Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വട്ടിയൂർക്കാവിലെ മിന്നുംതാരം മേയർബ്രോ തന്നെ! വി കെ പ്രശാന്തിന്റെ സൗമ്യമായ പെരുമാറ്റവും വികസന അജണ്ടകളും ജാതി പരിഗണനകളേക്കാൾ എൽഡിഎഫിന് സഹായകമാകും; പ്രശാന്തിന് 35 ശതമാനം വോട്ടുകൾ കിട്ടുമ്പോൾ യുഡിഎഫിലെ ഡോ. മോഹൻകുമാറിന് ലഭിക്കുന്നത് 32 ശതമാനം; 27 ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ബിജെപി; കുറയുന്ന ബിജെപി വോട്ടുകളുടെ ഗുണം ലഭിക്കുന്നത് എൽഡിഎഫിന്; മറുനാടൻ അഭിപ്രായ സർവേയിലെ ആദ്യ ഫലം പുറത്തുവിടുന്നു

വട്ടിയൂർക്കാവിലെ മിന്നുംതാരം മേയർബ്രോ തന്നെ! വി കെ പ്രശാന്തിന്റെ സൗമ്യമായ പെരുമാറ്റവും വികസന അജണ്ടകളും ജാതി പരിഗണനകളേക്കാൾ എൽഡിഎഫിന് സഹായകമാകും; പ്രശാന്തിന് 35 ശതമാനം വോട്ടുകൾ കിട്ടുമ്പോൾ യുഡിഎഫിലെ ഡോ. മോഹൻകുമാറിന് ലഭിക്കുന്നത് 32 ശതമാനം; 27 ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ബിജെപി; കുറയുന്ന ബിജെപി വോട്ടുകളുടെ ഗുണം ലഭിക്കുന്നത് എൽഡിഎഫിന്; മറുനാടൻ അഭിപ്രായ സർവേയിലെ ആദ്യ ഫലം പുറത്തുവിടുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പിന്റെ സെമി ഫൈനൽ എന്നറിയിപ്പെടുന്ന അഞ്ചു മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ, മറുനാടൻ മലയാളി അഭിപ്രായ സർവേയുടെ ആദ്യ ഫലമായ വട്ടിയൂർക്കാവ് പുറത്തുവിടുമ്പോൾ ഇടതുമുന്നണിക്ക് അപ്രതീക്ഷിത നേട്ടം. മറുനാടൻ മലയാളിയും പാലാ സെന്റർ ഫോർ കൺസ്യൂമർ ഏജുക്കേഷൻ സൊസൈറ്റിയും സംയുക്തമായി നടത്തിയ അഭിപ്രായ സർവേയിൽ യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റായ വട്ടിയൂർക്കാവ് എൽഡിഎഫ് പിടിച്ചെടുക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ലഭിക്കുന്നത്.

എൽഡിഎഫ് സ്ഥാനാർത്ഥി വി കെ പ്രശാന്തിന് 35 ശതമാനം വോട്ടുകൾ സർവേയിൽ ലഭിക്കുമ്പോൾ, യുഡിഎഫ് സ്ഥാനാർത്ഥി ഡോ കെ മോഹൻകുമാർ 32 ശതമാനം വോട്ടുമായി രണ്ടാമതാണ്. എൻഡിഎ സ്ഥാനാർത്ഥി എസ് സുരേഷ് 27 ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ്. യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റായ ഇവിടെ കെ മുരളീധരൻ, എം പി ആയതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവിടെ ബിജെപിയുടെ കുമ്മനം രാജശേഖരനാണ് രണ്ടാമതെത്തിയത്. ഇത്തവണ കുമ്മനം ഇല്ലാത്ത തെരഞ്ഞെടുപ്പിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തുമെന്നതിന്റെ സൂചനകളാണ് സർവേയിൽ കാണുന്നത്. എന്നാൽ ഇടതുമുന്നണിക്ക് മേയർ വികെ പ്രശാന്തിനെ രംഗത്തിറക്കി അപ്രതീക്ഷിത നേട്ടമാണ് ഇവിടെ കൊയ്യാൻ കഴിഞ്ഞത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തുണ്ടായിരുന്നു എൽഡിഎഫ് ഒന്നാമതെത്തുന്നതിന് പിന്നിലും സ്ഥാനാർത്ഥിയുടെ മികവു തന്നെയാണെന്ന് സർവേയുടെ അനുബന്ധ ചോദ്യങ്ങൾക്ക് വോട്ടർമാർ നൽകിയ മറുപടി വ്യക്തമാക്കുന്നു.

സർവേഫലം ഇങ്ങനെ

എൽഡിഎഫ്- 35

യുഡിഎഫ്- 32

എൻഡിഎ- 27

മറ്റുള്ളവർ, നോട്ട- 6

യുവാക്കളും സ്ത്രീകളും പ്രശാന്തിനൊപ്പം

'വികസനത്തിനും വ്യക്തിത്വത്തിനും ഒരു വോട്ട്' എന്ന എൽഡിഎഫിന്റെ പ്രചാരണ കാമ്പയിൻ വിജയിക്കുന്ന സൂചനകളാണ് വട്ടിയൂർക്കാവ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് വിവരങ്ങൾ എടുത്ത മറുനാടൻ സംഘത്തിന് കാണാൻ കഴിയുന്നത്. മേയർ എന്ന നിലയിൽ ശ്രദ്ധേയനായ വി കെ പ്രശാന്തിന് മണ്ഡലത്തിൽ കൂടുതൽ വികസനം കൊണ്ടുവരാൻ കഴിയുമെന്ന് ജനം വിശ്വസിക്കുന്നു. യുവാക്കളുടെയും സ്ത്രീകളുടെയും വർധിച്ച പിന്തുണയാണ് പ്രശാന്തിന് തുണയാവുന്നത്. എന്നാൽ അടിയൊഴുക്കുകളിൽ യുഡിഎഫിന് പ്രതീക്ഷയുണ്ട്. ജാതിസമവാക്യങ്ങളും എൻഎസ്എസിന്റെ പിന്തുണയും തങ്ങളെ തുണക്കുമെന്ന് അവർ കരുതുന്നു. മണ്ഡലത്തിലെ പ്രധാന വിഷയം വികസനം തന്നെയാണെന്ന് അനുബന്ധ ചോദ്യങ്ങൾക്ക് മറുപടിയായി വോട്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. സർവേയിൽ 6 ശതമാനം വോട്ടർമാർ മറ്റുള്ളവർക്കും നോട്ടക്കുമായാണ് വോട്ട് രേഖപ്പെടുത്തിയത്. ഇനിയും തീരുമാനമെടുത്തിട്ടില്ലാത്ത ഈ വോട്ടർമാർ അവസാനം എങ്ങോട്ടു ചായുമെന്നും വ്യക്തമല്ല.

ബിജെപിക്ക് വോട്ടുകുറയുമ്പോൾ എൽഡിഎഫിന് വോട്ടുകൂടുന്ന കാഴ്ചയാണ് വട്ടിയൂർക്കാവിലെ സർവേഫലങ്ങൾ അവലോകനം ചെയ്യുമ്പോൾ കിട്ടുന്നത്. കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയാവും എന്നാണ് പൊതുവെ കരുതിയത്. ഇവിടെ അപ്രതീക്ഷിതമായി, ബിജെപി ജില്ലാസെക്രട്ടറി എസ് സുരേഷ് സ്ഥാനാർത്ഥിയാകുകയായിരുന്നു. ഇതോടെയുണ്ടായ അതൃപ്തി എൽഡിഎഫിന് ഗുണകരമായി എന്നാണ് സർവേ സംഘത്തിന്റെ വിലയിരുത്തൽ. പലരും ഇക്കാര്യം ക്യാമറക്കു മുന്നിൽ തുറന്നു പറഞ്ഞുകൊണ്ടാണ് പലരും സർവേയിൽ പങ്കെടുത്തത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ശക്തമായ ത്രികോണ മത്സരമാണ് തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവിൽ നടന്നത്. യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ 7622 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. മുരളീധരൻ 51322 വോട്ടും, ബിജെപിയിലെ കുമ്മനം രാജശേഖരൻ 43,700 വോട്ടുമാണ് നേടിയത്. എൽഡിഎഫിലെ ടി.എൻ സീമ 40441 വോട്ടും നേടി മൂന്നാം സ്ഥാനത്തേക്ക് പോവുകയായിരുന്നു. ആ മൂന്നാം സ്ഥാനത്തുനിന്ന് ഇത്തവണ ഒന്നാമതെത്താൻ കഴിഞ്ഞാൽ അത് എൽഡിഎഫിന്റെ വലിയ രാഷ്ട്രീയ നേട്ടമാവും.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 56531 വോട്ടുകൾ നേടിയാണ് കെ. മുരളീധരൻ ഇവിടെ വിജയിച്ചത്. 40364 വോട്ടുകളാണ് ഇടതുസ്ഥനാർഥിയായ ചെറിയാൻ ഫിലിപ്പിന് നേടാനായത്. 16,167 വോട്ടുകൾക്കാണ് അന്ന് യുഡിഎഫ് ജയിച്ചുകയറിയത്. ബിജെപി സ്ഥാനാർത്ഥിയായി വി.വി രാജേഷിന് 13494 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. അതായത് കുമ്മനത്തെപ്പോലൊരു സ്ഥാനാർത്ഥി വരുമ്പോഴാണ് ഇവിടെ ബിജെപി വോട്ടുകൾ കുത്തനെ ഉയരുന്നതെന്ന് വ്യക്തം.

സർവേ നടത്തിയത് ഇങ്ങനെ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പും, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പും, ലോക്സഭാ തെരഞ്ഞെടുപ്പും, പാലാ ഉപതെരഞ്ഞെടുപ്പിലുമൊക്കെ സർവേ നടത്തി എതാണ്ട് കൃത്യമായി ജനവികാരം അളക്കാൻ കഴിഞ്ഞ മറുനാടൻ മലയാളി ടീം, ഇത്തവണയും വിപുലമായ രീതിയിലാണ് അഭിപ്രായ സർവേ നടത്തിയത്. നിങ്ങളുടെ വോട്ട് ആർക്ക് എന്ന സുപ്രധാന ചോദ്യത്തിനൊപ്പം, ആ ഉത്തരത്തിലേക്ക് നയിച്ച ഘടകങ്ങൾ എന്തൊക്കെയാണെന്നും സർവേ വിശദമായി പരിശോധിച്ചിട്ടുണ്ട്. ഈ മാസം 12, 13, 14 തീയതികളിലായി വട്ടിയൂർക്കാവ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് 2000ത്തോളം സാമ്പിളുകൾ എടുത്താണ് സർവേ പൂർത്തീകരിച്ചത്.

വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ പ്രമുഖ ദേശീയ മാധ്യമങ്ങളും അവലംബിക്കുന്ന അതേ റാൻഡം സർവേയുടെ സ്റ്റാറ്റിക്കൽ മെത്തേഡു തന്നെയാണ് മറുനാടൻ ടീമും അവലംബിക്കുന്നത്. പ്രമുഖരായ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധരും ടീമിന്റെ ഭാഗമാവുന്നുണ്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലും ബസ് സ്റ്റാൻഡുകളിലും ചന്തകളിലും ഷോപ്പിങ്ങ് മാളുകളിലുമൊക്കെയായി വിവിധ വിഭാഗത്തിൽ പെടുന്ന ജനങ്ങളെ നേരിട്ട് കണ്ടാണ് സർവേ പൂർത്തീകരിച്ചത്. വീടുകളിൽ നേരിട്ട് ചെന്ന് ജനവികാരം അറിയുകയും ചെയതു

ഏറ്റവും പ്രധാനം ഇത് ഒരു സ്വതന്ത്രമായ അഭിപ്രായ സർവേയാണെന്നാണ്. മറുനാടൻ മലയാളിയുടെ രാഷ്ട്രീയ നിലപാടുമായി ഈ സർവേക്ക് യാതൊരു ബന്ധവുമില്ല. സർവേഫലത്തിന് അനുസരിച്ചുള്ള യാതൊരു കാമ്പയിനിങ്ങും മറുനാടന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയുമില്ല. മാത്രമല്ല എത് സർവേകളും പ്രതിഫലിപ്പിക്കുന്നത് ആ സമയത്ത് തെരഞ്ഞെടുപ്പ് നടന്നാലുള്ള രാഷ്ട്രീയ കാലാവസ്ഥയാണ്. ഇത് വളരെ പെട്ടന്ന് മാറി മറിയാം. അഭിപ്രായ സർവേകളിൽ പത്തു ശതമാനം വരെ ഹ്യൂമൻ എററുകളും വരാം. ഇന്ത്യയിലും കേരളത്തിലും എക്സിറ്റ്‌പോളുകൾ പോലും പല തവണ മാറിമാറഞ്ഞ സംഭവങ്ങളും നേരത്തെ ഉണ്ടായിട്ടുണ്ട്.അതായത് ഏത് സർവേയിലെയും പോലെ മറുനാടനും അടിസ്ഥാനപരമായ ചില രാഷ്ട്രീയ സൂചകങ്ങളാണ് മുന്നോട്ട് വെക്കുന്നത്. ഇത് ഒരു അന്തിമ വിധിയല്ലെന്നും മാന്യ വായനക്കാരെ അറിയിക്കയാണ്.

മഞ്ചേശ്വരം, എറണാംകുളം എന്നീ മണ്ഡലങ്ങളിലെ അഭിപ്രായ സർവേഫലം നാളെ രാവിലെ 11 മണി മുതൽ മറുനാടൻ മലയാളിയിലും മറുനാടൻ ടിവിയിലുമായി സംപ്രേഷണം ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP