Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജോളി ആവശ്യപ്പെട്ടത് വസ്തു ഇടപാടിൽ ധാരണയിൽ എത്തണമെങ്കിൽ പരാതി പിൻവലിക്കണമെന്ന്; തനിക്കു നേരെ വധശ്രമം ഉണ്ടായിട്ടില്ലെന്നും കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ; സത്യം തെളിയുന്നതോടെ നീതി കിട്ടുക മരിച്ചവരുടെ ആത്മാക്കൾക്കും ജീവിച്ചിരിക്കുന്നവർക്കും; കൂടത്തായി കൊലപാതക കേസിൽ സമാന്തര അന്വേഷണം നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്ത റോജോ മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് പങ്കുവെച്ചത് അന്വേഷണത്തിലെ സംതൃപ്തിയും; അമേരിക്കയിൽ നിന്നുമെത്തിയ പരാതിക്കാരന്റെ മൊഴി എടുത്തത് ഒമ്പത് മണിക്കൂറോളം

ജോളി ആവശ്യപ്പെട്ടത് വസ്തു ഇടപാടിൽ ധാരണയിൽ എത്തണമെങ്കിൽ പരാതി പിൻവലിക്കണമെന്ന്; തനിക്കു നേരെ വധശ്രമം ഉണ്ടായിട്ടില്ലെന്നും കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ; സത്യം തെളിയുന്നതോടെ നീതി കിട്ടുക മരിച്ചവരുടെ ആത്മാക്കൾക്കും ജീവിച്ചിരിക്കുന്നവർക്കും; കൂടത്തായി കൊലപാതക കേസിൽ സമാന്തര അന്വേഷണം നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്ത റോജോ മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് പങ്കുവെച്ചത് അന്വേഷണത്തിലെ സംതൃപ്തിയും; അമേരിക്കയിൽ നിന്നുമെത്തിയ പരാതിക്കാരന്റെ മൊഴി എടുത്തത് ഒമ്പത് മണിക്കൂറോളം

മറുനാടൻ മലയാളി ബ്യൂറോ

വടകര: കേസ് പിൻവലിക്കാൻ തനിക്കുമേൽ ജോളി സമ്മർദ്ദം ചെലുത്തിയിരുന്നെന്നും അതേസമയം തനിക്കു നേരെ വധശ്രമം ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കി കൂടത്തായിയിൽ കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ റോജോ. കേസ് പിൻവലിക്കാൻ തനിക്കുമേൽ മുഖ്യപ്രതിയായ ജോളി സമ്മർദ്ദം ചെലുത്തിയിരുന്നു എന്ന് റോജോ വ്യക്തമാക്കി. പരാതി പിൻവലിക്കാൻ ജോളി ആവശ്യപ്പെട്ടു. വസ്തു ഇടപാടിൽ ധാരണയിൽ എത്തണമെങ്കിൽ കേസ് പിൻവലിക്കണമെന്നായിരുന്നു ജോളിയുടെ ആവശ്യം.

അതേ സമയം തനിക്ക് നേരെ വധശ്രമമുണ്ടായിട്ടില്ലെന്നും എല്ലാം പുറത്തുവരട്ടെയെന്നും റോജോ വ്യക്തമാക്കി. സത്യം തെളിയുന്നതോടെ മരിച്ചവരുടെ ആത്മാക്കൾക്കും ജീവിച്ചിരുന്നവർക്കും നീതി കിട്ടട്ടെയെന്നും റോജോ പറഞ്ഞു. റൂറൽ എസ്‌പി ഓഫീസിലെത്തി മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു റോജോ.

കേസിൽ ഇത്രയും വ്യാപ്തി പ്രതീക്ഷിച്ചില്ല. ചില സംശയങ്ങളും സൂചനകളും അനുസരിച്ചാണ് പരാതി നൽകിയത്. തിരിച്ചടിക്കുമോ എന്നുപോലും ഭയപ്പെട്ടു. ഇപ്പോൾ സത്യങ്ങൾ ചുരുളഴിയുന്നു.അന്വേഷണത്തിൽ പൂർണതൃപ്തിയുണ്ട്. എസ്‌പി കെ.ജി സൈമണിൽ വിശ്വസിക്കുന്നുവെന്നും റോജോ പറഞ്ഞു. ഒൻപത് മണിക്കൂർ നീണ്ടുനിന്ന മൊഴിയെടുക്കലിന് ശേഷമാണ് റോജോ മാധ്യമങ്ങളോട് പ്രതികരിച്ചത്.

കൂടത്തായി കൊലപാതക പരമ്പര കേസ് അന്വേഷണത്തിൽ താൻ തൃപ്തനാണെന്നും റോജോ വ്യക്തമാക്കി. റോജോയുടെ പരാതിയിലാണ് ആരുമറിയാതെ പോകുമായിരുന്ന കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നത്. തിങ്കളാഴ്‌ച്ച പുലർച്ചെ അമേരിക്കയിൽ നിന്നും നാട്ടിലെത്തിയ റോജോ ഇന്ന് രാവിലെയാണ് മൊഴി നൽകുന്നതിനായി എസ്‌പി ഓഫീസിൽ എത്തിയത്. റോജോയുടോ പ്രതികരണം തേടിയ മാധ്യമങ്ങളോട് മൊഴി നൽകിയ ശേഷം പ്രതികരിക്കാം എന്നായിരുന്നു റോജോ നൽകിയ മറുപടി.

വടകരയിലെ റൂറൽ എസ്‌പിയുടെ ഓഫീസിൽ മൊഴി നൽകിയ ശേഷം മാധ്യമങ്ങളെ കണ്ട റോജോ അന്വേഷണത്തിലുള്ള സംതൃപ്തി മറച്ചുവെച്ചില്ല.
മൊഴി രേഖപ്പെടുത്തുന്നതിനായി റോജോയെ അമേരിക്കയിൽ നിന്ന് ക്രൈംബ്രാഞ്ച് വിളിച്ച് വരുത്തുകയായിരുന്നു. വടകരയിലെ റൂറൽ എസ്‌പി.ഓഫീസിലായിരുന്നു മൊഴിയെടുക്കൽ. മൊഴിയെടുക്കൽ നാളെയും തുടരും.

റോജോയുടെ സഹോദരി റെഞ്ചിയും ഇന്ന് മൊഴി നൽകുന്നതിനായി എസ്‌പി.ഓഫീസിലെത്തിയിരുന്നു. ഈ സമയത്ത് ജോളിയേയും അവിടെയെത്തിച്ചു. റോജോയുടേയും റെഞ്ചിയുടേയും സാന്നിധ്യത്തിൽ ജോളിയെ ചോദ്യം ചെയ്തതായും സൂചനയുണ്ട്. ജോളിയുടെ രണ്ട് മക്കളുടേയും മൊഴി ഇന്ന് രേഖപ്പെടുത്തി. പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ വച്ചായിരുന്നു ഇവരുടെ മൊഴി രേഖപ്പെടുത്തിയത്.

ജോളിയടക്കമുള്ള പ്രതികളുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. കസ്റ്റഡി കാലാവിധി നീട്ടി നൽകാൻ പൊലീസ് കോടതിയിൽ ആവശ്യപ്പെടും. കൂടുതൽ കേസുകൾ കൂടി രജിസ്റ്റർ ചെയ്തത് ചൂണ്ടിക്കാട്ടിയാകും പൊലീസ് കസ്റ്റഡി നീട്ടാൻ അപേക്ഷ നൽകുക. പ്രതികളുടെ ജാമ്യാപേക്ഷയും നാളെ കോടതിയുടെ പരിഗണനയിൽ വരും.

കൂടത്തായി കേസിൽ സമാന്തരമായി അന്വേഷണം നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്ത ആളാണ് റോജോ. റോജോയിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. റോയിയുടേയും മാതാപിതാക്കളായയ ടോം തോമസിന്റേയും അന്നമ്മയുടേയും മരണം കൊലപാതകമാണെന്ന സംശയത്തെ തുടർന്നായിരുന്നു റോജോ പരാതി നൽകിയത്.

അതേസമയം കൊലപാതകങ്ങളിലെ നിർണായക തെളിവായ സയനൈഡെന്ന് സംശയിക്കുന്ന പൊടി അടങ്ങിയ കുപ്പി പൊലീസ് കണ്ടെത്തി. ഇന്നലെ രാത്രി പൊന്നാമറ്റത്തെ വീട്ടിൽ ജോളിയുമായെത്തി നടത്തിയ തെളിവെടുപ്പിലാണ് കുപ്പി കണ്ടെത്തിയത്. വിദഗ്ധ പരിശോധനക്കുശേഷമേ പൊടി സയനൈഡാണോ എന്ന് സ്ഥിരീകരിക്കാനാവൂ.

കാത്തിരുന്ന തെളിവാണ് വിദഗ്ധമായ ചോദ്യം ചെയ്യലിലൂടെ പൊലീസ് കണ്ടെത്തിയത്. അടുക്കളയിൽ പഴയ പാത്രങ്ങൾക്കിടയിൽ കുപ്പിയിലാക്കി തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു സയനൈഡ്. കല്ലറ തുറന്നതിന് പിന്നാലെ പിടിക്കപ്പെട്ടാൽ സ്വയം സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്നും ജോളി തുറന്ന് പറഞ്ഞു. എന്നാൽ അതിന് മുൻപ് പൊലീസ് പിടികൂടി. ഒരു പകൽ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വീട്ടിൽ ഒളിപ്പിച്ച് വച്ച സയ്‌നൈഡിനെക്കുറിച്ച് ജോളി വെളിപ്പെടുത്തിയത്. രാത്രി ഒൻപതരയോടെ ജോളിയുമായി അന്വേഷണ സംഘം പൊന്നാമറ്റം വീട്ടിലെത്തി. അർധരാത്രിയോടെ സയനൈഡുമായി മടങ്ങി. ആരെയും അറിയിക്കാതെയാണ് അന്വേഷണ സംഘമെത്തിയതെങ്കിലും വിവരമറിഞ്ഞ് നൂറു കണക്കിന് നാട്ടുകാരെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP