Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വ്യാജഒസ്യത്ത്‌ തയ്യറാക്കിയത് കുന്ദമംഗലത്തെ ആധാരം എഴുത്തുകാരൻ; രജിസ്റ്റർ ചെയ്യുമ്പോൾ കൂടത്തായി വില്ലേജ് ഓഫിസറുടെ പദവി കൈയാളിയത് ജോളിയുടെ സുഹൃത്തായ ഡെപ്യൂട്ടി തഹസിൽദാർ; സ്വത്ത് തട്ടിയെടുക്കാൻ സഹായിച്ച തഹസിൽദാറിന് പണി പോകും; ക്രമക്കേട് കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി കളക്ടർ; കൂടത്തായിയിൽ ഉടമസ്ഥരുടേത് അല്ലാത്ത പേരിൽ നികുതി വാങ്ങിയതായി തെളിഞ്ഞെന്ന് ഔദ്യോഗിക വിശദീകരണവും; ജയശ്രീ വാര്യർ കുടുക്കിൽ

വ്യാജഒസ്യത്ത്‌ തയ്യറാക്കിയത് കുന്ദമംഗലത്തെ ആധാരം എഴുത്തുകാരൻ; രജിസ്റ്റർ ചെയ്യുമ്പോൾ കൂടത്തായി വില്ലേജ് ഓഫിസറുടെ പദവി കൈയാളിയത് ജോളിയുടെ സുഹൃത്തായ ഡെപ്യൂട്ടി തഹസിൽദാർ; സ്വത്ത് തട്ടിയെടുക്കാൻ സഹായിച്ച തഹസിൽദാറിന് പണി പോകും; ക്രമക്കേട് കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി കളക്ടർ; കൂടത്തായിയിൽ ഉടമസ്ഥരുടേത് അല്ലാത്ത പേരിൽ നികുതി വാങ്ങിയതായി തെളിഞ്ഞെന്ന് ഔദ്യോഗിക വിശദീകരണവും; ജയശ്രീ വാര്യർ കുടുക്കിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി വ്യാജ ഒസ്യത്ത് ഉണ്ടാക്കി ഭൂമി തട്ടിയെടുത്ത സംഭവത്തിൽ അന്നത്തെ ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീ എസ്. വാര്യർക്ക് ജോലി നഷ്ടമാകും. ജയശ്രീയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായതായി കണ്ടെത്തൽ ഉണ്ടായ സാഹചര്യത്തിലാണ് ഇത്. ടോം തോമസിന്റെ മകൻ അമേരിക്കയിലുള്ള റോജോയുടെ പരാതി പ്രകാരം പിന്നീട് ഒസ്യത്ത് റദ്ദാക്കിയിരുന്നു. വസ്തു തട്ടലിലെ റോജോയുടെ സംശയമാണ് കൂട്ടത്തായിയിലെ കൊലപാതകങ്ങൾ വെളിച്ചത്തു കൊണ്ടു വന്നത്.

കോഴിക്കോട് ഭൂപരിഷ്‌കരണവിഭാഗം ഡെപ്യൂട്ടി കലക്ടർ സി. ബിജു വകുപ്പതല അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ തെളിവെടുപ്പിലാണ് ജയശ്രീയുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായി കണ്ടെത്തിയത്. അന്വേഷണ റിപ്പോർട്ട് ജില്ലാ കലക്ടർ സാംബശിവ റാവുവിനു കൈമാറി. കലക്ടർ റിപ്പോർട്ട് റവന്യൂമന്ത്രിക്ക് സമർപ്പിക്കും. ഭൂമി തട്ടിയെടുത്തത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ഇ. ചന്ദ്രശേഖരൻ ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു.

വിദ്യാഭ്യാസ വകുപ്പിൽനിന്ന് വിരമിച്ച ഭർതൃപിതാവ് പൊന്നാമറ്റം ടോംതോമസിന്റെ 38.50 സെന്റ് ഭൂമിയും വീടും തട്ടിയെടുക്കാൻ ജോളി വ്യാജ ഒസ്യത്ത് രജിസ്റ്റർ ചെയ്തിരുന്നു. കുന്ദമംഗലത്തെ ആധാരം എഴുത്തുകാരനാണ് ഒസ്യത്ത് തയാറാക്കി നൽകിയത്. കുടത്തായി വില്ലേജ് ഓഫീസിൽ ഈ സ്വത്തിന് ജോളി കരം അടയ്ക്കുകയും ചെയ്തിരുന്നു. വ്യാജ ഒസ്യത്ത് രജിസ്റ്റർ ചെയ്ത സമയത്ത് കുടത്തായി വില്ലേജ് ഓഫീസിന്റെ ചുമതലയുള്ള ഡെപ്യൂട്ടി തഹസിൽദാർ ആയിരുന്നു ജയശ്രീ. ഇവരുടെ അടുത്ത സുഹൃത്താണ് ജോളി. ജയശ്രീയുടെ വീട്ടിലെ സന്ദർശകയായിരുന്നു ജോളി.

തഹസിൽദാർ ജയശ്രീയിൽനിന്ന് ഡെപ്യൂട്ടി കലക്ടർ സി ബിജു മൊഴിയെടുത്തിരുന്നു റവന്യൂ വകുപ്പ്തല അന്വേഷണത്തിന്റെ ഭാഗമായിരുന്നു ഇത്. തിങ്കളാഴ്ച രാവിലെ 10.05ന് കലക്ടറേറ്റിലെ പൊലീസ് കംപ്ലെയിന്റ് അഥോറിറ്റി മുറിയിലായിരുന്നു നടപടികൾ. പുറത്തിറങ്ങിയ ജയശ്രീ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ജോളി ചതിച്ചതാണോയെന്ന ചോദ്യത്തിന് എല്ലാം ഇവിടെ പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രതികരണം. പിന്നീട് 1.45ഓടെ കലക്ടർ എസ് സാംബശിവ റാവുവിന്റെ ക്യാബിനിലെത്തി. ഒന്നര മണിക്കൂറോളം കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കലക്ടർ ചോദിച്ചറിഞ്ഞു. കൂടത്തായി പൊന്നാമറ്റത്തെ വീടും സ്ഥലവും ജോളിയുടെ പേരിലാക്കിയതുമായി ബന്ധപ്പെട്ടും വ്യാജരേഖ ഉപയോഗിച്ച് നികുതിയടയ്ക്കാൻ ജോളിയെ സഹായിച്ചതുമാണ് ജയശ്രീക്കെതിരെയുള്ള ആരോപണം.

2009-10 വർഷത്തിൽ ടോം തോമസിന്റെ ഭൂമി ജോളിയുടെയും ഭർത്താവ് റോയിയുടെയും പേരിലാക്കി നികുതി അടച്ചു. പോക്കുവരവ് നടത്തുകയും ചെയ്തു. എന്നാൽ ടോം തോമസിന്റെ മറ്റു മക്കൾ പരാതിയുമായെത്തിയപ്പോൾ അടുത്ത വർഷം റോയിയുടെ സഹോദരൻ റോജോയുടെയും മറ്റും പേരിൽ നികുതി അടയ്ക്കാൻ അനുവദിച്ചു. പിന്നീട് റോയിയുടെ മരണശേഷം 2012-13 വർഷത്തിൽ ജോളി നികുതി അടച്ചു. പരാതി വന്നപ്പോൾ പിന്നീടുള്ള വർഷങ്ങളിൽ റോജോയുടെ പേരിൽ നികുതി അടച്ചു. നികുതി അടച്ചു ഭൂമി സ്വന്തം പേരിലാക്കാൻ ജോളി ഹാജരാക്കിയ വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതിൽ തഹസിൽദാർ ജയശ്രീ എസ്.വാരിയർ ജോളിയെ സഹായിച്ചുവെന്നാണു പ്രധാന ആരോപണം. കൂടത്തായിയിൽ ഉടമസ്ഥരുടേത് അല്ലാത്ത പേരിൽ നികുതി വാങ്ങിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഡെപ്യൂട്ടി കളക്ടർ അറിയിച്ചിട്ടുണ്ട്.

കൂടത്തായിയിലെ പരാതിക്കാരൻ റോജോ ഇന്ന് അന്വേഷണ സംഘത്തിന് മൊഴി നൽകും. വടകര റൂറൽ എസ്‌പി ഓഫീസിലെത്തിയാണ് റോജോ മൊഴി നൽകുക. അമേരിക്കയിലായിരുന്ന റോജോയെ കേസന്വേഷണത്തിനായി അന്വേഷണ സംഘം നാട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അച്ഛൻ ടോം തോമസ്, അമ്മ അന്നമ്മ, സഹോദരൻ റോയ് എന്നിവരുൾപ്പെടെ കുടുംബത്തിലെ ആറ് അംഗങ്ങളുടെ ദുരൂഹ മരണങ്ങളെക്കുറിച്ച് റോജോ കോഴിക്കോട് റൂറൽ എസ്‌പിക്ക് പരാതി നൽകിയതോടെയാണ് കൂടത്തായ് സംഭവത്തിൽ അന്വേഷണം തുടങ്ങിയത്. അതേസമയം ഇന്നലെ രാത്രി വൈകിയും പൊന്നാമറ്റത്ത് കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുമായെത്തിയെ പൊലീസ് തെളിവെടുത്തിരുന്നു. വൈകിട്ട് ആറുമണിയോടെ ഫൊറൻസിക് സംഘം പൊന്നാമറ്റം വീട്ടിലെത്തി പരിശോധന തുടങ്ങുകയായിരുന്നു. പരിശോധന രണ്ടു ദിവസം തുടരുമെന്നും അതിനുശേഷമേ എന്തെങ്കിലും പറയാനാകുവെന്നും അറിയിച്ച് ഫൊറൻസിക് സംഘം മേധാവി ദിവ്യ ഗോപിനാഥ് പറഞ്ഞുവിട്ടു. രംഗം ശാന്തമെന്ന ഉറപ്പിൽ രാത്രി 10 മണിയോടെ ജോളിയെയും കൊണ്ട് അന്വേഷണസംഘം പൊന്നാമറ്റത്തേക്ക് വീണ്ടുമെത്തി.

വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് ജോളി പലതവണ മൊഴി നൽകിയ സയനൈഡ് കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം. എത്തിയ ഉടനെ അന്നമ്മ, ടോം തോമസ് , റോയ് എന്നിവർ മരിച്ചതെവിടെയെന്ന് ജോളി ഫൊറൻസിക് സംഘത്തെ കാണിച്ചു കൊടുത്തു. തുടർന്ന് സയനൈഡിനായി വീട്ടിനുള്ളിലെ രണ്ടു നിലകളിലും പരിശോധന നടത്തി. തെളിവെടുപ്പിനൊപ്പം ഒരുമണിക്കൂറോളം ചോദ്യം ചെയ്യലും നടന്നു. പല ചോദ്യങ്ങൾക്കും തലകുലുക്കി ആംഗ്യഭാഷയിൽ ഉത്തരം പറഞ്ഞ ജോളി ചിലതിനൊക്കെ വാക്കാൽ പ്രതികരിച്ചു. ഇതിനിടെ അടുക്കള.യ്ക്കടുത്തുനിന്നും തുണിയിൽ പൊതിഞ്ഞ കുപ്പി പൊലീസ് കണ്ടെത്തി. എന്നാൽ ഇതു സയനൈഡെന്ന് സ്ഥിരീകരിക്കാന് പൊലീസ് തയ്യാറായിട്ടില്ല.

കൂടാതെ കൂടത്തായി കൊലപാതക പരമ്പരയിലെ നിർണായകമായ ചോദ്യം ചെയ്യലും മൊഴിയെടുക്കലും ഇന്നലെ വടകര റൂറൽ എസ്‌പി ഓഫീസിൽ നടന്നിരുന്നു. അന്വേഷണ സംഘം ആദ്യ ചോദ്യം ചെയ്തത് മുഖ്യ പ്രതി ജോളിയെയായിരുന്നു. തുടർന്ന് ഷാജു, പിതാവ് സഖറിയാസ് എന്നിവരെ വെവ്വേറെ ചോദ്യം ചെയ്യുകയായിരുന്നു. ഇതിന് ശേഷം രണ്ടും മൂന്നും പ്രതികളായ മാത്യു, പ്രജുകുമാർ എന്നിവരെയും റൂറൽ എസ്‌പി ഓഫീസിലെത്തിച്ചു. അന്വേഷണ സംഘത്തലവൻ റൂറൽ എസ്‌പി കെ ജി സൈമൺ, ജോളി, ഷാജു, സഖറിയാസ് എന്നിവരെ ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്തത്. 5000 രൂപയും രണ്ട് കുപ്പി മദ്യവും നൽകിയാണ് പ്രജുകുമാറിന്റെ കയ്യിൽ നിന്ന് താൻ സയനൈഡ് വാങ്ങിയതെന്ന് ഇന്നലെ രാവിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ നടന്ന ചോദ്യം ചെയ്യലിൽ മാത്യു മൊഴി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP