Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

ലോക്സഭാ തെരഞ്ഞെടുപ്പിലെ സമ്പൂർണ്ണ തോൽവിയുടെ ആശങ്കയ്ക്ക് വിരാമം; ആറിൽ മൂന്നും നേടി സിപിഎം ഉപതെരഞ്ഞെടുപ്പിൽ നടത്തിയത് വമ്പൻ തിരിച്ചു വരവ്; സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാവുമെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ മുഖ്യമന്ത്രിക്ക് ഇനി ചിരിക്കാം; സിപിഎം തകർന്നടിയുമെന്ന് കരുതിയവർക്ക് നിരാശ നൽകി കോന്നിയും വട്ടിയൂർക്കാവും; മഞ്ചേശ്വരത്തും വോട്ട് കൂടി; എറണാകുളത്ത് മിന്നും പ്രകടനം; അരൂരിൽ സിറ്റിങ് സീറ്റ് കൈവിടുമ്പോഴും ഈ ഫലം കരുത്ത് പകരുക പിണറായിക്ക്

ലോക്സഭാ തെരഞ്ഞെടുപ്പിലെ സമ്പൂർണ്ണ തോൽവിയുടെ ആശങ്കയ്ക്ക് വിരാമം; ആറിൽ മൂന്നും നേടി സിപിഎം ഉപതെരഞ്ഞെടുപ്പിൽ നടത്തിയത് വമ്പൻ തിരിച്ചു വരവ്; സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാവുമെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ മുഖ്യമന്ത്രിക്ക് ഇനി ചിരിക്കാം; സിപിഎം തകർന്നടിയുമെന്ന് കരുതിയവർക്ക് നിരാശ നൽകി കോന്നിയും വട്ടിയൂർക്കാവും; മഞ്ചേശ്വരത്തും വോട്ട് കൂടി; എറണാകുളത്ത് മിന്നും പ്രകടനം; അരൂരിൽ സിറ്റിങ് സീറ്റ് കൈവിടുമ്പോഴും ഈ ഫലം കരുത്ത് പകരുക പിണറായിക്ക്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഇത് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പാലായിലെ ഉപതെരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. പിന്നീടും അതും ആവർത്തിച്ചു. പാലായിലെ ആത്മവിശ്വാസമായിരുന്നു ഇതിന് കാരണം. ഇവിടേയും തെറ്റുന്നില്ല. അഞ്ച് ഉപതെരഞ്ഞെടുപ്പിൽ അരൂർ മാത്രമായിരുന്നു സിപിഎമ്മിന്റെ സിറ്റിങ് സീറ്റ്. ഇത് കൈവിട്ടെങ്കിലും കോന്നിയിലും വട്ടിയൂർകാവിലും ഉജ്ജ്വല വിജയമാണ് സിപിഎം നേടിയത്.

വട്ടിയൂർകാവിൽ മൂന്നാം സ്ഥാനത്ത് നിന്ന് ഫിനിക്‌സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റ് സിപിഎം ജയിച്ചു കയറി. ശബരിമല ഇഫക്ട് കഴുകി കളയുന്നതാണ് ഈ വിജയം. വട്ടിയൂർക്കാവിലും കോന്നിയിലും സ്ഥാനാർത്ഥിയെ നിശ്ചയിച്ചതും പിണറായി വിജയനായിരുന്നു. സാമുദായിക സമവാക്യങ്ങളെല്ലാം അട്ടിമറിക്കുന്നതായിരുന്നു വട്ടിയൂർകാവിലെ സ്ഥാനാർത്ഥി പ്രഖ്യാപനം. മേയർ പ്രശാന്ത് അത്ഭുതം കാട്ടുമ്പോൾ ബിജെപി മൂന്നാം സ്ഥാനത്തായി. മഞ്ചേശ്വരത്തും ബിജെപിക്ക് മുന്നേറാനായില്ല. ഇതോടെ ബിജെപി വിജയം തടയുന്ന മുഖ്യമന്ത്രിയായി പിണറായി മാറുകയാണ്.

കെ ഫോൺ അടക്കമുള്ള വികസന പദ്ധതികൾ പിണറായി മുന്നോട്ട് വയ്ക്കുന്നു. എല്ലാ വീട്ടിലും ഇന്റർനെറ്റ് എത്തിക്കുന്ന വിവര സാങ്കേതി വിപ്ലവമാണ് മനസ്സിലുള്ളത്. ഇതിലൂടെ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളിലേക്ക് കൂടുതൽ അടുക്കനാകും ലക്ഷ്യമിടുക. ജനപക്ഷത്തേക്ക് ചേരുന്ന വികസന പദ്ധതികളും ഉണ്ടാകും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 20ൽ 19ഉം ജയിച്ച ആത്മവിശ്വാസമായിരുന്നു കോൺഗ്രസിന്റേയും യുഡിഎഫിന്റേയും കൈമുതൽ. എന്തുവന്നാലും പാലായിൽ ഇടതുപക്ഷം തകരുമെന്ന് ഏവരും വിലയിരുത്തി. പാലായിലെ വിജയം പിണറായി സർക്കാരിന് നൽകിയത് പുതിയ ഇന്നിങ്‌സിനുള്ള കരുത്താണ്.

അവിടെ നിന്ന് ബാറ്റ് വീശി പിണറായി തകർത്തത് കോൺഗ്രസിന്റെ സിക്‌സർ മോഹത്തെയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സമ്പൂർണ്ണ തോൽവി നൽകിയ ആശങ്കയ്ക്ക് വിരാമമിട്ട് സിപിഎം ഇനി ആത്മവിശ്വാസത്തോടെ തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് കടക്കും. അജ്മാനിലെ ജയിലിൽ കുടുങ്ങിയ തുഷാർ വെള്ളാപ്പള്ളിയെ രക്ഷിച്ചതിന്റെ ഗുണം ബിഡിജെഎസിന് സിപിഎമ്മുമായി അടുപ്പിച്ചു. ബിഡിജെഎസ് എൻഡിഎയ്‌ക്കൊപ്പം നിൽക്കുമ്പോഴും കോന്നിയിലും വട്ടിയൂർകാവിലും ഈഴവ വോട്ടുകൾ പിണറായിക്ക് അനുകൂലമായി. എൻ എസ് എസിന്റെ വെല്ലുവിളിയെ നേരിട്ട് തോൽപ്പിച്ചുവെന്നതും ആശ്വാസമാണ്.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനമനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി വെട്ടിലാക്കിയത് പിണറായി വിജയനെയാണ്. പന്ത്രണ്ടുവർഷം നീണ്ട സംഭവബഹുലമായ നിയമപോരാട്ടത്തിനു ശേഷമായിരുന്നു ശബരിമലക്കേസിൽ സുപ്രീംകോടതി വിധിപറഞ്ഞത്. ഇതിനിടെ ഓരോദിവസവും ശബരിമല വാർത്തകളിൽ നിറഞ്ഞുനിന്നു. ഇവിടെല്ലാം പിണറായി സർക്കാരായിരുന്നു പ്രതിക്കൂട്ടിൽ. ശബരിമലയിൽ യുവതികളെത്തിയതോടെ ആളിപടർന്ന വിശ്വാസ വികാരത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പിണറായി സർക്കാരിന് വമ്പൻ തിരിച്ചടി നേരിട്ടു.

സിപിഎം കാര്യ ഗൗരവത്തോടെ വിലയിരുത്തൽ നടത്തി. തങ്ങൾ വിശ്വാസികൾക്ക് എതിരല്ലെന്ന് പ്രഖ്യാപിച്ചു. സഭാ തർക്കത്തിൽ കരുതലോടെ എടുത്ത നിലപാടും കത്തോലിക്കരെ ഇടതുപക്ഷത്തെ എതിരാളികളായി കാണാൻ പ്രേരിപ്പിക്കുന്നതായിരുന്നില്ല. പാലായിലെ ഹൈന്ദവ വോട്ടുകളുടെ ഏകീകരണത്തിനൊപ്പം മാണി സി കാപ്പനിലൂടെ പരമ്പരാഗത ക്രൈസ്തവ വോട്ടുകളും പിണറായി സ്വന്തമാക്കി. ഇതേ വോട്ടിങ് പാറ്റേൺ കോന്നിയിലും വട്ടിയൂർകാവിലും സിപിഎമ്മിനെ തുണച്ചു.

ശബരിമലയിൽ വിശ്വാസികളെ പിണക്കിയ സിപിഎമ്മിന് ഇനി തിരിച്ചുവരവില്ലെന്ന് പലരും കരുതി. ഇവിടെയാണ് സമർത്ഥമായ കരുനീക്കത്തോടെ സിപിഎം തിരിച്ചു വരുന്നത്. ശബരിമലയിൽ കേന്ദ്രസർക്കാരിനെ പ്രതിസന്ധിയിലാക്കാനും മറ്റും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ നീക്കങ്ങളും വിജയിച്ചു. ബിനോയ് കോടിയേരി വിവാദങ്ങൾ സിപിഎമ്മിനേയോ ഇടതുപക്ഷത്തേയോ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നത് ഈ വിജയം.

ഈഴവ വോട്ടുകൾ വീണ്ടും ഇടതു മുന്നണിയിൽ എത്തുകയാണ്. എൻ എസ് എസ് നേതൃത്വത്തെ നായർ സമുദായവുമായും അകറ്റി. എങ്കിലും അരൂരിലെ തോൽവി സിപിഎമ്മിന് ഞെട്ടലാണ്. സിപിഎമ്മിന്റെ കുത്തക മണ്ഡലമായിരുന്നു അരൂർ. കെ ആർ ഗൗരിയമ്മ വലതു പക്ഷത്ത് എത്തിയപ്പോൾ ഇത് കൈവിട്ടു. പിന്നീട് ആരിഫിലൂടെ തിരിച്ചു പിടിച്ചു. കോന്നിയിലും വട്ടിയൂർകാവിലും ജയിച്ചിട്ടും കുത്തക സീറ്റിൽ സിപിഎം തോറ്റു. ആലപ്പുഴയിലെ പാർട്ടി വിഭാഗീയതയും മന്ത്രി ജി സുധാകരന്റെ പൂതന പ്രയോഗവും ഇതിന് വഴിയൊരുക്കി.

ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി എൻഎസ്എസ് ശക്തമായ ഇടപെട്ട മണ്ഡലങ്ങളാണ് വട്ടിയൂർക്കാവും കോന്നിയും. യുഡിഎഫിന്റെ ഈ സിറ്റിങ് സീറ്റുകളിൽ എൽഡിഎഫ് നേടിയ വൻവിജയം എൻഎസ്എസിനും കടുത്ത അടിയായി മാറും. എൻ എസ് എസിന്റ പിന്തുണയെ മറ്റൊരു രീതിയിൽ എതിരാളികൾ വ്യാഖ്യാനിച്ചതിനെ പ്രതിരോധിക്കാൻ കഴിഞ്ഞോയെന്ന് സംശയിക്കുന്നതായുള്ള വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി മോഹൻ കുമാറിന്റെ നിരീക്ഷണം ഏറെ നിർണ്ണായകമാണ്. ഉപതെരഞ്ഞെടുപ്പിൽ ശബരിമല ഏറ്റവും സജീവമായി ചർച്ച ചെയ്ത മണ്ഡലങ്ങളിലൊന്നാണ് കോന്നി. ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയിൽ നടന്ന പ്രധാനപ്പെട്ട തെരഞ്ഞെടുപ്പിൽ നിർണായകവിജയം നേടാനായത് എൽഡിഎഫിന് ആശ്വാസവും ആത്മവിശ്വാസവും നൽകും.

അതുകൊണ്ട് തന്നെ വിശ്വാസികൾ സിപിഎമ്മിന് എതിരാണെന്ന പ്രചരണം ഇനി വിലപോവില്ല. ഒഴിവ് വന്ന വട്ടിയൂർകാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ച് മണ്ഡലങ്ങളിലേക്കാണ് ഇപ്പോൾ കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ മൂന്നെണ്ണത്തിൽ കേൺഗ്രസും രണ്ടെണ്ണത്തിൽ സിപിഎമ്മും വിജയിച്ചു. വട്ടിയൂർക്കാവും കോന്നിയും കോൺഗ്രസിൽ നിന്ന് സിപിഎം തിരിച്ച് പിടിച്ചപ്പോൾ ലോകസഭാ തെരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ ഏക വിജയമായിരുന്ന ആരിഫിന്റെ അരൂർ മണ്ഡലം കോൺഗ്രസിന്റെ ഷാനിമോൾ ഉസ്മാന് മുന്നിൽ സിപിഎം അടിയറവ് വച്ചു. നേരത്തെ പാലായിൽ ജയിച്ച സിപിഎമ്മിന് അതുകൊണ്ട് തന്നെ ആറിൽ മൂന്നിലും വിജയം അവകാശപ്പെടാം. ഇത് പിണറായി സർക്കാരിന് നേട്ടവുമാണ്.

എറണാകുളത്ത് ടി.ജെ. വിനോദ് (യുഡിഎഫ്), അരൂരിൽ ഷാനിമോൾ ഉസ്മാൻ (യുഡിഎഫ്), മഞ്ചേശ്വരം എം.സി. കമറുദ്ദീൻ (യുഡിഎഫ്) എന്നിവരും വട്ടിയൂർക്കാവിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.കെ. പ്രശാന്ത് (എൽഡിഎഫ്), കോന്നിയിൽ കെ.യു. ജനീഷ് കുമാർ (എൽഡിഎഫ്) എന്നിവരാണ് വിജയികൾ. അരൂരിൽ ഇഞ്ചോടിഞ്ച് മത്സരത്തിലാണ് ഷാനിമോൾ വിജയം കണ്ടത്. എന്നാൽ, രണ്ടു വോട്ടിങ് മെഷിനുകൾ സാങ്കേതിക തകരാർ മൂലം എണ്ണാനിയിട്ടില്ല. മൊത്തത്തിൽ നാലു ബൂത്തുകളുടെ വോട്ടുകൾ എണ്ണാനുണ്ടെങ്കിലും ഷാനിമോൾ വിജയം ഉറപ്പിച്ചിട്ടുണ്ട്. അന്തിമഫലത്തിൽ ഒരുപക്ഷേ ഭൂരിപക്ഷത്തിൽ മാറ്റമുണ്ടായേക്കും.

മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാർത്ഥി രവീശ തന്ത്രി കുണ്ടാറാണ് രണ്ടാം സ്ഥാനത്ത്. അതേസമയം, കോന്നിയിൽ ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ വൻതോതിൽ വോട്ടുകൾ നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP