Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

11 ലക്ഷം രൂപ അധിക ശമ്പളം വാങ്ങിയ നേതാവിനും എംജി സർവകലാശാലാ സിൻഡിക്കറ്റിന്റെ സഹായം; ഇടതു അനുഭാവിയായ നേതാവിന് പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ സിൻഡിക്കേറ്റിന്റെ അനുമതി; അധികമായി നൽകിയ ശമ്പളം തിരിച്ചു പിടിച്ച ശേഷം മാത്രമേ പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ പാടുള്ളൂവെന്ന അക്കൗണ്ടന്റ് ജനറൽ നിർദേശവും കാറ്റിൽപ്പറത്തി; നേതാവിന് തുണയായത് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ നാട്ടുകാരനായത്

11 ലക്ഷം രൂപ അധിക ശമ്പളം വാങ്ങിയ നേതാവിനും എംജി സർവകലാശാലാ സിൻഡിക്കറ്റിന്റെ സഹായം; ഇടതു അനുഭാവിയായ നേതാവിന് പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ സിൻഡിക്കേറ്റിന്റെ അനുമതി; അധികമായി നൽകിയ ശമ്പളം തിരിച്ചു പിടിച്ച ശേഷം മാത്രമേ പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ പാടുള്ളൂവെന്ന അക്കൗണ്ടന്റ് ജനറൽ നിർദേശവും കാറ്റിൽപ്പറത്തി; നേതാവിന് തുണയായത് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ നാട്ടുകാരനായത്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മാർക്ക് ദാന വിവാദത്തിൽ കുടുങ്ങിയ മന്ത്രി കെ ടി ജലീലിനെതിരായ ആരോപണങ്ങൾ ഇടതു മുന്നണിയെ മുഴുവൻവെട്ടിലാകുന്നുണ്ട്. എം ജി സർവകലാശാലയുമായി ബന്ധപ്പെട്ടാണ് ഉയരുന്ന വിവാദങ്ങൾ എല്ലാം. ഇതിനിടെ മറ്റൊരു വിവാദം കൂടി പുറത്തുവന്നു. അക്കൗണ്ടന്റ് ജനറലിന്റെ എതിർപ്പ് മറികടന്ന് എംജി സർവകലാശാലാ എംപ്ലോയീസ് അസോസിയേഷൻ നേതാവിനു പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ സിൻഡിക്കറ്റ് അനുവാദം നൽകി. ഇതു സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ 3 വട്ടം കത്തയച്ചെങ്കിലും സർവകലാശാല മറുപടി നൽകിയില്ല. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ നാട്ടുകാരൻ കൂടിയാണു നേതാവ്.

1995 ൽ ഡപ്യൂട്ടി ലൈബ്രേറിയൻ തസ്തികയിൽ സ്ഥാനക്കയറ്റം ലഭിച്ച നേതാവ് യുജിസി യോഗ്യത നേടിയിരുന്നില്ല. 1998 ൽ യുജിസി യോഗ്യത നേടി. ഇതിനിടയ്ക്കുള്ള 3 വർഷം യുജിസി സ്‌കെയിലിൽ ശമ്പളം നൽകി. ലോക്കൽ ഫണ്ട് ഓഡിറ്റിൽ ഇതു കണ്ടെത്തുകയും അധികമായി നൽകിയ 11 ലക്ഷം രൂപ തിരിച്ചുപിടിക്കണമെന്നു നിർദേശിക്കുകയും ചെയ്‌തെങ്കിലും അനക്കമില്ല. പണം തിരിച്ചുപിടിച്ച ശേഷമേ പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ പാടുള്ളൂവെന്ന് 2011 ൽ അക്കൗണ്ടന്റ് ജനറൽ നിർദേശിച്ചെങ്കിലും നടപടിയുണ്ടായില്ല. 2018 ൽ ആനുകൂല്യങ്ങൾ തടഞ്ഞുവയ്‌ക്കേണ്ടെന്ന നിയമോപദേശം വാങ്ങി. 2018 ഓഗസ്റ്റ് 31നു ചേർന്ന സിൻഡിക്കറ്റ് യോഗം നേതാവിനു പെൻഷൻ നൽകാൻ തീരുമാനം എടുത്തു. സർവകലാശാല ആവശ്യപ്പെട്ടാൽ പണം തിരിച്ചടയ്ക്കാമെന്ന സത്യവാങ്മൂലം മാത്രം നേതാവിൽ നിന്നു വാങ്ങി. സമാനമായ മറ്റൊരു സംഭവത്തിലും ഇതേരീതി പിന്തുടരാൻ ഒരുങ്ങുകയാണ് സിൻഡിക്കറ്റ്.

അതേസമയം മാർക്ക് ദാനവിവാദത്തിൽ നേരത്തെ വിമർശനം നേരിടേണ്ടി വന്നത് മന്ത്രി കെ ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഇയാൾക്കെതിരെ ആരോപണം ഉയർന്നതോടെ അതിനെ പ്രതിരോധിച്ച് മന്ത്രിയും രംഗത്തുവരികയുണ്ടായി. തന്റെ പ്രൈവറ്റ് സെക്രട്ടറിയെ കോളജുകളുടെയോ സർവകലാശാലകളുടെയോ അയലത്തു പോലും കാണാൻ പാടില്ലെന്ന ബാലിശവാദം അവജ്ഞയോടെ തള്ളിക്കളയുന്നതായി മന്ത്രി കെ. ടി. ജലീൽ പ്രതികരിച്ചിരുന്നു.

സർവകലാശാലകളിൽ മോഡറേഷൻ നൽകാനുള്ള ആത്യന്തിക ഉത്തരവാദിത്തം സിൻഡിക്കറ്റുകൾക്കാണ്. ന്യായമെന്ന് തോന്നിയാൽ ഫലം പ്രസിദ്ധീകരിക്കുന്നതിന്റെ മുൻപായാലും ശേഷമായാലും നിയമപ്രകാരം തന്നെ യൂണിവേഴ്‌സിറ്റികൾക്ക് മോഡറേഷൻ നൽകാം.എംജി യൂണിവേഴ്‌സിറ്റിയിൽ നൂറ്റമ്പതിലധികം കുട്ടികൾക്കു ഗുണം ലഭിച്ച സംഭവത്തെയാണു മഹാപരാധമായി അവതരിപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിനെ കരിവാരിത്തേക്കാൻ തൽപരകക്ഷികൾ ശ്രമിക്കുന്നത്.

സർവകലാശാലകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ പരിശോധിച്ചപ്പോൾ അധികമാണെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് എല്ലായിടത്തും അദാലത്തുകൾ നടത്താൻ തീരുമാനിച്ചത്. കെട്ടിക്കിടന്ന പരാതികളിൽ ഒട്ടുമിക്കതിലും തീർപ്പുണ്ടാക്കാൻ രണ്ടുമാസം കൊണ്ടു നടന്ന പരാതി പരിഹാര മേളയ്ക്കു സാധിച്ചു. ഈ അദാലത്തുകളിൽ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടു മടങ്ങിയവരുടെ മുഖത്ത് കണ്ട സന്തോഷം മതി ജീവിത സാഫല്യത്തിനെന്നും ജലീൽ വ്യക്തമാക്കി.

അതേസമയം എം.ജി സർവകലാശാല മാർക്ക് ദാനത്തിൽ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി ജലീലിന്റെ വാദം പൊളിച്ച് ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ കെ.ഷറഫുദീൻ അദാലത്തിൽ പങ്കെടുത്തിന്റെ കൂടുതൽ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രൈവറ്റ് സെക്രട്ടറി ആശംസാപ്രസംഗം നടത്തിയ ശേഷം മടങ്ങിയെന്നായിരുന്നു മന്ത്രിയുടെ വാദം. എന്നാൽ, ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞ് അദാലത്ത് പുരോഗമിക്കുമ്പോഴും ഡോ. കെ ഷറഫുദീൻ സ്ഥലത്ത് തുടരുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിടുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP