Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിറംകെട്ട പ്രകടനത്തിൽ തുലാസിലാകുന്നത് ശ്രീധരൻപിള്ളയുടെ അധ്യക്ഷ പദവി; പുതിയ പ്രസിഡന്റിന് വേണ്ടിയുള്ള മുറവിളികൾ ഉയരുമ്പോൾ സാധ്യത കൂടുതൽ കോന്നിയിൽ ഭേദപ്പെട്ട പ്രകടനം കാഴ്‌ച്ചവെച്ച കെ സുരേന്ദ്രന്; സമുദായ സംഘടനകളെ കൂടെകൂട്ടി പാർട്ടി വളർത്താനുള്ള നീക്കങ്ങളും പൊളിഞ്ഞതോടെ ബിജെപിയുടെ വളർച്ച കീഴ്‌പ്പോട്ട്; ആർഎസ്എസിനെ പിണക്കിയാൽ കേരളത്തിൽ മുന്നോട്ടു പോക്കില്ലെന്ന് തെളിയിക്കുന്ന തെരഞ്ഞെടുപ്പു ഫലം; മോശം പ്രകടനത്തിൽ ബിജെപിയിൽ അരങ്ങൊരുങ്ങുന്നത് ഉരുൾപൊട്ടലുകൾക്ക്

നിറംകെട്ട പ്രകടനത്തിൽ തുലാസിലാകുന്നത് ശ്രീധരൻപിള്ളയുടെ അധ്യക്ഷ പദവി; പുതിയ പ്രസിഡന്റിന് വേണ്ടിയുള്ള മുറവിളികൾ ഉയരുമ്പോൾ സാധ്യത കൂടുതൽ കോന്നിയിൽ ഭേദപ്പെട്ട പ്രകടനം കാഴ്‌ച്ചവെച്ച കെ സുരേന്ദ്രന്; സമുദായ സംഘടനകളെ കൂടെകൂട്ടി പാർട്ടി വളർത്താനുള്ള നീക്കങ്ങളും പൊളിഞ്ഞതോടെ ബിജെപിയുടെ വളർച്ച കീഴ്‌പ്പോട്ട്; ആർഎസ്എസിനെ പിണക്കിയാൽ കേരളത്തിൽ മുന്നോട്ടു പോക്കില്ലെന്ന് തെളിയിക്കുന്ന തെരഞ്ഞെടുപ്പു ഫലം; മോശം പ്രകടനത്തിൽ ബിജെപിയിൽ അരങ്ങൊരുങ്ങുന്നത് ഉരുൾപൊട്ടലുകൾക്ക്

എം മനോജ് കുമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ബിജെപിയിൽ ഉരുൾപൊട്ടലുകൾക്ക് അരങ്ങൊരുങ്ങുന്നു. സംഘടനാപരമായ ദുർബലതകളെ അതിജീവിക്കാൻ കഴിയാതെ ഉപതിരഞ്ഞെടുപ്പിൽ ബിജെപി മൂക്കുകുത്തുകയാണ് ചെയ്തത്. കേരളത്തിലെ ബിജെപി മുന്നേറ്റത്തിന്റെ മുനയൊടിയുന്ന കാഴചയാണ് ഉപതിരഞ്ഞെടുപ്പിൽ ദൃശ്യമാവുന്നത്. ബിജെപിയുടെ ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഇത് മറുനാടനോട് നിഷേധിക്കുന്നുണ്ടെങ്കിലും ബിജെപിയുടെ ഗ്രാഫ് താഴുന്ന കാഴ്ച തന്നെയാണ് ദൃശ്യമാകുന്നത്. അഞ്ച് ഉപ തിരഞ്ഞെടുപ്പുകളിൽ നാലിലും വന്ന കനത്ത പരാജയം ബിജെപിയുടെ സംഘടനാപരമായ ദുർബലതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ബിജെപി വിജയപ്രതീക്ഷ പുലർത്തിയിരുന്ന വട്ടിയൂർക്കാവിലും കോന്നിയിലും രണ്ടാം സ്ഥാനത്ത് പോലും എത്താനായില്ല എന്നത് ബിജെപി നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കാൻ പര്യാപ്തവുമാണ്. അതിശക്തമായ വിഭാഗീയതയുടെ പിടിയിൽ അമർന്നിരിക്കുന്ന ബിജെപിയിൽ കലാപത്തിനു വഴിമരുന്നിട്ടിരിക്കുകയാണ് ഉപതിരഞ്ഞെടുപ്പിലെ കനത്ത പരാജയങ്ങൾ. ആർഎസ്എസിനെ പിണക്കി കേരളത്തിൽ ബിജെപിക്ക് ഭാവിയില്ലെന്ന് തെളിയിക്കുകകൂടിയാണ് ഈ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ. സംഘടനാ പരമായ ദുർബലതകൾ വേട്ടയാടുന്ന ബിജെപിക്ക് ജീവവായു നൽകുന്നത് ആർഎസ്എസ് തന്നെയാണ്. ആർഎസ്എസിനെ പിണക്കിയാൽ എന്ത് സംഭവിക്കും എന്ന് ആർഎസ്എസ് നേതൃത്വം ബിജെപിക്ക് ഈ ഉപതിരഞ്ഞെടുപ്പിൽ കാണിച്ചു കൊടുക്കുക കൂടി ചെയ്തു. വട്ടിയൂർക്കാവിലെ തിരഞ്ഞെടുപ്പ് ഫലത്തിലും കോന്നിയിലെ തിരഞ്ഞെടുപ്പ് ഫലത്തിലും പ്രകടമാകുന്നത് ഈ വസ്തുതകൂടിയാണ്.

നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾക്ക് അരങ്ങൊരുങ്ങുന്ന വേളയിൽ ആത്മവിശ്വാസമില്ലാതെ ഉപതിരഞ്ഞെടുപ്പിനെ നേരിട്ട ഏക പാർട്ടി ബിജെപി മാത്രമായിരുന്നു. 89 വോട്ടുകൾക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് പരാജയപ്പെട്ട ബിജെപിയുടെ കെ.സുരേന്ദ്രൻ അവിടെ മത്സരിക്കാനില്ലെന്നാണ് വ്യക്തമാക്കിയത്. വട്ടിയൂർക്കാവിൽ കഴിഞ്ഞ ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ രണ്ടാമത് എത്തിയ കുമ്മനം രാജശേഖരൻ ഇത്തവണ വട്ടിയൂർക്കാവിൽ മത്സരിക്കാൻ തയ്യാറല്ലെന്നാണ് ആദ്യം നേതൃത്വത്തെ അറിയിച്ചത്. രണ്ടുപേരും വിരൽ ചൂണ്ടിയത് സമാനമായ കാരണങ്ങളിലേക്ക്. മഞ്ചേശ്വരത്ത് മത്സരിച്ചാൽ സിപിഎം യുഡിഎഫിനെ വിജയിപ്പിക്കും എന്നാണ് സുരേന്ദ്രൻ പറഞ്ഞത്. വട്ടിയൂർക്കാവിൽ നിന്നാൽ സിപിഎമ്മോ കോൺഗ്രസോ കാലുവാരും എന്നാണ് കുമ്മനം പറഞ്ഞത്.

മഞ്ചേശ്വരത്ത് സുരേന്ദ്രൻ വേണ്ടെന്നു തീരുമാനിച്ച നേതൃത്വം പക്ഷെ സുരേന്ദ്രനെ കോന്നിയിലെ വിജയപ്രതീക്ഷയുള്ള സീറ്റിൽ നിർത്തി മത്സരിപ്പിച്ചു. മത്സരിക്കാനില്ല എന്ന് പറഞ്ഞ കുമ്മനത്തെ മത്സരത്തിനു സന്നദ്ധനാക്കി നിർത്തിയ ശേഷം നേതൃത്വം ആ സീറ്റിലേക്ക് ബിജെപി ജില്ലാ പ്രസിഡന്റ് എസ്.സുരേഷിനെ സ്ഥാനാർത്ഥിയാക്കി. സുരേന്ദ്രൻ ഒഴിവായപ്പോൾ മഞ്ചേശ്വരത്തും എസ്.സുരേഷ് സ്ഥാനാർത്ഥിയായപ്പോൾ വട്ടിയൂർക്കാവിലും ബിജെപിയുടെ വിജയപ്രതീക്ഷകൾ അപ്രത്യക്ഷമാവുകയായിരുന്നു. പിന്നെ ആകെ ബിജെപി പ്രതീക്ഷ പുലർത്തിയത് കെ.സുരേന്ദ്രൻ മത്സരിച്ച കോന്നിയിൽ മാത്രമായിരുന്നു. കോന്നിയിലെ ബിജെപി പ്രതീക്ഷ അടൂർ പ്രകാശ് ഇഫക്റ്റിൽ മാത്രവുമായിരുന്നു. അടൂർ പ്രകാശ് ഇഫക്റ്റ് കോൺഗ്രസിന്റെ കോട്ട യുഡിഎഫിനു നഷ്ടമായപ്പോൾ ഈ ഫാക്ടറിൽ നിന്നും ബിജെപിയും കെ.സുരേന്ദ്രനും നേട്ടമുണ്ടാക്കി. കോന്നിയിൽ കെ.സുരേന്ദ്രൻ 39,786 വോട്ടുകൾ നേടിയെങ്കിലും എത്തിയത് മൂന്നാം സ്ഥാനത്ത് തന്നെയാണ്. ത്രികോണ മത്സരം നടക്കുമ്പോൾ ബിജെപി എത്തുന്ന മൂന്നാം സ്ഥാനം തന്നെയാണ് കോന്നിയിലും നേടിയത്.

ഉപതിരഞ്ഞെടുപ്പിലും സിക്‌സർ അടിക്കുമെന്ന് പറഞ്ഞു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് അണികളെ ആവേശഭരിതമായി നിർത്താൻ പ്രയത്‌നിച്ചെങ്കിലും ഇത്തരമൊരു ആവേശത്തിമിർപ്പും സൃഷ്ടിക്കാൻ ബിജെപി നേതൃത്വത്തിനു കഴിഞ്ഞില്ല. സ്വന്തം താത്പര്യങ്ങളിലും പ്രവർത്തനങ്ങളിലും ആണ്ടുമുങ്ങുകയായിരുന്നു പ്രവർത്തനം നയിക്കേണ്ട നേതാക്കൾ. ബൂത്തുകളെ വരെ സജ്ജമാക്കി നിർത്താൻ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് കഴിഞ്ഞതുമില്ല. കുമ്മനത്തെ മത്സരിപ്പിക്കാൻ സജ്ജമാക്കി നിർത്തി അവസാനം വട്ടിയൂർക്കാവിൽ എസ്.സുരേഷിന് അവസരം നല്കിയതോടെ ആർഎസ്എസ് പൂർണമായും ഇടഞ്ഞു. ബിജെപിക്ക് സ്ഥാനാർത്ഥികളെ നിർത്താനും വിജയിപ്പിക്കാനും ശക്തിയുണ്ടെങ്കിൽ ആ കഴിവ് ബിജെപി പുറത്തെടുക്കട്ടെ എന്ന തീരുമാനത്തിൽ ആർഎസ്എസ് ഉറച്ചു നിന്നതോടെ വട്ടിയൂർക്കാവ് ബിജെപിക്ക് നഷ്ടമായ അവസ്ഥയായി. എസ്.സുരേഷ് ആഞ്ഞു ശ്രമിച്ചിട്ടും എൽഡിഎഫ് സ്ഥാനാർത്ഥി വി.കെ.പ്രശാന്തിനു ലഭിച്ച വോട്ടുകളുടെ നേർപ്പകുതി മാത്രമാണ് ലഭിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും വട്ടിയൂർക്കാവിൽ ലഭിച്ച രണ്ടാംസ്ഥാനം മൂന്നാം സ്ഥാനത്തിനു വഴിമാറുകയും ചെയ്തു. എന്നാൽ കോന്നിയിൽ ആർഎസ്എസ് കെ.സുരേന്ദ്രന് വേണ്ടി ഉണർന്നു പ്രവർത്തിച്ചു. അതിന്റെ ഫലം സുരേന്ദ്രന് ലഭിക്കുകയും ചെയ്തു. 39,786 വോട്ടുകളാണ് കോന്നിയിൽ സുരേന്ദ്രൻ നേടിയത്. എൻഡിഎയിലെ ശക്തമായ ഘടകകക്ഷിയായ ബിഡിജെഎസിന്റെ ഒരു സഹായവും ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചതുമില്ല. അരൂരിൽ ബിജെപിക്ക് ലഭിച്ച വോട്ടു നിലയിൽ ഇത് പ്രകടവുമാണ്. 16,289വോട്ടുകൾ മാത്രമാണ് അരൂരിൽ പ്രകാശ് ബാബുവിനു ലഭിച്ചത്. ബിഡിജെഎസ് ശക്തികേന്ദ്രമായ അരൂരിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതായിരുന്നില്ല സ്ഥിതി. 27753 വോട്ടാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതേ സീറ്റിൽ ബിഡിജെഎസ് സ്ഥാനാർത്ഥി അനിയപ്പൻ നേടിയത്. ഈ വോട്ടുകൾ എങ്ങോട്ട് പോയി എന്ന കാര്യത്തിൽ മറുപടി പറയേണ്ടത് അഞ്ച് സീറ്റുകളിൽ ഒരു സീറ്റ് പോലും ബിഡിജെഎസിന് വിട്ടു നൽകാത്ത ബിജെപി സംസ്ഥാന നേതൃത്വം തന്നെയാണ്. എറണാകുളത്ത് 2016-ൽ 14878 വോട്ടുകൾ നേടിയ ബിജെപിക്ക് ഇത്തവണ 13351 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. സി.ജി.രാജഗോപാലാണ് ഇവിടെ മത്സരിച്ചത്. ഇവിടെയും ബിജെപിക്ക് വോട്ടു ചോർച്ച വന്നു.

ബിജെപിയുടെ ഒരു പ്രതീക്ഷയും അസ്തമിക്കുന്ന ഒരു സൂചനയും ഉപതിരഞ്ഞെടുപ്പ് നൽകുന്നില്ല എന്നാണ് ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ് മറുനാടനോട് പറഞ്ഞത്. ഇത് ഒരു ഉപതിരഞ്ഞെടുപ്പ് മാത്രമാണ്. പൊതുതിരഞ്ഞെടുപ്പിന്റെ വികാരം പ്രതിഫലിക്കുന്ന ഒന്നല്ല നിലവിലെ ഉപതിരഞ്ഞെടുപ്പുകൾ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ നാലിൽ യുഡിഎഫും ഒരു സീറ്റിൽ എൽഡിഎഫുമാണ് ജയിച്ചത്. അതിൽ രണ്ടു സീറ്റുകൾ യുഡിഎഫിനും ഒരു സീറ്റ് എൽഡിഎഫിനും നഷ്ടമായി. ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിൽ രണ്ടാംസ്ഥാനമുണ്ടായിരുന്നു. അതിൽ ഒരു മണ്ഡലത്തിൽ രണ്ടാം സ്ഥാനം നഷ്ടമായി. ഈ കാര്യം ബിജെപി നേതൃത്വം പരിശോധിക്കും. വട്ടിയൂർക്കാവിൽ വോട്ടു കുറഞ്ഞതും മൂന്നാംസ്ഥാനത്തേക്ക് പോയതും തീർച്ചയായും പാർട്ടി പരിശോധിക്കും. ഈ തിരഞ്ഞെടുപ്പിൽചില മണ്ഡലങ്ങളിൽ എൽഡിഎഫിനും യുഡിഎഫിനും വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. ചില മണ്ഡലങ്ങളിൽ എൻഡിഎയ്ക്കും വോട്ടു കുറഞ്ഞിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പിൽ സ്വാഭാവികമായും ഒരു മൂന്നാം ശക്തിക്ക് മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കാറില്ല. അപകടകരമായ ഒരു സാഹചര്യമായി ഈ തിരഞ്ഞെടുപ്പിൽ നിലനിന്നത് ജാതി-മത ശക്തികളുടെ അതിപ്രസരമായിരുന്നു. ജാതി-മത ശക്തികളെ കൂട്ടുപിടിക്കാനും ജാതീയ വികാരം ആളിക്കത്തിക്കാനും യുഡിഎഫും എൽഡിഎഫും ഒരുമിച്ച് ശ്രമിച്ചു. അരൂരിലും മഞ്ചേശ്വരത്തും മതവികാരം ആളിക്കത്തിച്ചാണ് യുഡിഎഫ് സീറ്റ് പിടിച്ചത്. മുന്നോക്ക-പിന്നോക്ക വികാരം ആളിക്കത്തിച്ചാണ് എൽഡിഎഫ് വോട്ടു സമാഹരണം നടത്തിയത്. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ഈ സങ്കുചിത രാഷ്ട്രീയ തന്ത്രങ്ങൾ ഗുരുതരമായ ഭവിഷ്യത്ത് കേരളത്തിലെ രാഷ്ട്രീയ രംഗത്ത് സൃഷ്ടിക്കും.

കേരളത്തിലെ മൊത്തം ജനവികാരമാണ് ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് എന്ന് യുഡിഎഫും എൽഡിഎഫും കരുതേണ്ടതില്ല. ഉപതിരഞ്ഞെടുപ്പിൽ ആ മണ്ഡലത്തിലെ വികാരം മാത്രമാണ് ചർച്ച ചെയ്യപ്പെടുന്നത്. ഉപതിരഞ്ഞെടുപ്പ് ഫലം പൊതുതിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാറില്ല. 2019-ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കേരളത്തിലെ യുഡിഎഫ് വിജയം താത്കാലികമാണ് എന്ന് ബിജെപി പറഞ്ഞിരുന്നു. ദേശീയ തലത്തിൽ തകരുന്നത് പോലെ കോൺഗ്രസ് കേരളത്തിലും തകരുന്നു എന്ന സൂചനയാണ് രണ്ടു കഴിഞ്ഞ തവണ വിജയിച്ച് രണ്ടു സീറ്റുകൾ അവർക്ക് നഷ്ടമായതിൽ തെളിയുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി തങ്ങളുടെ ശക്തി കേരളത്തിൽ പ്രകടമാക്കും-കൃഷ്ണദാസ് പറയുന്നു. കേരളത്തിൽ പിന്നോട്ട് പോകുന്നതിൽ കേന്ദ്ര നേതൃത്വം നേരത്തെ തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇത്തരമൊരു അതൃപ്തിയിലാണ് മിസോറം ഗവർണർ ആയി കുമ്മനത്തെ മാറ്റിയതിനു പിന്നിലും വന്നത്. സംസ്ഥാന അധ്യക്ഷൻ ആയിരിക്കെ ഒരു സുപ്രഭാതത്തിൽ ഗവർണർ പദവിയിൽ കുമ്മനം പ്രതിഷ്ടിക്കപ്പെടുകയായിരുന്നു. തോൽവിയുടെയും നിറംകെട്ട പ്രകടനങ്ങളുടെയും അടിസ്ഥാനത്തിൽ നിലവിലെ അധ്യക്ഷൻ ശ്രീധരൻപിള്ളയുടെ ഭാവിയും തുലാസിലാകാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP