Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രചാരണം നയിച്ചത് സാക്ഷാൽ പിണറായി; വലംകൈയായി എം എം മണിയും കെ എൻ ബാലഗോപാലും; ജനീഷിന്റെ അത്ഭുത വിജയത്തിന് പിന്നിൽ മുഖ്യമന്ത്രി തന്നെ: കൈ അയച്ച് സഹായിച്ച് എസ്എൻഡിപിയും പ്രകാശ് പക്ഷവും; നിഷ്പ്രഭരായത് സ്ഥാനാർത്ഥിത്വം മോഹിച്ച് കിട്ടാതെ പോയ മുതിർന്ന സിപിഎമ്മുകാർ; ഉണ്ടായത് ലോക്സഭ തെരഞ്ഞെടുപ്പിന്റെ തനിയാവർത്തനം

പ്രചാരണം നയിച്ചത് സാക്ഷാൽ പിണറായി; വലംകൈയായി എം എം മണിയും കെ എൻ ബാലഗോപാലും; ജനീഷിന്റെ അത്ഭുത വിജയത്തിന് പിന്നിൽ മുഖ്യമന്ത്രി തന്നെ: കൈ അയച്ച് സഹായിച്ച് എസ്എൻഡിപിയും പ്രകാശ് പക്ഷവും; നിഷ്പ്രഭരായത് സ്ഥാനാർത്ഥിത്വം മോഹിച്ച് കിട്ടാതെ പോയ മുതിർന്ന സിപിഎമ്മുകാർ; ഉണ്ടായത് ലോക്സഭ തെരഞ്ഞെടുപ്പിന്റെ തനിയാവർത്തനം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കോന്നിയിലെ ജനീഷ്‌കുമാറിന്റെ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം. പാളയത്തിലെ പട സ്വന്തം സാന്നിധ്യം കൊണ്ട് അടിച്ചമർത്തിയ പിണറായി ജനീഷിന്റെ വിജയം ഉറപ്പിച്ച ശേഷമാണ് മണ്ഡലം വിട്ടത്. വലംകൈയായി നിന്ന മന്ത്രി എംഎം മണിയും സംസ്ഥാന സമിതിയംഗം കെഎൻ ബാലഗോപാലും വിജയത്തിൽ നിർണായകമായി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ നടന്നതിന്റെ തനിയാവർത്തനമായിരുന്നു കോന്നിയിലും. ലോക്സഭ വോട്ടിങ്ങിന് മൂന്നു ദിവസം മുൻപാണ് വീണയുടെ നില പരുങ്ങലിലാണെന്നും സിപിഎം വോട്ടുകൾ ശബരിമല വിഷയത്തിന്റെ പേരിൽ ബിജെപിക്ക് പോകുമെന്നും മുഖ്യമന്ത്രിക്ക് വിവരം കിട്ടിയത്.

കാലുവാരാൻ തയാറായി നിന്ന ലോക്കൽ കമ്മറ്റി സെക്രട്ടറി മുതൽ ജില്ലാ കമ്മറ്റിയംഗം വരെ പിണറായിയുടെ ദൃഷ്ടിയിൽ പതിഞ്ഞു. വീണ മൂന്നാം സ്ഥാനത്ത് പോവുകയും സുരേന്ദ്രൻ ജയിക്കുകയോ രണ്ടാം സ്ഥാനത്ത് വരികയോ ചെയ്താലുണ്ടാകുന്ന പിണറായി അപകടം മണത്തറിഞ്ഞു. വോട്ട് മറിക്കാൻ തയ്യാറെടുത്ത് നിന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തെ സഹിതം വിളിച്ചു വരുത്തി കർശനമായ താക്കീത് നൽകി. വീണയ്ക്ക് മൂന്നാം സ്ഥാനത്തേക്ക് പോകേണ്ടി വന്നാൽ പത്തനംതിട്ടയിൽ സിപിഎം ഉണ്ടാകില്ലെന്നായിരുന്നു പിണറായിയുടെ താക്കീത്.

ഇതിനൊപ്പം എസ്എൻഡിപിയുമായി ബന്ധപ്പെട്ട് വോട്ടുകൾ വീണയ്ക്ക് അനുകൂലമായി മറിക്കുകയും ചെയ്തു. ഇത് ആന്റോ ആന്റണിക്ക് ഗുണകരമായപ്പോൾ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പോവുകയും വീണയ്ക്കും സർക്കാരിനും മുഖം രക്ഷിക്കാൻ ഉതകുകയും ചെയ്തു. സമാന സാഹചര്യമായിരുന്നു ഉപതെരഞ്ഞെടുപ്പിലും. ജനീഷ്‌കുമാറിന്റെ സ്ഥാനാർത്ഥിത്വം സിപിഎം ജില്ലാ നേതൃത്വത്തിന് സ്വീകാര്യമായിരുന്നില്ല. സീറ്റു കിട്ടാതെ പോയ എംഎസ് രാജേന്ദ്രൻ പക്ഷവും ഡിവൈഎഫ്ഐയിലെ എതിർ വിഭാഗവും ജനീഷിനെ വാരുമെന്നും ഉറപ്പായിരുന്നു. കോന്നിയിൽ ജയിക്കാൻ കഴിഞ്ഞാൽ സർക്കാരിന് തല ഉയർത്തിപ്പിടിക്കാമെന്ന് മനസിലാക്കിയ പിണറായി നേരിട്ട് പ്രചാരണത്തിന് ഇറങ്ങി. മൂന്നു തവണയാണ് അദ്ദേഹം കോന്നിയിൽ എത്തിയത്.

മൂന്നാമത്തെ വരവിന് രണ്ടു ദിവസം താമസിച്ച് മണ്ഡലത്തിന്റെ മുക്കും മൂലയും കവർ ചെയ്തു. ഏറ്റവും വിശ്വസ്തനായ എംഎം മണിയെയും കെഎൻ ബാലഗോപാലിനെയും പ്രചാരണത്തിന് നിയോഗിച്ചു. മണി പരമാവധി കുടുംബസംഗമങ്ങളിൽ പങ്കെടുത്തു. വീടു കയറി വോട്ട് തേടി. ചായക്കടയിലും കവലയിലും കുശലം പറഞ്ഞും ഫലിതം പറഞ്ഞ് ചിരിപ്പിച്ചും അദ്ദേഹം ജനങ്ങനെ കൈയിലെടുത്തു. ലോക്സഭ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് പോയ സിപിഎമ്മിലെ ഈഴവ വോട്ടുകൾ തിരികെ കൊണ്ടുവരിക കൂടി ചെയ്തു. കാലുവാരാൻ തയാറായി നിന്നവർക്ക് പിണറായി മുന്നറിയിപ്പ് നൽകിയിരുന്നു. യുഡിഎഫ് കൂടി കൈ അയച്ച് സഹായിച്ചതോടെ വിജയം ജനീഷിനൊപ്പം നിന്നു. തല ഉയർത്തിപ്പിടിച്ച് പിണറായിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP