Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജോളിയുടെ മക്കൾ ഞങ്ങളുടെ സഹോദരൻ റോയിയുടെ രക്തം; തങ്ങൾ എവിടെയുണ്ടോ അവിടെ അവരുമുണ്ടാകുമെന്ന് റോജോയും സഹോദരിയും; പൊന്നാമറ്റത്തെ മരണങ്ങളിൽ സംശയമുണ്ടാക്കിയത് പിണറായിയിലെ കൂട്ടക്കൊല; ജോളിയുടേത് എല്ലാവരും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന പെരുമാറ്റം; ഷാജുവുമായുള്ള രണ്ടാം വിവാഹം സംശയം ഉണ്ടാക്കി; പരാതി പിൻവലിക്കാനുള്ള സമ്മർദ്ദവും കല്ലറ തുറക്കുന്നതിനെ എതിർത്തതും നിർണ്ണായകമായി; വ്യാജ ഒസ്യത്ത് കള്ളം പൊളിച്ചു; കൂടത്തായിയിൽ സഹോദരങ്ങൾ മനസ്സ് തുറക്കുമ്പോൾ

ജോളിയുടെ മക്കൾ ഞങ്ങളുടെ സഹോദരൻ റോയിയുടെ രക്തം; തങ്ങൾ എവിടെയുണ്ടോ അവിടെ അവരുമുണ്ടാകുമെന്ന് റോജോയും സഹോദരിയും; പൊന്നാമറ്റത്തെ മരണങ്ങളിൽ സംശയമുണ്ടാക്കിയത് പിണറായിയിലെ കൂട്ടക്കൊല; ജോളിയുടേത് എല്ലാവരും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന പെരുമാറ്റം; ഷാജുവുമായുള്ള രണ്ടാം വിവാഹം സംശയം ഉണ്ടാക്കി; പരാതി പിൻവലിക്കാനുള്ള സമ്മർദ്ദവും കല്ലറ തുറക്കുന്നതിനെ എതിർത്തതും നിർണ്ണായകമായി; വ്യാജ ഒസ്യത്ത് കള്ളം പൊളിച്ചു; കൂടത്തായിയിൽ സഹോദരങ്ങൾ മനസ്സ് തുറക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ മക്കളെ തങ്ങൾ സംരക്ഷിക്കുമെന്ന് റോജോ തോമസും രഞ്ജി തോമസും വ്യക്തമാക്കി. തങ്ങളുടെ സഹോദരൻ റോയി തോമസിന്റെ മക്കളാണ് റോമോയും റൊണാൾഡും. തങ്ങൾ എവിടെയുണ്ടോ അവിടെ ഞങ്ങളോടൊപ്പം അവരും ഉണ്ടാകുമെന്നും റോജോയും രഞ്ജിയും വ്യക്തമാക്കി. റോയി തോമസ്- ജോളി ദമ്പതികളുടെ മക്കളാണ് റോമോയും റൊണാൾഡും. അച്ഛനും അമ്മയും ഇല്ലാത്തതിന്റെ ഒരു വിഷമവും അവർക്ക് അനുഭവപ്പെടില്ലെന്നും റോയിയുടെ സഹോദരങ്ങളായ റോജോയും രഞ്ജിയും വ്യക്തമാക്കി.

നവംബർ ആദ്യ ആഴ്ചയിൽ റോമോ പഠനത്തിനായി ഷിംലയിലേക്ക് തിരികെ പോകും. ഇളയ മകൻ റൊണാൾഡ് താമരശ്ശേരിയിൽ സിബിഎസ്ഇ സ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുകയാണ്. അവന് ഹോസ്റ്റലിൽ നിന്ന് പഠനം തുടരണോ, ഹോം ട്യൂഷൻ ഏർപ്പാടാക്കണോ തുടങ്ങിയ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും രഞ്ജി പറഞ്ഞു. വൈക്കത്ത് സിബിഎസ്ഇ സ്‌കൂളിൽ വൈസ് പ്രിൻസിപ്പലാണ് 42കാരിയായ രഞ്ജി തോമസ്. നേരത്തെ കൊളംബോയിൽ ഇംഗ്ലീഷ് അദ്ധ്യാപികയായും രഞ്ജി ജോലി നോക്കിയിട്ടുണ്ട്.

ഇംഗ്ലീഷ് സാഹിത്യത്തിലും സൈക്കോളജിയിലും എംഎഡ് (മാസ്റ്റർ ഓഫ് എഡ്യുക്കേഷൻ), കൗൺസലിംഗിൽ ബിരുദാനന്തരബിരുദം, ഹ്യൂമൻ റിസോഴ്സസിൽ എംബിഎ എന്നീ ബിരുദങ്ങളും രഞ്ജി നേടിയിട്ടുണ്ട്. അമേരിക്കയിലെ ഫ്ലോറിഡയിൽ അക്കൗണ്ടന്റാണ് 44 കാരനായ റോജോ തോമസ്. റോജോയ്ക്ക് രണ്ട് കുട്ടികളും രഞ്ജിക്ക് മൂന്ന് മക്കളുമുണ്ട്. പിണറായിയിലെ സൗമ്യയുടെ കൂട്ടക്കൊലക്കേസ് വാർത്തകളാണ്, പൊന്നാമറ്റം തറവാട്ടിലെ ദുരൂഹമരണങ്ങൾ സംബന്ധിച്ച് ഞങ്ങൾക്ക് സംശയം ജനിപ്പിച്ചതെന്ന് റോജോയും രഞ്ജിയും പറഞ്ഞു. ഈ മരണങ്ങളിലെല്ലാം ഞങ്ങൾക്ക് സംശയം ഉണ്ടായിരുന്നു. എന്നാൽ ആരോടെങ്കിലും പറയാൻ ഒരു തെളിവ് പോലും ഉണ്ടായിരുന്നില്ല.

എല്ലാവരും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന പെരുമാറ്റമായിരുന്നു ജോളിയുടേത്. എന്നാൽ വ്യാജ ഒസ്യത്തും, അടുത്ത ബന്ധുവായ ഷാജുവിനെ കല്യാണം കഴിച്ചതുമാണ് ജോളിയെ സംശയിക്കാൻ ഇടയാക്കിയത്.കേസുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചപ്പോൾ ഞങ്ങൾക്ക് കുടുംബക്കാരിൽ നിന്നും വൻ സമ്മർദ്ദമാണ് നേരിട്ടത്. കേസ് പിൻവലിക്കണമെന്നായിരുന്നു ആവശ്യം. കല്ലറ തുറക്കുന്നത് ഒഴിവാക്കണമെന്നും കടുത്ത സമ്മർദ്ദമുയർന്നു. കുടുംബക്കാർ ഇതിനായി യോഗം ചേർന്നതായും ഇരുവരും പറയുന്നു. എന്നാൽ ഞങ്ങൾ ഇരുവരും തീരുമാനത്തിൽ ഉറച്ചുനിന്നതോടെ വലിയൊരു രഹസ്യമാണ് പുറത്തുവന്നതെന്ന് റോജോയും രഞ്ജിയും വ്യക്തമാക്കുന്നു.

അതിനിടെ കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ജോളി മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചിരുന്നുവെന്ന് റിപ്പോർട്ട്. ക്രൈം ബ്രാഞ്ച് സംഘം റോയിയുടെ കല്ലറ തുറന്ന് പരിശോധിക്കാൻ തീരുമാനിച്ചതോടെ താൻ അകത്താകുമെന്ന് ജോളിക്ക് ഉറപ്പായി. അതോടെ, വക്കീലിനെ കണ്ട് പൊലീസിന്റെ ചോദ്യം ചെയ്യലിന് എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തിൽ പരിശീലനം നേടുകയും ചെയ്തു. എൻ ഐ ടി യിൽ അദ്ധ്യാപിക ആണെന്നായിരുന്നു ജോളി എല്ലായിടത്തും പറഞ്ഞിരുന്നത്. റേഷൻ കാർഡിലും താൻ അദ്ധ്യാപിക ആണെന്നായിരുന്നു ജോളി നൽകിയത്. പ്ലസ് ടു പോലും പാസ് ആകാത്ത വ്യക്തിയാണ് ജോളിയെന്നതാണ് വസ്തുത. ബി എസ് എൻ എൽ ജീവനക്കാരനായ ജോൺസണും ജോളിയുമായുള്ള ബന്ധത്തെ കുറിച്ച് വ്യക്തത വന്നതോടെ ഇരുവരും ഒരുമിച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ജോളിയുടെ ഉറ്റ സുഹൃത്ത് റാണി പൊലീസിന് മുമ്പിൽ ഹാജരായി. കൊലപാതകങ്ങളെക്കുറിച്ച് റാണിക്ക് അറിവുണ്ടോ എന്ന് പരിശോധിക്കും . രഹസ്യമായാണ് ഇവർ എസ്‌പി ഓഫിസിലെത്തിയത്. തലശ്ശേരിയിൽ നിന്നും രണ്ടു പേരോടൊപ്പം ഓട്ടോ റിക്ഷയിലാണ് എത്തിയത്. കൊയിലാണ്ടിയിലാണ് റാണിയുടെ വീട്. എന്നാൽ തലശ്ശേരിയിലെ ഒരു ബന്ധുവീട്ടിലായിരുന്നു ഇത്രയും ദിവസം. ജോളിയും റാണിയും തമ്മിലുള്ള ഉറ്റബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെ ഇവർക്കായുള്ള തിരച്ചിൽ തുടങ്ങുകയും ചെയ്തിരുന്നു. ജോളിയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഇവർക്കറിയാമെന്നാണ് സൂചന. പൊലീസ് പിടിച്ചെടുത്ത ജോളിയുടെ മൊബൈൽ ഫോണിൽ നിന്നാണ് എൻ.ഐ.ടി പരിസരത്തെ തയ്യൽ കടയിൽ ജോലി ചെയ്തിരുന്ന റാണി എന്ന യുവതിയെ കുറിച്ച് വിവരങ്ങൾ ലഭിച്ചത്.

ജോളി ജോസഫിനെ ഒരു കേസിൽ കൂടി അറസ്റ്റ് ചെയ്യും. ജോളിയുടെ രണ്ടാം ഭർത്താവി ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിലാണ് ജോളിയുടെ അറസ്റ്റ് ചെയ്യാൻ പൊലീസ് ഒരുങ്ങുന്നത്. ഇതിനായി താമരശ്ശേരി കോടതിയിൽ അന്വേഷണ സംഘം അപേക്ഷ സമർപ്പിക്കും. താമരശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ജോളിയുടെ എൻഐടി ബന്ധത്തെ കുറിച്ച് ദൃശ്യങ്ങളും മറ്റും ലഭിച്ച സാഹചര്യത്തിൽ അന്വേഷണ സംഘം ഈ ദിശയിലും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP