Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രിസഭയുടെ അനുമതിയില്ലാതെ 225 കോടി രൂപ അധികം അനുവദിച്ചു; 638 കോടിയുടെ പദ്ധതി തീർക്കാൻ ഖജനാവിന് നഷ്ടം ശതകോടികൾ; സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ത്രിപുര മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ ബാദൽ ചൗധരിയെ അറസ്റ്റ് ചെയ്തത് പൊലീസ്; രാഷ്ട്രീയ പകപോക്കൽ എന്നാരോപിച്ച് സിപിഎം; ത്രിപുരയിൽ മൂടോടെ ഒലിച്ചുപോയ സിപിഎം ഇപ്പോൾ അഴിമതിക്കുരുക്കിലും

മന്ത്രിസഭയുടെ അനുമതിയില്ലാതെ 225 കോടി രൂപ അധികം അനുവദിച്ചു; 638 കോടിയുടെ പദ്ധതി തീർക്കാൻ ഖജനാവിന് നഷ്ടം ശതകോടികൾ; സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ത്രിപുര മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ ബാദൽ ചൗധരിയെ അറസ്റ്റ് ചെയ്തത് പൊലീസ്; രാഷ്ട്രീയ പകപോക്കൽ എന്നാരോപിച്ച് സിപിഎം; ത്രിപുരയിൽ മൂടോടെ ഒലിച്ചുപോയ സിപിഎം ഇപ്പോൾ അഴിമതിക്കുരുക്കിലും

മറുനാടൻ മലയാളി ബ്യൂറോ

അഗർത്തല: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ത്രിപുര പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ ബാദൽ ചൗധരിയെ പൊലീസ് അറസ്റ്റ് ചെയ്തത് 225 കോടി രൂപയുടെ അഴിമതിക്കേസിൽ. 638 കോടി രൂപയുടെ പദ്ധതിയിൽ 225 കോടി രൂപ അധികമായി ചെലവിട്ടു എന്നതാണ് ബാദൽ ചൗധരിക്കെതിരായ പ്രധാന ആരോപണം. 20082009 കാലത്തെ അഞ്ച് വീതം പാലങ്ങൾക്കും കെട്ടിടങ്ങൾക്കുമായുള്ള 638കോടിയുടെ പദ്ധതിയിൽ നിന്ന് 228കോടി തട്ടിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.

ഇത് മന്ത്രിസഭയുടെ അനുമതി പോലും ഇല്ലാതെയാണ് എന്നതാണ് ബാദൽ ചൗധരിക്ക് കൂടുതൽ വിനയാകുന്നത്. അഴിമതി, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണു മുൻ മന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പൊതുമരാമത്തുവകുപ്പ് മുൻ ചീഫ് എൻജിനീയർ സുനിൽ ഭൗമിക്കിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മുൻ ചീഫ് സെക്രട്ടറി യശ്പാൽ സിങ്ങും കേസിൽ പ്രതിയാണ്.

2008-09ൽ, ഫ്‌ളൈ ഓവർ നിർമ്മാണത്തിനു മന്ത്രിസഭയുടെ അനുമതിയില്ലാതെ 225 കോടി ചെലവിട്ടെന്നും മന്ത്രിസഭ പരിഗണിച്ച രേഖയും വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തയാറാക്കിയ രേഖയും തമ്മിൽ പൊരുത്തമില്ലെന്നും മുഖ്യമന്ത്രി ബിപ്ലവ് ദേബ് കഴിഞ്ഞ മാസം നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

നിലവിൽ എംഎൽഎയായ ബാദൽ ചൗധരി ഹൃദ്രോഗബാധിതനായി അതീവ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുമ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചികിത്സയ്ക്കായി ബാദലിനെ ഭാര്യയും മകളുമാണ് ആശുപത്രിയിലെത്തിച്ചത്. നേരത്തേ പാർട്ടി ഓഫീസിൽ വെച്ച് ചൗധരിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചെങ്കിലും പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് നടന്നിരുന്നില്ല. വിജിലൻസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞയാഴ്ചയാണ് കേസ് രജിസ്റ്റർ ചെയ്തത്. ബാദലിനു പശ്ചിമ ത്രിപുര സെഷൻസ് കോടതി ആദ്യം രണ്ടു ദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു എങ്കിലും പിന്നീടതു റദ്ദാക്കി.

ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് പാർട്ടി ഓഫിസിൽനിന്ന് അറസ്റ്റ് ചെയ്യാൻ പൊലീസ് നടത്തിയ ശ്രമം വിജയിച്ചില്ല. പ്രവർത്തകരുടെ നേതൃത്വത്തിൽ വൻ പ്രതിഷേധമാണ് അന്ന് നടന്നത്. അറസ്റ്റ് തടഞ്ഞെന്നാരോപിച്ച് പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം നാരായൺ കറിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കോടതി ജാമ്യമനുവദിച്ചു.

ഇതിനിടെ, ബാദലിനെ അറസ്റ്റ് ചെയ്യാത്തതിനു ത്രിപുര വെസ്റ്റ് ജില്ലാ പൊലീസ് സൂപ്രണ്ട് ഉൾപ്പെടെ 8 ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ബാദൽ ഒളിവിലാണെന്നും അറസ്റ്റിനുള്ള ശ്രമം തുടരുന്നുവെന്നും പിന്നീടു പൊലീസ് വ്യക്തമാക്കി. ഇതിനിടെ, ബാദലിന്റെ ജാമ്യ ഹർജി ഹൈക്കോടതി പരിഗണിച്ചെങ്കിലും ഉത്തരവുണ്ടായിട്ടില്ല.

പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനുള്ള ആർഎസ്എസ്-ബിജെപി പദ്ധതിയുടെ ഭാഗമാണു കേസെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഡൽഹിയിൽ ആരോപിച്ചു. ഫ്ൈള ഓവർ പദ്ധതിയെക്കുറിച്ചു പൊതു മരാമത്ത് വകുപ്പ് തൃപ്തികരമായ വിശദീകരണം നൽകിയതോടെ സിഎജി റിപ്പോർട്ടിലെ പരാമർശം ഒഴിവാക്കിയിരുന്നു. എന്നാൽ, സിഎജിക്കു പ്രശ്‌നമില്ലെങ്കിലും ഞങ്ങൾ നടപടിയെടുക്കുമെന്നാണ് സർക്കാർ നിലപാട്. ഇത് പ്രതിപക്ഷത്തെ വേട്ടയാടലാണ് എന്നും യച്ചൂരി ചൂണ്ടിക്കാട്ടി. സംശുദ്ധരാഷ്ട്രീയത്തിന്റെ വക്താവാണ് ബാദൽ ചൗധരി. ഗുരുതരകുറ്റങ്ങൾ നടത്തിയവർക്കെതിരെ നടപടിയെടുക്കാതെ, പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയെന്നതാണ് ബിജെപി സർക്കാരുകളുടെ രീതി എന്നും പാർട്ടി സെക്രട്ടറി പറയുന്നു.

ത്രിപുരയിലെ ഹൃശ്യമുഖ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ബാദൽ ചൗധരി. ഓഗസ്റ്റ് 23ന് വിജിലൻസ് ഉദ്യോഗസ്ഥർ ബാദൽ ചൗധരിയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. എന്നാൽ താൻ മന്ത്രിയായിരിക്കെ ചെയ്ത പണികൾ ഏറ്റവും മികച്ച ഗുണനിലവാരത്തിലുള്ളതായിരുന്നുവെന്നും ചോദ്യം ചെയ്യാനല്ല വിവരങ്ങൾ തേടാനാണ് വിജിലൻസ് തന്നെ വിളിച്ചുവരുത്തിയതെന്നും ചൗധരി അന്ന് പ്രതികരിച്ചിരുന്നു.

സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിയെന്നാണ് നിയമ-വിദ്യാഭ്യാസ മന്ത്രി രതൻ ലാൽ നാഥ് സംഭവത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ചൗധരിക്കെതിരെ അന്വേഷണം ഊർജിമാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ബിജെപി സർക്കാരിനെതിരെ സിപിഎം രംഗത്തെത്തിയിരിക്കുകയാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ചൗധരിക്കെതിരെ കള്ളക്കേസ് ചുമത്തിയതാണെന്നാണ് സിപിഎം ആരോപിക്കുന്നത്. ഇതിനെ രാഷ്ട്രീയമായി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഗൗതം ദാസും വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP