Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലഹരി മരുന്ന് 'രാജാവിന്റെ മകനെ' കുടുക്കി മെക്സിക്കൻ പൊലീസ്; തെരുവിൽ അഴിഞ്ഞാടി എൽചാപ്പോ ഗുസ്മാന്റെ കൂലിപ്പട്ടാളം; ആക്രമണത്തിൽ ഗതികെട്ട് ഗുസ്മാന്റെ മകൻ ഒവിഡിയോ ഗുസ്മാനെ മോചിപ്പിച്ച് പൊലീസ്; സിനലാവോ കാർട്ടലിനെ തളയ്ക്കാനാവാതെ മെക്‌സിക്കൻ സർക്കാർ; ആക്രമണം നിയന്ത്രിക്കാൻ നിയോഗിച്ചത് 400ഓളം പട്ടാളക്കാരെ

ലഹരി മരുന്ന് 'രാജാവിന്റെ മകനെ' കുടുക്കി മെക്സിക്കൻ പൊലീസ്; തെരുവിൽ അഴിഞ്ഞാടി എൽചാപ്പോ ഗുസ്മാന്റെ കൂലിപ്പട്ടാളം; ആക്രമണത്തിൽ ഗതികെട്ട് ഗുസ്മാന്റെ മകൻ ഒവിഡിയോ ഗുസ്മാനെ മോചിപ്പിച്ച് പൊലീസ്; സിനലാവോ കാർട്ടലിനെ തളയ്ക്കാനാവാതെ മെക്‌സിക്കൻ സർക്കാർ; ആക്രമണം നിയന്ത്രിക്കാൻ നിയോഗിച്ചത് 400ഓളം പട്ടാളക്കാരെ

മറുനാടൻ ഡെസ്‌ക്‌

മെക്‌സിക്കോ സിറ്റി; ലഹരിമരുന്നു രാജാവ് എൽചാപ്പോ ഗുസ്മാന്റെ സാമ്രാജ്യം തകർക്കാൻ മെക്സിക്കൻ പൊലീസും ഭരണകൂടവും നടത്തിയ അവസാനശ്രമവും വിഫലമായി.അമേരിക്കയിൽ ജയിലിൽ കഴിയുന്ന ലഹരിമരുന്ന് രാജാവ് ഗുസ്മാന്റെ മകൻ ഒവിഡിയോയെ ജയിലിലാക്കിയതോടെ കാര്യങ്ങൾ കൈവിടുകയായിരുന്നു. മെക്‌സിക്കോയുടെ പൊലീസും സൈന്യവും നിസ്സഹായരായി നിൽക്കെ, എൽചാപ്പോ ഗുസ്മാന്റെ ലഹരി മാഫിയാ സംഘം സിനലാവോ കാർട്ടൽ എന്ന കൂലിപ്പട്ടാളം തെരുവുകൾ കൈയടക്കി ആക്രമണം അഴിച്ചുവിടുകയായിരുന്നു. വടക്കു പടിഞ്ഞാറൻ മെക്‌സിക്കോയിലെ കുലിയാകാൻ നഗരം അക്ഷരാർഥത്തിൽ നിന്നു കത്തി.

നഗരത്തിലങ്ങോളമിങ്ങോളം ഓട്ടമാറ്റിക് തോക്കുകൾ ഘടിപ്പിച്ച വാഹനങ്ങളിൽ പറന്നു നടന്ന് തുരുതുരാ നിറയൊഴിച്ചു, പൊലീസ് വണ്ടികളടക്കം കത്തിച്ചു. പൊലീസ് പോസ്റ്റുകൾ ആക്രമിക്കുകയും ഗതാഗതസ്തംഭനം സൃഷ്ടിക്കുകയും ചെയ്തു.ഒടുവിൽ അക്രമം നിർത്താൻ പൊലീസിന് എൽചാപ്പോ ഗുസ്മാന്റെ മകൻ ഒവിഡിയോ ഗുസ്മാൻ ലോപ്പസിനെ കസ്റ്റഡിയിൽനിന്നു മോചിപ്പിക്കേണ്ടിവന്നു. നേതാവ് എൽചാപ്പോ ഗുസ്മാൻ അമേരിക്കയിലെ മൻഹാറ്റനിൽ ജയിലിലാണെങ്കിലും സിനലാവോ കാർട്ടലിനെ തളയ്ക്കാൻ മെക്‌സിക്കൻ സർക്കാരിന് കഴിയില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു ഇത്.

കൊലക്കളമായി മാറിയ കുലിയകാൻ ശാന്തമാക്കാൻ 400 ഓളം പട്ടാളക്കാരെ നിയോഗിച്ചിട്ടും സ്ഥിതിഗതികളിൽ മാറ്റമുണ്ടായില്ല. നഗരത്തിലെ ജനങ്ങളുടെ സമാധാനപരമായ ജീവിതത്തിനു വേണ്ടിയാണ് ഒവിഡിയോയെ വിട്ടയച്ചതെന്ന ജനറൽ കാർലോസ് റമണിന്റെ വാക്കുകളിൽ നിസ്സഹായതയുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും പ്രഥമ പരിഗണന നൽകുന്നതിനാലാണ് ഒവിഡിയോയെ വിട്ടയയ്ക്കുന്നതെന്നു സുരക്ഷാ മന്ത്രി അൽഫോൻസോ ഡുറാസോയും പറഞ്ഞു.

എൽ ചാപ്പോ എന്നു വിളിപ്പേരുള്ള ഗുസ്മാന്റെ പത്തുമക്കളിൽ ഒരാളാണ് 'എൽ റാറ്റൺ' എന്നു വിളിപ്പേരുള്ള, 28 കാരനായ ഒവിഡിയോ ഗുസ്മാൻ. മെക്‌സിക്കോയിലെ മോസ്റ്റ് വാണ്ടഡ് ലഹരിക്കടത്തു കുറ്റവാളികളിലൊരാൾ. ഒരു കെട്ടിടത്തിനകത്തു നടത്തിയ വെടിവയ്‌പ്പിനിടെയാണു മെക്സിക്കൻ ഗാർഡ് പൊലീസ് ഒവിഡിയോയെയും സംഘത്തെയും കഴിഞ്ഞ വ്യാഴാഴ്ച പിടികൂടിയത്. പക്ഷേ ലഹരിമരുന്നു മാഫിയ ആയുധമെടുത്തിറങ്ങിയതോടെ അയാളെ വിട്ടയ്ക്കുക മാത്രമായിരുന്നു പൊലീസിനു മുന്നിലുള്ള വഴി.

ഒരു ഗൃഹപാഠവും ചെയ്യാതെ അറസ്റ്റു ചെയ്ത് നിരുപാധികം വിട്ടയച്ചതിലൂടെ ഒവിഡിയോയെ എൽ ചാപ്പോയുടെ പിൻഗാമിയായി 'അവരോധിക്കുക'യാണ് മെക്‌സിക്കൻ സർക്കാർ ചെയ്തതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ വിമർശിച്ചത്. മയക്കുമരുന്ന് മാഫിയയെ അമർച്ച ചെയ്യുമെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുപ്പക്കാരനായ പ്രസിഡന്റ് ആൻഡ്രെസ് മാനുവൽ ലോപ്പസ് ഒബ്രഡോറിനു കനത്ത തിരിച്ചടിയായി ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP