Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാമ്പത്തിക പ്രതിസന്ധിയുടെ കാറ്റിലും കോളിലും പെട്ട് കൈകാലിട്ടടിക്കുമ്പോൾ കരകയറാൻ എന്താണ് മാർഗ്ഗം? നോട്ട് നിരോധനവും ജിഎസ്ടിയും തളർത്തിയ വളർച്ച തിരിച്ചുപിടിക്കാൻ തന്റേടം വേണം; പ്രൊഫഷണലുകളുടെ തീരുമാനങ്ങളിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ അവസാനിപ്പിക്കണം; പിഎംഒ തിരക്കിലായതുകൊണ്ട് ഒന്നും സംഭവിക്കുന്നില്ലെന്ന നിക്ഷേപകരുടെ പരാതി തീർപ്പാക്കണം; സമ്പദ് വ്യവസ്ഥയെ ഉണർത്താൻ സാമ്പത്തിക നൊബേൽ ജേതാവ് അഭിജിത്ത് ബാനർജിയുടെ നിർദ്ദേശങ്ങൾ ഇങ്ങനെ

സാമ്പത്തിക പ്രതിസന്ധിയുടെ കാറ്റിലും കോളിലും പെട്ട് കൈകാലിട്ടടിക്കുമ്പോൾ കരകയറാൻ എന്താണ് മാർഗ്ഗം? നോട്ട് നിരോധനവും ജിഎസ്ടിയും തളർത്തിയ വളർച്ച തിരിച്ചുപിടിക്കാൻ തന്റേടം വേണം; പ്രൊഫഷണലുകളുടെ തീരുമാനങ്ങളിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ അവസാനിപ്പിക്കണം; പിഎംഒ തിരക്കിലായതുകൊണ്ട് ഒന്നും സംഭവിക്കുന്നില്ലെന്ന നിക്ഷേപകരുടെ പരാതി തീർപ്പാക്കണം; സമ്പദ് വ്യവസ്ഥയെ ഉണർത്താൻ സാമ്പത്തിക നൊബേൽ ജേതാവ് അഭിജിത്ത് ബാനർജിയുടെ നിർദ്ദേശങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: എന്ന് തീരും ഈ ദുരിതം? സാധാരണക്കാർ ചോദിക്കുക പതിവാണ്. ജീവിതത്തിന്റെ കഷ്ടതകളിൽ പെട്ട് മുങ്ങിത്താഴുമ്പോഴാണ് പലരും ഇങ്ങനെ ചോദിക്കുക. സമ്പദ് വ്യവസ്ഥ നന്നായിരുന്നാൽ എല്ലാവർക്കും നന്ന്. മോദി സർക്കാർ കിണഞ്ഞുശ്രമിക്കുകയാണ് സാമ്പത്തിക വളർച്ച ഉഷാറാക്കാൻ. ഉത്തേജക പദ്ധതികളും പലതവണയായി നടപ്പാക്കി. എന്നാൽ, സമീപഭാവിയിൽ രാജ്യം ഈ തളർച്ചയിൽ നിന്ന് കരകയറുമോ? നൊബേൽ സമ്മാനജേതാവ് അഭിജിത് ബാനർജിക്ക് എന്താണ് ഇക്കാര്യത്തിൽ പറയാനുള്ളത്? നിലവിലുള്ള വളർച്ചാതോത് കണക്കിലെടുക്കുമ്പോൾ ഉടൻ പ്രതീക്ഷയ്ക്ക് വകയില്ലെന്നാണ് അദ്ദേഹത്തിന്റെ ഉത്തരം. ബ്രൗൺ സർവകലാശാലയിൽ അടുത്തിടെ നടത്തിയ പ്രഭാഷണത്തിലും, യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലും ഇക്കാര്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

'ഞാൻ എന്റെ വ്യവസായി സുഹൃത്തുക്കളോട് സംസാരിക്കാറുണ്ട്. അവർ പറയുന്നത് നിക്ഷേപം ഇപ്പോൾ അസാധ്യമെന്നാണ്. ആരാണ് നിങ്ങളെ വിളിച്ച് അത് ശരിയായ കാര്യമല്ല എന്ന് പറയുക എന്നറിയില്ല, ബ്രൗൺ സർവകലാശാലയിലെ വാട്‌സൺ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിപാടിയിൽ അഭിജിത്ത് പറഞ്ഞു. 'സർക്കാർ തലത്തിൽ ആർക്കും തീരുമാനങ്ങളെടുക്കാൻ തന്റേടമില്ല. കാത്തിരിക്കൂ, പ്രധാനമന്ത്രിയുടെ ഓഫീസുമായി ചർച്ച ചെയ്യട്ടെ, പിഎഒ തിരക്കിലാണ്..അതുകൊണ്ട് ഒന്നും സംഭവിക്കുന്നില്ല.'

കഴിഞ്ഞ നാല് വർഷമായി ശരാശരി ഉപഭോഗ നിരക്ക് താഴോട്ട് പോവുകയാണ്. 70 കൾ മുതൽ ഇത് സംഭവിച്ചിരുന്നില്ല. ഇത് ഗുരുതരമായ സ്ഥിതി വിശേഷമാണ്. 75 ശതമാനത്തോളം നിക്ഷേപം ഇടിഞ്ഞുകഴിഞ്ഞു. കയറ്റുമതി വളർച്ചയില്ല. ഇതൊരു പ്രതിസന്ധിയാണ്. നമുക്ക് വേണമെങ്കിൽ അത് പ്രതിസന്ധിയല്ല, പ്രതിസന്ധിയായിരിക്കാം എന്ന് പറയാം. എന്നാൽ, ഞാൻ കരുതുന്നത് അത് പ്രതിസന്ധിയാണ് എന്നുതന്നെ.

ഇപ്പോഴത്തെ ഈ മാന്ദ്യത്തിന് കാരണമായി 2016 ലെ നോട്ട് നിരോധനവും, ജിഎസ്ടി നടപ്പാക്കുന്നതിലെ വീഴ്ചയും മുഖ്യകാരണങ്ങളായി അഭിജിത്ത് ബാനർജി കണക്കാക്കുന്നു. ഡിമാൻഡ് കുറഞ്ഞതാണ് വലിയൊരു പ്രശ്‌നം. ഇത് നോട്ട് നിരോധനം, ജിഎസ്ടി നടപ്പാക്കലിലെ പാളിച്ച, അടിസ്ഥാനപരമായി പണപ്പെരുപ്പം കുറച്ചുകാട്ടുന്ന പണനയം ഇതെല്ലാം ആവശ്യത്തെ ഇടിക്കുന്നതിൽ കാരണങ്ങളായി.

നോട്ടുനിരോധനം ഇരുട്ടടിയായി

'എനിക്ക് ഒരിക്കലും നോട്ടുനിരോധനത്തിന്റെ ലോജിക് പിടികിട്ടിയിട്ടില്ല. എന്തിനാണ് 2000 രൂപ നോട്ട് കൊണ്ടുവരുന്നത്. ഇപ്പോൾ കണക്കുകൂട്ടുന്നതിനേക്കാൾ വലുതായിരിക്കും നോട്ടുനിരോധനത്തിന്റെ ആഘാതം. കാഷ്ലസ് എക്കണോമി എന്ന ദീർഘകാല ലക്ഷ്യം നന്ന്. അഴിമതിയുടെ കൊള്ളലാഭത്തിന് അത് ഒരുപരിധി വരെ തടയിടും. എന്നാൽ അഴിമതിക്ക് അത് പരിഹാരമല്ല. കോടികൾ ബാങ്ക് വായ്പ എടുത്ത് മുങ്ങിയവരെ പൂട്ടാനുള്ള നീക്കങ്ങൾക്ക് വേണ്ടത്ര ഉത്സാഹം കാണുന്നില്ല. അവരെ പൂട്ടാൻ ആത്മാർഥമായ ശ്രമുമുണ്ടാകുന്നത് വരെ അവർ വിദേശ ബാങ്കുകളിലെ അക്കൗണ്ടുകളിൽ നിന്ന് സ്വർണമായോ മറ്റുവിധത്തിലോ കള്ളപ്പണമൊഴുക്കും. 1991 മുതൽ ഘടനപരമായ തകർച്ച ഇന്ത്യൻ സമ്പദ് വ്യവസ്ഥ നേരിടുന്നുണ്ട്. രാജ്യത്തെ 10 കോടി ജനങ്ങളുടെ ഉപഭോഗമാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് കരുത്ത് പകർന്നിരുന്നത്. കയറ്റുമതി സമ്പദ് വ്യവസ്ഥയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിച്ചിരുന്നില്ല. ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾക്ക് സമാനമാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥ. ജനസംഖ്യ കൂടുതലുള്ളതും വരുമാനം കുറഞ്ഞതുമായ ഇടത്തരം സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. സമ്പദ് വ്യവസ്ഥയെ ഈ രീതിയിൽ നിന്ന് മാറ്റാനാണ് പല രാജ്യങ്ങളും ശ്രമിക്കുന്നത്. പ്രതിശീർഷ വരുമാനം വർദ്ധിപ്പിക്കുകയാണ് ഇതിനുള്ള പോംവഴിയെന്നും അഭിജിത്ത് ബാനർജി പറഞ്ഞു.

കഴിഞ്ഞ ആറ് വർഷങ്ങളിൽ കുറഞ്ഞ തോതിലെങ്കിലും വളർച്ചയുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ആ പ്രതീക്ഷയും പോയി. നിലവിലുള്ള ഡാറ്റാ വിശകലനം ചെയ്യുമ്പോൾ സമീപഭാവിയിൽ സമ്പദ് വ്യവസ്ഥ കരകയറുന്ന ലക്ഷണങ്ങളില്ല, അഭിജിത്ത് ബാനർജി പറഞ്ഞു. കഴിഞ്ഞ 20 വർഷമായി ഗവേഷണ മേഖലയിലുണ്ട് അഭിജിത്തും ജീവിത പങ്കാളി എസ്തർ ഡുഫ്‌ളോയും.

കരകയറ്റാൻ എന്തുചെയ്യാം?

ഹ്രസ്വകാല നടപടികൾ

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ അവസാനിപ്പിക്കുക. ജനങ്ങളുടെ പക്കൽ കൂടുതലായി പണമെത്തണം. തൊഴിലുറപ്പ് പദ്ധതിയുടെ വേതനം ഉയർത്തുക. കാർഷിക ഉത്പന്നങ്ങളുടെ വില ഉയർത്തി കർഷകരെ സഹായിക്കുക. പണനയത്തിൽ അയവ് വരുത്തുക. രൂപയുടെ മൂല്യം ഇടിയാൻ അനുവദിക്കുക. കണക്കിലെ കളികളിലൂടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് പെരുപ്പിച്ച ചിത്രം കാട്ടാതിരിക്കുക. സ്റ്റാറ്റിസ്റ്റിക്കൽ സ്ഥാപനങ്ങളിൽ രാഷ്ട്രീയ ഇടപടലുകൾ ഒഴിവാക്കുക.

ദീർഘകാല നടപടികൾ

ഹ്രസ്വ കാല നടപടികൾ ഫലം കണ്ടാൽ, നടപടികൾ ത്വരിതപ്പെടുത്തുകയും, സ്ഥാപനങ്ങൾ ശാക്തീകരിക്കുകയും ചെയ്യുക. പ്രൊഫഷണലുകളുടെ തീരുമാനത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടരുത്. പ്രധാനമന്ത്രി പറയും അത് സംഭവിക്കും എന്ന സ്ഥിതി മാറ്റുക. മാധ്യമങ്ങൾ സുതാര്യത പിന്തുടരാൻ പ്രോത്സാഹിപ്പിക്കണം. ജനാധിപത്യക്രമത്തിന്റെ ഭാഗമായി വിമർശനങ്ങൾക്ക് ചെവി കൊടുക്കുക അത് പ്രതികൂലമായാൽ കൂടി.

മിനിമം വരുമാന തുക

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടന പത്രികയിലെ മിനിമം വരുമാന പദ്ധതിയുടെ ബുദ്ധികേന്ദ്രങ്ങളിൽ ഒന്നായിരുന്നു അഭിജിത്ത്. മിനിമം വരുമാന തുകയാണ് പത്രികയിൽ ഏറ്റവും ശ്രദ്ധ നേടിയത്. മിനിമം വരുമാനം 2500 രൂപയാക്കണം. സാമ്പത്തിക അച്ചടക്കവും കൂടി മുന്നിൽ കണ്ടായിരുന്നു നിർദ്ദേശം. ഇത് സർക്കാരിന് 1.50 ലക്ഷം കോടിയുടെ ചെലവാണ് ഉണ്ടാക്കുക. എന്നാൽ രാഹുലിന്റെ നിർദ്ദശപ്രകാരം കോൺഗ്രസ് 6000 രൂപയുമായി മുന്നോട്ട് പോവുകയായിരുന്നു. ഇത് പ്രകാരം 3.60 ലക്ഷം കോടിയുടെ ചെലവ് സർക്കാരിനുണ്ടാവും. ഇത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്ന് പലരും മുന്നറിയിപ്പ് നൽകിയിരുന്നു. 3000 രൂപ വരെ നൽകാമെന്നും അഭിജിത്ത് ബാനർജി രാഹുലിനോട് നിർദ്ദേശിച്ചിരുന്നു. ഇത് സർക്കാരിന്റെ പ്രവർത്തനം എളുപ്പത്തിൽ നടക്കുന്നതിനും ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ നികുതി വർധിപ്പിച്ച് ഇതിനുള്ള പണം കണ്ടെത്താമെന്നായിരുന്നു രാഹുൽ നിർദ്ദേശിച്ചത്. ഇതിലൂടെ കൂടുതൽ പണം പാവപ്പെട്ടവർക്ക് നൽകാമെന്നും രാഹുൽ പറഞ്ഞു. സ്വത്ത് നികുതി എന്നത് അവതരിപ്പിക്കണമെന്നും, ജിഎസ്ടി നിരക്കുകൾ കൂടുൽ വർധിക്കണമെന്നും അഭിജിത്ത് നിർദ്ദേശിച്ചിരുന്നു. രാഹുലിന്റെ പദ്ധതി നടപ്പിലാക്കിയാൽ വിപണി മെച്ചപ്പെടുത്തണമെന്ന് അഭിജിത്ത് അഭിപ്രായപ്പെട്ടിരുന്നു. അതല്ലെങ്കിൽ ഇന്ത്യയുടെ വളർച്ച മുരടിക്കും. അതേസമയം കോൺഗ്രസിന് ഇത് മെച്ചപ്പെട്ട രീതിയിൽ നടപ്പിലാക്കാൻ സാധിക്കുമെന്നും അഭിജിത്ത് വിലയിരുത്തിയിരുന്നു.

നൊബേൽ കിട്ടിയപ്പോൾ ഞെട്ടിപ്പോയി

നൊബേൽ കമ്മിറ്റി സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പ്രഖ്യാപിച്ചപ്പോൾ താൻ ഞെട്ടിപ്പോയെന്ന് അഭിജിത്ത് ബാനർജി പറഞ്ഞു. ഒരുപത്തുവർഷമെങ്കിലും കഴിഞ്ഞായിരിക്കും ഈ പുരസ്‌കാരം തന്നെ തേടിയെത്തുക എന്നാണ് കരുതിയിരുന്നത്. ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി പരിഹാരങ്ങൾ കണ്ടെത്തുകയായിരുന്നു ഇതുവരെ.

കഴിഞ്ഞ 20 വർഷമായി ഇതിന് വേണ്ടി ഗവേഷണത്തിൽ മുഴുകുന്നു. കൊൽക്കത്തയിൽ ചെലവഴിച്ച നാളുകൾ വിഷയത്തിന്റെ വിവിധ വശങ്ങൾ മനസ്സിലാക്കാൻ തന്നെ പ്രാപ്തനാക്കി. വാർത്ത വന്നതിന് പിന്നാലെ താൻ ഉറങ്ങാൻ പോയി. വാർത്ത കേട്ടയുടൻ 40 മിനിറ്റോളം ഉറങ്ങി. ഉണരുമ്പോൾ ധാരാളം കോളുകൾ വരുമെന്ന് അറിയാമായിരുന്നു, അഭിജിത്ത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP