Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പണി കൊടുക്കാൻ വേണ്ടി ജേക്കബ് തോമസിനെ കൊണ്ട് കൊല്ലന്റെ ആലയിൽ പ്രതിഷ്ഠിച്ചിട്ടും പണി കിട്ടുന്നത് പിണറായിക്ക് തന്നെ; ആരും തിരിഞ്ഞു നോക്കാത്തതു കൊണ്ട് അഴിമതിയുടെ കൂത്തരങ്ങായി കിടന്ന കേരളാ മെറ്റൽസിന്റെ അഴിമതി ഫയലുകൾ ഓരോന്നു ചികഞ്ഞ് എടുത്ത് സർക്കാരിന് മുട്ടൻ പണി കൊടുക്കാൻ രണ്ടും കൽപ്പിച്ചിറങ്ങി ഡിജിപി; പണി ഉറപ്പായതോടെ നിയമനത്തിന് അംഗീകാരം നൽകാതെ വ്യവസായ മന്ത്രി; ജേക്കബ് തോമസിന്റെ നിയമനത്തെ ചൊല്ലി ജയരാജനും പിണറായിയും തമ്മിൽ ഭിന്നത

പണി കൊടുക്കാൻ വേണ്ടി ജേക്കബ് തോമസിനെ കൊണ്ട് കൊല്ലന്റെ ആലയിൽ പ്രതിഷ്ഠിച്ചിട്ടും പണി കിട്ടുന്നത് പിണറായിക്ക് തന്നെ; ആരും തിരിഞ്ഞു നോക്കാത്തതു കൊണ്ട് അഴിമതിയുടെ കൂത്തരങ്ങായി കിടന്ന കേരളാ മെറ്റൽസിന്റെ അഴിമതി ഫയലുകൾ ഓരോന്നു ചികഞ്ഞ് എടുത്ത് സർക്കാരിന് മുട്ടൻ പണി കൊടുക്കാൻ രണ്ടും കൽപ്പിച്ചിറങ്ങി ഡിജിപി; പണി ഉറപ്പായതോടെ നിയമനത്തിന് അംഗീകാരം നൽകാതെ വ്യവസായ മന്ത്രി; ജേക്കബ് തോമസിന്റെ നിയമനത്തെ ചൊല്ലി ജയരാജനും പിണറായിയും തമ്മിൽ ഭിന്നത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ അവഗണയിൽ മനം മടുത്ത് സ്വയം വിരമിക്കാൻ ഡിജിപി ജേക്കബ് തോമസ് തയ്യാറെടുക്കുന്നുവെന്ന വാർത്ത പച്ചക്കള്ളം. ഷൊർണൂർ സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് സിഎംഡി ആയി ജേക്കബ് തോമസിനെ നിയമിച്ചത് പ്രതികാരം തീർക്കാനാണ്. ചുമതലയേറ്റ ഉടനെ ജേക്കബ് തോമസ് മാധ്യമങ്ങളോട് പങ്കുവെച്ച വികാരം പോലെയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നീക്കങ്ങശളും. 'നൂറ്റിയൊന്നു വെട്ടിയാലും വായ്ത്തല പോകാത്ത വാക്കത്തി ഉണ്ടാക്കാമെന്നായിരുന്നു' ജേക്കബ് തോമസ് പറഞ്ഞത്. ഇതാണ് സംഭവിക്കാൻ പോകുന്നതും. ആരും തിരിഞ്ഞു നോക്കാത്ത സ്ഥാപനമായിരുന്നു സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ്. എല്ലാം ആർക്കോ തോന്നിയ പടി നടന്ന വ്യവസായ വകുപ്പിന് കീഴിലെ സ്ഥാപനം. അഴിമതിയുടെ കൂത്തരങ്ങായിരുന്നു ഇവിടെ. അതുകൊണ്ടാണ് സ്ഥാപനം ഗതിപിടിക്കാതെ പോയത്. ഈ അഴിമതിക്ക് പിന്നിലെ കാരണങ്ങളും കാരണക്കാരേയും കണ്ടെത്താൻ സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് സിഎംഡി ഉപയോഗിക്കാനാണ് ജേക്കബ് തോമസിന്റെ തീരുമാനം. ഇതറിഞ്ഞതോടെ വ്യവസായ വകുപ്പ് അതീവ ജാഗ്രതയിലാണ്. സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസിൽ നിന്ന് ജേക്കബ് തോമസിനെ ഒഴിവാക്കാനാണ് വ്യവസായ മന്ത്രി ഇപി ജയരാജന്റെ ശ്രമം.

പിണറായി വിജയനാണ് സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് എന്ന സ്ഥാപനം ജേക്കബ് തോമസിന് കൊടുക്കാനായി കണ്ടെത്തിയത്. അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് അനുസരിച്ച് വിജിലൻസ് ഡയറക്ടറുടെ തസ്തികയ്ക്ക് സമാനമായതുകൊടുക്കുകയും വേണമായിരുന്നു. ഇതിന് വേണ്ടി ആർക്കും വേണ്ടാത്ത ഷൊർണ്ണൂരിലെ സ്ഥാപനത്തിലെ കസേരയെ വിജിലൻസ് ഡയറക്ടർക്ക് സമാനമായി ഉയർത്തി. എന്നാൽ ഇതിന്റെ സാഹചര്യമൊന്നും ജേക്കബ് തോമസിന് കൊടുത്തതുമില്ല. അതായത് പദവി കടലാസിൽ മാത്രം ഒതുക്കി. ഈ സർക്കാർ ഉത്തരവിന്റെ ബലത്തിലാണ് ഷൊർണ്ണൂരിൽ എത്തി ജേക്കബ് തോമസ് ചുമതലയേറ്റത്. എന്നാൽ സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് കമ്പനി നിയമ പ്രകാരമുള്ള സ്ഥാപനമാണ്. ഇതിൽ സി എം ഡിയാകണമെങ്കിൽ കമ്പനി നിയമ പ്രകാരം ബോർഡിലെ ഡയറക്ടറാക്കണം. എങ്കിൽ മാത്രമേ സി എം ഡിയാകാൻ കഴിയൂ. ഇത് ചെയ്യേണ്ടത് വ്യവസായ വകുപ്പാണ്. ഇങ്ങനെ ജേക്കബ് തോമസിനെ കമ്പനി ഡയറക്ടറാക്കാൻ മന്ത്രി ഇപി ജയരാജൻ തയ്യാറല്ല. അഴിമതി കണ്ടെത്തുമോ എന്ന ഭയമാണ് കാരണം. അതുകൊണ്ട് തന്നെ ജേക്കബ് തോമസിന് സർക്കാർ ഉത്തരവുണ്ടെങ്കിലും സാങ്കേതിക അർത്ഥത്തിൽ സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് ഭരണം കൈയാളാനുമാകുന്നില്ല.

പണി കൊടുക്കാൻ വേണ്ടി പിണറായി ജേക്കബ് തോമസിനെ കൊണ്ട് കൊല്ലന്റെ ആലയിൽ പ്രതിഷ്ഠിച്ചതാണെന്ന് ഏവർക്കും അറിയാം. എന്നിട്ടും പണി കിട്ടുന്നത് പിണറായിക്കാണെന്നതാണ് വസ്തുത. ഇതാണ് ജയരാജനേയും വെട്ടിലാക്കുന്നത്. ആരും തിരിഞ്ഞു നോക്കാത്തതു കൊണ്ട് അഴിമതിയുടെ കൂത്തരങ്ങായി കിടന്ന മെറ്റൽസിന്റെ അഴിമതി ഫയലുകൾ ഓരോന്നു ചികഞ്ഞ് എടുക്കുകയാണ് ജേക്കബ് തോമസ്. ഇതിലൂടെ സർക്കാരിന് മുട്ടൻ പണി കൊടുക്കാൻ രണ്ടും കൽപ്പിച്ചിറങ്ങിയിരിക്കുകയാണ് ഡിജിപി എന്നും വ്യവസായ വകുപ്പ് തിരിച്ചറിയുന്നുണ്ട്. ഷൊർണ്ണൂരിലെ ജേക്കബ് തോമസിന്റെ നീക്കങ്ങൾ അറിയാൻ ചാര സംവിധാനം പോലും സിപിഎം ഉണ്ടാക്കിയിട്ടുണ്ട്. ഇവരിൽ നിന്നാണ് അഴിമതി പുറത്തു കൊണ്ടു വരാൻ മുൻ വിജിലൻസ് ഡയറക്ടർ നടത്തുന്ന ശ്രമങ്ങളെ കുറിച്ച് വ്യവസായ വകുപ്പ് അറിയുന്നത്. അഴിമതി കണ്ടെത്തി അത് സർക്കാരിൽ റിപ്പോർട്ട് ചെയ്ത് വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിക്കാനാണ് നീക്കം.

പണി ഉറപ്പായതോടെയാണ് ജേക്കബ് തോമസിന്റെ നിയമനത്തിന് അംഗീകാരം നൽകാതെ വ്യവസായ മന്ത്രി നീക്കങ്ങൾ നടത്തുന്നത്. കമ്പനിയുടെ ഡയറക്ടർ ബോർഡിൽ ജേക്കബ് തോമസിനെ ഉൾക്കൊള്ളിക്കില്ലെന്ന് വ്യവസായ മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. അങ്ങനെ ജേക്കബ് തോമസിന്റെ നിയമനത്തെ ചൊല്ലി ജയരാജനും പിണറായിയും തമ്മിൽ ഭിന്നത ഉടലെടുക്കുകയാണ്. വിജിലൻസ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ബന്ധു നിയമന വിവാദം അന്വേഷിച്ചിരുന്നു. ജയരാജനെതിരെയാണ് റിപ്പോർട്ട് നൽകിയത്. ഇതോടെയാണ് പിണറായി സർക്കാരിന്റെ പ്രതികാരം ജേക്കബ് തോമസിന് മേൽ പതിച്ചത്. കേരളത്തിലെ ഏറ്റവും മുതിർന്ന ഐപിഎസുകാരനെ സസ്‌പെന്റ് ചെയ്തതും ഇതിന്റെ ഭാഗമായുള്ള ഗൂഢാലോചനയാണെന്നായിരുന്നു ആരോപണം. സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥരിൽ ഏറ്റവും സീനിയറായ ജേക്കബ് തോമസിന് ഒരു വർഷത്തിലേറെ സേവന കാലാവധി ഇനിയും ബാക്കിയുണ്ട്.

രണ്ടു വർഷം നീണ്ട സസ്പെൻഷന് ശേഷമാണ് കേന്ദ്ര അഡ്‌മിനിസട്രേറ്റീവ് ട്രിബ്യൂണൽ വിധിയുടെ പിൻബലത്തിൽ ജേക്കബ് തോമസ് സർവീസിൽ തിരിച്ചെത്തിയത്. തിരിച്ചെത്തിയ ജേക്കബ് തോമസിനെ ഷൊർണൂർ സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് സിഎംഡി ആയാണ് തസ്തിക അനുവദിച്ചത്. തീർത്തും അപ്രധാനമായ ഈ തസ്തികയിൽ ആദ്യമായാണ് ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ നിയമിക്കപ്പെടുന്നത്. ഇത് ജയരാജന് കീഴിൽ ജേക്കബ് തോമസിനെ നിയമിച്ച് പ്രതികാരം തീർക്കാനുള്ള പിണറായി തന്ത്രമായി വിലയിരുത്തലുകളെത്തി. സ്വയം വിരമിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ മേയിൽ ജേക്കബ് തോമസ് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഈ അപേക്ഷയെ എതിർത്തു. മാത്രമല്ല, ജേക്കബ് തോമസിനെതിരെ വിശദമായ റിപ്പോർട്ട് കേന്ദ്രത്തിനു നൽകുകയും ചെയ്തിരുന്നു. സർവീസിലിരിക്കെ മൂന്നുമാസം മുമ്പ് നോട്ടീസ് നൽകിയില്ലെന്ന കാരണത്താൽ കേന്ദ്രം അപേക്ഷ തള്ളുകയായിരുന്നു. ഇതിനിടെയാണ് ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള കാറ്റ് വിധിയെത്തിയത്. അങ്ങനെ ഷൊർണ്ണൂരിൽ നിയമിച്ചു. സർവീസിൽ തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവിൽ വിജിലൻസ് ഡയറക്ടറുടെ പദവിയോടെയാണ് നിമയനമെന്ന് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ടായിരുന്നെങ്കിലും, അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത ഒരു ഓഫീസിലാണ് ജേക്കബ് തോമസിനെ നിയമിച്ചത്. ടെലിഫോൺ, ഔദ്യോഗിക വാഹനം, ഡ്രൈവർ, പ്യൂൺ, സുരക്ഷ തുടങ്ങിയവ ഒന്നും സംസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന് അനുവദിച്ചില്ല. സംസ്ഥാന സർക്കാറിന്റെ പ്രതികാര നടപടിയാണിതെന്ന് ജേക്കബ് തോമസിനും അറിയാം. അപ്പോഴും ഷൊർണ്ണൂരിൽ തുടരാനും ഈ സ്ഥാപനത്തെ തകർത്ത അഴിമതിയെ കുറിച്ച് പഠിക്കാനുമാണ് തീരുമാനം.

ഓഫീസിൽ പോകാൻ കാറില്ല. അതുകൊണ്ട് തന്നെ ഡ്രൈവറുമില്ല. ഓഫീസ് മുറിയിൽ ആരെയെങ്കിലും വിളിക്കാൻ ലാൻഡ് ഫോണുമില്ല. വെറും മേശയും കസേരയും മാത്രം. ചായ കൊടുക്കാനോ മേശ തുടക്കാനോ പ്യൂണുമില്ല. അതായത് ചായ കുടിക്കണമെങ്കിൽ പുറത്ത് പോകണം. ഓഫീസുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറഞ്ഞ് ചെയ്യിക്കാൻ കോൺഫിഡൻഷ്യൽ അസിസ്റ്റന്റുമില്ല. റിസപ്ഷൻ പോലും ഇല്ലാത്തതിനാൽ ആർക്കും എത് സമയവും ആരോടും ചോദിക്കാതെ കേരളത്തിലെ മുതിർന്ന ഡിജിപിക്ക് അടുത്തേക്ക് കയറി ചെല്ലാം. ഈ ഓഫീസിൽ ചെയ്യാനുള്ളത് എന്ത് പണിയെന്ന് ആർക്കുമൊട്ടറിയില്ല താനും. ഇങ്ങനെ കാലം മുമ്പോട്ട് പോകുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. എന്നാൽ ഷൊർണ്ണൂരിലെ ഈ കസേരയിലും ഒരുപാട് ചെയ്യാനുണ്ടെന്ന് ജേക്കബ് തോമസ് തെളിയിക്കാനുള്ള യാത്രയിലാണ്. ജേക്കബ് തോമസ് കൃത്യസമയത്ത് ഓഫീസിൽ എത്തുന്നുണ്ടോ എന്ന് പരിശോധിക്കാനും സർക്കാർ സംവിധാനമൊരുക്കിയിട്ടുണ്ട്. ഓഫീസ് സമയം പാലിച്ചില്ലെങ്കിൽ അതിന്റെ പേരിൽ നടപടി എടുക്കാം. ഈ സ്ഥാപനത്തിൽ ജേക്കബ് തോമസ് ഒന്നും ചെയ്തില്ലെന്ന് വരുത്തി സർവ്വീസ് ബുക്കിൽ കളങ്കം രേഖപ്പെടുത്താനും നീക്കമുണ്ട്. അതിന് വേണ്ടി കൂടിയാണ് ആരുമില്ലാത്ത സ്ഥാപനത്തിലെ നിയമനം. ഇതെല്ലാം മനസ്സിലാക്കിയാണ് കൃത്യമായി ഓഫീൽ വരാനും ഫയലുകൾ പഠിക്കാനും ജേക്കബ് തോമസ് തയ്യാറാകുന്നതെന്നാണ് സൂചന.

വിജിലൻസ് കേസിന്റെ പേരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ഡി.ജി.പി. ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർക്കു തുല്യമായ തസ്തികയിൽ തിരിച്ചെടുത്ത് വിവാദം അവസാനിപ്പിക്കുന്ന തട്ടിപ്പ് രീതിയാണ് സർക്കാർ കൈക്കൊണ്ടത്. സസ്‌പെൻഷനെതിരേ ജേക്കബ് തോമസ് കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചപ്പോൾ, അദ്ദേഹത്തെ ഡി.ജി.പി. പദവിക്കു തുല്യമായ തസ്തികയിൽ നിയമിക്കണമെന്നായിരുന്നു വിധി. തുടർന്ന്, താരതമ്യേന ചെറിയസ്ഥാപനമായ ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിച്ചു. ട്രിബ്യൂണൽ വിധി പാലിക്കുന്നതിനായി ഈ തസ്തിക വിജിലൻസ് ഡയറക്ടറുടേതിനു തുല്യമായ കേഡർ തസ്തികയാക്കി. ഇതും പണിയാകുന്നത് പിണറായിക്ക് തന്നെയാണ്. സ്രാവുകൾക്കൊപ്പമാണ് നീന്തലെന്ന് വളരെ മുമ്പേ ജേക്കബ് തോമസ് തിരിച്ചറിഞ്ഞിരുന്നു. അപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനെ വിശ്വസിച്ചാണ് മുന്നോട്ട് പോയത്. എന്നാൽ ഇപി ജയരാജനെതിരായ വിജിലൻസ് കേസ് എല്ലാം തകിടം മറിച്ചു. സ്പോർട്സ് കൗൺസിൽ അഴിമതി കൂടി വിജിലൻസ് ഡയറക്ടറുടെ മുന്നിൽ എത്തിയപ്പോൾ ജേക്കബ് തോമസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് അധികാര കേന്ദ്രം തിരിച്ചറിഞ്ഞു. ഇതോടെ വിജിലൻസ് ഡയറക്ടർ സ്ഥാനം പോയി. ആദ്യം അവധി. അവിടെ നിന്ന് ഐഎംജിയുടെ ഡയറക്ടർ സ്ഥാനം. അതിലും തീർന്നില്ല പക. അഴിമതിക്കെതിരെ ഉറച്ച നിലപാടുമായി മുന്നോട്ട് പോയ ജേക്കബ് തോമസിനെ സർവ്വീസിൽ നിന്ന് തന്നെ സസ്പെന്റ് ചെയ്തു. ഇതിന് പ്രതികാരം തീർക്കാൻ കിട്ടുന്ന ഓരോ അവസരവും ഉപയോഗിക്കാനാണ് ജേക്കബ് തോമസിന്റെ തീരുമാനം.

വിജിലൻസ് ഡയറക്ടറായിരിക്കെ ഉന്നത സിപിഎം നേതാക്കൾക്കും ഐഎഎസ് ഉന്നതർക്കുമെതിരെ അഴിമതി ആരോപണത്തിൽ അന്വേഷണം നടത്തിയതോടെയാണ് ജേക്കബ് തോമസിനെതിരെ പിണറായി സർക്കാർ തിരിഞ്ഞത്. ആദ്യം വിജിലൻസ് സ്ഥാനത്തു നിന്നും നിർബന്ധിത അവധി എടുപ്പിച്ചു. പിന്നീട് പദവിയിൽ നിന്നും മാറ്റുകയും ചെയ്തു. ഇതിന് ശേഷം സർക്കാർ വിമർശനത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ബാർ കോഴ അടക്കമുള്ള അഴിമതികളിൽ അതിശക്തമായ നിലപാടാണ് ജേക്കബ് തോമസ് സ്വീകരിച്ചത്. ഇതെല്ലാം വലിയ ആവേശത്തോടെ മലയാളികൾ ഏറ്റെടുത്തു. ബാർ കോഴയിൽ യുഡിഎഫ് സർക്കാരിന്റെ നിലപാടുകളും വിജിലൻസ് എഡിജിപി ആയിരിക്കെ ജേക്കബ് തോമസ് ചെവിക്കൊണ്ടില്ല. ഇതുകൊണ്ട് തന്നെ കോൺഗ്രസും മുസ്ലിം ലീഗും കേരളാ കോൺഗ്രസുമെല്ലാം ജേക്കബ് തോമസിന് എതിരാണ്. ഈ സാഹചര്യം കൂടി മനസ്സിലാക്കിയാണ് ജേക്കബ് തോമസിനെ പിണറായി സർക്കാർ പീഡിപ്പിക്കുന്നത്. ജേക്കബ് തോമസിനെ ആരെന്തു ചെയ്താലും പ്രതിപക്ഷം ചോദിക്കില്ലെന്ന തിരിച്ചറിവാണ് ഇതിന് കാരണം.

നേരത്തെ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സിഎംഡിയായി നിയമിക്കാനുള്ള തീരുമാനത്തെ പരിഹസിച്ച് ഡിജിപി ജേക്കബ് തോമസ് രംഗത്ത് വന്നിരുന്നു. ഇരുമ്പുണ്ടാക്കുന്നത് താൻ പഠിച്ചിട്ടില്ലെന്നും ഡിജിപി റാങ്കിലുള്ളയാൾ ഇടപെടേണ്ട ക്രമസമാധാന പ്രശ്നം ഇരുമ്പുണ്ടാക്കുന്നിടത്തുണ്ടോ എന്ന് തനിക്കറിയില്ലെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു. എന്നാൽ ഇവിടെ ഇരുമ്പു പോയിട്ട് തുരുമ്പ് പോലും ഇല്ലാത്ത അവസ്ഥയിലാണ് കാര്യങ്ങൾ. ആരു വിചാരിച്ചാലും രക്ഷപ്പെടുത്താനാകാത്ത സ്ഥാപനം. ഇതിലേക്ക് എന്തിനാണ് ജേക്കബ് തോമസിനെ വിടുന്നതെന്ന് ആർക്കും മനസ്സിലാകുന്നില്ല. കോടതി വിധി അനുസരിക്കേണ്ട ബാധ്യത തീർക്കാൻ വേണ്ടി മാത്രമുള്ള നടപടിയാണ് ഇതെന്നാണ് പൊതുവേ ഉയരുന്ന വിലയിരുത്തൽ. ഇത്തരമൊരു മുങ്ങുന്ന കപ്പലിലെ ചെയർമാൻ പദവിയെയാണ് ജേക്കബ് തോമസിന് വേണ്ടി വിജിലൻസ് ഡയറക്ടർ പദവിയായി ഉയർത്തുന്നത്.

1981ൽ പി.സി. ചാക്കോ വ്യവസായ മന്ത്രിയായിരിക്കെയാണു ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് സ്ഥാപനം സർക്കാർ ഏറ്റെടുത്തത്. നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം സമീപകാലത്തു നടത്തിയ പ്രധാന ബിസിനസ് ഭാഗ്യക്കുറി വകുപ്പിനു നറുക്കെടുപ്പു യന്ത്രം നൽകിയതാണ്. അതാകട്ടെ ഇവിടെ നിർമ്മിച്ചതല്ല, സ്വകാര്യ സ്ഥാപനത്തിൽ നിന്നു വാങ്ങി നൽകുകയായിരുന്നു. ഇതിനു ചെറിയ കമ്മിഷനും കിട്ടി. ഇതൊന്നും കൊണ്ട് പിടിച്ചു നിൽക്കാൻ കഴിയാത്തതു കൊണ്ടാണ് പെട്രോൾ കച്ചവടം തുടങ്ങുന്നത്. ഇവിടേക്കാണ് സാക്ഷാൽ ജേക്കബ് തോമസ് ഐപിഎസിനെ സർക്കാർ നിയമിക്കുന്നത്. മെറ്റൽ ഇൻഡസ്ട്രീസിന്റെ ചെയർമാൻ, എംഡി സ്ഥാനത്തെത്തുന്ന ആദ്യ സിവിൽ സർവീസ് ഉദ്യോഗസ്ഥനാണു ജേക്കബ് തോമസ്.

ഇതിനു മുൻപു രാഷ്ട്രീയ നിയമനങ്ങളാണ് ഏറെയും നടന്നിട്ടുള്ളത്. മുസ്ലിം ലീഗിൽ നിന്നു മരയ്ക്കാർ മാരായമംഗലം ചെയർമാനായി. ഒ.കെ മൊയ്തു, മുഹമ്മദ് അനൂപ് നഹ എന്നിവർ എംഡിമാരായി. ഇടതുപക്ഷത്തു നിന്നു സിപിഎമ്മിലെ മുൻ എംപി എസ്.ശിവരാമനും കോൺഗ്രസ് എസിലെ മുൻ എംഎൽഎ വി.കെ ബാബുവും ചെയർമാന്മാരായി. സിഡ്കോ എംഡിയായിരിക്കെ വിജിലൻസ് കേസുകളിൽ ഉൾപ്പെട്ട സജി ബഷീർ മെറ്റൽ ഇൻഡസ്ട്രീസിന്റെ എംഡി സ്ഥാനം കൂടി വഹിച്ചിരുന്നു. ഡിജിപി ജേക്കബ് തോമസിനെ മെറ്റൽ ഇൻഡസ്ട്രീസ് തലവനായി സർക്കാർ നിയമിച്ചതിലൂടെ പകപോക്കലിന്റെ മറ്റൊരു രാഷ്ട്രീയമാണ് പിണറായി സർക്കാർ പയറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP