Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

83 മന്ത്രിമാരെ ഉൾപ്പെടുത്താവുന്ന കേന്ദ്ര മന്ത്രിസഭയിൽ ഇപ്പോഴുള്ളത് 57 പേർ മാത്രം; 25ഓളം മന്ത്രിസ്ഥാനങ്ങൾ ഒഴിച്ചിട്ടതിൽ കണ്ണുംനട്ട് ബിജെപി നേതാക്കൾ; രവിശങ്കർ പ്രസാദ് ഒറ്റക്ക് കൈകാര്യം ചെയ്യുന്നത് നാല് വകുപ്പുകൾ; ഡോ. ഹർഷവർധൻ, പീയൂഷ് ഗോയൽ, നിതിൻ ഗഡ്കരി തുടങ്ങിയവർക്കും നിരവധി വകുപ്പുകളുടെ അധികഭാരം; ജെഡിയു, അണ്ണാ ഡിഎംകെക്കും മന്ത്രിസ്ഥാനത്തിന് താൽപ്പര്യം; ഹരിയാന, മഹാരാഷ്ട്ര ഫലം പുറത്തുവരുന്നതോടെ മോദി മന്ത്രിസഭയിൽ അഴിച്ചു പണി വന്നേക്കും

83 മന്ത്രിമാരെ ഉൾപ്പെടുത്താവുന്ന കേന്ദ്ര മന്ത്രിസഭയിൽ ഇപ്പോഴുള്ളത് 57 പേർ മാത്രം; 25ഓളം മന്ത്രിസ്ഥാനങ്ങൾ ഒഴിച്ചിട്ടതിൽ കണ്ണുംനട്ട് ബിജെപി നേതാക്കൾ; രവിശങ്കർ പ്രസാദ് ഒറ്റക്ക് കൈകാര്യം ചെയ്യുന്നത് നാല് വകുപ്പുകൾ; ഡോ. ഹർഷവർധൻ, പീയൂഷ് ഗോയൽ, നിതിൻ ഗഡ്കരി തുടങ്ങിയവർക്കും നിരവധി വകുപ്പുകളുടെ അധികഭാരം; ജെഡിയു, അണ്ണാ ഡിഎംകെക്കും മന്ത്രിസ്ഥാനത്തിന് താൽപ്പര്യം; ഹരിയാന, മഹാരാഷ്ട്ര ഫലം പുറത്തുവരുന്നതോടെ മോദി മന്ത്രിസഭയിൽ അഴിച്ചു പണി വന്നേക്കും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനപ്രകാരം ലോക്സഭയിലെ ആകെ അംഗങ്ങളുടെ 15 ശതമാനംവരെ കാബിനറ്റ് മന്ത്രിമാർ ആവാമെന്നാണ് ചട്ടം. അതായത് 83 മന്ത്രിമാരെ ഇപ്പോഴും കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്താം. എന്നാൽ 57പേർ മാത്രമാണ് ഇപ്പോൾ മോദി മന്ത്രിസഭയിൽ ഉള്ളത്. രവിശങ്കർ പ്രസാദ്, ഡോ. ഹർഷ്വർധൻ, പീയൂഷ് ഗോയൽ, നിതിൻ ഗഡ്കരി തുടങ്ങിയവർ ഒരേ സമയം നിരവധി വകുപ്പുകൾ കൈകാര്യം ചെയ്യുന്നതുകൊണ്ടാണ് ഇപ്പോൾ കേന്ദ്രമന്ത്രിസഭ മുന്നോട്ടുപോകുന്നത്. അതു്െകാണ്ടുതന്നെ കേന്ദ്രമന്ത്രിസഭ വികസിപ്പിക്കാനുള്ള സാധ്യതകളാണ് ഇപ്പോൾ ദേശീയ മാധ്യമങ്ങളടക്കം ചർച്ചചെയ്യുന്നത്. ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവരുന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭ വികസിപ്പിക്കുമെന്ന പ്രതിക്ഷയിൽ കാത്തിരിക്കുന്നത് ബിജെപിയുടെ ഡസൻ കണക്കിന് ലോക്‌സഭാ എംപിമാരാണ്.

നരേന്ദ്ര മോദി കേന്ദ്രത്തിൽ അധികാരമേറ്റത് മുന്നൂറിലധികം സീറ്റുകൾ ബിജെപിക്കു മാത്രമായി നേടിയെടുത്താണ്. 57 മന്ത്രിമാരാണ് അന്നു സത്യപ്രതിജ്ഞ ചെയ്തത്; അതിൽ 24 പേർ കാബിനറ്റ് റാങ്കിലും. പരമാവധി 83 മന്ത്രിമാരെ ഭരണഘടന അനുവദിക്കുന്നുണ്ട്. 25 മന്ത്രിസ്ഥാനങ്ങൾ ഒഴിച്ചിട്ടതോടെ സ്ഥാനമോഹികൾക്കു പ്രതീക്ഷയുണ്ടായി. മോദിയുടെ ആദ്യ സർക്കാരിൽ മന്ത്രിമാരായിരുന്നവരും ഇക്കൂട്ടത്തിലുണ്ട്. വൈകാതെ മന്ത്രിസഭ വികസിപ്പിക്കുമെന്നായിരുന്നു ആദ്യം മുതലുള്ള പ്രതീക്ഷ. എന്നാൽ ഇത് അസ്ഥാനത്താവുകയായിരുന്നു. പാർട്ടിയിലും സർക്കാരിലും മോദിയുടെ അപ്രമാദിത്വം പ്രകടമായതിനാൽ മന്ത്രിമാരെ ഉടൻ ഉൾപ്പെടുത്തണമെന്നു തുറന്നു പറയാനും ആരും തയാറായില്ല. വിശേഷിച്ചും, രാജ്യം സാമ്പത്തികമാന്ദ്യത്തിലേക്കു മൂക്കുകുത്തുമ്പോൾ. പക്ഷേ, കേന്ദ്രമന്ത്രിസഭയ്ക്ക് ഇന്ത്യയൊട്ടാകെ പ്രാതിനിധ്യമുള്ള വികസനം വേണം. മന്ത്രിമാരുടെ അധികഭാരം സർക്കാരിന്റെ ആകെ മികവിനെ ബാധിക്കുന്നുണ്ട് എന്നിങ്ങനെയുള്ള വിമർശനങ്ങൾ പാർട്ടിയിൽനിന്നുതന്നെ ഉയരുന്നുണ്ട്.

മന്ത്രിസഭയിൽ ചേരാത്ത സഖ്യകക്ഷികളായ ജനതാദൾ യുണൈറ്റഡിനെയോ (ജെഡിയു) അണ്ണാ ഡിഎംകെക്കും കാബിനറ്റിലേക്ക് തരിച്ചുവരാൻ ആഗ്രഹം ഉണ്ട്. ഒരു കാബിനറ്റ് മന്ത്രി എന്ന വാഗ്ദാനത്തിൽ അതൃപ്തനായാണു ജെഡിയു നേതാവ് നിതീഷ് കുമാർ മന്ത്രിസഭയിൽ ചേരാതെ വിട്ടുനിന്നത്. അദ്ദേഹം വാശിപിടിച്ചതു റെയിൽവേയോ കൃഷിയോ പോലെ പ്രധാന വകുപ്പുകളടക്കം രണ്ടു കാബിനറ്റ് മന്ത്രിസ്ഥാനത്തിനു വേണ്ടിയാണ്. ഈ ആവശ്യങ്ങൾ അംഗീകരിക്കാൻ മോദി വിസമ്മതിച്ചു. ഒരു അംഗം മാത്രമായി ചുരുങ്ങിയതിനാലാണ് അണ്ണാ ഡിഎംകെക്കു മന്ത്രിസ്ഥാനം ലഭിക്കാതിരുന്നത്. പുതിയ പുനഃസംഘടനയിൽ ഇവരെകൂടി പരിഗണിക്കുമോ എന്നും വ്യക്തമല്ല.

നിലവിൽ പല മന്ത്രിമാരും അധിക ചുമതലകൾ വഹിക്കുന്നുണ്ട്. രവിശങ്കർ പ്രസാദ് ഇലക്ട്രോണിക്സ്, ഐടി, നിയമവും നീതിന്യായവും, വാർത്താവിനിമയം എന്നീ നാലു പ്രധാന വകുപ്പുകളാണു കൈകാര്യം ചെയ്യുന്നത്. ഇത് വിഭജിച്ച് നൽകിയാൽ ഭരണംകൂടുതൽ കാര്യക്ഷമമാക്കാമെന്നാണ് വിലയിരുത്തൽ.റെയിൽവേ മന്ത്രി പീയൂഷ് ഗോയലിന് വാണിജ്യ, വ്യവസായ മന്ത്രാലയങ്ങളുടെ ഭാരിച്ച ചുമതല കൂടിയുണ്ട്. പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന് ഉരുക്കുവ്യവസായത്തിന്റെ അധികഭാരമാണുള്ളത്. പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിക്കുള്ള അധിക വകുപ്പുകൾ കൽക്കരിയും ഖനിയുമാണ്.

ആരോഗ്യമന്ത്രി ഡോ. ഹർഷ്വർധനു കീഴിലാണു ശാസ്ത്രസാങ്കേതിക വകുപ്പും. വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർക്കാകട്ടെ, വാർത്താവിതരണ പ്രക്ഷേപണ വകുപ്പിന്റെ ചുമതല കൂടിയുണ്ട്. മുൻ മോദി സർക്കാരിൽ അദ്ദേഹം ആദ്യം ഈ രണ്ടു വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. പിന്നീടു മാനവശേഷി വകുപ്പു മന്ത്രിയായി. കേന്ദ്ര മന്ത്രിസഭയിലെ പ്രമുഖനായ നിതിൻ ഗഡ്കരിക്ക്, കഴിഞ്ഞ സർക്കാരിൽ അദ്ദേഹം കൈകാര്യം ചെയ്ത റോഡ് ഉപരിതല ഗതാഗത വകുപ്പു തന്നെയാണ് ഇത്തവണയും പ്രധാനമായും ഉള്ളത്. പുറമേ, സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ചുമതല കൂടിയുണ്ട്. സ്മൃതി ഇറാനിക്ക് ടെക്സ്റ്റൈൽസ് കൂടാതെ വനിതാ ശിശുക്ഷേമവും നോക്കണം.

എന്നാൽ, പ്രധാനമന്ത്രി കൂടുതൽ മന്ത്രിമാരെ നിയമിച്ചാലും, പല അധികചുമതലകളും എടുത്തുമാറ്റി പുതിയവർക്കു കൊടുക്കുമെന്നു പ്രതീക്ഷിക്കുന്നില്ല. കാര്യപ്രാപ്തിയുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നവർക്കാണ് ഇങ്ങനെ രണ്ടോ അതിലധികമോ വകുപ്പുകൾ ഏൽപിച്ചുകൊടുത്തിരിക്കുന്നത്. മുതിർന്ന മന്ത്രിമാരായ രാജ്‌നാഥ് സിങ് (പ്രതിരോധം), അമിത് ഷാ (ആഭ്യന്തരം), നിർമല സീതാരാമൻ (ധനകാര്യം), രവിശങ്കർ പ്രസാദ്, നിതിൻ ഗഡ്കരി എന്നിവർക്കും വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറിനും മാറ്റമുണ്ടാകാനിടയില്ല. മറ്റെല്ലാ വകുപ്പുകളിലും അഴിച്ചുപണികൾ വന്നേക്കാം.

എങ്കിലും, നരേന്ദ്ര മോദിയുടെ ശൈലി വച്ച് അദ്ദേഹം മന്ത്രിസഭാ വികസനമോ അഴിച്ചുപണിയോ ഉണ്ടാകുമെന്ന സൂചന നൽകിയിട്ടില്ല. നവംബറിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിനാൽ അദ്ദേഹം ഇപ്പോഴത്തെ നില തുടർന്നുപോയാലും അദ്ഭുതമില്ല. പുതിയ മന്ത്രിമാരുണ്ടായേക്കുമെന്ന സൂചന അമിത് ഷായും ആർക്കും കൊടുത്തിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP