Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അഫീലിന്റെ തല തെറിപ്പിച്ച ഹാമറിലെ രക്തം കുടിവെള്ളം കൊണ്ട് കഴുകി മത്സരം തുടർന്ന ക്രൂരന്മാർ; ഗ്രൗണ്ടിലേക്ക് പറഞ്ഞയച്ച കായികാധ്യാപകൻ തന്നെ വിദ്യാർത്ഥി കായിക മേളകാണാൻ വന്നതെന്ന് പ്രചരിപ്പിച്ചു; പരുക്കിനു കാരണം ഹാമർ ത്രോയിലെ റെക്കോഡ് ദൂരമെന്ന വിചിത്ര ന്യായവും; സുരക്ഷാ ക്രമീകരണളില്ലാതെ ജാവലിൻ-ഹാമർ മത്സരങ്ങൾ ഒരേ സമയം നടത്തിയത് ദുരന്തമായെന്ന സത്യം കണ്ടെത്തി അന്വേഷണ സമിതി; അഫീലിന്റെ ജീവനെടുത്തവർക്കെതിരെ ഉയരുന്നത് വ്യാപക പ്രതിഷേധം

അഫീലിന്റെ തല തെറിപ്പിച്ച ഹാമറിലെ രക്തം കുടിവെള്ളം കൊണ്ട് കഴുകി മത്സരം തുടർന്ന ക്രൂരന്മാർ; ഗ്രൗണ്ടിലേക്ക് പറഞ്ഞയച്ച കായികാധ്യാപകൻ തന്നെ വിദ്യാർത്ഥി കായിക മേളകാണാൻ വന്നതെന്ന് പ്രചരിപ്പിച്ചു; പരുക്കിനു കാരണം ഹാമർ ത്രോയിലെ റെക്കോഡ് ദൂരമെന്ന വിചിത്ര ന്യായവും; സുരക്ഷാ ക്രമീകരണളില്ലാതെ ജാവലിൻ-ഹാമർ മത്സരങ്ങൾ ഒരേ സമയം നടത്തിയത് ദുരന്തമായെന്ന സത്യം കണ്ടെത്തി അന്വേഷണ സമിതി; അഫീലിന്റെ ജീവനെടുത്തവർക്കെതിരെ ഉയരുന്നത് വ്യാപക പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഹാമർ തലയിൽപതിച്ച് തലപൊട്ടി കുഴഞ്ഞ് വീണിട്ടും ഒന്നു സഹതപിക്കാൻ പോലും കാത്തുനിൽക്കാത്ത സംഘാടകരുടെ ക്രൂരത. പാലായിൽ നടന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് മീറ്റിനിടെ ഹാമർ തലയിൽ വീണ് ഗുരുതരപരുക്കേറ്റ പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥി അഫീലാ(16)ണു 17 ദിവസത്തെ അബോധാവസ്ഥയിൽനിന്നു മരണത്തിലേക്കു വഴുതിവീണത്. അഫീലിനെ ആശുപത്രിയിൽ കൊണ്ടുപോയിട്ടും മത്സരം നിർത്തിവയ്ക്കാൻ തയ്യാറാവാതിരുന്ന അത്ലറ്റിക് അസോസിയേഷൻ ഭാരവാഹികൾ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. അഫീലിന്റെ തലതെറിപ്പിച്ച ഹാമറിലെ രക്തം കുടിവെള്ളം കൊണ്ട്കഴുകി അവർ മത്സരം തുടർന്നുവെന്നതാണ് വസ്തുത.

അഫീലിന്റെ ഇഷ്ടമൈതാനമായിരുന്നു പാലാ മുനിസിപ്പൽ സ്റ്റേഡിയം. മൂന്നിലവ് നവജ്യോതി റസിഡൻഷ്യൽ സ്‌കൂളിൽനിന്നു പത്താംക്ലാസിൽ ഉന്നതവിജയം നേടിയാണ് അഫീൽ പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു പ്രവേശനം നേടിയത്. പാലായിലെത്താനുള്ള കാരണവും ഫുട്ബോൾ പ്രേമമായിരുന്നു. ഈ സ്റ്റേഡിയം തന്നെ ഫുട്‌ബോളിൽ ഉയരങ്ങൾ കീഴടക്കാൻ ആഗ്രഹിച്ച കുട്ടിയുടെ ജീവനെടുത്തിരിക്കുന്നു. അതിന് കാരണക്കാർ കായിക സംഘാടകരും. മരണത്തിലും ഈ കുട്ടിയെ കുറ്റപ്പെടുത്താനായിരുന്നു അത്‌ലറ്റിക് അസോസിയേഷനും മറ്റും ശ്രമിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്.

ഇപ്പോഴിതാ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ ഹാമർ തലയിൽ പതിച്ച് അഫീൽ ജോൺസൺ മരിച്ചത് സംഘാടകരുടെ പിഴവുമൂലമെന്ന് സർക്കാർ നിയോഗിച്ച മൂന്നംഗസമിതിയുടെ റിപ്പോർട്ട് സർക്കാരിന്റെ മുമ്പിലെത്തുകയാണ്. കേരള സർവകലാശാലാ കായികവകുപ്പ് മുൻ ഡയറക്ടർ ഡോ. കെ.കെ. വേണു, സായി മുൻ പരിശീലകൻ എം.ബി. സത്യാനന്ദൻ, ബാഡ്മിന്റൺതാരവും അർജുന അവാർഡ് ജേതാവുമായ വി.ഡിജു എന്നിവർ അംഗങ്ങളായ സമിതി തെളിവെടുപ്പ് നടത്തിയശേഷം തയ്യാറാക്കിയ റിപ്പോർട്ട് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്‌സ് ഡയറക്ടർ എ. ജയതിലകിന് സമർപ്പിക്കും.

പാലാ സിന്തറ്റിക് സ്റ്റേഡിയത്തിൽ സുരക്ഷാക്രമീകരണളില്ലാതെ ജാവലിൻ, ഹാമർ മത്സരങ്ങൾ ഒരേസമയം നടത്തിയത് സംഘാടകരുടെ വീഴചയാണെന്നാണ് സമിതിയുടെ വിലയിരുത്തൽ. ജാവലിന്റെയും ഹാമറിന്റെയും മത്സരം നടത്തിയ ഒഫീഷ്യലിന്റെ മൊഴിയെടുത്തിരുന്നു. ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതെ കായികമേളകൾ നടക്കണമെന്ന നിർദ്ദേശങ്ങളും റിപ്പോർട്ട് മുന്നോട്ടു വയ്ക്കുന്നു. തലയ്ക്ക് ഏറ്റ ഗുരുതര ക്ഷതമാണ് അഫിലിന്റെ മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. സംഘാടകർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത വിവരം അന്വേഷണ സംഘം പാലാ കോടതിയെ അറിയിച്ചു.

മേലുകാവ് ചൊവ്വൂർ കുറിഞ്ഞംകുളം ജോൺസൺ ജോർജിന്റെയും ബിൻസി (ഡാർലി) യുടെയും ഏകമകനാണു ലോകമറിയുന്ന ഫുട്ബോൾ താരമാകാൻ കൊതിച്ച അഫീൽ. ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലന ക്യാമ്പിൽ പങ്കെടുത്ത്, അണ്ടർ 16 ടീമിൽ ഇടംപിടിച്ചിരിക്കേയാണ് അഫീലിന്റെ മരണം. അഫീലിന് പരുക്കേറ്റതിനെത്തുടർന്ന് പാലാ പൊലീസും സർക്കാർ നിയോഗിച്ച മറ്റ് ഏജൻസികളുമൊക്കെ തെളിവെടുക്കാനെത്തിയപ്പോൾ സംഘാടക പ്രധാനികളിൽ ചിലർ സഹകരിക്കാതിരുന്നതും വിവാദമായിരുന്നു. അപകടകരമായ അനാസ്ഥയ്ക്ക് കേസെടുത്ത പാലാ പൊലീസും അന്വേഷണത്തിൽ വേണ്ടത്ര ശുഷ്‌കാന്തി കാട്ടിയില്ലെന്നതാണ് വസ്തുത. സംഘാടകരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു. അഫീൽ ആക്ഷൻകൗൺസിലും പാലാ ഫുട്ബോൾക്ളബ്ബും വിഷയത്തിൽ പ്രതിഷേധവുമായി എത്തുകയാണ്.

കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരേ കേസെടുത്തെന്ന് അവകാശപ്പെട്ടിരുന്ന പാലാ പൊലീസ് പക്ഷേ വിശദമായ മൊഴിയെടുത്തത് മൂന്ന് പേരുടെ മാത്രമാണ്. പാലാ സിഐ: വി.എ. സുരേഷ് വിശദമായ മൊഴി നൽകുന്നതിന് സംഘാടകരിൽ ചിലർക്ക് നോട്ടീസ് നൽകിയെങ്കിലും ആരും സഹകരിച്ചില്ല. അഫീൽ ജോൺസനെ വോളണ്ടിയറായി നിയോഗിച്ച് ഗ്രൗണ്ടിലേക്ക് പറഞ്ഞയച്ച കായികാധ്യാപകൻ തന്നെ ഈ വിദ്യാർത്ഥി കായിക മേളകാണാൻ വന്നതാണെന്ന് പ്രചരിപ്പിച്ചു. തങ്ങളുടെ പിഴവാണു അപകടത്തിനു കാരണമായതെന്നു വ്യക്തമായതിനു പിന്നാലെ, അഫീൽ വളണ്ടിയറല്ല, കൂട്ടുകാർക്കൊപ്പം കാഴ്ചക്കാരനായി സ്റ്റേഡിയത്തിലെത്തിയതെന്നു വാദം ഉയർത്തിയത്. എന്നാൽ, മത്സരം നടക്കുമ്പോൾ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ സാധാരണ വിദ്യാർത്ഥിക്കു എങ്ങനെ കഴിഞ്ഞുവെന്ന മറു ചോദ്യം അവരെ കുടുക്കി. അഫീലിന് ബാഡ്ജ് നൽകിയതും ചർച്ചയായി.

പിന്നീട്, പരുക്കിനു കാരണം ഹാമർത്രോയിലെ റെക്കോഡ് ദൂരമെന്ന വിചിത്രന്യായവുമുണ്ടായി. റെക്കോഡ് ദൂരത്തിൽ ഒരു പെൺകുട്ടി ഹാമർ എറിഞ്ഞപ്പോഴാണ് അപകടം ഉണ്ടായതെന്ന വാദം സംഘാടകരിൽ ചിലരുയർത്തിയത്. അഫീൽ ആശുപത്രിയിൽ ദിവസങ്ങളോളം മരണത്തോടു മല്ലടിച്ചു കഴിച്ചിട്ടും ജില്ലാ സ്പോർട്സ് കൗൺസിൽ അധികൃതരടക്കം മീറ്റ് സംഘാടകർ തിരിഞ്ഞു നോക്കിയുമില്ല. തിരുവനന്തപുരത്തുനിന്നും കായിക വകുപ്പിന്റെ ഒരു ഉദ്യോഗസ്ഥൻ സന്ദർശിക്കുകയും ജില്ലാ കലക്ടറെത്തി ചികിത്സക്ക് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുക മാത്രമാണ് ഈ ദിവസങ്ങളിലുണ്ടായതെന്നു അഫീലിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP