Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാക്കിർ നായിക്കിനെ വിമർശിച്ചാൽ ഉപമുഖ്യമന്ത്രി പോലും മലേഷ്യയിൽ എൽടിടിഇ ഭീകരനാവും! വിവാദ ഇസ്ലാമിക പ്രഭാഷകനെ വിമർശിച്ചതിന്റെ പേരിൽ ഉപമുഖ്യമന്ത്രി ഡോ. പി രാമസ്വാമിയെ പൊലീസ് ചോദ്യം ചെയ്തത് മൂന്നു മണിക്കൂർ; എൽടിടിഇയുമായി തനിക്ക് ബന്ധമുണ്ടെന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നെന്ന് രാമസ്വാമി; ഭീകരവാദവും വിദേശനാണ്യ വിനിമയചട്ടവും അടക്കം നിരവധി കേസുകളിൽ പെട്ടതിന് ഇന്ത്യവിട്ട സാക്കിർ നായിക്ക് അഭയം കൊടുത്ത രാജ്യത്തിലും സൃഷ്ടിക്കുന്നത് ഗുരുതര പ്രശ്നങ്ങൾ

സാക്കിർ നായിക്കിനെ വിമർശിച്ചാൽ ഉപമുഖ്യമന്ത്രി പോലും മലേഷ്യയിൽ എൽടിടിഇ ഭീകരനാവും! വിവാദ ഇസ്ലാമിക പ്രഭാഷകനെ വിമർശിച്ചതിന്റെ പേരിൽ ഉപമുഖ്യമന്ത്രി ഡോ. പി രാമസ്വാമിയെ പൊലീസ് ചോദ്യം ചെയ്തത് മൂന്നു മണിക്കൂർ; എൽടിടിഇയുമായി തനിക്ക് ബന്ധമുണ്ടെന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നെന്ന് രാമസ്വാമി; ഭീകരവാദവും വിദേശനാണ്യ വിനിമയചട്ടവും അടക്കം നിരവധി കേസുകളിൽ പെട്ടതിന് ഇന്ത്യവിട്ട സാക്കിർ നായിക്ക് അഭയം കൊടുത്ത രാജ്യത്തിലും സൃഷ്ടിക്കുന്നത് ഗുരുതര പ്രശ്നങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ക്വാലാലംപൂർ: വിവാദ ഇസ്ലാമിക മത പ്രഭാഷകൻ സാക്കിർ നായിക്കിന് ഒപ്പം തന്നെയാണെന്ന് ഒരിക്കൽകൂടി തെളിയിച്ച് മലേഷ്യ. സാക്കിർ നായിക്കിനെ വിമർശിച്ചാൽ ഉപമുഖ്യമന്ത്രിപോലും മലേഷ്യയിൽ എൽടിടിഇ ഭീകരനാവുമെന്ന ഗുരുതരമായ അവസ്ഥയാണ് നിലവിലുള്ളത്. നായിക്കിനെ വിമർശിച്ചതിന്റെ പേരിൽ മലേഷ്യൻ പ്രവിശ്യാ ഉപമുഖ്യമന്ത്രിക്കെതിരെ ഭീകരവാദക്കുറ്റം ചുമത്തി പൊലീസ് ചോദ്യം ചെയ്തത് രാജ്യത്തെ ഞെട്ടിച്ചിരിക്കയാണ്. മലേഷ്യയിലെ പൗരൻ പോലുമല്ലാത്ത നായിക്കിനുവേണ്ടി രാജ്യത്തെ ഭരണകൂടം പ്രവർത്തിക്കുന്നത് കൃത്യമായ പക്ഷപാതിത്തമാണെന്ന് വ്യാപകമായ വിമർശനം ഉയർന്നു കഴിഞ്ഞു. ഭീകരവാദവും വിദേശനാണ്യവിനിമയ ചട്ടവും അടക്കം നിരവധി കേസുകളിൽപെട്ടതിന്റെ ഫലമായി ഇന്ത്യവിട്ട സാക്കിർ നായിക്ക് അഭയം കൊടുത്ത രാജ്യത്തിലും സൃഷ്ടിക്കുന്നത് ഗുരുതര പ്രശ്നങ്ങളാണ്. നേരത്തെ ചൈനക്കാരും ഇന്ത്യക്കാർക്കു എതിരെ വിദ്വേഷ പ്രസംഗം നടത്തിയ നായിക്കിനെതിരെ മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് തന്നെ രംഗത്തുവന്നിരുന്നു. എന്നാൽ ഇത് വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും സാക്കിർ നായിക്കിന്റെ ഒപ്പം തന്നെയാണ് മലേഷ്യൻ ഭരണകൂടമെന്നും പുതിയ സംഭവ വികാസങ്ങൾ തെളിയിക്കയാണ്.

ഈ നാട്ടിൽ ജനിച്ചുവളർന്നവരെ ഇവിടുത്തെ പൗരൻ പോലുമല്ലാത്ത നായിക്ക് മറ്റുള്ളവരെ വിമർശിക്കുന്നതിന്റെ അനൗചിത്യമാണ് പലരും ചൂണ്ടിക്കാട്ടിയിരുന്നത്. സ്ഥിരം താമസക്കാരൻ എന്ന പദവിയല്ലാതെ നായിക്കിന് മലേഷ്യൻ പൗരത്വം കിട്ടിയിട്ടില്ല. നായിക്കിനെ വിട്ടുകൊടുക്കണം എന്നുള്ള ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ ആവശ്യം മലേഷ്യ തള്ളുകയായിരുന്നു. സാക്കിർ നായിക്ക് എത്തിയതോടെ മലേഷ്യൻ മുസ്ലീങ്ങൾ ഒരു ഭാഗത്തും ചൈനക്കാരും തമിഴരും മറുഭാഗത്തുമായി സാമുദായിക ധ്രുവീകരണം മലേഷ്യയിൽ കൃത്യമായി നടക്കുന്നുണ്ട്.

മലേഷ്യയിലെ പെനാങ് ഉപമുഖ്യമന്ത്രി ഡോ. പി രാമസ്വാമിയെയാണ് എൽടിടിഇ ഭീകരവാദ ബന്ധം ആരോപിച്ച് പൊലീസ് ചോദ്യം ചെയ്തത്.  ബുകിത് അമനിലെ പൊലീസ് ആസ്ഥാനത്ത് മൂന്ന് മണിക്കൂറോളമാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്തത്. സാക്കിർ നായികിനെ വിമർശിച്ചതും രാമസ്വാമിയുടെ രണ്ട് ലേഖനങ്ങൾ വിവാദമായതിന്റെയും പശ്ചാത്തലത്തിലായിരുന്നു ചോദ്യം ചെയ്യൽ. മലേഷ്യയിലെ ബടു അറങിൽ മൂന്നുപേരെ വെടിവെച്ച് വീഴ്‌ത്തിയ സംഭവത്തിൽ പൊലീസിനെ ചോദ്യം ചെയ്യുന്നതായിരുന്നു ആദ്യ ലേഖനമായ 'ന്യൂ ഗവൺമെന്റ് ബട്ട് ദ സേം ഓൾഡ് പൊലീസ് ഫോഴ്സ്', 'ഹൂ ആം ഐ, പീസ്മേക്കർ ഓർ ടെററിസ്റ്റ്' എന്ന ലേഖനത്തിൽ തനിക്കെതിര എൽടിടിഇ ബന്ധം ആരോപിക്കപ്പെട്ടതിനെക്കുറിച്ച് രാമസ്വാമി വിശദീകരിച്ചിരുന്നു.

എന്നാൽ സാകിർ നായിക്കിനെ വിമർശിക്കുന്നവരെ നിശബ്ദരാക്കാൻ ചില പാർട്ടികൾ ശ്രമിക്കുന്നതായും തനിക്ക് സാകിർ നായിക്കുമായി വ്യക്തിപരമായ വിദ്വേഷമില്ലെന്നും രാമസ്വാമി പറഞ്ഞു. 'മുസ്ലിങ്ങൾ അല്ലാത്തവരെ അധിക്ഷേപിക്കരുത്. വർഗീയ വിദ്വേഷങ്ങൾ പ്രോത്സാഹിപ്പിക്കരുത്. രാജ്യത്തോടുള്ള പ്രതിബദ്ധതയെ ചോദ്യം ചെയ്യരുത്'- അദ്ദേഹം കൂട്ടിച്ചേർത്തു. എൽടിടിഇയുമായി തനിക്ക് ബന്ധമുണ്ടെന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുകയാണെന്നും രാമസ്വാമി ആരോപിച്ചു.

മലേഷ്യയിലെ ഇന്ത്യാക്കാർക്ക് കൂറ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണെന്ന സാക്കിർ നായിക്കിന്റെ പ്രസ്താവന നേരത്തെ വൻ വിവാദം സൃഷ്ടിച്ചിരുന്നു. മലേഷ്യയിലെ മാനവ വിഭവശേഷി മന്ത്രിയും ഇന്ത്യൻ വംശജനുമായ എം കുലശേഖരൻ ഇക്കാര്യത്തിൽ ശക്തമായി പ്രതിഷേധിച്ചിട്ടും, നായിക്കിനെ സംരക്ഷിക്കുകയാണ് മലേഷ്യ ചെയ്തത്. പഴയ 'അതിഥി'കളായ മലേഷ്യയിലെ ചൈനീസ് വംശജർ ഉടൻ രാജ്യംവിടണമെന്നും ഇന്ത്യയിലെ മുസ്ലിങ്ങൾക്കുള്ളതിനെക്കാൾ നൂറിരട്ടി അവകാശങ്ങളാണ് മലേഷ്യയിലെ ഹിന്ദുക്കൾക്കുള്ളതെന്നുമായിരുന്നു പിന്നീട് സാക്കിർ നായിക്ക് നടത്തിയ വിവാദ പ്രസ്താവന. ഇതിനെതിരെ മലേഷ്യൻ പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. വംശീയവികാരങ്ങളെ ആളിക്കത്തിക്കാനാണ് നായിക്ക് ശ്രമിക്കുന്നത്. മതപ്രസംഗം നടത്താനുള്ള അവകാശം നായിക്കിനുണ്ട്. എന്നാൽ, അയാളതല്ല ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.രാജ്യത്ത് രാഷ്ട്രീയപ്രവർത്തനങ്ങളിൽ ഇടപെടാൻ നായിക്കിന് അവകാശമില്ല. വിവാദപ്രസ്താവന രാജ്യത്ത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണമെന്നും മലേഷ്യൻ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതെല്ലാം വെറും ഒത്തുകളി മാത്രമാണെന്നും മലേഷ്യൻ ഭരണകൂടം നായിക്കിന് ഒപ്പമാണെന്നും ഒരിക്കൽ കൂടി തെളിഞ്ഞിരിക്കയാണ്.

കണ്ണിൽ നോക്കി മതം മാറ്റാൻ കഴിയുന്ന വ്യക്തി

മുംബൈയിൽ 1965ൽ ജനിച്ച സാകിർ നായിക്ക് വളരെ ചെറുപ്പത്തിലെ ഇസ്ലാമിക പ്രഭാഷണ രംഗത്ത് എത്തിപ്പെട്ട വ്യക്തിയാണ്. മുംബൈയിലെത്തന്നെ സെന്റ് പീറ്റേഴ്സ്സ് ഹൈസ്‌കൂളിൽ നിന്നുമായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. ശേഷം കിഷിൻചന്ദ് ചെല്ലാറം കോളേജിൽ പഠിച്ചു. വൈദ്യ ബിരുദം നേടിയത് ടോപിവാല നാഷണൽ മെഡിക്കൽ കോളേജ് ആൻഡ് നായർ ഹോസ്പിറ്റലിൽ നിന്നായിരുന്നു. പിന്നീട് മുംബൈ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഉന്നത പഠനം പൂർത്തിയാക്കി. 1991ലാണ് സാക്കിർ നായിക് പ്രബോധനം ആരംഭിക്കുന്നത്. ഐആർഎഫ് സ്ഥാപിക്കുകയും ചെയ്തു. ഫർഹത് നായിക്കാണ് ഭാര്യ.

ലോകത്തെമ്പാടുമായി ധാരാളം മതപഠന ക്ലാസുകൾ നടത്തുകയും നിരവധി സംവാദങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഇസ്ലാം മതത്തെ ആധുനിക ശാസ്ത്രം, ക്രിസ്തു മതം, മതേതരത്വം എന്നിവയുമായി ബന്ധപ്പെടുത്തിയാണ് സാധാരണയായി നായിക്ക് പ്രഭാഷണങ്ങൾ നടത്താറുള്ളത്. ഇവയൊക്കെ മത പരിവർത്തനം ലക്ഷ്യമിട്ടുള്ളതാണെന്ന വെളിപ്പെടുത്തലാണ് സാക്കിർ നായിക്കിനെ കുടുക്കിയത്. കണ്ണിൽ നോക്കി മതം മാറ്റാൻ കഴിയുന്ന വ്യക്തിയാണ് സാക്കിർ നായിക്ക് എന്നാണ് പല അന്വേഷണ ഉദ്യോസ്ഥരും പറയുന്നത്.

2016 ജൂലൈ 1 - 2 തീയതികളിൽ ധാക്കയിൽ നടന്ന ആക്രമണങ്ങളിലെ പ്രതികളിൽ ഒരാൾ താൻ സാക്കിർ നായിക്കിന്റെ അനുയായിയാണെന്നു വെളിപ്പെടുത്തിയതോടെ ഇയാൾ ഇന്ത്യൻ പൊലീസിന്റെയും ഐബിയൂടെയും നോട്ടപ്പുള്ളിയാവുന്നത്. ബ്രിട്ടനും കാനഡയും നേരത്തെതന്നെ സാകിർ നായിക് തങ്ങളുടെ രാജ്യത്തു പ്രവേശിക്കുന്നതിനെ തടഞ്ഞിരുന്നു. മതസ്പർദ്ധ ഉണ്ടാകുമെന്ന സംശയത്താൽ പലരാജ്യങ്ങളും ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ നിരോധിച്ചിട്ടുമുണ്ട്.2016 ജൂലൈ 1 - 2 തീയതികളിൽ ധാക്കയിൽ നടന്ന ആക്രമണങ്ങളിലെ പ്രതികളിൽ ഒരാൾ താൻ സാക്കിർ നായിക്കിന്റെ അനുയായിയാണെന്നു വെളിപ്പെടുത്തിയതോടെ ഇയാൾ ഇന്ത്യൻ പൊലീസിന്റെയും ഐബിയൂടെയും നോട്ടപ്പുള്ളിയാവുന്നത്. ബ്രിട്ടനും കാനഡയും നേരത്തെതന്നെ സാകിർ നായിക് തങ്ങളുടെ രാജ്യത്തു പ്രവേശിക്കുന്നതിനെ തടഞ്ഞിരുന്നു. മതസ്പർദ്ധ ഉണ്ടാകുമെന്ന സംശയത്താൽ പലരാജ്യങ്ങളും ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ നിരോധിച്ചിട്ടുമുണ്ട്.

മോദി സർക്കാർ കണ്ടുകെട്ടിയത് കോടികളുടെ സ്വത്ത്

അതേസമയം കോടികളുടെ സ്വത്തുവകകളാണ് മോദി സർക്കാർ സാക്കിർ നായിക്കിന്റെതായി ഇന്ത്യയിൽനിന്ന് കണ്ടുകെട്ടിയത്. വിവിധ ഘട്ടങ്ങളിലായി 70 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ടെന്നാണ് കണക്ക് . മുംബൈ, പൂണെ എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയത്. സാക്കിർ നായിക്കിനും അദ്ദേഹത്തിനു കീഴിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ (ഐ.ആർ.എഫ്) പ്രവർത്തകർക്കുമെതിരേ 2017 ഒക്ടോബറിൽ എൻ.ഐ.എ സമർപ്പിച്ച കുറ്റപത്രത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇ.ഡിയുടെ നടപടി.

2016 നവംബർ 15 നാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള കേന്ദ്രമന്ത്രിസഭ സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ പ്രവർത്തനം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഭീകരസംഘടനകളുമായുള്ള സംശയകരമായ സാമ്പത്തിക ഇടപാട്, തീവ്രവാദം പ്രോൽസാഹിപ്പിക്കുന്ന അന്താരാഷ്ട്ര ചാനലായ പീസ് ടീവിയുമായി ദുരൂഹബന്ധം തുടങ്ങിയ ആരോപണങ്ങളെത്തുടർന്നാണ് സാക്കിർ നായിക്കിന്റെ സംഘടനയുടെ പ്രവർത്തനം നിരോധിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശുപാർശ ചെയ്തത്. യുഎപിഎ നിയമപ്രകാരമാണ് വിലക്ക്. നിരോധനത്തെ തുടർന്ന് സംഘടനയുടെ പേരിൽ നായിക്കിന് പ്രസംഗങ്ങൾ നടത്താനോ ഫണ്ടുകൾ സ്വീകരിക്കാനോ സാധിക്കില്ല.

സംഘടനയുടെ പ്രവർത്തനം നിരോധിച്ച കേന്ദ്രനടപടി മുസ്ലിങ്ങൾക്കെതിരായ ആക്രമണമാണെന്നുപറഞ്ഞ് മുസ്ലിങ്ങളെ കൂടെനിർത്താൻ ഒളിവിലിരുന്നുകൊണ്ട് സാക്കിർ നായിക് ശ്രമിച്ചിരുന്നു. എന്നാൽ ഇത് വിലപ്പോകാതിരുന്നപ്പോൾ നോട്ട് നിരോധനത്തെ തുടർന്നുള്ള വിമർശനം മറികടക്കാനാണ് കേന്ദ്രത്തിന്റെ ഈ നടപടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ പ്രവർത്തനം നിരോധിച്ചത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. നായികിന്റെ സംഘടനയെ നിരോധിക്കാനുള്ള തീരുമാനം ഇന്ത്യയുടെ ദേശീയ സുരക്ഷ മുൻനിർത്തിയാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. നായിക്കിനും ഐആർഎഫിനും എതിരെ ശക്തമായ കേസുകളാണ് നിലനിൽക്കുന്നതെന്നും കോടതി അന്ന് പറഞ്ഞിരുന്നു.

കേരളത്തിലെ മുസ്ലിം സംഘടനകൾക്ക് നായിക്ക് ഇപ്പോഴും വിശുദ്ധൻ

ഇത്രയേറ തെളിവുകൾ കിട്ടിയിട്ടും സാക്കിർ നായിക്കിനെതിരായ നിലപാട് മാറ്റം വരുത്താൻ കേരളത്തിലെ മുസ്ലിം സംഘടനകൾ തയ്യാറായിട്ടില്ല. മുസ്ലീലീഗ് തൊട്ട് മുജാഹിദും ജമാഅത്തെ ഇസ്ലാമി വരെയുള്ള സകല ഇസ്ലാമിക സംഘടനകളും സാക്കിർ നായിക്കിനെ മോദി സർക്കാർ പീഡിപ്പിക്കുകയാണെന്ന നിലപാടാണ് ഇപ്പോഴുമുള്ളത്. ബംഗ്ലാദേശ് തീവ്രവാദി ആക്രമണത്തിന് പ്രേരണയായെന്ന ആരോപണം ഉയർന്ന സമയത്തുതന്നെ ഈ വിവാദ മുസ്ലിം പ്രഭാഷകന് പിന്തണയുമായി മുസ്ലിംലീഗും എസ്ഡിപിഐയും രംഗത്തെത്തിയിരുന്നു. സാക്കിർ നായിക്കിനെ അകാരണമായി വേട്ടയാടുകയാണെന്ന് കോഴിക്കോട് നടന്ന മുസ്ലിംലീഗ് പ്രവർത്തക സമിതി യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളത്തിൽ ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ വ്യക്തമാക്കയത്.. സാക്കിർ നായികിനെ പിന്തുണച്ച് ലീഗ് സംസ്ഥാന കമ്മിറ്റി പ്രമേയവും പാസാക്കി.

സാക്കിർ നായക്കിനെതിരായ നീക്കം അഭിപ്രായസ്വാതന്ത്ര്യവും മതപ്രചാരണ സ്വാതന്ത്ര്യവും ഹനിക്കാൻ ശ്രമിക്കാനുള്ളതാണെന്നും മുസ്ലിം ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. സാക്കിർ നായിക്ക് ഇത്രയും കാലം നിഗൂഢ കേന്ദ്രങ്ങളിൽ അല്ലായിരുന്നു. അങ്ങനെ നിഗൂഢ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തിയുമല്ല അദ്ദേഹം. മുൻവിധിയുടെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര സർക്കാർ സാക്കിർ നായിക്കിനെതിരെ അന്വേഷണം നടത്തുന്നത്. നിരവധി പ്രസംഗങ്ങൾ നടത്തുകയും പുസ്തകങ്ങൾ എഴുതുകയും ചെയ്ത വ്യക്തിയാണ് നായിക്ക്. ഇസ്ലാമിലെ സമാധാനസിദ്ധാന്തത്തിന്റെ പ്രചാരകനാണ് അദ്ദേഹം. യാതൊരു സാഹചര്യത്തിലും മറ്റുള്ള മതത്തിൽപ്പെട്ടവരെ ആക്രമിക്കരുതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

ഭീകരവാദത്തെ ശക്തമായി എതിർത്ത ഒരു വ്യക്തിയെ, ഭീകരവാദത്തിന്റെ പ്രോത്സാഹകനായി അവതരിപ്പിക്കുന്ന വളരെ വിചിത്രമായ അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. സാക്കിർ നായിക്ക് ഐസിസിനെ എതിർത്തു കൊണ്ട് സംസാറിക്കുന്നതിന്റെ വീഡിയോയും ലീഗ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. മുസ്ലിം ലീഗിന്റെ പ്രധാന വോട്ട് ബാങ്കായ മൂജാഹിദ് വിഭാഗങ്ങൾക്കിടയിൽ കനത്ത സ്വാധീനമുള്ള മത പ്രചാരകനാണ് സാക്കിർ നായിക്. അതുകൊണ്ട് തന്നെയാണ് ലീഗ് നേതാക്കൾ സാക്കിർ നായിക്കിനെ പിന്തുണച്ച് രംഗത്തെത്തിയതെന്ന് അന്നേ ആരോപണം ഉയർന്നിരുന്നു.

സാക്കിർ നായിക്കിനെ പിന്തുണച്ച് എസ്ഡിപിഐയും രംഗത്തെത്തിയിരുന്നു. സാക്കിർ നായിക്ക് വിദ്വേഷം പ്രചരിപ്പിക്കുകയോ ഭീകരതയെ പ്രോൽസാഹിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും എസ്ഡിപിഐ പറഞ്ഞു. മാധ്യമങ്ങളിലെ തങ്ങളുടെ സഹായികളെ വച്ച് കാവിസേന നടത്തുന്ന ഗൂഢാലോചനയാണ് ഇപ്പോൾ സാക്കിർ നായിക്കിനെതിരെ നടക്കുന്നത്. മാധ്യമങ്ങളുടെ സഹായത്തോടെ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനും പീസ് ടിവിക്കും എതിരെ സർക്കാർ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. അന്വേഷണം പോലും നടത്താതെ അദ്ദേഹത്തിനെതിരേ നടപടിയെടുക്കണമെന്ന തരത്തിലുള്ള പ്രചാരണം ഖേദകരമാണ് എസ്ഡിപിഐ നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഈ നിപാടിൽ ഈ സംഘടനകളൊക്കെ ഉറച്ചുനിൽക്കുമ്പോഴാണ് നായിക്കിനെതിരെ കൂടുതൽ കൂടുതൽ തെളിവുകൾ പുറത്തുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP