Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൽഐസി ഏജന്റായി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെട്ട വിജയകുമാർ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനവും എട്ടു നിലയിൽ പൊട്ടി; ഒരു ഗതിയും പരഗതിയുമില്ലാതെ വന്നതോടെ വിശ്വാസവഴിയിൽ; ആത്മീയത ബിസിനസാക്കി സ്വയം പ്രഖ്യാപിത ആൾദൈവമായതോടെ മാറിമറിഞ്ഞത് തലയിലെഴുത്ത്; 'കൽക്കി' ഭഗവാന്റെ അനുഗ്രഹംതേടി രാഷ്ട്രീയ ഉന്നതർ സ്വർണ്ണത്തളികയിൽ കാഴ്‌ച്ചവെച്ചത് കോടികൾ; വിദേശത്തും ഭക്തരായതോടെ കുമിഞ്ഞു കൂടിയത് കോടാനുകോടികളുടെ സാമ്രാജ്യം; തെന്നിന്ത്യ അടക്കിവാണ 'കൽക്കി ഭഗവാന്റെ' കഥ ഇങ്ങനെ

എൽഐസി ഏജന്റായി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെട്ട വിജയകുമാർ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനവും എട്ടു നിലയിൽ പൊട്ടി; ഒരു ഗതിയും പരഗതിയുമില്ലാതെ വന്നതോടെ വിശ്വാസവഴിയിൽ; ആത്മീയത ബിസിനസാക്കി സ്വയം പ്രഖ്യാപിത ആൾദൈവമായതോടെ മാറിമറിഞ്ഞത് തലയിലെഴുത്ത്; 'കൽക്കി' ഭഗവാന്റെ അനുഗ്രഹംതേടി രാഷ്ട്രീയ ഉന്നതർ സ്വർണ്ണത്തളികയിൽ കാഴ്‌ച്ചവെച്ചത് കോടികൾ; വിദേശത്തും ഭക്തരായതോടെ കുമിഞ്ഞു കൂടിയത് കോടാനുകോടികളുടെ സാമ്രാജ്യം; തെന്നിന്ത്യ അടക്കിവാണ 'കൽക്കി ഭഗവാന്റെ' കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: എൽഐസി ഏജന്റായി ജീവിച്ച് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെട്ട പാവപ്പെട്ട വിജയ് കുമാർ നായിഡു കൽക്കി ഭഗവാനായി സ്വയം പ്രഖ്യാപിച്ചതോടെ കൈവെള്ളയിലേക്ക് ഒഴുകി എത്തിയത് കോടികളുടെ സ്വത്തുക്കൾ. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ആൾദൈവത്തിന്റെ ആശ്രമത്തിലും സ്ഥാപനങ്ങളുമായി നടന്ന റെയ്ഡിൽ ആദായനികുതി വകുപ്പ് കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന സ്വത്ത് വകകളും രേഖകളും. 56 കോടി രൂപ, 97 കിലോ സ്വർണം, എട്ട് കോടിയുടെ വജ്രം, 22 കോടി യുഎസ് ഡോളർ, 409 കോടിയുടെ രസീതുകൾ തുടങ്ങി ഭൂമി ഇടപാടിലെ നികുതി വെട്ടിപ്പിന്റെ രേഖകൾ വരെയാണ് പരിശോധനയിൽ കണ്ടെത്തിയത്.

ആൾദൈവം കൽക്കിയുടെ ആശ്രമത്തിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധന തുടരുകയാണ്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കൽക്കിയുടെ മകനെയും ഭാര്യയെയും കസ്റ്റിഡിയിലെടുത്തു. കൽക്കിയുടെ മകൻ കൃഷ്ണയെ തമിഴ്‌നാട്ടിൽ നിന്നും ഭാര്യ പത്മാവതിയെ ആന്ധ്രയിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. ദക്ഷിണേന്ത്യയിലുടനീളം കൽക്കി ട്രസ്റ്റ് നടത്തിയ ഭൂമിയിടപാടുകളിൽ വൻ നികുതി വെട്ടിപ്പ് നടന്നതിന്റെ രേഖകൾ കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യയിലും വിദേശത്ത് നിന്നും ലഭിച്ച സംഭാവനകൾ കൊണ്ട് ദക്ഷിണേന്ത്യയിലുടനീളം ഭൂമി വാങ്ങിയതിന്റെ രേഖകൾ ആശ്രമത്തിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡിൽ ആദായ നികുതി വകുപ്പിന് ലഭിച്ചു. കൽക്കിയുടെ മകൻ കൃഷ്ണയാണ് റിയൽ എസ്റ്റേറ്റ് മേഖല കൈകാര്യം ചെയ്തിരുന്നത്. ബിനാമി പേരുകളിലാണ് ആന്ധ്രാ-തമിഴ്‌നാട് അതിർത്തിയിലും ഹൈദരാബാദിലും ഭൂമി വാങ്ങിയത്. ഗൾഫിലും അമേരിക്കയിലുമായി നടത്തിയിരുന്ന നിർമ്മാണ കമ്പനിയുടെ അക്കൗണ്ടിലേക്കാണ് വിദേശ സംഭാവനകൾ കൂടുതലും വകമാറ്റിയത്.

ആദായ നികുതി റെയ്ഡിന്റെ പശ്ചാത്തലത്തിൽ ചെന്നൈ പൂനമല്ലിയിലെ പ്രധാന ശാഖകൾ ഉൾപ്പടെ അടച്ച് പൂട്ടിയ നിലയിലാണ്. ഇക്കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി നടന്ന റെയ്ഡിൽ 56 കോടി രൂപ, 97 കിലോ സ്വർണം, എട്ട് കോടിയുടെ വജ്രം, 22 കോടി യുഎസ് ഡോളർ, 409 കോടിയുടെ രസീതുകൾ എന്നിവ പിടിച്ചെടുത്തു. ആശ്രമത്തിലേക്ക് ലഭിച്ച വിദേശ സംഭാവനകളുടെ സ്രോതസും ആദായനികുതി വകുപ്പ് പരിശോധിക്കുകയാണ്.

വിജയ് കുമാർ നായിഡു എന്ന എൽ.ഐ.സി. ഏജന്റാണ് പിന്നീട് ആൾദൈവമായി മാറിയത്. വെല്ലൂരിലെ ഉള്ളനാതം ഗ്രാമത്തിലാണ് വിജയ് കുമാർ നായിഡു ജനിച്ചത്. ആൾദൈവ പ്രഖ്യാപനത്തോടെ 1980കളിൽ ക്ഷേത്രമാരംഭിച്ചു. ജോലി രാജിവച്ച് ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനം തകർന്നതോടെ നാടുവിട്ട നായിഡു പിന്നീടു മഹാവിഷ്ണുവിന്റെ പത്താം അവതാരമെന്നു വിശ്വസിക്കപ്പെടുന്ന 'കൽക്കി' എന്ന അവകാശവാദവുമായാണു രംഗത്തുവന്നത്. വിഷ്ണുവിന്റെ അവതാരങ്ങളിൽ ഒന്നായ കൽക്കിയാണ് താനെന്ന് സ്വയം പ്രഖ്യാപിച്ചു. ആത്മീയ ഗുരുവെന്ന് വിശേഷിപ്പിച്ച് ക്ലാസുകളും പൂജയും തുടങ്ങി.

സ്വയം ദൈവമാണെന്ന് പറഞ്ഞത് ജനങ്ങൾ വിശ്വസിച്ചതോടെ ദൈവം കുറച്ചുകൂടി അപ്‌ഡേറ്റഡായി. കൽക്കിക്ക് ഭാര്യയുണ്ടോ എന്ന സംശയം ഭക്തർക്കുണ്ടാകാതിരിക്കാൻ ഇയാൾ സ്വന്തം ഭാര്യ ലക്ഷ്മീദേവിയുടെ അവതാരമാണ് എന്ന് പ്രഖ്യാപിച്ചു. ഇതോടെ വിശ്വാസികൾക്കും ആശ്വാസമായി ലക്ഷ്മിസമേതനായ കൽക്കിയെ ദർശിച്ച് സായൂജ്യമടയാൻ ആയിരങ്ങൾ ഒഴുകിയെത്തി. ആളുകൾക്കൊപ്പം സമ്പത്തും ഒഴുകിയെത്താൻ തുടങ്ങിയതോടെ 'ദൈവം' കുറച്ചുകൂടി മേഡേണായി. അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ ആശ്രമവും മറ്റ് സൗകര്യങ്ങളും ഒരുക്കി. വിശ്വാസത്തിന്റെ മറവിൽ എല്ലാ സുഖങ്ങളും അനുഭവിച്ച് വിജയകുമാർ നായിഡുവും കുടുംബവും പതിറ്റാണ്ടുകളോളം വാണു. അതിസമ്പന്നരും വിദേശികളുമൊക്കെയാണു ഭക്തർ. 'ദൈവ ദമ്പതികളെ' ദർശിക്കാൻ 5,000 രൂപ നൽകണം. വിശേഷാൽ ദർശനത്തിന് 25,000 രൂപയാണു നിരക്ക്.

അനുയായികൾക്കൊപ്പം ആശ്രമത്തിന്റെ ആസ്തിയും വളർന്നതോടെ റിയൽ എസ്റ്റേറ്റ്, കെട്ടിട നിർമ്മാണം , വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലേക്ക് കൽക്കി ട്രസ്റ്റ് ബിസിനസ് വ്യാപിപ്പിച്ചു. കൽക്കി ബാബയുടെ ഭാര്യ പത്മാവതിയും മകൻ കൃഷ്ണയുമാണ് ട്രസ്റ്റിലെ മറ്റ് അംഗങ്ങൾ. തമിഴ്‌നാട്, ആന്ധ്ര, ബെംഗളൂരു , ഹൈദരാബാദ് എന്നിവിടങ്ങളിലെ ആശ്രമങ്ങളുടെ പേരിലാണ് വിദേശ ഫണ്ടുകൾ കൂടുതലും സ്വീകരിച്ചിട്ടുള്ളത്. വെൽനസ് കോഴ്‌സ് എന്ന പേരിൽ ആത്മീയതാ ക്ലാസുകൾ നടത്തിയിരുന്ന ഓഫീസുകളിൽ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. യുഎസ്, സിങ്കപ്പൂർ, യുഎഇ എന്നിവിടങ്ങളിൽ നിന്നാണ് വിദേശ സംഭാവനകൾ കൂടുതലും എത്തിയത്. ചിറ്റൂരിൽ, തമിഴ്‌നാട് അതിർത്തിക്കടുത്താണ് അതിവിശാലമായ ആശ്രമം. ഇവർക്ക് ആന്ധ്രയിലും തമിഴ്‌നാട്ടിലും മറ്റും വലിയ ആശ്രമങ്ങളുമുണ്ട്.

ഇതുവരെയുള്ള പരിശോധനയിൽ അന്വേഷണ സംഘം കണ്ടെത്തിയത് 700 കോടിയുടെ അനധികൃത സ്വത്തുക്കളാണ്. ആത്മീയതയുടെ മറവിൽ രാജ്യാന്തര ശൃംഖലയുള്ള വൻ തട്ടിപ്പാണ് കൽക്കി ബാബ ട്രസ്റ്റ് നടത്തിയിരുന്നതെന്ന് പരിശോധനയിൽ വ്യക്തമായി. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇയാളുടെ വിശ്വസ്തൻ ലോകേഷ് ദാസാജിയെ വീണ്ടും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP