Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കർഷക പ്രക്ഷോഭത്തിന്റെ കരുത്തിൽ സിപിഎം മഹാരാഷ്ട്രയിൽ ശക്തരാകുമോ? പൽഗാർ ജില്ലയിൽ പാർട്ടിയിലേക്കെത്തിയത് ശിവസേനയുടെ പ്രാദേശിക നേതാക്കൾ ഉൾപ്പെടെ; ബിജെപിയുടെ സിറ്റിങ് മണ്ഡലത്തിൽ ഇക്കുറി ചെങ്കൊടി പാറുമെന്നുറപ്പിച്ച് സംഘപരിവാർ വിരുദ്ധ ചേരി

കർഷക പ്രക്ഷോഭത്തിന്റെ കരുത്തിൽ സിപിഎം മഹാരാഷ്ട്രയിൽ ശക്തരാകുമോ? പൽഗാർ ജില്ലയിൽ പാർട്ടിയിലേക്കെത്തിയത് ശിവസേനയുടെ പ്രാദേശിക നേതാക്കൾ ഉൾപ്പെടെ; ബിജെപിയുടെ സിറ്റിങ് മണ്ഡലത്തിൽ ഇക്കുറി ചെങ്കൊടി പാറുമെന്നുറപ്പിച്ച് സംഘപരിവാർ വിരുദ്ധ ചേരി

മറുനാടൻ മലയാളി ബ്യൂറോ

പൽഗാർ: കർഷക പ്രക്ഷോഭം പകർന്നു നൽകിയ കരുത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്ന സിപിഎമ്മിന് ഇരട്ടി ആത്മവിശ്വാസമേകി ശിവസേന നേതാക്കൾ പാർട്ടിയിൽ ചേർന്നു. മഹാരാഷ്ട്രയിൽ ശിസേനക്ക് കടുത്ത വെല്ലുവിളി ഉയർത്തിയാണ് പ്രാദേശിക നേതാക്കൾ ഉൾപ്പെടെ അമ്പത് ശിവസേന പ്രവർത്തകർ സിപിഎമ്മിൽ ചേർന്നത്. മഹാരാഷ്ട്രയിലെ പൽഗാർ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരാണ് സിപിഎമ്മിൽ ചേർന്നത്. ശിവസേനയിൽ നിന്നും പ്രവർത്തകർ പാർട്ടിയിലേക്കെത്തിയതോടെ ബിജെപിയുടെ സിറ്റിങ് മണ്ഡലമായ ദഹാനുവിൽ വിജയിക്കാനാകും എന്നാണ് സിപിഎം കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.

നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ ദഹാനു മണ്ഡലത്തിൽ ബിജെപി-ശിവസേന വിരുദ്ധ സഖ്യത്തിൽ സിപിഎം സ്ഥാനാർത്ഥിയാണ് മത്സരിക്കുന്നത്. സിപിഎം നേതാവ് വിനോദ് നിക്കോളെയാണ് ഇവിടെ സ്ഥാനാർത്ഥി. മണ്ഡലത്തിൽ കോൺഗ്രസ്, എൻസിപി, വിബിഐ എന്നീ പാർട്ടികളുടെ പിന്തുണയും വിനോദ് നിക്കോളെയ്ക്കാണ്. അതിനാൽ ഈ സീറ്റിൽ വിജയിച്ചു കയറാനാകുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. നിലവിൽ ബിജെപിയുടെ സിറ്റിങ് സീറ്റാണ് ദഹാനു. എട്ട്

അംബേസരിയിൽ നടന്ന സിപിഎം പൊതുയോഗത്തിൽ രാജിവെച്ചെത്തിയവർക്ക് സ്വീകരണം നൽകി. മഹാരാഷ്ട്രയിലെ സിപിഎം നേതാക്കളായ അഷോക് ധാവ്ളെ, മറിയം ധാവ്ളെ, സ്ഥാനാർത്ഥി വിനോദ് നിക്കോളെ എന്നിവരും പൊതുയോഗത്തിൽ സംസാരിച്ചു. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങൾ ഉൾപ്പടെയുള്ള നേതാക്കൾ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തുന്നുണ്ട്. മുതിർന്ന നേതാവും ഏഴ് തവണ എംഎ‍ൽഎയുമായ ജെ.പി ഗാവിത് മത്സരിക്കുന്ന കൽവാൻ മണ്ഡലമാണ് സിപിഎം പ്രതീക്ഷ വച്ചിട്ടുള്ള മറ്റൊരു സീറ്റ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ നാല് സ്ഥാനാർത്ഥികളുടെ പട്ടികയാണ് സിപിഎം പ്രഖ്യാപിച്ചത്. മുതിർന്ന നേതാവും ഏഴ് തവണ എംഎ‍ൽഎയുമായ ജെ.പി ഗാവിറ്റ് ഇത്തവണയും മത്സരിക്കുന്നുണ്ട്. ഗാവിറ്റിനെ കൂടാതെ നരസയ്യ ആദം, ഡോ. ഡി.എൽ കാരാഡ്, വിനോദ് നിക്കോൾ എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. അഖിലേന്ത്യ കിസാൻ സഭ 2018ൽ നാസിക്കിൽ നിന്ന് മുംബൈയിലേക്ക് നടത്തിയ ആദിവാസികളുടെയും കർഷകരുടെയും ലോംഗ് മാർച്ചിന്റെ പ്രധാന സംഘാടകരിലൊരാളായിരുന്നു ജെ.പി ഗാവിറ്റ്. 2019ലും സമാനമായ മാർച്ച് സംഘടിപ്പിച്ചിരുന്നു.

സംസ്ഥാനത്തെ മുതിർന്ന എംഎ‍ൽഎമാരിലൊരാളാണ് ഗാവിറ്റ്. 2014ൽ പ്രോ ടെം സ്പീക്കറായിരുന്നു. നാസിക്, താനെ, പാൽഘർ ജില്ലകളിൽ സ്വാധീനമുള്ള നേതാവാണ് ഗാവിറ്റ്. 29 വയസ്സുള്ളപ്പോളാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ആദം മാസ്റ്റർ എന്നറിയപ്പെടുന്ന നരസയ്യ പ്രമുഖനായ തൊഴിലാളി നേതാവാണ്. ബീഡി തൊഴിലാളികളുടെ ഇടയിലാണ് അദ്ദേഹത്തിന്റെ പ്രവർത്തനം.

കർഷക മാർച്ചിന്റെ വിജയവും അതിലൂടെ നേടിയ ജനപിന്തുണയും കരുത്തേകുമെന്ന വിശ്വാസത്തിലാണ് സിപിഎം കളത്തിലിറങ്ങുന്നത്. മഹാരാഷ്ട്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ അര ലക്ഷത്തോളം കർഷകരെ അണി നിരത്തി അഖിലേന്ത്യാ കിസാൻ സഭ നടത്തിയ മാർച്ച് അന്താരാഷ്ട്ര തലത്തിൽ പോലും വാർത്തയായിരുന്നു. ദേവേന്ദ്ര ഫഡ്നാവിസ് സർക്കാരിനെ അക്ഷരാർത്ഥത്തിൽ പ്രതിരോധത്തിലാക്കുകയും കർഷക മുന്നേറ്റത്തിന് വഴിതെളിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP