Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരാധനാലയം നഷ്ടപെട്ട യാക്കോബായ വിശ്വാസികൾക്ക് താൽക്കാലിക പള്ളിയൊരുക്കിയത് അടയ്ക്കാമരവും പനയോലയും ഉപയോഗിച്ച്; ഹൈന്ദവ കുടുംബം വഴിക്കായി സ്ഥലം നൽകിയപ്പോൾ; ആവശ്യമായ ഓല നൽകിയത് മാമ്മലശ്ശേരി ശ്രീരാമ സ്വാമി ക്ഷേത്രവും; മാമ്മലശ്ശരിപ്പള്ളിയിൽ നിന്നും കണ്ണീരോട പടിയിറങ്ങിയ വിശ്വാസികൾക്ക് ആരാധനയ്ക്ക് വഴിയൊരുക്കിയ മതേതര മാതൃകയ്ക്ക് അഭിനന്ദന പ്രവാഹം

ആരാധനാലയം നഷ്ടപെട്ട യാക്കോബായ വിശ്വാസികൾക്ക് താൽക്കാലിക പള്ളിയൊരുക്കിയത് അടയ്ക്കാമരവും പനയോലയും ഉപയോഗിച്ച്; ഹൈന്ദവ കുടുംബം വഴിക്കായി സ്ഥലം നൽകിയപ്പോൾ; ആവശ്യമായ ഓല നൽകിയത് മാമ്മലശ്ശേരി ശ്രീരാമ സ്വാമി ക്ഷേത്രവും; മാമ്മലശ്ശരിപ്പള്ളിയിൽ നിന്നും കണ്ണീരോട പടിയിറങ്ങിയ വിശ്വാസികൾക്ക് ആരാധനയ്ക്ക് വഴിയൊരുക്കിയ മതേതര മാതൃകയ്ക്ക് അഭിനന്ദന പ്രവാഹം

മറുനാടൻ മലയാളി ബ്യൂറോ

രാമമംഗലം:മാമ്മലശ്ശേരിയിൽ ആരാധനാലയം നഷ്ടപെട്ട യാക്കോബായ വിശ്വാസികൾക്ക് സഹായഹസ്തവുമായി ക്ഷേത്രവും ഹൈന്ദവ കുടുംബവും. കോടതി വിധിയെത്തുടർന്നാണ് മാമ്മലശ്ശേരി മോർ മിഖായേൽ പള്ളി യാക്കോബായ വിശ്വാസികൾക്ക് നഷ്ടമായത്. ഇതിന് പിന്നാലെയാണ് പൂർവികരായ ആരാധിച്ചുവന്നിരുന്ന മാമ്മലശ്ശരിപ്പള്ളിയിൽ നിന്നും 650 ഓളം വരുന്ന യാക്കോബായ വിശ്വാസികൾ കണ്ണീരോടെ വർഷങ്ങൾക്ക് മുമ്പ് പടിയിറങ്ങേണ്ടി വന്നത്. 

ഏറെ നാളത്തെ ആവശ്യമായിരുന്നു താൽക്കാലികമായെങ്കിലും ഒരു ആരാധനാലയം തുടങ്ങുക എന്നത്. അതിനാണ് ജാതിമത വ്യത്യാസങ്ങൾ നോക്കാതെ ഹൈന്ദവരടക്കം യക്കോബായ വിശ്വാസികൾക്ക് സഹായവുമായി എത്തിയത്. ഇതോട മാമ്മലശ്ശേരിയിൽ താൽക്കാലികമായി പുതിയ ആരാധനാലയം ഒരുങ്ങി. മോർ മിഖയേൽ യാക്കോബായ സുറിയാനി ട്രസ്റ്റിന് കീഴിലാണ് താൽക്കാലികമായി പുതിയ പള്ളി നിർമ്മിച്ചിരിക്കുന്നത്. വിശ്വാസികൾ ചേർന്ന് വാങ്ങിയ ഒന്നരയേക്കർ സ്ഥലത്താണ് അടയ്ക്കാമരവും പനയോലയും ഉപയോഗിച്ച് താൽക്കാലികമായി ആരാധനാലയം നിർമ്മിച്ചത്.

ഇതിനുവേണ്ട ആവശ്യമായ ഓല നൽകിയത് മാമ്മലശ്ശേരി ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ നിന്നാണെന്ന് വികാരി ഫാ.വർഗീസ് പുല്ല്യാട്ടേൽ പറഞ്ഞു. കൂടാതെ വഴിക്കായി സ്ഥലം ഹൈന്ദവ കുടുംബം സൗജന്യമായി നൽകിയതായും വികാരി പറഞ്ഞു. സോഷ്യൽ മീഡിയയിൽ അടക്കം ഈ മതേതര മാതൃകയ്ക്ക് നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. വളരെയേറെ ഉയരം ഉള്ള സ്ഥലത്തേക്ക് വാഹനം എത്തിപെടാത്തതിനാൽ ആവശ്യമായ സാധനങ്ങൾ സ്ത്രീകൾ ഉൾപ്പടെയുള്ള വിശ്വാസികൾ ചുമന്നാണ് മുകളിൽ എത്തിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഇടവക മെത്രാപ്പൊലീത്ത മാത്യൂസ് മോർ ഈവാനിയോസും സ്ഥലത്തെത്തിയിരുന്നു. ഫാ.വർഗ്ഗിസ് പുല്ല്യാട്ടേൽ (വികാരി), ബേബി മംഗലത്ത് (ട്രസ്റ്റി), ജേക്കബ് ചവരംപ്ലാക്കിൽ (ജോ.ട്രസ്റ്റി), ബേബി പുതുകുടിശ്ശേരി (സെക്രട്ടറി), ജോയി കാക്കാട്ടേൽ (ജോ.സെക്രട്ടറി) എന്നിവരാണ് ട്രസ്റ്റിന് നേതൃത്വം നൽകുന്നത്.

പതിറ്റാണ്ടുകളായി റിസീവർ ഭരണത്തിലിരിക്കുന്ന പള്ളിയിൽ ഇരുവിഭാഗത്തിനും ആരാധന സൗകര്യം ഉണ്ടായിരുന്നു. യാക്കോബായ സഭയ്ക്ക് രണ്ടും ഓർത്തഡോക്സ് സഭയ്ക്ക് ഒന്നും വൈദികരാണ് ഉണ്ടായിരുന്നത്. എന്നാൽ 1995 ലെ സുപ്രിം കോടതി വിധിക്ക് ശേഷം യാക്കോബായ സഭയിലെ രണ്ടു വൈദികർ ഓർത്തഡോക്സ് സഭയിലേക്ക് കൂറുമാറിയതാണ് പ്രശനങ്ങൾക്ക് തുടക്കമായത്. തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ നിരവധി സംഘർഷങ്ങൾക്കാണ് പള്ളി വേദിയായത്. നിലവിലുണ്ടായിരുന്ന വൈദികർക്ക് പുറമെ 2011 ൽ മറ്റുവൈദികരെ കൂടി പള്ളിയിലേക്ക് ഓർത്തഡോക്സ് വിഭാഗം നിയമിച്ചത് തർക്കം രൂക്ഷമാക്കി.

2014 ൽ ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പള്ളിക്ക് മുമ്പിൽ 264 ദിവസം നീണ്ടുനിന്ന ഉപവാസ പ്രാർത്ഥന യജ്ഞം യാക്കോബായ വിശ്വാസികൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. യാക്കോബായ വിശ്വാസികളുടെ മൃതദേഹം ആചാര പ്രകാരം അടക്കുന്നതിനും കഴിയാറില്ലെന്ന് വിശ്വാസികൾ പറയുന്നു. ചാപ്പലുകൾ കേന്ദ്രീകരിച്ചാണ് നിലവിൽ ആരാധന നടത്തി വന്നിരുന്നത്. ഈ സാഹചര്യത്തിലാണ് മാമ്മലശ്ശേരിയിൽ പുതിയ പള്ളി നിർമ്മിക്കുന്നതിനായി ശ്രമം ആരംഭിച്ചത്. ഇതിനായി ഒന്നരയേക്കർ സ്ഥലവും വാങ്ങി. പക്ഷെ പള്ളി നിർമ്മിക്കുവാനുള്ള സാമ്പത്തിക സ്ഥിതിയില്ലാത്തതിനാൽ ഇടവകയിലെ വിശ്വാസികൾ ശ്രമദാനമായാണ് അടയ്ക്കാമരവും പനയോലയും ഉപയോഗിച്ച് ആരാധനാലയം ഒരുക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP