Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹരിയാനയിൽ ബിജെപിക്ക് വിനയായത് ജാട്ട് സംവരണ പ്രക്ഷോഭത്തിന്റെ ഉണങ്ങാത്ത മുറിവുകൾ; ജാട്ട്-ദളിത്-ന്യൂനപക്ഷ മുന്നണി പ്രാവർത്തികമാക്കിയ കോൺഗ്രസിന്റെ തന്ത്രം ഫലം കണ്ടു; തുക്കുസഭയിൽ ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ അധികാരം പിടിക്കുമെന്ന് കോൺഗ്രസ്; തടയിടാൻ ബിജെപിയും; ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത ഹരിയാന നീങ്ങുന്നത് കർണാടക മോഡൽ രാഷ്ട്രീയ കുതിരക്കച്ചവടത്തിലേക്കോ?

ഹരിയാനയിൽ ബിജെപിക്ക് വിനയായത് ജാട്ട് സംവരണ പ്രക്ഷോഭത്തിന്റെ ഉണങ്ങാത്ത മുറിവുകൾ; ജാട്ട്-ദളിത്-ന്യൂനപക്ഷ മുന്നണി പ്രാവർത്തികമാക്കിയ കോൺഗ്രസിന്റെ തന്ത്രം ഫലം കണ്ടു; തുക്കുസഭയിൽ ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ അധികാരം പിടിക്കുമെന്ന് കോൺഗ്രസ്; തടയിടാൻ ബിജെപിയും; ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത ഹരിയാന നീങ്ങുന്നത് കർണാടക മോഡൽ രാഷ്ട്രീയ കുതിരക്കച്ചവടത്തിലേക്കോ?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേടിയ വലിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിനേയും നേരിടാൻ ഹരിയാനയിലിറങ്ങിയത്. എക്‌സിറ്റ്‌പോൾ ഫലങ്ങളും സർവ്വേകളും അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്തു. അതിലുപരി പ്രതിപക്ഷത്ത് നിലനിന്നിരുന്ന ചില പ്രശ്‌നങ്ങൾ തങ്ങൾക്ക് ഗുണം ചെയ്യുമെന്നും അനായാസ വിജയം നേടാൻ അത് സഹായിക്കുമെന്ന ബിജെപി തട്ടകത്തെ നിരാശയിലാഴ്‌ത്തുന്നതാണ് പുറത്ത് വരുന്ന ഫലങ്ങൾ. 90 സീറ്റുകളിൽ 75 സീറ്റുകൾ ലക്ഷ്യം വെച്ചിറങ്ങിയ ബിജെപിക്ക് ഇതുവരെ വ്യക്തമായ മേൽക്കൈ നേടാൻ സാധിച്ചിട്ടില്ല. ഭൂരിപക്ഷത്തിന് 46 സീറ്റ് വേണമെന്നിരിക്കേ ബിജെപി നേടിയത് 37 സീറ്റും കോൺഗ്രസ് 32 സീറ്റുമാണ്. 12 സീറ്റുകളിൽ ലീഡ് ചെയ്യുന്ന ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപി പാർട്ടിയുടെയും സ്വതന്ത്രരുടെയും നിലപാട് ഇത്തണ നിർണ്ണായകമാണ്. ഇപ്പോൾ തൂക്ക് മന്ത്രിസഭയ്ക്കുള്ള സാധ്യതയാണ് ഹരിയാനയിൽ കാണുന്നത്. ഒരു കർണാടക മോഡൽ അട്ടിമറി വിദൂരമല്ലെന്ന് തന്നെ പറയാം. ജെജെപിയെ ചാക്കിടാൻ ബിജെപിയും കോൺഗ്രസും ഒരുപോലെ ശ്രമിക്കുകയാണ്.

അതേ സമയം കോൺഗ്രസ് ഹരിയാണയിൽ സർക്കാർ രൂപീകരിക്കുമെന്ന അവകാശവാദവുമായി കോൺഗ്രസ് നേതാവും മുന്മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിങ് ഹൂഡ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. 12 സീറ്റുകളിൽ ലീഡ് ചെയ്യുന്ന ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയേയും സ്വതന്ത്രരേയും കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കാനാണ് ഹൂഡ നീക്കം നടത്തുന്നത്. ജെജെപിക്ക് ഇപ്പോൾ തന്നെ മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിരിക്കുകയാണ് കോൺഗ്രസ്. ഹരിയാനയിൽ എന്ത് തീരുമാനമെടുക്കാനും മുൻ മുഖ്യമന്ത്രി ഭൂപിന്ദർ സിങ് ഹൂഡയ്ക്ക് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അനുവാദം നൽകി കഴിഞ്ഞു. അങ്ങനെയുണ്ടെങ്കിൽ കണക്കുകൂട്ടലുകൾ തെറ്റിച്ച് കൊണ്ട് കോൺഗ്രസ് അധികാരത്തിലെത്തും.

നിരവധി സർവേകൾ വന്നെങ്കിലും ഇന്ത്യാ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ ഫലമാണ് കൃത്യമായിരിക്കുന്നത്. സംസ്ഥാനത്ത് കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് സർവേ പ്രവചിച്ചിരുന്നത്. 90 അംഗ നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി 32 മുതൽ 44 സീറ്റുകൾ വരെ നേടുമെന്നും കോൺഗ്രസിന് 30 മുതൽ 42 സീറ്റുകൾ വരെ ലഭിക്കുമെന്നുമാണ് സർവേ പ്രവചിച്ചത്.

ബിജെപിയെ പിറകോട്ട് അടിപ്പിച്ചത് ജാട്ട് പ്രക്ഷോഭം

ജാതി സമവാക്യങ്ങൾ തങ്ങൾക്ക് അനുകൂലമാക്കിയെടുത്താൽ ബിജെപിയെ പരാജയപ്പെടുത്താമെന്ന തന്ത്രം തന്നെയാണ് ഹരിയാനയിൽ പ്രാവർത്തികമായിരിക്കുന്നത്. ബിജെപിക്കെതിരെ ജാട്ട്-ദളിത്-ന്യൂനപക്ഷ മുന്നണി പ്രാവർത്തികമാക്കിയെടുക്കാൻ കോൺഗ്രസ് അക്ഷീണം പ്രയത്‌നിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അശോക് തൻവാറിന് പകരം ദളിത് വിഭാഗത്തിൽ നിന്നുള്ള കുമാരി സെൽജയെ പിസിസി അധ്യക്ഷയാക്കിയതും. ഇതിന്റെയൊക്കെ പ്രതിഫലനം തന്നെയാണ് ഇപ്പോൾ ഹരിയാനയിൽ കാണാനാകുന്നത് സംവരണ വിഷയത്തിൽ തെരുവുകളെ കലാപ ഭൂമിയാക്കിയായിരുന്നു ജാട്ട് വിഭാഗം ഹരിയാന സർക്കാരിനെ വിറപ്പിച്ചത്. ഒടുവിൽ ജാട്ടുകളുടെ സംവരണ ആവശ്യം ബിജെപി നേതാവും മുഖ്യമന്ത്രിയുമായ മനോഹർ ലാൽ ഖട്ടറിന് അംഗീകരിക്കേണ്ടി വന്നു. നിലവിൽ കോടതിയുടെ പരിഗണനയിലാണ് ഈ വിഷയമുള്ളത്. പ്രക്ഷോഭത്തിന് ശേഷം നേതാക്കൾ പലരും ജയിലിലായി. ചിലർ ഒളിവിൽ പോകുകയും ചെയ്തു. ഇതൊക്കെയാണ് ബിജെപി വിരുദ്ധ വോട്ടായി മാറിയത്. ലോക്‌സഭയിൽ ജാട്ട് വോട്ടുകളെല്ലാം ബിജെപിക്ക് ലഭിച്ചെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതിന് മാറ്റമുണ്ടാകുമെന്നും കൂടുതൽ ജാട്ട് വോട്ടുകൾ കോൺഗ്രസിന് പോയേക്കാമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

പരമ്പരാഗതമായി കോൺഗ്രസിന് വലിയ വളക്കൂറുള്ള മണ്ണാണ് ഹരിയാന. 1966 ൽ സംസ്ഥാനം രൂപീകൃതമായതിന് ശേഷം ഇന്നേവരെ നടന്ന 12 തിരഞ്ഞെടുപ്പിൽ 7 തവണയും കോൺഗ്രസായിരുന്നു അധികാരത്തിൽ എത്തിയത്. എന്നാൽ 2014 ൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാനത്ത് ആദ്യമായി അധികാരത്തിൽ എത്തിയപ്പോൾ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 47 സീറ്റുകൾ നേടിയാണ് ഹരിയാണയിൽ ബിജെപി അധികാരത്തിൽ എത്തിയത്. ലോക്‌സഭ തിരഞ്ഞെടുപ്പിലും സംസ്ഥാനത്തെ 10 സീറ്റുകളിലും ബിജെപിക്കായിരുന്നു വിജയം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 15 സീറ്റുകൾ മാത്രമാണ് നേടിയത്. ലോക്‌സഭ തിരഞ്ഞെടുപ്പിലും ദയനീയ പ്രകടനമാണ് കാഴ്ച വെച്ചത്. പക്ഷേ പ്രതീക്ഷിക്കാത്ത മുന്നേറ്റമാണ് കോൺഗ്രസ് നടത്തിയിരിക്കുന്നത്.

അതേ സമയം ഹരിയാനയിലെ പുതിയ ട്രെന്റുകൾ പുറത്തുവരുമ്പോൾ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നിരാശയിലാണ്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിനെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുയാണ് അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ടിക്കറ്റ് വിതരണം തെറ്റിയെന്ന അനുമാനത്തിലാണ് അമിത് ഷാ. ഖട്ടാറിന്റെ നടപടിയിൽ അമിത് ഷാ അസ്വസ്ഥനാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഹരിയാനായിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കാൻ പോകുകയാണെന്ന് പ്രഖ്യാപിച്ച് സംസ്ഥാന കോൺഗ്രസ് അധ്യക്ഷ കുമാരി സെൽജ രംഗത്തെത്തിയിട്ടുണ്ട്. ബിജെപി ഭരണം മടുത്തുകഴിഞ്ഞെന്നും ജനങ്ങൾ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്താൻ ആഗ്രഹിക്കുന്നുവെന്നും ഇവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP