Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെന്റിന് അമ്പത് ലക്ഷത്തോളം രൂപ വിലവരുന്ന ഭൂമി ഫ്‌ളാറ്റുടമ തട്ടിയെടുത്തത് വസ്തു ബ്രോക്കറുടെ സഹായത്തോടെ; വെറും പതിനേഴ് ലക്ഷം രൂപയ്ക്ക് രണ്ടര സെന്റ് സ്ഥലും വീടും വിൽക്കേണ്ടി വന്ന ദളിത് സ്ത്രീയെ വഞ്ചിച്ച് പണം കൈക്കലാക്കിയത് ബ്രോക്കറും; കോഴിക്കോട് കാട്ടുവയൽ പട്ടികജാതി കോളനിയിലെ രാധ വഴിയാധാരമായത് ഇങ്ങനെ

സെന്റിന് അമ്പത് ലക്ഷത്തോളം രൂപ വിലവരുന്ന ഭൂമി ഫ്‌ളാറ്റുടമ തട്ടിയെടുത്തത് വസ്തു ബ്രോക്കറുടെ സഹായത്തോടെ; വെറും പതിനേഴ് ലക്ഷം രൂപയ്ക്ക് രണ്ടര സെന്റ് സ്ഥലും വീടും വിൽക്കേണ്ടി വന്ന ദളിത് സ്ത്രീയെ വഞ്ചിച്ച് പണം കൈക്കലാക്കിയത് ബ്രോക്കറും; കോഴിക്കോട് കാട്ടുവയൽ പട്ടികജാതി കോളനിയിലെ രാധ വഴിയാധാരമായത് ഇങ്ങനെ

കെ വി നിരഞ്ജൻ

കോഴിക്കോട്: 'നഷ്ടപ്പെട്ട പണവും വീടും തിരിച്ചുകിട്ടിയില്ലെങ്കിൽ ഈ വീട്ടിൽ വെച്ച് തന്നെ താൻ ആത്മഹത്യ ചെയ്യും' - കോഴിക്കോട് നഗരത്തിലെ പട്ടികജാതി കോളനിയായ ഇംഗ്ലീഷ് പള്ളിക്ക് സമീപത്തെ കാട്ടുവയൽ കോളനിയിലെ പരേതനായ വി കെ ദേവാനന്ദന്റെ ഭാര്യ രാധ (54)യുടേതാണ് ഈ വാക്കുകൾ. കോർപ്പറേഷൻ പരിധിയിൽ കോടികൾ വിലമതിക്കുന്ന പട്ടികജാതി കോളനിയിലെ സ്ഥലവും വീടും സ്വകാര്യ ഫ്‌ളാറ്റ് അധികൃതരും ബ്രോക്കറും ചേർന്ന് വഞ്ചനയിലൂടെ തട്ടിയെടുത്തതായാണ് രാധയുടെ പരാതി. 'താൻ വഴിയാധാരമായ അവസ്ഥയിലാണ്. ദാരിദ്ര്യവും കഷ്ടതയും നിറഞ്ഞ തന്റെ ജീവിതസാഹചര്യം മുതലെടുത്താണ് തന്റെ ആകെയുള്ള സാമ്പാദ്യം അവർ തട്ടിയെടുത്തതെന്നും രാധ പറയുന്നു.

സെന്റിന് അമ്പത് ലക്ഷത്തോളം വിലമതിക്കുന്ന കോളനിലെ ഇവരുടെ രണ്ടര സെന്റ് സ്ഥലവും വീടും തൊട്ടടുത്ത ഫ്‌ളാറ്റിന്റെ ഉടമസ്ഥൻ എരഞ്ഞിപ്പാലത്തെ സ്ഥലം ബ്രോക്കറുടെ സഹായത്തോടെ വെറും പതിനേഴ് ലക്ഷം രൂപയ്ക്ക് കൈക്കലാക്കിയെന്നാണ് പരാതി. ഇതുകൂടാതെ പട്ടികജാതി കോളനിയായ സ്ഥലത്തിന്റെ പകുതി ഫ്‌ളാറ്റിന്റെ കാർ പാർക്കിംഗിനായി അനധികൃതമായി ചുറ്റുമുതൽ കെട്ടി വളക്കുകയും ചെയ്തു.

സ്ഥലം വിറ്റ ഇനത്തിൽ ലഭിച്ച പതിനേഴ് ലക്ഷം രൂപ ബ്രോക്കറുടെ നിർബന്ധപ്രകാരം രാധ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. പിന്നീട് വിദ്യാഭ്യാസവും ലോകപരിചയവും നന്നേ കുറവായ രാധയുടെ വിശ്വാസം നേടിയെടുത്ത് വിവിധ സമയങ്ങളിലായി ബാങ്കിലെ മുഴുവൻ തുകയും ബ്രോക്കർ ചെക്കെഴുതി പിൻവലിക്കുകയും ചെയ്തതായും ആക്ഷേപമുണ്ട്.

വിവാഹിതരായ രണ്ട് കുട്ടികളുടെ അമ്മയായ രാധയുടെ മക്കൾ അവരുടെ കൂടെയല്ല താമസം. രാധയുടെ വീടും പണവും നഷ്ടപ്പെട്ട വിവരം മക്കളും കുടുംബങ്ങളും അറിഞ്ഞിട്ടില്ല. സംഭവം രാധ പട്ടികജാതി/ വർഗ്ഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂരിനെ അറിയിച്ചു. തുടർന്ന് സംഘടന വിഷയത്തിൽ ഇടപെട്ടപ്പോൾ രാധ വാങ്ങിച്ച പതിനേഴ് ലക്ഷം രൂപ തിരികെ തന്നാൽ സ്ഥലവും വീടും തിരിച്ചു നൽകാമെന്ന് പറഞ്ഞ് അവർ രാധയെ വീണ്ടും കബളിപ്പിക്കുകയായിരുന്നെന്ന് സതീശ് പാറന്നൂർ പറയുന്നു.

ബ്രോക്കർ പണം തിരിച്ചു നൽകാമെന്ന് പറഞ്ഞ തിയ്യതികളെല്ലാം കഴിഞ്ഞിട്ടും പണം തിരികെ നൽകാത്തത് ഫ്‌ളാറ്റ് ഉടമയും ബ്രോക്കറും തമ്മിലുള്ള ഒത്തു കളിയാണെന്നാണ് രാധ പറയുന്നത്. ഇപ്പോൾ ഇരുകൂട്ടരും കൈയൊഴിയുകയാണ്. ഫലത്തിൽ വഴിയാധാരമായ രാധ ഫ്‌ളാറ്റു ഉടമ വാങ്ങിയ തന്റെ സ്ഥലത്തു തന്നെയാണ് താമസിക്കുന്നത്. ഏത് നിമിഷവും തന്നെ ഇവിടുന്നും ഇറക്കി വിടുമെന്ന് രാധയ്ക്ക് അറിയാം. നഷ്ടപ്പെട്ട പണവും വീടും തിരിച്ചുകിട്ടിയില്ലെങ്കിൽ ഈ വീട്ടിൽ വെച്ച്തന്നെ താൻ ആത്മഹത്യ ചെയ്യുമെന്നും മറ്റൊരു മാർഗ്ഗമിവുല്ലെന്നാണ് രാധ പറയുന്നത്.

വർഷങ്ങൾക്ക് മുമ്പ് പട്ടികജാതിയിൽപ്പെട്ടവരായ കോർപ്പറേഷൻ കണ്ടിജൻസി ജീവനക്കാരുടെ ആശ്രിതർക്ക് സർക്കാർ സൗജന്യമായി നൽകിയതാണ് കാട്ടുവയൽ കോളനിയിലെ ഭൂമി. വെള്ളം, കറന്റ് തുടങ്ങിയ സൗജന്യ സൗകര്യങ്ങളുള്ള കോളനിയിൽ അന്യ വിഭാഗത്തിൽപ്പെട്ടവർക്ക് വളച്ചുകെട്ടാനും കച്ചവട ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനും സ്വസ്ഥജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നതിലും നിയമങ്ങളും വ്യവസ്ഥകളും നിലനിൽക്കെ കോളനിവാസികളുടെ ദാരിദ്യം ചൂഷണം ചെയ്ത് കോർപ്പറേറ്റ് - ഭൂമാഫികൾ നടത്തുന്ന നിയമ ലംഘനങ്ങൾക്കെതിരെ പട്ടിക ജാതി /വർഗ്ഗ സംരക്ഷണ സമിതി ഫ്‌ളാറ്റ് നിർമ്മാതാക്കളുടെ ആസ്ഥാനത്തിനു മുന്നിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും ഫ്‌ളാറ്റ് നിർമ്മാതാക്കളും ഭൂമാഫികളും നടത്തുന്ന ചട്ടലംഘനത്തിനെതിരെ കോടതിയെയും പൊലീസിനെയും സമീപിക്കുമെന്നും രക്ഷാധികാരി സതീഷ് പാറന്നൂർ പറഞ്ഞു.

കോളനിയിലെ മറ്റൊരു സ്ഥലവും ഫ്‌ളാറ്റ് ഉടമ വാങ്ങി കാർ പാർക്കിംഗിനായി മതിലുകെട്ടി കോളനിയെ വേർതിരിച്ചിട്ടുണ്ടെന്ന് സംഘടന നടത്തിയ അന്വേഷണത്തിൽ നിന്നും മനസിലായതായി പട്ടികജാതി/വർഗ്ഗ സംരക്ഷണ സമിതി നോർത്ത് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പട്ടിക വിഭാഗളുടെ കഷ്ടത ചൂഷണം ചെയ്ത് നേടിയെടുത്ത ഭൂമിയുടെ ആധാരങ്ങൾ റദ്ദാക്കി ഇവർക്കെതിരെ നിയമ നടപടികളും നിയമനിർമ്മാണം നടത്തുവാനും വേണ്ടി സംഘടന ഭാരവാഹികൾ മുഖ്യമന്ത്രിയടക്കം വകുപ്പ് മന്ത്രിമാരെ നേരിൽ കാണുമെന്നും സംഘടനാ നേതാക്കൾ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP