Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാസപരിശോധനയിൽ പുരുഷ ബീജം കണ്ടെത്തിയില്ല; സിസ്റ്റർ അഭയ ബലാൽസംഗത്തിന് ഇരയായില്ലെന്ന് സാക്ഷിമൊഴി; രാസപരിശോധനയിൽ പീഡനം നടന്നതിന് തെളിവില്ലെന്ന് വെളിപ്പെടുത്തിയത് മുൻ ഫോറൻസിക് ഉദ്യോഗസ്ഥരായ ഗീതയും ചിത്രയും; മൊഴി നൽകിയത് അഭയയുടെ ആന്തരികാവയവ റിപ്പോർട്ട് തിരുത്തി എന്ന കേസിലെ പ്രതികൾ; അഭയ കേസിൽ വിചാരണ തുടരുന്നു

രാസപരിശോധനയിൽ പുരുഷ ബീജം കണ്ടെത്തിയില്ല; സിസ്റ്റർ അഭയ ബലാൽസംഗത്തിന് ഇരയായില്ലെന്ന് സാക്ഷിമൊഴി; രാസപരിശോധനയിൽ പീഡനം നടന്നതിന് തെളിവില്ലെന്ന് വെളിപ്പെടുത്തിയത് മുൻ ഫോറൻസിക് ഉദ്യോഗസ്ഥരായ ഗീതയും ചിത്രയും; മൊഴി നൽകിയത് അഭയയുടെ ആന്തരികാവയവ റിപ്പോർട്ട് തിരുത്തി എന്ന കേസിലെ പ്രതികൾ; അഭയ കേസിൽ വിചാരണ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിസ്റ്റർ അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ചീഫ് കെമിക്കൽ എക്‌സാമിനേർസ് ലബോറട്ടറിയിൽ നടത്തിയപ്പോൾ പുരുഷബീജം കണ്ടെത്താനായില്ലെന്ന് ചീഫ് കെമിക്കൽ എക്‌സാമിനർ ആയിരുന്ന ആർ. ഗീത, അനലിസ്റ്റ് എം ചിത്ര എന്നിവർ പ്രോസിക്യൂഷൻ സാക്ഷികളായി സിബിഐ കോടതിയിൽ മൊഴി നൽകി. 1992 ഏപ്രിൽ 18 നാണ് അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം രേഖപ്പെടുത്തിയത്.

അതേ സമയം പുരുഷബീജം കണ്ടെത്തിയിട്ട് അത് ബ്ലേഡ് കൊണ്ടു ചുരണ്ടി റബ്ബർ കൊണ്ടു തുടച്ചുമാറ്റി പോസിറ്റീവ് എന്നെഴുതിയത് 'നെഗറ്റീവ് 'എന്ന് ലാബിലെ വർക്ക് രജിസ്റ്ററിൽ കൃത്രിമം കാട്ടിയതിനു ഗീതയും ചിത്രയും പ്രതികളായിട്ടുള്ള കേസ് ഹൈക്കോടതിയിൽ നിലവിലുണ്ട്. (ഹൈക്കോടതിയിലെ കേസ് ക്രിമിനൽ അപ്പീൽ നമ്പർ 878/2018). സിസ്റ്റർ അഭയ പീഡനത്തിനിരയായോ എന്ന് സിബിഐ ഒരു ഘട്ടത്തിൽ പോലും അന്വേഷണം നടത്തിയിട്ടില്ല. ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നീ പ്രതികൾക്കെതിരെയാണ് തിരുവനന്തപുരം സിബിഐ കോടതിയിൽ വിചാരണ നടക്കുന്നത്.

2009ൽ കുറ്റപത്രം സമർപ്പിച്ച അഭയ കേസിൽ പത്ത് വർഷത്തിന് ശേഷമാണ് വിചാരണ നടക്കുന്നത്. വിചാരണ തടയണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് നടപടികൾ നിരന്തരം മാറ്റിവയ്ക്കുകയായിരുന്നു. ഫാ.തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയിൽ, ക്രൈം ബ്രാഞ്ച് മുൻ എസ് പി, കെ ടി മൈക്കിൾ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.

1992 മാർച്ച് 27 ന് കേട്ടയത്ത് പയസ് ടെന്റ് കോൺവെന്റിലെ കിണറ്റിലാണ് സിസ്റ്റർ അഭയയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തെക്കുറിച്ച് ഉയർന്ന സംശയം തീപ്പൊരിയായി പടർന്നു. അഭയ ആക്ഷൻ കൗൺസിൽ രൂപീകരിച്ചത് കേസിന് വഴിത്തിരിവായി. കോട്ടയം നീണ്ടൂർ സ്വദേശിയും മനുഷ്യാവകാശ പ്രവർത്തകനുമായ ജോമോൻ പുത്തൻപുരയ്ക്കൽ, അഭയകേസ് സജീവമാക്കാനും ജനശ്രദ്ധയിൽ നിലനിർത്താനും നിരന്തര സമരത്തിലായിരുന്നു. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും അവരും ആത്മഹത്യയാണെന്ന നിഗമനത്തിലെത്തുകയായിരുന്നു.

പിന്നീട് 1993 മാർച്ച് 29ന് അന്വേഷണം സിബിഐ ഏറ്റെടുത്തു. തെളിവില്ലെന്ന കാരണത്താൽ പ്രതികളെ കണ്ടെത്താൻ സാധിക്കില്ലെന്ന നിലപാടിനെ തുടർന്ന് 1996ൽ അന്വേഷണം അവസാനിപ്പിക്കുന്നതിന് സിബിഐ കോടതിയുടെ അനുമതി തേടിയെങ്കിലും നിരസിക്കപ്പെട്ടു. തുടർന്ന് 1999ലും 2005ലും ഇതേ ആവശ്യം തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. 16 വർഷം മുമ്പ് തിരുവനന്തപുരത്തെ ചീഫ് കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയിൽ നടത്തിയ പരിശോധനാ റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയതായി റിപ്പോർട്ട് വന്നതോടെയാണ് കേസ് വീണ്ടും സജീവമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP