Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രൽ രജതജൂബിലി നിറവിൽ

ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രൽ രജതജൂബിലി നിറവിൽ

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽപ്പെട്ട ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഇടവകയുടെ കാവൽപിതാവായ പരിശുദ്ധ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും ഇടവകയുടെ രജതജൂബിലി ആഘോഷങ്ങളും 2019 ഒക്ടോബർ 24 മുതൽ 26 വരെ തീയതികളിലായി നടത്തുകയാണ്.

25 വർഷങ്ങൾക്കുമുമ്പ് അമേരിക്കൻ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പൊലീത്തയായിരുന്ന ഭാഗ്യസ്മരണാർഹനായ ഡോ. തോമസ് മാർ മക്കാറിയോസ് തിരുമേനിയുടെ തൃക്കരങ്ങളാലും കഠിനാധ്വാനത്തിനാലും ദൈവമഹത്വത്തിനായി സ്ഥാപിക്കപ്പെട്ട ഈ ദേവാലയം അമേരിക്കയിലെ ക്രൈസ്തവ ദേവാലയങ്ങളിൽ വച്ച് പ്രമുഖമായ ദേവാലയമാണ്. കഴിഞ്ഞ 25 വർഷങ്ങളായി ആത്മീയതയുടേയും സ്നേഹത്തിന്റേയും, സാന്ത്വനത്തിന്റേയും കൂട്ടായ്മയുടേയും പരിമളം പരത്തിയും, ഐക്യത്തിന്റെ ആയിരമായിരം മണിനാദങ്ങൾ മുഴക്കിയും കുരിശിന്റെ മഹത്വവും ശക്തിയും ഉയർത്തിക്കാട്ടിക്കൊണ്ട് ഷിക്കാഗോയ്ക്ക് സമീപത്ത് ബെൽവുഡിൽ 'ഉണർവ്വുള്ളവൻ' എന്ന് അർത്ഥമുള്ള പരിശുദ്ധ ഗ്രിഗോറിയോസിന്റെ നാമത്തിൽ നിലകൊള്ളുകയാണ് ഈ ദേവാലയം.

'നിങ്ങളോട് ദൈവവചനം പ്രസംഗിച്ച് നിങ്ങളെ നടത്തിയവരെ ഓർത്തുകൊള്ളുവിൻ' എന്ന ദൈവ വചനപ്രകാരം നമ്മെ ആത്മീയമായി നടത്തിയ പരിശുദ്ധ പിതാവിന്റെ ഓർമ്മപ്പെരുന്നാൾ നാം ആചരിക്കുന്നത് അനുഗ്രഹപ്രദമാണെന്ന് വികാരി ഫാ. ഡാനിയേൽ ജോർജ് അഭിപ്രായപ്പെട്ടു. പെരുന്നാൾ എന്നാൽ ശ്രേഷ്ഠമായ അഥവാ വിലിയ ദൗത്യം എന്നീ അർത്ഥമുള്ളതാകയാൽ പെരുന്നാളിന്റേയും രജതജൂബിലിയുടേയും ശ്രേഷ്ഠമായ വലിയ ദിവസങ്ങളിൽ ഭദ്രാസന മെത്രാപ്പൊലീത്ത അഭി.ഡോ. സഖറിയാസ് മാർ അപ്രേം ശുശ്രൂഷകൾക്ക് പ്രധാന കാർമികത്വം വഹിക്കുന്നു.

ഒരുവർഷം നീണ്ടുനിന്ന ദേവാലയ രജതജൂബിലി ആഘോഷങ്ങൾക്ക് സമാപനം കുറിക്കുമ്പോൾ ഇടവക ദൈവസന്നിധിയിൽ സ്വീകാര്യമായ കാഴ്ചകൂടി അർപ്പിക്കുകയാണ്.

ഓരോ ഭവനവും ഓരോ ദിവസവും ഓരോ ഡോളർ മാറ്റിവെച്ച് ആണ്ടിന്റെ 365 ദിവസങ്ങൾ പൂർത്തിയാകുമ്പോൾ 365 ഡോളർ ദേവാലയത്തിൽ കൊടുക്കുകയും, പല തുള്ളി പെരുവെള്ളം എന്നതുപോലെ ഒരു വലിയ തുകയായി ശേഖരിച്ച് പെരുന്നാളിൽ ആർഭാടങ്ങളും ആഘോഷങ്ങളും ഒഴിവാക്കി കാൻസർ രോഗികൾക്കും നിർധനരായ വിധവകൾക്കും, വിവിധ കഠിന രോഗങ്ങളാൽ പ്രയാസപ്പെടുന്നവർക്കുമായി സഹായമായി വിതരണം ചെയ്യുകയാണ് 'എളിയവനോട് കരുണ കാണിക്കുന്നവൻ യഹോവയ്ക്ക് വായ്പ കൊടുക്കുന്നു' എന്ന വചനം നിവർത്തിക്കുമാറ് ഇടവക അതിന്റെ സാമൂഹിക പ്രതിബദ്ധത നിറവേറ്റുന്നു.കൂടാതെ തിരുവചന പ്രഘോഷണം, മുതിർന്നവരെ ആദരിക്കൽ, സ്നേഹവിരുന്ന് ആദിയായവയും പെരുന്നാളിന്റെ പ്രത്യേകതയാണ്.

ദേവാലയത്തിന്റെ സ്ഥാപനം മുതൽ നാളിതുവരേയും മാതൃകയും, സാക്ഷ്യവുമുള്ള ആടുകളെ പേരുചൊല്ലി വിളിക്കുകയും പരിപാലിക്കുകയും ചെയ്തും, പൗരോഹിത്യ ശുശ്രൂഷകൾ നിറപടിയായി അനുഷ്ഠിച്ചുവരുന്ന വന്ദ്യ ഡാനിയേൽ ജോർജ് അച്ചന്റെ ആത്മീയ നേതൃത്വത്തിലാണ് ജൂബിലി പെരുന്നാൾ ശുശ്രൂഷകൾ നടത്തപ്പെടുന്നത്.ഒക്ടോബർ 24-നു വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് നടക്കുന്ന സന്ധ്യാനമസ്‌കാരത്തിനും ധ്യാന പ്രസംഗത്തിനും അഭി. ഡോ. സഖറിയാസ് മാർ അപ്രേം നേതൃത്വം നൽകും.

ഒക്ടോബർ 25-നു വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ആഘോഷപൂർവ്വമായ കൊടിയേറ്റ്, സന്ധ്യാ നമസ്‌കാരം, പ്രസംഗം, ആശീർവാദം, നേർച്ചവിരുന്ന് എന്നിവയുണ്ടായിരിക്കും.ഒക്ടോബർ 26-നു ശനിയാഴ്ച രാവിലെ 8.30-നു പ്രഭാത നമസ്‌കാരം, വിശുദ്ധ കുർബാന എന്നിവ നടക്കും. 11.30-നു രജതജൂബിലി സമാപന സമ്മേളനം, 12.30-നു കൊടി, കുരിശ്, മുത്തുക്കുടകൾ, ചെണ്ടവാദ്യമേളം എന്നിവയുടെ അകമ്പടിയോടെ ഭക്തിനിർഭരമായ റാസ നടക്കും. ശേഷം ധൂപപ്രാർത്ഥന, ആശീർവാദം, കൈമുത്ത്, സ്നേഹവിരുന്ന് എന്നിവയുമുണ്ടാകും.

സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ പെരുന്നാളും രജതജൂബിലി ആഘോഷങ്ങളും നാം ആചരിക്കുന്നതുമൂലം വിശ്വാസത്തിൽ ദൃഢപ്പെടുവാനും വിശുദ്ധിയിലേക്ക് വളരുവാനും, തിരുവചനത്തിൽ ശക്തിപ്രാപിക്കുവാനും, ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പിലാക്കി ദൈവനാമം ഉയർത്തുവാനും ഏകോദര സഹോദരങ്ങളെപ്പോലെ ഐക്യത്തിൽ ജീവിച്ച് മുന്നേറുവാനും ഇടയാകട്ടെ.

വിശ്വാസികൾ പെരുന്നാളിലും അനുബന്ധ പരിപാടികളിലും നോമ്പാചരണത്തോടും, വെടിപ്പോടും വിശുദ്ധിയോടുംകൂടിവന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നു ഫാ. ഡാനിയേൽ ജോർജ് താത്പര്യപ്പെടുന്നതോടൊപ്പം ഏവർക്കും പെരുന്നാൾ ജൂബിലി അനുഗ്രഹങ്ങൾ ആശംസിച്ചു.

പി.സി. വർഗീസ്, ഷിബു മാത്യൂസ്, ഫിലിപ്പ് കുന്നേൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.ജോർജ് വർഗീസ് വെങ്ങാഴിയിൽ അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP