Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉത്തരകൊറിയൻ ജനത ഏറെ പവിത്രമായി കരുതുന്ന പ്രദേശം; രാജ്യത്തിന്റെ ഭാവി സംബന്ധിച്ച നിർണായക തീരുമാനങ്ങൾ എടുക്കുന്നതിന് മുന്നേ ഭരണാധികാരികൾ എത്തുന്നിടം; കൊറിയൻ സാമ്രാജ്യത്തിന്റെ സ്ഥാപകൻ ഡാൻഗുനിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത് പെക്ടു മലനിരകളിൽ കിം ജോങ് ഉൻ എത്തിയത് നിർണായക തീരുമാനങ്ങളോടെയെന്ന് വിലയിരുത്തൽ; നിലനിൽക്കുന്നത് ബാലിസ്റ്റിക് മിസൈൽ ആക്രമണ ഭീഷണി? വെളുത്ത കുതിരപ്പുറത്തേറിയ കിമ്മിന്റെ ചിത്രങ്ങൾ വൈറൽ

ഉത്തരകൊറിയൻ ജനത ഏറെ പവിത്രമായി കരുതുന്ന പ്രദേശം; രാജ്യത്തിന്റെ ഭാവി സംബന്ധിച്ച നിർണായക തീരുമാനങ്ങൾ എടുക്കുന്നതിന് മുന്നേ ഭരണാധികാരികൾ എത്തുന്നിടം; കൊറിയൻ സാമ്രാജ്യത്തിന്റെ സ്ഥാപകൻ ഡാൻഗുനിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത് പെക്ടു മലനിരകളിൽ കിം ജോങ് ഉൻ എത്തിയത് നിർണായക തീരുമാനങ്ങളോടെയെന്ന് വിലയിരുത്തൽ; നിലനിൽക്കുന്നത് ബാലിസ്റ്റിക് മിസൈൽ ആക്രമണ ഭീഷണി? വെളുത്ത കുതിരപ്പുറത്തേറിയ കിമ്മിന്റെ ചിത്രങ്ങൾ വൈറൽ

മറുനാടൻ ഡെസ്‌ക്‌

സോൾ; പെക്ടു മലനിരകളിൽ വെള്ള കുതിരപ്പുറത്ത് കയറി സവാരി നടത്തി ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. രാജ്യത്തെ ഔദ്യോഗിക വാർത്താ ഏജൻസിയായ കെ.സി.എൻ.എ.യാണ് കിം ജോങ് ഉന്നിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ടത്. യുഎസുമായുള്ള ആണവ നിരായുധീകരണ ചർച്ചകൾ ലക്ഷ്യം കാണാതിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും ബാലിസ്റ്റിക് മിസൈൽ ആക്രമണ ഭീഷണി മുഴക്കാനുള്ള തീരുമാനമായിരിക്കാം ഇത്തവണ കിം കൈക്കൊള്ളുകയെന്നു സംശയിക്കപ്പെടുന്നു.

കൊറിയൻ സാമ്രാജ്യം സ്ഥാപിച്ചുവെന്നു വിശ്വസിക്കപ്പെടുന്ന ഡാൻഗുനിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത് പെക്ടു മലനിരകളിലാണ്. ഉത്തരകൊറിയൻ ജനത ഏറെ പവിത്രമായി കരുതുന്ന പ്രദേശം. രാജ്യത്തിന്റെ ഭാവി സംബന്ധിച്ച നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനു തൊട്ടുമുൻപാണ് സാധാരണയായി ഉത്തര കൊറിയൻ ഭരണാധികാരികൾ ഇവിടെ സന്ദർശനം നടത്തുക.ലോകത്തെ അദ്ഭുതപ്പെടുത്തുന്ന ഒരു 'വലിയ ഓപറേഷൻ' വീണ്ടും ഉണ്ടാകും. കൊറിയയെ ഒരു പടി മുന്നോട്ടു നയിക്കുന്ന നീക്കമായിരിക്കും അതെന്നും വാർത്താ ഏജൻസി വ്യക്തമാക്കുന്നു.ഉത്തര കൊറിയ ഉടൻതന്നെ ബഹിരാകാശ ദൗത്യം ആരംഭിച്ചേക്കുമെന്നും അതല്ല, സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനമുണ്ടായേക്കുമെന്നും വിവിധ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ഉത്തര കൊറിയൻ ഭരണാധികാരികൾക്കു മാത്രമല്ല, വിനോദസഞ്ചാരികൾക്കും ഈ കുടീരം സന്ദർശിക്കാം. പക്ഷേ കനത്ത പ്രവേശന ഫീസാണ് ഒരാൾക്ക് 100 യൂറോ (ഏകദേശം 8400 രൂപ). പക്ഷേ ഇത്രയേറെ പണം ചെലവാക്കി കാണാൻ തക്ക എന്താണ് ആ കുടീരത്തിലുള്ളത്? വിദേശ ടൂറിസ്റ്റുകൾക്ക് അത്ര പ്രാധാന്യം തോന്നില്ലെങ്കിലും ഇന്ന് ഉത്തരദക്ഷിണ കൊറിയകളുടെ ഐക്യത്തിനു വേണ്ടി വാദിക്കുന്നവർക്കുള്ള ഏറ്റവും വലിയ പിടിവള്ളിയാണ് ആ കുടീരത്തിലുറങ്ങുന്നത്. ഡാൻഗുൻ രാജാവിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും അസ്ഥിയാണു കുടീരത്തിൽ സൂക്ഷിച്ചിരിക്കുന്നത്. ഉത്തര കൊറിയ അതീവ സുരക്ഷയോടെ, പവിത്രമായി സൂക്ഷിക്കുന്ന മേഖല കൂടിയാണിത്. ഡാൻഗുൻ രാജാവിന്റെ ജന്മദിനമായി ആഘോഷിക്കുന്ന ഒക്ടോബർ മൂന്നിന് ഇരുകൊറിയകളിലെയും സ്‌കൂളുകൾക്ക് ഉൾപ്പെടെ അവധിയാണ്. 'സ്വർഗീയ ദിനത്തിന്റെ ആരംഭം' എന്നു വിശേഷിപ്പിക്കപ്പെടുന്ന ആ ദിവസം ഇരുരാജ്യങ്ങളിലും വിവിധ ആരാധനാലയങ്ങളിലും ഡാൻഗുൻ രാജാവിനു വേണ്ടി പ്രത്യേക പൂജകൾ നടത്തും.

ഡാൻഗുൻ?

1910 മുതൽ 1945 വരെ ജപ്പാന്റെ ഭരണത്തിൻ കീഴിലായിരുന്നു കൊറിയ. അന്നേവരെയില്ലാത്ത വിധം ഡാൻഗുൻ രാജാവിനെപ്പറ്റിയുള്ള ചിന്തകൾ കൊറിയക്കാരുടെ മനസ്സിൽ നിറയുന്നത് അടിമത്തത്തിന്റെ ഈ 35 വർഷക്കാലത്തിനിടെയാണ്. ഡാൻഗുൻ രാജാവിനു കീഴിൽ എത്രമാത്രം ഐക്യത്തോടെയാണു കഴിഞ്ഞിരുന്നതെന്ന ചിന്തയും അന്നു തലമുറ ഭേദമില്ലാതെ പങ്കുവച്ചു. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിനിപ്പുറം കൊറിയകൾ രണ്ടായി.

ഡാൻഗുൻ രാജാവിനെയും എല്ലാവരും മറന്നു. പിന്നീട് ഇരുകൊറിയകളുടെയും ഐക്യത്തെപ്പറ്റിയുള്ള ചർച്ചകൾ ശക്തമാകുന്ന 1990കളിലാണു വീണ്ടും ഈ രാജാവിലേക്ക് ഉത്തരദക്ഷിണ കൊറിയൻ രാഷ്ട്രീയം നീങ്ങുന്നത്. ഇന്ന് ഇരുകൊറിയകളും ഏറെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗപ്പെടുത്തുന്ന പേരു കൂടിയാണിത്.ഡാൻഗുൻ രാജാവ് ചരിത്രത്തിന്റെ ഭാഗമായിരുന്നില്ലെന്നു വിശ്വസിക്കുന്നവരാണു ഭൂരിപക്ഷം ഗവേഷകരും. മറിച്ച് അദ്ദേഹം ഒരു 'മിത്ത്' ആണെന്നാണു കരുതപ്പെടുന്നത്. കൊറിയയുടെ ആദ്യത്തെ രാജാവ്. എന്നാൽ ഇദ്ദേഹത്തിന്റെ ജനനം തികച്ചും 'ദൈവിക'മാണ്. പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനം എഴുതപ്പെട്ട രണ്ടു ഗ്രന്ഥങ്ങളിൽനിന്നാണ് ഇതിന്റെ ആദ്യസൂചനകൾ ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP