Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കളക്ടർ കർശനമായി നിരോധിച്ചിട്ടും പുറ്റിങ്ങൽ വെടിക്കെട്ടിന് അനുമതി നൽകിയ പൊലീസ് കമ്മീഷണർ പ്രകാശ് അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതിസ്ഥാനത്ത് നിന്നൊഴിവാക്കി പാവം വെടിക്കെട്ടുകാരേയും അമ്പല കമ്മറ്റിക്കാരേയും മാത്രം പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് റിപ്പോർട്ട്; ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിന് തൊട്ട് മുമ്പ് ഫയൽ ചോദിച്ചു വാങ്ങി തച്ചങ്കരി; പൊലീസുകാരെ പ്രതിചേർക്കാൻ തുനിഞ്ഞാൽ വെറുതെയിരിക്കില്ലെന്ന് ഒരു വിഭാഗം ഐപിഎസുകാർ; സർക്കാരിന് തലവേദനയാകാൻ വീണ്ടും പുറ്റിങ്ങൽ കേസ്

കളക്ടർ കർശനമായി നിരോധിച്ചിട്ടും പുറ്റിങ്ങൽ വെടിക്കെട്ടിന് അനുമതി നൽകിയ പൊലീസ് കമ്മീഷണർ പ്രകാശ് അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതിസ്ഥാനത്ത് നിന്നൊഴിവാക്കി പാവം വെടിക്കെട്ടുകാരേയും അമ്പല കമ്മറ്റിക്കാരേയും മാത്രം പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് റിപ്പോർട്ട്; ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിന് തൊട്ട് മുമ്പ് ഫയൽ ചോദിച്ചു വാങ്ങി തച്ചങ്കരി; പൊലീസുകാരെ പ്രതിചേർക്കാൻ തുനിഞ്ഞാൽ വെറുതെയിരിക്കില്ലെന്ന് ഒരു വിഭാഗം ഐപിഎസുകാർ; സർക്കാരിന് തലവേദനയാകാൻ വീണ്ടും പുറ്റിങ്ങൽ കേസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 2016 ഏപ്രിൽ പത്താം തിയതി പുലർച്ചെ മൂന്നരയ്ക്കാണ് നാടിനെ കണ്ണീരിലാഴ്‌ത്തിയ പറവൂർ പുറ്റിങ്ങൽ വെടിക്കെട്ട് അപകടം നടന്നത്. 111 ആളുകൾ കൊല്ലപ്പെട്ട ദുരന്തത്തിൽ 350 ഓളം പേർക്ക് പരിക്കേൽക്കുകയും പകച്ചു നിൽക്കുകയും. പുറ്റിങ്ങൽ വെടിക്കെട്ടപകടം അന്വേഷിച്ച ജസ്റ്റിസ് പി എസ് ഗോപിനാഥൻ കമ്മീഷൻ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് സമർപ്പിച്ചത് ജൂലൈയിലാണ്. അപകടം നടന്ന് മൂന്ന് വർഷം പിന്നിട്ടതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ട് പോലും അതീവ രഹസ്യമാണ്. പൊലീസുകാരെ കുറ്റപ്പെടുത്തുന്ന റിപ്പോർട്ട് ആയതു കൊണ്ടാണ് ഇതിലെ ഒരു വരി പോലും പുറത്തു വരാത്തത്. ഇതിനിടെ പൊലീസിനുള്ളിൽ നിന്ന് ഈ കേസിൽ പുതിയ നീക്കം നടക്കുകയാണ്. ഈ കേസ് ഫയൽ ക്രൈംബ്രാഞ്ച് മേധാവിയായ എഡിജിപി ടോമിൻ തച്ചങ്കരി തുറന്നതാണ് വിവാദങ്ങൾക്ക് കാരണം. ഈ കേസിൽ പൊലീസുകാരെ കൂടി പ്രതി ചേർക്കാനാണ് തച്ചങ്കരി ആലോചിക്കുന്നത്. ഇത് പൊലീസ് തലപ്പത്തെ ഭിന്നത രൂക്ഷമാക്കുകയാണ്.

കളക്ടർ അനുമതി നിഷേധിച്ചിട്ടും പൊലീസിന്റെ മൗനാനുവാദത്തോടെയാണ് വെടിക്കെട്ടു നടന്നതെന്ന കൊല്ലം ജില്ലാ കളക്ടർ ഷൈനാമോളുടെ പ്രസ്താവന വിവാദമായിരുന്നു. ക്ഷേത്രത്തിൽ നിയമവിരുദ്ധമായാണ് വെടിക്കെട്ടു നടക്കാൻ പോകുന്നതെന്ന അറിവുണ്ടായിട്ടും, സ്ഥലം സിഐ അത് മേലധികാരികളിൽ നിന്നും മറച്ചുവെച്ചു. വെടിക്കെട്ടു സംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ട് ജില്ലാ പൊലീസ് കമ്മീഷണർ അവഗണിച്ചുവെന്നും, സ്ഥലം സിഐ തയ്യാറാക്കിയ പ്രഥമവിവരറിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ ഇത് പിന്നീട് അപ്രത്യക്ഷമായി. ജില്ലാ കളക്ടറുടെ മൊഴി ഗൗരവത്തോടെ ആരും എടുത്തില്ല. അന്ന് കൊല്ലം കമ്മീഷണറായിരുന്ന പി പ്രകാശ് കുടുങ്ങുമെന്നതിനാലായിരുന്നു ഇത്. പൊലീസിന്റെ വീഴ്ചകൾ മറച്ചു വച്ച് പാവം വെടിക്കെട്ടുകാരേയും അമ്പലക്കറ്റിക്കാരേയും പ്രതികളാക്കി. കൊലക്കുറ്റം ചുമത്തുകയും ചെയ്തു. ഈ നടപടി ശരിയല്ലെന്നാണ് ക്രൈംബ്രാഞ്ച് തലവനായ ടോമിൻ തച്ചങ്കരിയുടെ പക്ഷം. ഈ വിഷയത്തിൽ പൊലീസുകാരും പ്രതികളാകണമെന്നാണ് വിലയിരുത്തൽ. അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഇതു സംബന്ധിച്ച നിയമോപദേശം തച്ചങ്കരി തേടിയതായാണ് സൂചന. ഇതോടെ പൊലീസ് അസോസിയേഷനിലെ ഒരു വിഭാഗം തച്ചങ്കരിക്കെതിരെ തിരിയുകാണ്.

സെക്രട്ടറിയായിരുന്ന ഐജി: മനോജ് ഏബ്രഹാം രാജിവച്ചപ്പോൾ ഡിജിപി: ലോക്‌നാഥ് ബെഹ്‌റയാണു പ്രകാശിനെ പകരം സെക്രട്ടറിയായി നിയോഗിച്ചത്. ബെഹ്‌റയുമായി ഏറെ അടുപ്പമുള്ള ഉദ്യോഗസ്ഥനാണ് പ്രകാശ്. ഈ സാഹചര്യത്തിലാണ് തച്ചങ്കരിയുടെ നീക്കമെന്ന് വരുത്താനാണ് ചിലരുടെ ശ്രമം. ജേക്കബ് തോമസിനെ പോലൊരു സീനിയർ ഉദ്യോഗസ്ഥനെ കേസിൽ കുടുക്കി സസ്‌പെന്റ് ചെയ്തപ്പോൾ പോലും ഐപിഎസ് അസോസിയേഷൻ പ്രതികരണത്തിന് മുതിർന്നില്ല. ജേക്കബ് തോമസിനെ ബലിയാടാക്കുകയാണ് ചെയ്തത്. അത്തരത്തിലൊരു സംഘടനയാണ് പുറ്റിങ്ങലിലെ അന്വേഷണത്തെ എതിർക്കുന്നതും ഐപിഎസുകാരെ പ്രതിചേർത്താൽ പ്രശ്‌നമാകുമെന്ന് ഭീഷണിപ്പെടുത്തുന്നത്. ഏതായാലും സർക്കാരിന് ഈ കേസ് തലവേദനയായി മാറുമെന്നാണ് സൂചന. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എടുക്കുന്ന നിലപാടാകും ഇനി നിർണ്ണായകം.

പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിൽ വീഴ്ച വരുത്തിയ സർക്കാർ ഉദ്യോഗസ്ഥരെ പൂർണമായി ഒഴിവാക്കിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയത്. ക്ഷേത്രകമ്മറ്റിക്കാരും വെടിക്കെട്ട് കരാറുകാരും മാത്രമാണ് പ്രതികൾ. ഉദ്യോഗസ്ഥർക്കെതിരെ പ്രത്യേക അന്വേഷണം നടത്തുമെന്നാണ് ക്രൈംബ്രാഞ്ച് ഭാഷ്യം. ഉദ്യോഗസ്ഥ അനാസ്ഥയാണ് വലിയ ദുരന്തത്തിന് വഴിവച്ചതെന്ന് ആദ്യം തന്നെ വ്യക്തമായിരുന്നു. ചുമതല ഉണ്ടായിട്ടും വെടിക്കെട്ടിന്റെ സമയത്ത് സ്ഥലത്തുനിന്ന് മാറിനിന്ന റവന്യു ഉദ്യോഗസ്ഥർ മുതൽ അപകടത്തിലേക്ക് നീങ്ങിയിട്ടും വെടിക്കെട്ട് തടയാൻ ഇടപെടാതിരുന്ന പൊലീസ് ഉദ്യോഗസ്ഥർ വരെയുള്ളവരുടെ വീഴ്ച എക്‌സ്‌പ്ലോസിവ് കൺട്രോളർ അടക്കമുള്ളവരുടെ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. വീഴ്ചകളുടെ ഉത്തരവാദിത്തത്തെ ചൊല്ലി ആഭ്യന്തര വകുപ്പ് സെക്രട്ടറിയും പൊലീസ് മേധാവിയും തമ്മിൽ കൊമ്പുകോർക്കുന്ന സാഹചര്യവും വരെ ഉണ്ടായി. ഇതിനൊടുവിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

എന്നാൽ രണ്ടരവർഷത്തിന് ശേഷം കുറ്റപത്രം നൽകുമ്പോൾ ഈ വീഴ്ചകളൊന്നും പരിഗണിക്കാതെ അന്വേഷണം അട്ടിമറിച്ചു അക്കാര്യങ്ങൾ പ്രത്യേകമായി അന്വേഷിക്കണമെന്ന ന്യായമാണ് മുന്നോട്ട് വയ്ക്കുന്നത്. പുറ്റിങ്ങൽ ക്ഷേത്രകമ്മറ്റി ഭാരവാഹികളും വെട്ടിക്കെട്ട് കരാറുകാരും അടക്കം 59 സാധാരണക്കാർ മാത്രമാണ് ഇപ്പോൾ പ്രതിസ്ഥാനത്ത് ഉള്ളത്. ഇവരിൽ തന്നെ ഏഴുപേർ ദുരന്തത്തിൽ മരിച്ചവരുമാണ്. കൊലക്കുറ്റം അടക്കം പത്ത് വകുപ്പുകളാണ് പ്രതികൾക്കെതിരെ കുറ്റപത്രത്തിൽ ചേർത്തിട്ടുള്ളത്. ഇത് ശരിയല്ലെന്നാണ് തച്ചങ്കരിയുടെ നിലപാട്. ആദ്യ കുറ്റപത്രത്തിൽ തന്നെ ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തണം. ഐപിഎസുകാരുൾപ്പെടെ ആര് പ്രതിയായാലും രക്ഷിക്കേണ്ട കാര്യമില്ലെന്നാണ് തച്ചങ്കരിയുടെ നിലപാട്. മരടിലെ ഫ്‌ളാറ്റ് അഴിമതിയിലും ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. പലരും അറസ്റ്റിലായി. ഇതേ സമീപനും പുറ്റിങ്ങലിലും സ്വീകരിക്കണമെന്നാണ് തച്ചങ്കരിയുടെ നിലപാട്. ഇക്കാര്യം പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയേയും അറിയിച്ചിട്ടുണ്ട്. ബെഹ്‌റയ്ക്കും ഐപിഎസുകാരെ പ്രതികളാക്കാൻ താൽപ്പര്യമില്ലെന്നാണ് സൂചന. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ കാര്യങ്ങൾ ധരിപ്പിച്ച് ഇക്കാര്യത്തിൽ അന്തിമ നിലപാട് എടുക്കാനാകും തച്ചങ്കരി ശ്രമിക്കുക.

പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തിനു ശേഷം ശരി ക്കുള്ള കമ്പക്കെട്ടു നടന്നതു കൊല്ലം ജില്ലയിലെ കലക്ടറും സിറ്റി പൊലീസ് കമ്മിഷണറും തമ്മിലാണ്. അനുമതി നിഷേധിച്ചിട്ടും വെടിക്കെട്ടു നടന്നതിന്റെ പേരിൽ കലക്ടർ ഷൈനാമോൾ പൊലീസിനെതിരെ പരസ്യമായി രംഗത്തെത്തി. പൊലീസ് കമ്മിഷണർ പി. പ്രകാശ് മൗനത്തിലായിരുന്നു. വെടിക്കെട്ടപകടത്തിന്റെ പൂർണ ഉത്തരവാദിത്തം പൊലീസിനാണെന്നായിരുന്നു കലക്ടർ എ ഷൈനാമോൾ റവന്യുമന്ത്രിക്ക് റിപ്പോർട്ട് നൽകിയത്. എന്നാൽ പുറ്റിങ്ങൽ ക്ഷേത്രത്തിലെ കമ്പക്കെട്ട് തടയാൻ ശ്രമിച്ചിരുന്നെങ്കിൽ കലാപമുണ്ടാകുമായിരുന്നെന്നാണ് കൊല്ലം പൊലീസിന്റെ റിപ്പോർട്ട്. വർഷങ്ങളായി ജില്ലാഭരണകൂടത്തിന്റെ അനുമതിയില്ലാതെയാണ് കമ്പക്കെട്ട് നടത്തുന്നത്. ദൂരപരിധി, സമയം, സ്‌ഫോടക വസ്തുക്കളുടെ ഉപയോഗം, വെടിക്കെട്ടിനുള്ള നിയമപരമായ അനുമതി, സുരക്ഷാ മുൻകരുതൽ തുടങ്ങിയ വ്യവസ്ഥകളാണ് ലംഘിച്ചത്. പൊലീസ് ഈ നിയമലംഘനം ശ്രദ്ധയിൽപ്പെട്ടിട്ടും തടഞ്ഞില്ലെന്നതാണ് ആക്ഷേപം. ഇത് മനപ്പൂർവ്വമായിരുന്നുവെന്നായിരുന്നു കുറ്റപ്പെടുത്തൽ. അതുകൊണ്ട് തന്നെ അമ്പലക്കമ്മറ്റിക്കാരേയും വെടിക്കെട്ട് നടത്തിയവരേയും പോലെ പൊലീസും തുല്യ ഉത്തരവാദികളായിരുന്നു.

പുറ്റിങ്ങൽ ക്ഷേത്രത്തിലെ മീനഭരണി ഉൽസവത്തിന്റെ ഭാഗമായുള്ള മൽസരവെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിനെ തുടർന്ന് ആചാരപരമായ വെടിക്കെട്ട് എന്ന നിലയിലാണ് കമ്പം തുടങ്ങിയത്. ആവേശം മൂർച്ഛിച്ചതോടെ കൃഷ്ണൻകുട്ടി ആശാനും സുരേന്ദ്രനാശാനും തമ്മിൽ മത്സരമായി. പൊട്ടിക്കാൻ കൊണ്ടുപോയ കമ്പത്തിൽ തീപ്പൊരി ചിതറി. പിന്നോട്ടോടിയ തൊഴിലാളി ചെന്നുകയറിയത് വൻ സ്‌ഫോടക ശേഖരം സൂക്ഷിച്ചിരുന്ന കമ്പപ്പുരയിലുമായിരുന്നു. കോൺക്രീറ്റ് കെട്ടിടമായ കമ്പപ്പുര വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ചുറ്റുംകൂടിനിന്ന ആയിരക്കണക്കിന് പേരുടെ ഇടയിലെക്ക് കോൺക്രീറ്റ് പാളികൾ ശക്തമായി പതിക്കുകയായിരുന്നുവെന്നതാണ് കുറ്റപത്രത്തിലെ കണ്ടെത്തൽ. അനുമതി ഇല്ലായിരുന്നിട്ടും എങ്ങനെ കമ്പക്കെട്ട് നടന്നുവെന്നതിലേക്ക് അന്വേഷണം പോയില്ല.

കൊല്ലം കമ്മീഷണറായിരുന്ന പ്രകാശ് യോഗം വിളിച്ചതും ആ യോഗത്തിലെ തീരുമാനവും ക്രൈംബ്രാഞ്ച് കണ്ടില്ലെന്ന് നടിച്ചു. ഇതെല്ലാം മറച്ചു വച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാനാണെന്ന വാദം സജീവമാണ്. ഇത് കേസിനെ ദുർബ്ബലമാക്കുകയും ചെയ്യും. ഇത് മനസ്സിലാക്കിയാണ് തച്ചങ്കരിയുടെ നീക്കം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP