Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശാസ്ത്രീയ പൊലീസ് സംവിധാനം വേണ്ടെന്നത് സ്ഥാപിത താത്പര്യം; സേനയെ പ്രൊഫഷനൽ ആക്കാനും സുരക്ഷ എന്ന കാഴ്ചപാടിന് പുതിയ മാനം നൽകാനും ആരും മുന്നിട്ടിറങ്ങുന്നില്ല; സംസ്ഥാന സർക്കാരിന് ചിലവൊന്നുമില്ലാഞ്ഞിട്ടും ഫയൽ മാത്രം നീങ്ങുന്നില്ല; മെല്ലപ്പോക്കിൽ നഷ്ടമാവുക കേന്ദ്രത്തിന്റെ 50 കോടിയുടെ ഗ്രാന്റും; ഒളിച്ചു കളിക്കുന്നത് ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും; കേരളത്തിൽ പൊലീസ് യൂണിവേഴ്‌സിറ്റി വരാത്തതിന് പിന്നിലും ഐഎഎസ്-ഐപിഎസ് പോര്

ശാസ്ത്രീയ പൊലീസ് സംവിധാനം വേണ്ടെന്നത് സ്ഥാപിത താത്പര്യം; സേനയെ പ്രൊഫഷനൽ ആക്കാനും സുരക്ഷ എന്ന കാഴ്ചപാടിന് പുതിയ മാനം നൽകാനും ആരും മുന്നിട്ടിറങ്ങുന്നില്ല; സംസ്ഥാന സർക്കാരിന് ചിലവൊന്നുമില്ലാഞ്ഞിട്ടും ഫയൽ മാത്രം നീങ്ങുന്നില്ല; മെല്ലപ്പോക്കിൽ നഷ്ടമാവുക കേന്ദ്രത്തിന്റെ 50 കോടിയുടെ ഗ്രാന്റും; ഒളിച്ചു കളിക്കുന്നത് ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും; കേരളത്തിൽ പൊലീസ് യൂണിവേഴ്‌സിറ്റി വരാത്തതിന് പിന്നിലും ഐഎഎസ്-ഐപിഎസ് പോര്

എം മനോജ് കുമാർ

തിരുവനന്തപുരം: കേരളത്തിൽ പൊലീസ് യൂണിവേഴ്‌സിറ്റി വരാതിരിക്കുന്നതിന് പിന്നിൽ ഐഎഎസ്-ഐപിഎസ് പോര് തന്നെ. ഐപിഎസുകാർ അങ്ങിനെ വിസി ആയി വിലസേണ്ടെന്നും തങ്ങളുടെ രീതിയിലേക്ക് ഉയർന്നു വരേണ്ടെന്നുമുള്ള ഐഎഎസ് ലോബിയുടെ താത്പര്യമാണ് കേരളത്തിൽ പൊലീസ് വാഴ്‌സിറ്റിയുടെ ചിറകരിയുന്നത്. കൂടത്തായിയിലെ സീരിയൽ കൊലപാതങ്ങളുടെ പശ്ചാത്തലത്തിൽ ശാസ്ത്രീയമായ അന്വേഷണങ്ങൾക്ക് വേണ്ടി കേരളത്തിലെ പൊലീസ് യൂണിവേഴ്‌സിറ്റി യാഥാർത്ഥ്യമാകുമോ എന്ന ചോദ്യം ഉയരുമ്പോൾ തത്ക്കാലം അതിനുള്ള സാധ്യതകൾ നിലവിലില്ല എന്ന മറുപടിയാണ് ലഭിക്കുക. പൊലീസ് യൂണിവേഴ്‌സിറ്റി എന്ന ആശയവും പ്രോജക്ടും തത്ക്കാലം ഫയലിൽ ഉറങ്ങുകയാണ്.

ഇരുനൂറും നാനൂറും വിദ്യാർത്ഥികൾക്ക് വേണ്ടി യൂണിവേഴ്‌സിറ്റികൾ കേരളത്തിൽ ഫംഗ്ഷൻ ചെയ്യുമ്പോഴാണ് വർഷം പ്രതി എട്ടു ലക്ഷത്തിലധികം കേസുകളും 53000 പൊലീസുകാരുമുള്ള കേരളത്തിൽ പൊലീസ് യൂണിവേഴ്‌സിറ്റിയെ കേരളം പടിക്ക് പുറത്ത് നിർത്തുന്നത്. ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഉണ്ടാകാൻ പോകുന്ന യൂണിവേഴ്‌സിറ്റിയെ തന്നെയാണ് പടിക്ക് പുറത്ത് നിർത്തുന്നതും എന്നതും വിസ്മരിക്കാൻ സാധ്യവുമല്ല. ശാസ്ത്രീയ പൊലീസ് സംവിധാനം തത്ക്കാലം കേരളത്തിൽ വേണ്ടെന്ന സ്ഥാപിത താത്പര്യമാണ് പൊലീസ് യൂണിവേഴ്‌സിറ്റി എന്ന സ്വപനം അട്ടിമറിക്കപ്പെടുന്നതിനു പിന്നിൽ. പൊലീസ് സേനയെ പ്രൊഫഷനൽ ആക്കുക, സുരക്ഷ എന്ന കാഴ്ചപ്പാടിന് പുതിയ മാനങ്ങൾ നൽകുക, ശാസ്ത്രീയ കുറ്റാന്വേഷണത്തിനു ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുക, കുറ്റാന്വേഷണത്തിൽ ഡിഗ്രി കോഴ്‌സുകൾ ആരംഭിക്കുക എന്ന ലക്ഷ്യങ്ങൾ യൂണിവേഴ്‌സിറ്റി രൂപീകരണവുമായി ബന്ധപ്പെട്ടു മുൻപിൽ വന്നിരുന്നു. പക്ഷെ കടലാസിൽ ഉറങ്ങാൻ തന്നെയാണ് വാഴ്‌സിറ്റി പ്രൊജക്റ്റിന്റെ വിധി.

കേരളം മുൻപ് ഭരിച്ച ഉമ്മൻ ചാണ്ടിയുടെയും ഇപ്പോൾ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും സ്വപ്നപദ്ധതിയാണ് ഐപിഎസ്-ഐഎഎസ് പോരിൽ കുടുങ്ങി യാഥാർത്ഥ്യമാകാതെ പോകുന്നത്. കേരളത്തിലെ പല മരണങ്ങളും കൊലപാതകങ്ങൾ ആവുകയും കൊലപാതകികൾ നിരപരാധികളായി സ്വൈരവിഹാരം നടത്തുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ ശാസ്ത്രീയ പൊലീസ് സംവിധാനത്തെക്കുറിച്ചും പൊലീസ് യൂണിവേഴ്‌സിറ്റിക്കും വേണ്ടി മുറവിളി ഉയരുമ്പോൾ ഫയൽ നീക്കാതിരിക്കാനും യോഗം നടക്കാതിരിക്കാനും ചരട് വലിക്കുന്നത് ഐഎഎസ് ലോബി തന്നെയാണ് എന്നതാണ് വ്യക്തമാകുന്നത്. ആഭ്യന്തര സെക്രട്ടറിയും ചീഫ് സെക്രട്ടറിയും തന്നെ അറിഞ്ഞോ അറിയാതെയോ തടസം നിൽക്കും. ഫയൽ നീങ്ങില്ല. ഇതാണ് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് വിനയായത്. ഇതേ പ്രശ്‌നം തന്നെയാണ് ഈ സർക്കാരിന്റെ കാലത്തും നടക്കുന്നതും.

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയും ആഭ്യന്തരമന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണനും രമേശ് ചെന്നിത്തലയും ഇപ്പോഴത്തെ മുഖ്യമന്ത്രിയായ പിണറായി വിജയനും ശാസ്ത്രീയ പൊലീസ് സംവിധാനത്തെക്കുറിച്ച് സ്വപ്നങ്ങൾ നെയ്‌തെങ്കിലും ഇപ്പോഴും പൊലീസ് യൂണിവേഴ്‌സിറ്റി ഒരു ഫയലായി തന്നെ കിടക്കുകയാണ്. ചെന്നിത്തല ആഭ്യന്തര മന്ത്രിയായപ്പോൾ രണ്ടു മൂന്നു തവണ ശ്രമം നടത്തിയിരുന്നു. കാബിനെറ്റിൽ ഈ കാര്യം ചർച്ച ചെയ്യാൻ നോട്ടും നൽകിയിരുന്നു. എന്നാൽ കാബിനെറ്റിൽ ഈ കാര്യം ചർച്ചയ്ക്ക് വന്നില്ല. ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചിട്ടും വാഴ്‌സിറ്റിക്കായുള്ള ഒരു കാര്യവും മുന്നോട്ടു നീങ്ങുന്നില്ല.

വിദ്യാഭ്യാസ വകുപ്പിന്റെ ക്ലിയറൻസ്, ഫിനാൻസ് ക്ലിയറൻസ്, കാബിനെറ്റ് അപ്പ്രൂവൽ, അസംബ്ലിയുടെ അപ്പ്രൂവൽ വേണം. ഇങ്ങിനെ നാല് കടമ്പകളിൽ തട്ടിയാണ് വാഴ്‌സിറ്റി ഫയലായി തന്നെ കിടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഈ കാര്യത്തിൽ ഒരു മീറ്റിങ് നടത്തിയിരുന്നു. രണ്ടാമത് മീറ്റിങ് നടത്താൻ തീയതി തീരുമാനിച്ചിരുന്നു. മൂന്നു തവണ നോട്ടു നൽകി. എന്നാൽ മീറ്റിങ് നടന്നില്ല. പല കടമ്പകൾ ആണ് പൊലീസ് യൂണിവേഴ്‌സിറ്റിയുടെ കാര്യത്തിൽ മുന്നിലുള്ളത്. ഈ കടമ്പകൾ ഒന്നും കടക്കാൻ നിലവിൽ പൊലീസ് യൂണിവേഴ്‌സിറ്റി എന്ന ആശയം ഉയർത്തി മുന്നോട്ടു പോകുന്നവർക്ക് കഴിയുന്നില്ല.

പത്തൊൻപത് യൂണിവേഴ്‌സിറ്റികൾ കേരളത്തിലുണ്ട്. ഇരുപതാമത്തെ യൂണിവേഴ്‌സിറ്റിയുടെ ആവശ്യം എന്ത് എന്ന ചോദ്യമാണ് ഫിനാൻസ് വകുപ്പ് ഉയർത്തുന്നത്. പത്തൊൻപത് യൂണിവേഴ്‌സിറ്റികളിൽ നടക്കുന്ന കാര്യമല്ല ഇരുപതാമത്തെ യൂണിവേഴ്‌സിറ്റിയിൽ നടക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാലും ഫയൽ ഫിനാൻസ് വകുപ്പിൽ ഭദ്രമായി കിടക്കും. ക്ലിയറൻസ് ലഭിക്കില്ല. മറ്റു സർവകലാശാലകളിലെ കാര്യം എടുത്താലോ? മലയാളം സർവകലാശാലയിൽ ഉള്ളത് 400 വിദ്യാർത്ഥികൾ മാത്രമാണ്. അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ ഉള്ളത് 600 1500 വിദ്യാർത്ഥികളും. കുസാറ്റിൽ ആകെയുള്ളത് 1500 വിദ്യാർത്ഥികൾ ആണ്. വെറ്ററിനറി യൂണിവേഴ്‌സിറ്റിയിൽ ഉള്ളത് 400 വിദ്യാർത്ഥികളും. എന്നാൽ വർഷം പ്രതി എട്ടു ലക്ഷത്തിലധികം കേസുകളും 53000 പൊലീസുകാരുമുള്ള കേരളത്തിൽ സർവകലാശാലയ്ക്ക് ഭരണവൃത്തങ്ങൾ തന്നെ തടസം നിൽക്കുകയാണ്. ഇത് വാഴ്‌സിറ്റിയുടെ വഴിയടയ്ക്കുകയും ചെയ്യുന്നു.

പൊലീസിനു പ്രൊഫഷനൽ ടച്ച് വേണമെങ്കിൽ പൊലീസ് യൂണിവേഴ്‌സിറ്റി വേണം. എന്നാൽ കേരളത്തിൽ ഈ രീതിയിൽ ഒരു യൂണിവേഴ്‌സിറ്റിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് ഭരിച്ചിരുന്ന സമയത്ത് ഗുജറാത്തിൽ പൊലീസ് യൂണിവേഴ്‌സിറ്റി യാഥാർത്ഥ്യമാക്കി. ആകെയുള്ള പൊലീസ് യൂണിവേഴ്‌സിറ്റിയും ഗുജറാത്തിലെത് മാത്രമാണ്. കേരളം അടക്കമുള്ള മറ്റു സംസ്ഥാനങ്ങൾക്ക് ഈ രീതിയിൽ പൊലീസ് സംവിധാനത്തിൽ പ്രൊഫഷനൽ ടച്ച് കൊണ്ട് വന്നു മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. രാജസ്ഥാനിൽ വാഴ്‌സിറ്റി തുടങ്ങിയെങ്കിലും നിന്നുപോയി. തമിഴ്‌നാട്ടിൽ അറുനൂറു ഏക്കർ സ്ഥലം എടുത്ത് യൂണിവേഴ്‌സിറ്റി തുടങ്ങാൻ മുഖ്യമന്ത്രി ജയലളിത തീരുമാനിച്ചിരുന്നു. എന്നാൽ ജയലളിത മരണമടഞ്ഞതോടെ ആ പ്രോജക്ടും നിന്നുപോയി.

എല്ലാവരും നമ്പർ വൺ എന്ന് സർട്ടിഫൈ ചെയ്യുന്ന പൊലീസാണ് കേരളാ പൊലീസ്. ഈ നമ്പർ വൺ പൊലീസ് ഇന്ത്യയ്ക്കും ലോകത്തിനും മാതൃകയായി പൊലീസ് യൂണിവേഴ്‌സിറ്റി രൂപപ്പെടുത്തിയിട്ടില്ല. എട്ടു ലക്ഷത്തിലധികം കേസാണ് ഒരു വർഷത്തിൽ കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്. ഇതിൽ പതിനായിരം കേസുകളിൽ മാത്രമാണ് ശാസ്ത്രീയ അന്വേഷണം നടക്കുന്നത്. യൂണിവെഴ്‌സിറ്റി വന്നാൽ ഫോറൻസിക് സയൻസ് വിപുലപ്പെടുത്താൻ കഴിയും. പൊലീസ് ഓഫീസർമാർക്ക് ഈ രീതിയിൽ പരിശീലനം നൽകാനും കഴിയും. കേരള സർക്കാരിനു ചെലവില്ലാത്ത സംഭവമാണ് പൊലീസ് വാഴ്‌സിറ്റി. സ്ഥലം നൽകിയാൽ ഫണ്ട് കേന്ദ്രം നൽകും. 50 കോടിയോളം രൂപ കേന്ദ്രത്തിൽ നിന്നും വാഴ്‌സിറ്റിക്കായി കേരളത്തിനു ലഭിക്കും. ഇപ്പോഴത്തെ നോഡൽ ഓഫീസർ അലക്‌സാണ്ടർ ജേക്കബ് നൽകിയ പൂർണമായ പ്രൊപ്പോസൽ മുഖ്യമന്ത്രി പിണറായി വിജയന് മുന്നിലുണ്ട്. സർക്കാരിനു അഞ്ച് പൈസ മുടക്കാതെ യൂണിവേഴ്‌സിറ്റി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്ന രീതിയിലുള്ള ഡ്രാഫ്റ്റ് ആണിതെന്നാണ് അറിയാൻ കഴിയുന്നത്.

കേരളത്തിൽ പൊലീസ് യൂണിവേഴ്‌സിറ്റി വേണം എന്ന കാര്യത്തിൽ കഴിഞ്ഞ യുഡിഎഫ് സർക്കാർ തീരുമാനം കൈക്കൊണ്ടപ്പോൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് പൊലീസ് സയൻസസ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ് എന്ന് നാമകരണം ചെയ്തു. മുൻ ഡിജിപി എം.എൻ.കൃഷ്ണമൂർത്തിയെ നോഡൽ ഓഫീസർ ആയി നിയമിക്കുകയും ചെയ്തു. കാര്യവട്ടത്തെ കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ 22 ഏക്കർ സ്ഥലവും കണ്ടെത്തിയിരുന്നു. പാളയത്തെ ചന്ദ്രശേഖരൻ നായർ സ്റ്റെഡിയത്തിൽ യൂണിവേഴ്‌സിറ്റിയുടെ ഓഫീസും പ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ കാര്യങ്ങൾ മുന്നോട്ട് നീങ്ങിയില്ല. തുടർന്ന് ഇടത് സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും പൊലീസ് യൂണിവേഴ്‌സിറ്റിക്ക് വേണ്ടി വ്യക്തിപരമായി തന്നെ താത്പര്യമെടുത്ത് മുന്നോട്ടു പോയി. അപ്പോഴും തടസങ്ങൾ വന്നു. പിണറായി സർക്കാർ കൃഷ്ണമൂർത്തിയെ മാറ്റി മുൻ ഡിജിപി അലക്‌സാണ്ടർ ജേക്കബിനെ നോഡൽ ഓഫീസർ ആക്കി മാറ്റി. ഇപ്പോഴും നോഡൽ ഓഫീസർ സ്ഥാനത്ത് അലക്‌സാണ്ടർ ജേക്കബ് തന്നെയാണ്. പക്ഷെ കാര്യങ്ങൾ ഒന്നും മുന്നോട്ടു പോകുന്നില്ല.

ചന്ദ്രശേഖരൻ നായർ ഓഫീസിലെ ഓഫീസ് മാറ്റി ഓഫീസ് ഡിപിഐയിലെ പൊലീസ് ക്വാർട്ടേഴ്‌സ് പരിസരത്തേക്ക് മാറ്റി. അന്ന് ചന്ദ്രശേഖരൻ നായർ സ്റ്റെഡിയത്തിനു സമീപമിട്ട തറക്കല്ല് ഡിപിഐയിലെ ഓഫീസിലെക്ക് മാറ്റുകയും ചെയ്തു. അല്ലാതെ വേറെ കാര്യങ്ങൾ ഒന്നും വന്നില്ല. നോഡൽ ഓഫീസർക്ക് ഒരു സൗകര്യവും സർക്കാർ നൽകിയിട്ടില്ല. കാർ, ഓഫീസ്, സ്റ്റാഫ്, അനുബന്ധ സൗകര്യങ്ങൾ ഒന്നും ലഭ്യമാക്കിയിട്ടില്ല. ആശയക്കുഴപ്പം നിലനിൽക്കുന്നതിനാലാണ് ഇത് ഇങ്ങിനെ തന്നെ തുടരുന്നത്. നല്ല പൊലീസ് വേണമെങ്കിൽ നല്ല യൂണിവേഴ്‌സിറ്റിയും വേണം. ശാസ്ത്രീയ കുറ്റാന്വേഷണ ത്വരയും അറിവും ഉള്ള പൊലീസുകാർ കേരളത്തിൽ തുലാം കുറവാണ്. ശാസ്ത്രീയ കുറ്റാന്വേഷണം വേണമെങ്കിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് കുറ്റാന്വേഷണത്തിൽ ഡിഗ്രി വേണം. ക്രിമിനൽ നിയമം വരെ പൊലീസുകാരെ പഠിപ്പിക്കണം. അതിനു യൂണിവേഴ്‌സിറ്റി വേണം എന്ന് തന്നെയുള്ള ആവശ്യമാണ് ഉയരുന്നത്.

ആറുപേരെ കൊലപ്പെടുത്തിയ ജോളിയെ പിടികൂടുന്നത് രണ്ടു പതിറ്റാണ്ടിനു ശേഷമാണ്. കേരളത്തിൽ ഒട്ടുവളരെ കൊലപാതകങ്ങൾ നടക്കുന്നുണ്ട്. പക്ഷെ ആരും പിടിക്കപ്പെടുന്നില്ല. യഥാർത്ഥ പ്രതികൾ പലപ്പോഴും വലയ്ക്ക് പുറത്താണ്. കേരളത്തിൽ പൊലീസ് യൂണിവേഴ്‌സിറ്റി ആവശ്യമാണ് എന്നതിന് ജോളിയുടെ ഒരൊറ്റ മൊഴി മാത്രം മതിയെന്നും പൊലീസ് വൃത്തങ്ങളിൽ ഇപ്പോൾ വിരൽ ചൂണ്ടൽ വരുന്നു. ആദ്യ കൊലപാതകം നടത്തിയപ്പോൾ താമരശ്ശേരി പൊലീസ് എന്നെ പിടികൂടിയിരുന്നെങ്കിൽ പിന്നീടുള്ള സീരിയൽ കൊലപാതകങ്ങൾ നടക്കില്ലായിരുന്നു എന്നാണ് ജോളി പൊലീസിന് തന്നെ മൊഴി കൊടുത്തത്. പൊലീസിന്റെ ശാസ്ത്രീയതില്ലാത്ത അന്വേഷണം മുതലെടുത്താണ് രണ്ടു പതിറ്റാണ്ടുകൾക്കിടയിൽ ആറു പേരെ ജോളി സയനൈഡ് നൽകി കൊല ചെയ്തത്.

ഇപ്പോൾ ക്രൈംബ്രാഞ്ച് സംഘം പുനരന്വേഷണം നടത്തുന്ന പാങ്ങോട് ഭരതന്നൂരിലെ ആദർശ് വിജയന്റെ ദുരൂഹമരണവും ഇപ്പോൾ വിരൽ ചൂണ്ടുന്നതുകൊലപാതക സാധ്യതയിലേക്കാണ്. പാങ്ങോട് പൊലീസ് ലാഘവത്തോടെ കുട്ടിയുടെ മരണം കണ്ടതാണ് കൊലപാതകികൾ രക്ഷപ്പെടാൻ ഇടയാക്കിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ആദർശ് വിജയന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. ഇപ്പോൾ രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഈ കൊലപാതകികൾ സ്വൈരവിഹാരം തന്നെയാണ് നടത്തുന്നത്. ഇതെല്ലാം തന്നെ പൊലീസിന്റെ ശാസ്ത്രീയതയില്ലാത്ത അന്വേഷണത്തിലേക്ക് ആണ് വിരൽ ചൂണ്ടുന്നത്. ഈ ഘട്ടത്തിൽ തന്നെയാണ് കേരളാ പൊലീസിനെ ശാസ്ത്രീയമായി നവീകരിക്കാൻ പൊലീസ് യൂണിവേഴ്‌സിറ്റി തന്നെ വേണം എന്ന ആവശ്യം ഉയർന്നു വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP