Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒടുവിൽ വത്തിക്കാനും കൈയൊഴിഞ്ഞു; സിസ്റ്റർ ലൂസി കളപ്പുര സഭാ ചട്ടം ലംഘിച്ചെന്ന് വത്തിക്കാൻ; തന്നെ ഒരിക്കൽപ്പോലും കേൾക്കാൻ സഭ തയാറായില്ലെന്ന് സിസ്റ്റർ; എന്തുവന്നാലും മഠത്തിൽ നിന്ന് ഇറങ്ങില്ല; പൗരസ്ത്യ തിരുസംഘത്തിന് മുകളിലുള്ളവർക്ക് അപ്പീൽ നൽകുമെന്നും സിസ്റ്റർ ലൂസി; അപ്പീൽ തള്ളിയത് മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതും കാർ വാങ്ങിയതും ചുരിദാർ ഇട്ടതും അടക്കമുള്ള 11 അച്ചടക്ക ലംഘനങ്ങൾ ചൂണ്ടിക്കാട്ടി

ഒടുവിൽ വത്തിക്കാനും കൈയൊഴിഞ്ഞു; സിസ്റ്റർ ലൂസി കളപ്പുര സഭാ ചട്ടം ലംഘിച്ചെന്ന് വത്തിക്കാൻ; തന്നെ ഒരിക്കൽപ്പോലും കേൾക്കാൻ സഭ തയാറായില്ലെന്ന് സിസ്റ്റർ; എന്തുവന്നാലും മഠത്തിൽ നിന്ന് ഇറങ്ങില്ല; പൗരസ്ത്യ തിരുസംഘത്തിന് മുകളിലുള്ളവർക്ക് അപ്പീൽ നൽകുമെന്നും സിസ്റ്റർ ലൂസി; അപ്പീൽ തള്ളിയത് മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതും കാർ വാങ്ങിയതും ചുരിദാർ ഇട്ടതും അടക്കമുള്ള 11 അച്ചടക്ക ലംഘനങ്ങൾ ചൂണ്ടിക്കാട്ടി

മറുനാടൻ ഡെസ്‌ക്‌

വയനാട്; സമരം ചെയ്തതിനും പുസ്തകം എഴുതിയതിനും സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ അപ്പീൽ വത്തിക്കാൻ തള്ളി. സഭാ ചട്ടം ലംഘിച്ചെന്ന് കാട്ടി വത്തിക്കാനിൽ നിന്നുള്ള മറുപടിക്കത്ത് മഠം അധികൃതർ ഒപ്പിട്ടുവാങ്ങി. ലത്തീൻ ഭാഷയിലുള്ള കത്ത് ഇന്ന് രാവിലെയാണ് സിസ്റ്റർ ലൂസി താമസിക്കുന്ന മഠത്തിൽ എത്തിയത്. മഠം അധികൃതർ കത്ത് ഒപ്പിട്ടു വാങ്ങുകയും ചെയ്തു. 11 കാരണങ്ങളാണ് സിസ്റ്റർ ലൂസിയുടെ അപ്പീൽ തള്ളാനായി കത്തിൽ അക്കമിട്ട് നിരത്തിയിരിക്കുന്നത്.

കാനോൻ നിയമപ്രകാരം കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങൾ ലൂസി കളപ്പുര ലംഘിച്ചതായി കാണിച്ച് കത്തോലിക്ക സഭ നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന കത്ത സിസ്റ്ററിന് നേരിട്ട് കൈമാറുകയായിരുന്നു.കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തു, വിലക്ക് മറികടന്ന് തുടർച്ചയായി മാധ്യമങ്ങൾക്ക് അഭിമുഖം നൽകി, ദാരിദ്ര്യവ്രതം പാലിക്കാതെ സ്വന്തമായി കാർ വാങ്ങി, ശമ്പളം മഠത്തിലേക്ക് നൽകിയില്ല, അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ച് അനാവശ്യചെലവുണ്ടാക്കി, വസ്ത്രധാരണച്ചട്ടം ലംഘിച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് ലൂസി കളപ്പുരയ്‌ക്കെതിരെ സഭ ഉന്നയിച്ചിരുന്നത്.നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും സിസ്റ്റർ സ്വയം തിരുത്താൻ തയാറായില്ലെന്നും സഭക്ക് തൃപ്തികരമായ തരത്തിൽ വിശദീകരണം നൽകാൻ സിസ്റ്റർക്ക് സാധിച്ചില്ലെന്നും സഭ ആരോപിക്കുന്നു.

എന്തുവന്നാലും മഠത്തിൽ നിന്ന് ഇറങ്ങില്ലെന്നും പൗരസ്ത്യ തിരുസംഘത്തിന് മുകളിലുള്ളവർക്ക് അപ്പീൽ നൽകുമെന്നും സിസ്റ്റർ ലൂസി.ഈ കത്ത് പഠിക്കണമെന്നും, പകർപ്പ് പരിശോധിച്ച് ഉടൻ തന്നെ വീണ്ടും അപ്പീൽ നൽകുമെന്നും സിസ്റ്റർ ലൂസി വ്യക്തമാക്കി. പൗരസ്ത്യ തിരുസംഘത്തിന് മുകളിലുള്ളവർക്ക് അപ്പീൽ നൽകാനാണ് തീരുമാനം. എന്ത് വന്നാലും മഠം വിട്ട് താൻ പുറത്തേക്ക് ഇറങ്ങാൻ തയ്യാറല്ല. ഒരു ഫോൺകോളിൽ പോലും തനിക്ക് പറയാനുള്ളതെന്തെന്ന് കേൾക്കാൻ സഭ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിൽ തനിക്ക് മഠത്തിൽ തുടരാൻ അവകാശമുണ്ടെന്നും സിസ്റ്റർ ലൂസി് പറഞ്ഞു.

നേരത്തേയും സിസ്റ്റർ ലൂസിക്കെതിരായി നിരവധി ആരോപണങ്ങൾ സന്യാസിനി സഭ ഉയർത്തിയിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ഇരയ്ക്ക് നീതി തേടി കൊച്ചി വഞ്ചി സ്‌ക്വയറിൽ നടത്തിയ സമരത്തിൽ പങ്കെടുത്ത് തന്റെ അഭിപ്രായം തുറന്നു പറഞ്ഞ ശേഷമാണ് സിസ്റ്റർ ലൂസിക്കെതിരെ കടന്നാക്രമണം ശക്തമായത്. 'സ്‌നേഹമഴയിൽ' എന്ന പുസ്തകമെഴുതുക കൂടി ചെയ്തതോടെ, സിസ്റ്ററെ സഭയിൽ നിന്ന് പുറത്താക്കിയതായി സഭ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ തന്റെ ഭാഗം കേൾക്കാതെയുള്ള നടപടി അംഗീകരിക്കില്ലെന്ന് കാട്ടിയാണ് സിസ്റ്റർ ലൂസി വത്തിക്കാന് അപ്പീൽ നൽകിയത്.

കന്യാസ്ത്രീകൾക്ക് നീതി തേടി നടത്തിയ സമരത്തിന് സമാനമായി സിസ്റ്റർ ലൂസിക്ക് പിന്തുണയുമായി കൊച്ചി വഞ്ചി സ്‌ക്വയറിൽ സാമൂഹ്യപ്രവർത്തകർ സമരം നടത്തിയിരുന്നു. സിസ്റ്റർക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ അപവാദപ്രചാരണം നടത്തിയ ഫാദർ നോബിൾ തോമസ് പാറയ്ക്കൽ എന്ന വൈദികനെതിരായ അന്വേഷണം പൊലീസ് അവസാനിപ്പിച്ചിരുന്നു. മഠത്തിലേക്ക് സിസ്റ്റർ പുരുഷന്മാരെ കൊണ്ടുവന്നു എന്ന തരത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടതിനാണ് നോബിൾ തോമസ് പാറയ്ക്കലിനെതിരെ കേസെടുത്തത്. എന്നാൽ തെളിവുണ്ടായിട്ടും പ്രതിക്കെതിരെ നടപടിയെടുക്കാതിരുന്ന പൊലീസ്, പിന്നീട് കേസന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. ഇതിനെതിരെയാണ് വഞ്ചി സ്‌ക്വയറിൽ സമരം നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP