Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീടുകളിൽ ഫോണിനും ഇന്റർനെറ്റിനുമൊപ്പം ആവശ്യമെങ്കിൽ കേബിൾ ടിവിയും; കെഎസ്ഇബി ലൈനിലൂടെ കേബിൾ വലിക്കുന്നതിനാൽ ഭൂമി കുഴിക്കുന്നത് ഒഴിവാക്കാം; കേബിൾ കടന്നുപോകുന്ന 2800 കിലോമീറ്റർ സ്ഥലത്തിന്റെയും 29,000 ഓഫീസുകളുടെയും സർവേ പൂർത്തിയായി; സംസ്ഥാനത്ത് എല്ലാവർക്കും ഡിസംബറോടെ ഹൈസ്പീഡ് ഇന്റർനെറ്റ്; പിന്നോക്ക മേഖലയിലെ 20 ലക്ഷം കുടുംബത്തിന് സൗജന്യ കണക്ഷൻ; ഇന്റർനെറ്റ് വിപ്ലവത്തിന് പിണറായി സർക്കാർ; 'കെ ഫോൺ' പദ്ധതിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി മുഖ്യമന്ത്രി

വീടുകളിൽ ഫോണിനും ഇന്റർനെറ്റിനുമൊപ്പം ആവശ്യമെങ്കിൽ കേബിൾ ടിവിയും; കെഎസ്ഇബി ലൈനിലൂടെ കേബിൾ വലിക്കുന്നതിനാൽ ഭൂമി കുഴിക്കുന്നത് ഒഴിവാക്കാം; കേബിൾ കടന്നുപോകുന്ന 2800 കിലോമീറ്റർ സ്ഥലത്തിന്റെയും 29,000 ഓഫീസുകളുടെയും സർവേ പൂർത്തിയായി; സംസ്ഥാനത്ത് എല്ലാവർക്കും ഡിസംബറോടെ ഹൈസ്പീഡ് ഇന്റർനെറ്റ്; പിന്നോക്ക മേഖലയിലെ 20 ലക്ഷം കുടുംബത്തിന് സൗജന്യ കണക്ഷൻ; ഇന്റർനെറ്റ് വിപ്ലവത്തിന് പിണറായി സർക്കാർ; 'കെ ഫോൺ' പദ്ധതിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവർക്കും ഇന്റർനെറ്റ് സൗകര്യമൊരുക്കുന്നതിന് വേണ്ടി നടപ്പാക്കുന്ന കെ ഫോൺ പദ്ധതിയുടെ അടിസ്ഥാന പ്രവർത്തികൾ ഉടൻ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ പിന്നോക്ക മേഖലയിലെ ഇരുപത് ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷൻ നൽകുന്ന കെ-ഫോൺ പദ്ധതി 2020 ഡിസംബറോടെ പൂർത്തിയാക്കാനാണ് ലക്ഷമിടുന്നതെന്ന് മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കൂറിച്ചു. 30,000ത്തിലധികം സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കെ ഫോൺ സൗകര്യം ലഭ്യമാകും

കെഎസ്ഇബിയുടെ ഹൈടെൻഷൻ പ്രസരണ ലൈനുകൾവഴി ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുന്ന ജോലി നവംബർ ആദ്യം തുടങ്ങും. പദ്ധതിയുടെ കൺട്രോൾ റൂം ഡിസംബറോടെ കൊച്ചിയിൽ പ്രവർത്തനം തുടങ്ങും. 1028.2 കോടി രൂപ ചെലവുവരുന്ന പദ്ധതിക്ക് കിഫ്ബി 823 കോടി രൂപ അനുവദിച്ചിരുന്നു. കെഎസ്ഇബി ലൈനിലൂടെ കേബിൾ വലിക്കുന്നതിനാൽ ഭൂമി കുഴിക്കുന്നത് ഒഴിവാക്കാം. സംസ്ഥാനത്തെ 30,438 സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കും. സാമ്പത്തികമായി പിന്നോക്കമുള്ള 20 ലക്ഷം വീട്ടിലാണ് സൗജന്യ ഇന്റർനെറ്റ് നൽകുക. മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും. വീടുകളിൽ ഫോണിനും ഇന്റർനെറ്റിനുമൊപ്പം ആവശ്യമെങ്കിൽ കേബിൾ ടിവിയും ലഭ്യമാകും. കേബിൾ കടന്നുപോകുന്ന 2800 കിലോമീറ്റർ സ്ഥലത്തിന്റെയും 29,000 ഓഫീസുകളുടെയും സർവേ പൂർത്തിയായി. 52,746 കിലോമീറ്റർ കേബിൾ കെഎസ്ഇബിയുടെ 40 ലക്ഷത്തിലേറെയുള്ള പോസ്റ്റുകളിലൂടെ എത്തിക്കും.

സംസ്ഥാനത്ത് 2000 വൈഫൈ ഹോട്ട് സ്‌പോട്ടുകൾ സ്ഥാപിക്കും. വൈഫൈ ഹോട്ട് സ്‌പോട്ട് സ്ഥാപിക്കേണ്ടതിന്റെ പട്ടിക കലക്ടർമാർ തയ്യാറാക്കി. ലൈബ്രറികളും പാർക്കുകളും ബസ് സ്റ്റാൻഡുകളും സർക്കാർ ഓഫീസുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇതിലുൾപ്പെടും. സാങ്കേതിക ഉപകരണങ്ങളും കേബിളുകളും ദക്ഷിണ കൊറിയൻ കമ്പനിയാണ് നൽകുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡാ(ബിഇഎൽ)ണ് പദ്ധതിനിർവഹണ ഏജൻസി.

പദ്ധതിയുടെ വിശദാംശങ്ങളുമായി മുഖ്യമന്ത്രി പങ്കുവച്ച ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

കെ-ഫോൺ
************

സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോൺ പദ്ധതിയുടെ അടിസ്ഥാന പ്രവർത്തികൾ പൂർത്തിയാകുന്നു. ഈ ഘട്ടത്തിൽ എന്താണ് കെ ഫോൺ പദ്ധതി എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കെ ഫോൺ പദ്ധതിയെ കുറിച്ചുള്ള കുറിപ്പ് .

എന്താണ് കെ-ഫോൺ പദ്ധതി?
................................................

എല്ലാവർക്കും ഇന്റർനെറ്റ് അവകാശമാക്കി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. അത് പ്രഖ്യാപനം മാത്രമല്ല. എല്ലാവർക്കും ഇന്റർനെറ്റ് എന്നത് യാഥാർത്ഥ്യമാക്കും. അതിനായാണ് കെ ഫോൺ പദ്ധതി നടപ്പാക്കുന്നത്. പിന്നോക്കമേഖലയിലെ ഇരുപത് ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷൻ നൽകാനാണ് കെ-ഫോൺ പദ്ധതി വഴി ലക്ഷ്യമിടുന്നത്. ബാക്കി ഉള്ളവർക്ക് കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കും.

എങ്ങനെയാണ് പദ്ധതി നടപ്പാക്കുന്നത്?
..............................................................

സംസ്ഥാനത്ത് സുശക്തമായ ഒരു ഒപ്റ്റിക്കല് ഫൈബർ ശൃംഖല സ്ഥാപിച്ചു, അത് വഴി വീടുകളിലും ഓഫിസുകളിലും അതിവേഗ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതാണ് പദ്ധതി. കെ എസ് ഇ ബി യും കേരളാ സ്റ്റേറ്റ് ഐ ടി ഇൻഫ്രാസ്‌ട്രെക്ടർ ലിമിറ്റഡും ചേർന്നുള്ള സംയുക്ത സംരംഭം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിനാണ് പദ്ധതിയുടെ ടെൻഡർ. 2020 ഡിസംബറോടെ പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസെൻസ് ഉള്ളവർക്ക് ഈ പദ്ധതിയിലൂടെ അവരുടെ സേവനങ്ങൾ ജനങ്ങളിൽ എത്തിക്കാനും കഴിയും. കേബിൾ ടിവി ഓപ്പറേറ്റർമാർക്കും അവരുടെ സേവനങ്ങൾ മികച്ച രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുവാൻ കെ-ഫോണുമായി സഹകരിക്കാനുള്ള അവസരവും ഉണ്ട്.

എന്താണ് കെ-ഫോൺ പദ്ധതി ഉണ്ടാക്കാൻ പോകുന്ന ചലനം ?
.......................................

ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനത്ത് കെ-ഫോൺ വഴി സംസ്ഥാനത്ത് എല്ലാവർക്കും അറിവിന്റെ വാതായനങ്ങൾ തുറന്നിടും. ഈ മേഖലയിലെ കുത്തകവൽക്കരണം ചെറുത്തു കൊണ്ട് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ എല്ലാ സർവീസ് പ്രൊവൈഡർമാർക്കും തുല്യമായ അവസരം നൽകുന്ന ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക് നിലവിൽ വരും. സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം വിപ്ലവകരമായ മാറ്റങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കും.

സംസ്ഥാനത്തെ ഐ ടി മേഖലയിൽ വൻ കുതിപ്പ് സാധ്യമാകും
...................................

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ, ഇന്റർനെറ്റ് ഓഫ് തിങ്ക്‌സ്, സ്റ്റാർട്ട് അപ്പ് മേഖലകളിൽ കുതിച്ചു ചാട്ടം പ്രതീക്ഷിക്കാം .

30000 ൽ അധികം സർക്കാർ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 mbps തൊട്ട് 1 gbps വേഗതയിൽ നെറ്റ് കണക്ഷൻ ലഭ്യമാക്കും.

സർക്കാർ സേവനങ്ങളെ കൂടുതൽ ഡിജിറ്റലാക്കാം.
ഇ - ഹെൽത്ത് പോലുള്ള പദ്ധതി നടപ്പിലാക്കാനാകും.

കേബിൾ ടി വി ക്കാർക്ക് ഉപയോഗിക്കാം.

ഐ ടി പാർക്കുകൾ, എയർ പോർട്ട്, തുറമുഖം തുടങ്ങിയവിടങ്ങളിലേക്ക് ഹെസ്പീഡ് കണക്റ്റിവിറ്റി ലഭ്യമാക്കും.

ട്രാഫിക് മാനേജ് മെന്റിനുള്ള സൗകര്യം ലഭ്യമാകും.

ഗ്രാമങ്ങളിൽ ചെറുകിട സംരംഭങ്ങൾക്ക് ഇ കോമേഴ്‌സ് വഴി വിൽപ്പന നടത്താം.

പദ്ധതി എവിടെ എത്തി?
.....................................

28000 കിലോ മീറ്റർ നീളത്തിൽ കോർ നെറ്റ് വർക്ക് സർവ്വെ പൂർത്തീകരിച്ചു.
പദ്ധതി ലഭ്യമാക്കേണ്ട ഓഫീസുകളെ സംബന്ധിച്ച ഓഫീസുകളിലെ സർവ്വെ നടക്കുന്നു.
2020 അവസാനത്തോടെ പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP