിയതാണ് അടൂർ പ്രകാശ് ഇടയാൻ കാരണം. അതുകൊണ്ട് തന്നെ കോൺഗ്രസ് കോട്ടയായ കോന്നിയിൽ ഇടത്-വലത് മുന്നണി നേർക്ക് നേരിട്ടുള്ള പോരാട്ടമാണ്. അടൂർ പ്രകാശ് ഫാക്ടർ വിധി നിർണ്ണയിക്കുമ്പോൾ കോന്നിയിൽ നിലവിൽ കോൺഗ്രസിന്റെ ചങ്കിടിക്കുന്നുണ്ട്. ബിജെപി സ്ഥാനാർത്ഥിയായി ബിജെപിയുടെ ഗ്ലാമർ താരം കെ.സുരേന്ദ്രൻ കൂടി രംഗത്തുണ്ട് എന്നതാണ് കോന്നിയിലെ പോരാട്ടത്തെ ശ്രദ്ധേയമാക്കുന്നത്. ആര് വിജയിക്കും എന്ന കാര്യത്തിൽ ഒരു വിലയിരുത്തലും നടത്താൻ കഴിയാത്ത മണ്ഡലം കൂടിയായി മാറുകയാണ് നിലവിൽ കോന്നി.

മഞ്ചേശ്വരത്ത് യുഡിഎഫ്-ബിജെപി നേരിട്ടുള്ള പോരാട്ടമാണ്. ഇവിടെ ഇടത് വോട്ടുകൾ ലീഗിന് മറിയുമെന്ന പ്രതീക്ഷ യുഡിഎഫ് കേന്ദ്രങ്ങൾ നിലനിർത്തുന്നുണ്ട്. നൂറിൽ താഴെ വോട്ടുകൾക്ക് ബിജെപിയുടെ കെ.സുരേന്ദ്രൻ പരാജയപ്പെട്ട മണ്ഡലം കൂടിയാണ് മഞ്ചേശ്വരം. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ കൂടുതൽ ബൂത്തുകളിൽ ഒന്നാമതെത്തിയത് ബിജെപി ആയിരുന്നു. ആകെയുള്ള 167 ബൂത്തിൽ 75 ലും ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രനായിരുന്നു ഒന്നാമൻ. എന്നാൽ വെറും 89 വോട്ടിന് പരാജയം എറ്റുവാങ്ങുകയും ചെയ്തു. വിജയിച്ച യുഡിഎഫിന്റെ ലീഗ് സ്ഥാനാർത്ഥി പി.ബി. അബ്ദുൽ റസാക്ക് 66 ബൂത്തിൽ മാത്രമാണ് ഒന്നാമതെത്തിയത്. ഇടതു മുന്നണി 26 ബൂത്തുകളിൽ മാത്രമാണ് മുന്നിലെത്തിയത്. പ്രചാരണം മുന്നോട്ടു നീങ്ങുമ്പോൾ കാറ്റ് എങ്ങോട്ട് വീശുന്നു എന്ന കാര്യത്തിൽ ഇപ്പോൾ ഇടത്-വലത് മുന്നണികൾക്ക് ആശങ്കയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP