Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാളത്തെ ഉപതിരഞ്ഞെടുപ്പ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ; സാമുദായ സംഘടനകളുടെ പരസ്യ ഇടപെടലും പ്രചരണങ്ങളും രാഷ്ട്രീയ പാർട്ടികളിലും വീറും വാശിയും ഉയർത്തി; യുഡിഎഫിന് സമ്മർദ്ദം നാല് സിറ്റിങ് സീറ്റുകളും നിലനിർത്തുക എന്നത്; നിശബ്ദ പ്രചരണ ദിവസവും കൊഴുത്തത് വിവാദങ്ങൾ; സഭയെ ദ്രോഹിച്ച മുന്നണികളെയും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുമെതിരെ വോട്ട് ചെയ്യണമെന്ന് ഓർത്തഡോക്‌സ് സഭ; അഞ്ചു മണ്ഡലങ്ങളിലായി നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത് ഒമ്പതര ലക്ഷം വോട്ടർമാർ

നാളത്തെ ഉപതിരഞ്ഞെടുപ്പ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ; സാമുദായ സംഘടനകളുടെ പരസ്യ ഇടപെടലും പ്രചരണങ്ങളും രാഷ്ട്രീയ പാർട്ടികളിലും വീറും വാശിയും ഉയർത്തി; യുഡിഎഫിന് സമ്മർദ്ദം നാല് സിറ്റിങ് സീറ്റുകളും നിലനിർത്തുക എന്നത്; നിശബ്ദ പ്രചരണ ദിവസവും കൊഴുത്തത് വിവാദങ്ങൾ; സഭയെ ദ്രോഹിച്ച മുന്നണികളെയും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുമെതിരെ വോട്ട് ചെയ്യണമെന്ന് ഓർത്തഡോക്‌സ് സഭ; അഞ്ചു മണ്ഡലങ്ങളിലായി നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത് ഒമ്പതര ലക്ഷം വോട്ടർമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളെ ഉപതിരഞ്ഞെടുപ്പ് നാളെ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി വിലയിരുത്തപ്പെടുന്ന തെരഞ്ഞെടുപ്പ് ഭരണ-പ്രതിപക്ഷ മുന്നണികളെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യം അർഹിക്കുന്നതാണ്. സാമുദായിക സംഘടനകൾ പരസ്യമായി വോട്ടു പിടിക്കാൻ രംഗത്തിറങ്ങിയ ഉപതിരഞ്ഞെടുപ്പ് ശരിക്കും വീറും വാശിയും ഉള്ളതാക്കിയിട്ടുണ്ട്. അഞ്ചിൽ സിറ്റിങ് സീറ്റുകളായ നാലെണ്ണം നിലനിർത്തിയാൽ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം അത് ആശ്വാസകരമായമാണ്. മറിച്ച് എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം അരൂർ മാത്രം വിജയിച്ചാൽ പടിച്ചു നിൽക്കാം. നേരത്തെ പാലാ പിടിച്ചത് ഇടതു മുന്നണിക്ക് ആവേശം പകരുന്നുണ്ട്. തെരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങളെല്ലം പൂർത്തിയാക്കിയിട്ടുണ്ട്.

9,57,509 വോട്ടർമാർ, ഏഴ് മണിക്ക് പോളിങ് തുടങ്ങും

സംസ്ഥാനത്തെ മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലങ്ങളിൽ തിങ്കളാഴ്ച ഉപതിരഞ്ഞെടുപ്പ്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ് സമയം. അഞ്ചു മണ്ഡലങ്ങളിലുമായി 9,57,509 വോട്ടർമാരുണ്ട്. ആകെ 896 പോളിങ് സ്റ്റേഷനുകളാണ് അഞ്ചു മണ്ഡലങ്ങളിലുമായി ഉള്ളത്. ആകെ 5225 പോളിങ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിച്ചിട്ടുണ്ട്.

മഞ്ചേശ്വരം മണ്ഡലത്തിൽ ആകെ 2,14,779 വോട്ടർമാരുണ്ട്. ഇതിൽ 1,07,851 പേർ പുരുഷന്മാരും 1,06,928 സ്ത്രീകളുമാണ്. എറണാകുളം മണ്ഡലത്തിൽ 76,184 പുരുഷന്മാരും 79,119 സ്്ത്രീകളും മൂന്ന് ട്രാൻസ്ജെൻഡറുകളും ഉൾപ്പെടെ 1,55,306 വോട്ടർമാരുണ്ട്. അരൂർ മണ്ഡലത്തിൽ 94,153 പുരുഷന്മാരും 97,745 സ്ത്രീകളും ഉൾപ്പെടെ 1,91,898 വോട്ടർമാരുണ്ട്. കോന്നി മണ്ഡലത്തിൽ ആകെ 1,97,956 വോട്ടർമാരുണ്ട്. ഇതിൽ 93,533 പേർ പുരുഷന്മാരും 1,04,422 പേർ സ്ത്രീകളും ഒരാൾ ട്രാൻസ്ജെൻഡറുമാണ്. വട്ടിയൂർക്കാവിൽ 94,326 പുരുഷന്മാരും 1,03,241 സ്ത്രീകളും മൂന്നു ട്രാൻസ്ജെൻഡർമാരുമടക്കം 1,97,570 വോട്ടർമാരുണ്ട്.

ഇത്തവണ അഞ്ചു മണ്ഡലങ്ങളിലുമായി 12,780 വോട്ടർമാർ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ വർധിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത് 198 പോളിങ് സ്റ്റേഷനുകളുണ്ട്. എറണാകുളത്ത് 135 ഉം, അരൂർ 183 ഉം, കോന്നിയിൽ 212 ഉം, വട്ടിയൂർക്കാവിൽ 168 ഉം പോളിങ് സ്റ്റേഷനുകളുമാണുള്ളത്. എല്ലാ മണ്ഡലങ്ങളിലും പൊതു നിരീക്ഷകരെയും ചെലവ് നിരീക്ഷകരെയും തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത് സുഷമ ഗോഡ്ബോലെ, എറണാകുളത്ത് മാധവി കതാരിയ, അരൂരിൽ ഡോ: അരുന്ധതി ചന്ദ്രശേഖർ, കോന്നിയിൽ ഡോ. പ്രസാദ് എൻ.വി, വട്ടിയൂർക്കാവിൽ ഗൗതം സിങ് എന്നിവരാണ് പൊതു നിരീക്ഷകർ. മഞ്ചേശ്വരത്ത് കമൽജീത്ത് കെ. കമൽ, എറണാകുളത്ത് ഗോവിന്ദരാജ് എ, അരൂരിൽ മൈമും ആലം, കോന്നിയിൽ കെ. അരവിന്ദ്, വട്ടിയൂർക്കാവിൽ മൻസറുൾ ഹസൻ എന്നിവരാണ് ചെലവ് നിരീക്ഷകർ.

മഞ്ചേശ്വരത്ത് 63 ഉം, അരൂരിൽ ആറും, കോന്നിയിൽ 48 ഉം, വട്ടിയൂർക്കാവിൽ 13 ഉം ഉൾപ്പെടെ ആകെ 130 മൈക്രോ ഒബ്സർവർമാർമാരെ നിയോഗിച്ചിട്ടുണ്ട്. എറണാകുളം മണ്ഡലത്തിൽ മൈക്രോ ഒബ്സർവർമാർ ഇല്ല. മഞ്ചേശ്വരത്ത് 19 ഉം, എറണാകുളത്തും അരൂരും വട്ടിയൂർക്കാവിലും 14 വീതവും, കോന്നിയിൽ 25 ഉം സെക്ടറൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. അഞ്ചു മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ 24ന് നടക്കും.

സഭയെ ദ്രോഹിച്ചവർക്കെതിരെ വോട്ട് ചെയ്യണം; ഓർത്തഡോക്‌സ് സഭ

വോട്ടെടുപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കെ സഭയെ ദ്രോഹിച്ചവർക്കെതിരെ വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി ഓർത്തഡോക്‌സ് സഭ. വിശ്വാസികൾ സ്വന്തം രാഷ്ട്രീയ നിലപാടുകളല്ല നോക്കേണ്ടതെന്നും സഭയെ ദ്രോഹിച്ച മുന്നണികളെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും തിരിച്ചറിഞ്ഞ് വോട്ട് രേഖപ്പെടുത്തണമെന്നുമാണ് ആഹ്വാനം. ഉത്തരവാദിത്തമറിയാവുന്ന വിശ്വാസികൾ ഉപതിരഞ്ഞെടുപ്പിൽ അതനുസരിച്ച് പ്രവർത്തിക്കുമെന്നും എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ദിയസ്‌ക്കോറസ് മെത്രാപ്പൊലീത്ത പ്രസ്താവനയിൽ വ്യക്തമാക്കി.

അവസാന നിമിഷം കോന്നിയിൽ സുരേന്ദ്രനെതിരെ നീക്കം

കോന്നി നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ പ്രചാരണത്തിന് മതചിഹ്നം ദുരുപയോഗപ്പെടുത്തിയെന്ന പരാതിയിൽ അടിയന്തിര നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി ബി നൂഹ് നിർദ്ദേശം നൽകി. പരാതിക്ക് അടിസ്ഥാനമായ വീഡിയോയുടെ പ്രചാരണം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും മത ചിഹ്നങ്ങളുടെ ദുരുപയോഗമാണെന്നും പ്രാഥമിക പരിശോധനയിൽ ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.

വീഡിയോ നിർമ്മിച്ചത് ആരാണെന്നും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് ആരൊക്കെയാണെന്ന് കണ്ടെത്തണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു. വീഡിയോ അടിയന്തിരമായി സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ നിർദേശത്തിൽ പറയുന്നു. വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കോന്നി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ഇലക്ഷൻ ഏജന്റ് അഡ്വ ഓമല്ലൂർ ശങ്കരൻ, ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, ഡിസിസി മീഡിയ കൺവീനർ സലിം പി ചാക്കോ എന്നിവർ നൽകിയ പരാതികളും മീഡിയ മോണിറ്ററിങ് ആൻഡ് സർട്ടിഫിക്കേഷൻ കമ്മിറ്റി റിപ്പോർട്ടും പരിഗണിച്ചാണ് കളക്ടറുടെ നിർദ്ദേശം. കോന്നി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുടെ ചീഫ് ഇലക്ഷൻ ഏജന്റ് വി എസ് ഹരീഷ് ചന്ദ്രനും വീഡിയോ വ്യാജമാണെന്ന് കാണിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു.

കോന്നി ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ മതചിഹ്നങ്ങൾ ഉപയോഗിച്ച വോട്ട് പിടിച്ചെന്ന് കാണിച്ചാണ് യുഡിഎഫും എൽഡിഎഫും ജില്ലാ കളക്ടർക്ക് പരാതി സമർപ്പിച്ചത്. സ്ഥാനാർത്ഥിയായ കെ സുരേന്ദ്രൻ ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്റെ ഫോട്ടോയും , ഔദ്യോഗിക ചിഹ്നവും ഉപയോഗിച്ച് ക്രൈസ്തവസഭകൾ കുർബ്ബാന സമയത്ത് ഉപയോഗിക്കുന്ന ഗാനത്തിന്റെ ഈണത്തിൽ പാരഡിഗാനം രചിച്ച് പ്രചരിപ്പിച്ചെന്നായിരുന്നു പരാതി. മണ്ഡലത്തിലെ ഭൂരിപക്ഷ സമുദായമായ ഓർത്തഡോക്സ് സഭാംഗങ്ങളെ സ്വാധീനിച്ച് സഭാ വിശ്വസികളുടെ വോട്ടുനേടുന്നതിനു വേണ്ടി സ്ഥാനാർത്ഥി പ്രവർത്തിച്ചതിനാൽ സ്ഥാനാർത്ഥിക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനും , അഴിമതി പ്രവർത്തി നടത്തിയതിനും നിയമ നടപടികൾ സ്വീകരിക്കണമെന്നും ആയിരുന്നു പരാതിയിലെ ആവശ്യം.

തകർത്താടിയത് ജാതി രാഷ്ട്രീയം

പൊതു തിരഞ്ഞെടുപ്പിനു പിന്നാലെ വന്ന ഉപതിരഞ്ഞെടുപ്പു പ്രചാരണം ആദ്യഘട്ടത്തിൽ ആവേശമുയർത്തിയില്ലെങ്കിലും ജാതി രാഷ്ട്രീയ ഘടകങ്ങളടക്കം തിമിർത്താടിയതോടെ മിനി തിരഞ്ഞെടുപ്പിന്റെ വാശിയായി. 2016 ൽ ഇതിൽ നാലു സീറ്റും നേടിയ യുഡിഎഫ് ആധിപത്യം നിലനിർത്താനാകുമെന്ന ശുഭപ്രതീക്ഷയിൽ. പാലായിലെ അട്ടിമറിയോടെ ലോക്‌സഭാ സാഹചര്യം മാറിയെന്ന ആവേശത്തിൽ എൽഡിഎഫ്. വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും കോന്നിയിലും മുന്നണികളെ വിറപ്പിച്ച് എൻഡിഎയും. വിശ്വാസ വിഷയത്തിൽ പിണറായി സർക്കാരിനോടുള്ള അമർഷം ഭൂരിപക്ഷങ്ങൾക്കിടയിൽ തുടരുന്നുവെന്ന നിഗമനത്തിൽ 'ശബരിമല' അടക്കം വീണ്ടും ഉയർത്തിയാണു യുഡിഎഫ് പ്രചാരണ രഥം ചലിച്ചത്. മന്ത്രി കെ.ടി. ജലീലിനെതിരായ മാർക്കുദാന ആരോപണം ഇടതുമുന്നണിയെയും സർക്കാരിനെയും വെട്ടിലാക്കിയതും മുന്നണി മുതലെടുത്തു. കേന്ദ്രകേരള സർക്കാരുകൾക്കെതിരെ പൊതു തിരഞ്ഞെടുപ്പിലുണ്ടായ ജനരോഷം ആവർത്തിക്കുമെന്നാണ് അവരുടെ വിശ്വാസം. പാലാ തിരിച്ചറിവിൽ മുന്നണിയിൽ അപശബ്ദങ്ങൾ ഉയരാതിരിക്കാൻ പ്രത്യേക ശ്രദ്ധയും പുലർത്തി.

അഞ്ചു പുതുമുഖ സ്ഥാനാർത്ഥികളിലും ചിട്ടയോടും ആസൂത്രണത്തോടെയുമുള്ള പ്രചാരണ പ്രവർത്തനത്തിലുമാണ് ഇടതു പ്രതീക്ഷകൾ. ലോക്‌സഭയിൽ 'ശബരിമല'ചതിച്ചുവെന്നു തിരിച്ചറിഞ്ഞ സിപിഎം ഓരോ മണ്ഡലത്തിലെയും വിശ്വാസ ജനവിഭാഗങ്ങളെ കയ്യിലെടുക്കാൻ മന്ത്രിമാരെ അടക്കം രംഗത്തിറക്കി. ഓരോ മണ്ഡലത്തിലും അതിനിണങ്ങുന്ന വിഷയങ്ങളും പ്രചാരണരീതിയും അവലംബിച്ചു. സർക്കാരിന്റെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി ആ തുടർച്ച മണ്ഡലത്തിലുണ്ടാകാൻ എൽഡിഎഫ് നോമിനിയെന്ന സന്ദേശം പകരാൻ പ്രത്യേക ശ്രദ്ധയുണ്ടായി. ബിജെപിക്കു സ്വാധീനവും പ്രതീക്ഷയുമുള്ള മണ്ഡലങ്ങൾ ഉൾപ്പെട്ട പോരാട്ടത്തിൽ ഇരുമുന്നണികൾക്കുമൊപ്പം നിൽക്കാനായെന്ന വിശ്വാസത്തിലാണു പാർട്ടി. ദേശീയ രാഷ്ട്രീയ ധാരയിൽ നിന്നു കേരളം എക്കാലവും മാറിനിൽക്കില്ലെന്ന സൂചന ഉപതിരഞ്ഞെടുപ്പുഫലം നൽകുമെന്ന പ്രത്യാശ അവരിൽ ശക്തം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP