Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അമ്പത്തിയഞ്ച് വയസ്സുള്ള ഭാര്യയും മുപ്പതുകാരനായ ഭർത്താവും; ലണ്ടനിൽ നിന്നും ഗുജറാത്തിലെത്തിയ ഇന്ത്യൻ വംശജരായ ഈ ദമ്പതിമാർ 11-കാരനെ ദത്തെടുത്തയുടൻ എടുത്തത് ഒന്നരക്കോടിയുടെ ഇൻഷൂറൻസ്; ലണ്ടനിലെത്തും മുമ്പ് കുട്ടിയെ ആരോ തട്ടിക്കൊണ്ടു പോയി കുത്തിക്കൊന്നു; ഇൻഷൂറൻസ് തുക തട്ടാൻ വേണ്ടി ലണ്ടൻ ദമ്പതിമാർ ചെയ്തതെന്ന് ഗുജറാത്ത് പൊലീസ്; പ്രതികളെ വിട്ടുകൊടുക്കാതെ ലണ്ടൻ പൊലീസ്‌

അമ്പത്തിയഞ്ച് വയസ്സുള്ള ഭാര്യയും മുപ്പതുകാരനായ ഭർത്താവും; ലണ്ടനിൽ നിന്നും ഗുജറാത്തിലെത്തിയ ഇന്ത്യൻ വംശജരായ ഈ ദമ്പതിമാർ 11-കാരനെ ദത്തെടുത്തയുടൻ എടുത്തത് ഒന്നരക്കോടിയുടെ ഇൻഷൂറൻസ്; ലണ്ടനിലെത്തും മുമ്പ് കുട്ടിയെ ആരോ തട്ടിക്കൊണ്ടു പോയി കുത്തിക്കൊന്നു; ഇൻഷൂറൻസ് തുക തട്ടാൻ വേണ്ടി ലണ്ടൻ ദമ്പതിമാർ ചെയ്തതെന്ന് ഗുജറാത്ത് പൊലീസ്; പ്രതികളെ വിട്ടുകൊടുക്കാതെ ലണ്ടൻ പൊലീസ്‌

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി രൂപസാദൃശ്യമുള്ളയാളെ കാറിലിട്ട് കത്തിച്ചുകൊന്ന സുകുമാരക്കുറുപ്പിന്റെ കഥ മലയാളികൾ ഒരിക്കലും മറക്കില്ല. അതിനെക്കാൾ ക്രൂരമായ കൊലപാതകത്തിനാണ് ഗുജറാത്ത് നാലുവർഷം മുമ്പ് സാക്ഷ്യം വഹിച്ചത്. ലണ്ടനിൽനിന്നുള്ള ഇന്ത്യൻ വംശജരായ ദമ്പതിമാർ ഗുജറാത്തിലെത്തുകയും 11-കാരനെ ദത്തെടുക്കുകയും ചെയ്യുന്നു. ദത്തെടുത്തയുടൻ കുട്ടിയുടെ പേരിൽ ഒന്നരക്കോടി രൂപയുടെ ഇൻഷൂറൻസ് ചേരുന്നു. ഇന്ത്യ വിടും മുന്നെ, കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയി കുത്തിക്കൊന്നു.

ഇൻഷുറൻസ് തട്ടിയെടുക്കുന്നതിനായി ദമ്പതിമാർ ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്ന് ഗുജറാത്ത് പൊലീസ് വിശ്വസിക്കുന്നു. ദമ്പതിമാരെ വിട്ടുകിട്ടാനായി ഇന്ത്യൻ സർക്കാർ ബ്രിട്ടനെ സമീപിച്ചെങ്കിലും മനുഷ്യാവകാശത്തിന്റെ പേരുപറഞ്ഞ് ഇവരെ നാടുകടത്താൻ ഇതുവരെ ബ്രിട്ടൻ തയ്യാറായിട്ടില്ല. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പിച്ച ഗുജറാത്ത് പൊലീസ് ഇപ്പോൾ, അപ്പീൽ കോടതിയെ സമീപിച്ച് ഇവരെ വിട്ടുകിട്ടാനുള്ള ശ്രമത്തിലാണ്.

55-കാരിയായ ആരതി ധിറും 30-കാരനായ കാവൽ റജിഡയുമാണ് സംശയത്തിന്റെ നിഴലിലുള്ളത്. വെസ്റ്റ് ലണ്ടനിലെ ഹാൻവെലിലുള്ള ഇവർ 2015-ലാണ് ഗുജറാത്തിലെത്തി കുട്ടിയെ ദത്തെടുത്തത്. ഒരു പ്രാദേശിക പത്രത്തിൽ പരസ്യം നൽകിയെന്നും അതുവഴി ഗോപാൽ സെജാനിയെന്ന 11-കാരനെ കണ്ടെത്തിയെന്നുമാണ് ഇവർ അവകാശപ്പെടുന്നത്. മൂത്ത സഹോദരിക്കും കുടുംബത്തിനുമൊപ്പം താമസിച്ചിരുന്ന ഗോപാലിനെ നല്ലൊരു ജീവിതം കിട്ടുമല്ലോയെന്ന തോന്നലിലാണ് കുടുംബം ദത്തുനൽകാൻ തീരുമാനിച്ചത്.

കുട്ടിയെ ദത്തെടുത്തതിന് പിന്നാലെ അവന്റെ പേരിൽ ആരതി ഒന്നരക്കോടിയുടെ ഇൻഷൂറൻസ് എടുത്തു. ഗോപാലിന്റെ മരണത്തിനുശേഷമോ അല്ലെങ്കിൽ പത്തുവർഷം പൂർത്തിയാകുന്ന വേളയിലോ മാത്രമേ ഇൻഷുറൻസ് തുക കിട്ടുമായിരുന്നുള്ളൂ. ആരതി ഒന്നരലക്ഷം രൂപ വീതമുള്ള രണ്ട് പ്രീമിയം അടയ്ക്കുകയും ചെയ്തിരുന്നു. ആരതിയുടെയും കാവലിന്റെയും കൂടെ ലണ്ടനിലേക്ക് പോകാൻ ഗോപാൽ കാത്തിരിക്കുമ്പോഴാണ് കൊലപാതകം നടക്കുന്നത്.

2017 ഒക്ടോബർ എട്ടിനായിരുന്നു അത്. രണ്ട് ബൈക്കുകളിലായെത്തിയ സംഘം ഗോപാലിനെ തട്ടിയെടുക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച സഹോദരി ഭർത്താവ് ഹർസുഖ് കർദാനിക്കും ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇരുവരും ഒരുമാസത്തിനുശേഷം മരിച്ചു. ഗോപാലിനുനേരെ മുമ്പും രണ്ടുവട്ടം വധശ്രമം ഉണ്ടായിട്ടുള്ളതായി ജുനാഗഢ് പൊലീസിനെ സൗരഭ് സിങ് പറയുന്നു. ഇതൊക്കെ ഇൻഷൂറൻസ തട്ടാനുള്ള ശ്രമമാണെന്ന് വ്യക്തമാക്കുന്നതായും അദ്ദേഹം പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായയാൾ, താൻ ലണ്ടനിൽ വിദ്യാർത്ഥിയായിരിക്കെ ആരതിക്കും കാവലിനുമൊപ്പം താമസിച്ചിരുന്നതായി പൊലീസിന് മൊഴി നൽകിയിരുന്നു. നാലുപേർ ഇതുവരെ ഗുജറാത്തിൽ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. ഗൂഢാലോചനയും തട്ടിക്കൊണ്ടുപോകലുമുൾപ്പെടെ ആറുകേസുകൾ ആരതിക്കും കാവലിനുമെതിരേ പൊലീസ് ചുമത്തിയിട്ടുണ്ട്.

ഗുജറാത്ത് പൊലീസിന്റെ ആവശ്യപ്രകാരം 2017 ജൂണിൽ ഇരുവരെയും ലണ്ടൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, അവരെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന ആവശ്യം ഈ വർഷം ജൂലൈയിൽ കോടതി തള്ളി. ഇതിനെതിരേ അപ്പീലിനൊരുങ്ങുകയാണ് ഗുജറാത്ത് പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP