Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പിണറായി രണ്ടുദിവസം ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും അരൂരിൽ കാറ്റ് വീശിയത് വലത്തേക്ക്; 13 വർഷം പൊന്നുപോലെ കാത്ത ഇടത് കോട്ട കൈവിട്ടപ്പോൾ തെറ്റിയത് ഈഴവ-ക്രൈസ്തവ വോട്ടിലെ കണക്കുകൾ; വെള്ളാപ്പള്ളിയും തുഷാറും ഒപ്പം നിന്നിട്ടും വോട്ടുകൾ ഷാനിമോളുടെ പെട്ടിയിൽ വീണു; മണ്ഡലത്തിലെ ബിജെപി വോട്ടുകൾ എങ്ങോട്ട് പോയെന്ന ആരിഫിന്റെ ചോദ്യവും നിർണായകം; എൽഡിഎഫിന് സിറ്റിങ് സീറ്റ് കൈവിട്ടത് എങ്ങനെ?

പിണറായി രണ്ടുദിവസം ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും അരൂരിൽ കാറ്റ് വീശിയത് വലത്തേക്ക്; 13 വർഷം പൊന്നുപോലെ കാത്ത ഇടത് കോട്ട കൈവിട്ടപ്പോൾ തെറ്റിയത് ഈഴവ-ക്രൈസ്തവ വോട്ടിലെ കണക്കുകൾ; വെള്ളാപ്പള്ളിയും തുഷാറും ഒപ്പം നിന്നിട്ടും വോട്ടുകൾ ഷാനിമോളുടെ പെട്ടിയിൽ വീണു; മണ്ഡലത്തിലെ ബിജെപി വോട്ടുകൾ എങ്ങോട്ട് പോയെന്ന ആരിഫിന്റെ ചോദ്യവും നിർണായകം; എൽഡിഎഫിന് സിറ്റിങ് സീറ്റ് കൈവിട്ടത് എങ്ങനെ?

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: ഉതിരഞ്ഞടുപ്പ് നൽകുന്ന സന്ദേശം ഇടതുപക്ഷം വലിയ മുന്നറ്റമുണ്ടാക്കിയെന്നാണ് സിപിഎം അവകാശപ്പെടുന്നെങ്കിലും, അരൂരിലെ പരാജയം വട്ടിയൂർക്കാവിലെയും, കോന്നിയിലെയും വിജയങ്ങളുടെ തിളക്കം കെടുത്തുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ തുറന്നുസമ്മതിച്ചു. പരാജയത്തിന്റെ വിശദാശങ്ങൾ പരിശോധിക്കാൻ ഒരുങ്ങുകയാണ് പാർട്ടി. എ.എം.ആരിഫ് എംപിയായതോടെ ഒഴിവ് വന്ന സിറ്റിങ് സീറ്റായ അരൂരിലെ ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകും എന്നായിരുന്നു എൽഡിഎഫ് പ്രചാരണം. രണ്ടുദിവസം പൂർണമായും അരൂർ കേന്ദ്രീകരിച്ച് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ചെലവിട്ടു. എന്നാൽ അരൂരിൽ ഇടതിന്റെ ചെങ്കോട്ട തകരുന്ന ഫലമാണുണ്ടായത്. അരൂരിലെ വിജയം ചരിത്രവിജയമെന്നാണ് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വിശേഷിപ്പിച്ചത്. കേരളത്തിൽ രാഷ്ട്രീയമായ പോരാട്ടം നടന്ന ഏക മണ്ഡലം അരൂരായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

തുടർച്ചയായ 13 വർഷം ഇടതുപക്ഷം കാത്തുസൂക്ഷിച്ച അരൂരിൽ 2137 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇടത് സ്ഥാനാർത്ഥി മനു സി. പുളിക്കലിനെ ഷാനിമോൾ തറപറ്റിച്ചു. മണ്ഡലം രൂപീകൃതമായ ശേഷം ഇവിടെ ജയിക്കുന്ന രണ്ടാമത്തെ മാത്രം കോൺഗ്രസ് സ്ഥാനാർത്ഥിയാണ് ഷാനിമോളെന്നത് ഈ വിജയത്തിന്റെ തിളക്കമേറുന്നു.1957ലും 60ലും ജയിച്ച പി.എസ് കാർത്തികേയനുശേഷം മണ്ഡലത്തിലുണ്ടായ കോൺഗ്രസ് പ്രതിനിധി. സാക്ഷാൽ ഗൗരിയമ്മയ്ക്കുശേഷം മണ്ഡലത്തിൽ നിന്ന് ജയിച്ച് കയറുന്ന രണ്ടാമത്തെ വനിത പ്രതിനിധിയാണ് ഷാനിമോൾ.1957 മുതലുള്ള ചരിത്രത്തിൽ മണ്ഡലത്തിൽ നിന്നും ജയിക്കുന്ന രണ്ടാമത്തെ ഈഴവ സമുദായാംഗമല്ലാത്തെ സ്ഥാനാർത്ഥിയും. ആദ്യ ഈഴവേതര പ്രതിനിധി മൂന്നു തവണ തുടർച്ചയായി ജയിച്ചു കയറിയ എ.എം ആരിഫാണ്..

കഴിഞ്ഞ തവണ എ.എം ആരിഫ് 38,513 വോട്ടിനു ജയിച്ച മണ്ഡലത്തിലാണ് ഷാനിമോൾ അട്ടിമറി നടത്തിയത്. ഇടതിന്റെ ഉരുക്കുകോട്ടയെന്ന് അറിയപ്പെട്ടിരുന്ന അരൂരിൽ തുടക്കം മുതൽ ലീഡ് നിലനിർത്താൻ ഷാനിമോൾക്കായി. അരൂർ, അരൂർക്കുറ്റി, പഞ്ചായത്തുകളിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. ഇടതുപക്ഷം ഭരിക്കുന്ന രണ്ട് പഞ്ചായത്തുകളിലും ലോക്‌സഭാ തിരഞ്ഞെടുപ്പിന് നേടിയ വോട്ട് നേടാൻ കഴിഞ്ഞില്ലെങ്കിലും ഷാനിമോൾക്കായിരുന്നു മുന്നേറ്റം. അരൂർ പഞ്ചായത്ത് പൂർണമായും അരൂക്കുറ്റി പഞ്ചായത്തിന്റെ പകുതിയും എണ്ണിതീർന്നപ്പോൾ 1511 വോട്ടുകളുടെ ഭൂരിപക്ഷം ഷാനിമോൾ നേടി. തുടർന്നും ലീഡ് മെച്ചപ്പെടുത്തിയ ഷാനിമോൾ ആദ്യ രണ്ട് മണിക്കൂർ പിന്നിട്ടപ്പോഴേക്കും ലീഡ് നില 2463 ആയി ഉയർത്തി. എന്നാൽ അവസാന റൗണ്ടിലേക്ക് എത്തിയപ്പോൾ ലീഡിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായത് ആശങ്കയായി. ഒടുവിൽ ഇടത് ശക്തികേന്ദ്രം തുറവൂരായിരുന്നു എണ്ണാനെടുത്തത്. ഈ സമയം രണ്ടായിരത്തിൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷമാണ് ഷാനിമോൾക്ക് ഉണ്ടായിരുന്നത്. ഇത് ഉദ്യേഗം വർധിപ്പിച്ചു. എന്നാൽ തുറവൂരും വീഴാതെ കാത്തപ്പോൾ വീണുപോയത് അരൂരെന്ന ചുവപ്പ് കോട്ടയായിരുന്നു

ഒരേയൊരു സിറ്റിങ് സീറ്റ് കൈവിട്ടത് എങ്ങനെ?

ആരിഫ് ഇല്ലാത്ത അരൂരിൽ ഉപതിരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയപ്പോൾ തന്നെ യുഡിഎഫ് ജയം മണത്തിരുന്നു. ഉപതിരഞ്ഞെടുപ്പ് നടന്നതിൽ എൽഡിഎഫിന്റെ ഒരേയൊരു സിറ്റിങ് സീറ്റ്. പാർലമെന്റ് തിരഞ്ഞെടുപ്പ് യുഡിഎഫ് തൂത്തുവാരിയപ്പോഴും ആലപ്പുഴ കൂടെ നിന്നതിന്റെ ആത്മവിശ്വാസമുണ്ടായിരുന്നു സിപിഎമ്മിന്. എന്നാൽ, സിറ്റിങ് എംഎൽഎ തന്നെ മത്സരിച്ചിട്ടും അരൂർ മണ്ഡലത്തിൽ ലീഡ് കിട്ടിയത് യുഡിഎഫിന്റെയും ഉത്സാഹം കൂട്ടി. ഭൂരിപക്ഷം നിയമസഭ തിരഞ്ഞെടുപ്പിലും ഇടതുവശം ചേർന്നുനിന്ന മണ്ഡലമാണ് അരൂർ. ഒൻപത് തവണ കെ ആർ ഗൗരിയമ്മയെ ജയിപ്പിച്ചു വിട്ടു. 2006 ൽ ആരിഫാണ് ഗൗരിയമ്മയെ കീഴടക്കിയത്.എന്നാൽ, കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ജയിച്ചിട്ടും സ്വന്തം മണ്ഡലത്തിൽ ആരിഫ് പിന്നിലായി. ഷാനിമോൾ ഉസ്മാൻ നേടിയത് 648 വോട്ടിന്റെ ലീഡ്. സമുദായ സമവാക്യങ്ങൾ മുഖ്യഘടകമായ മണ്ഡലത്തിൽ ഈഴവ പ്രാതിനിധ്യം ഉറപ്പിക്കാൻ യുഡിഎഫ് സ്ഥാനാർത്ഥിയാവുക എം.ലിജുവായിരിക്കും എന്നാണ് ആദ്യം കേട്ടത്. എന്നാൽ, ലിജുവിന് താൽപര്യമുണ്ടായിരുന്നില്ല. ബിഡിജെഎസ് ആകട്ടെ മത്സരിക്കാൻ തയ്യാറാവാതെ എൽഡിഎഫിന് പിന്തുണ നൽകി. എന്നാൽ. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ, ഈഴവ വോട്ടുകൾ എവിടെ പോയി എന്നാണ് സിപിഎം അന്വേഷിക്കുന്നത്. അതുപോലെ തന്നെ കഴിഞ്ഞ നിയമസഭ-ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ പെട്ടിയിൽ വീണ വോട്ടുകൾ എവിടെ പോയി എന്ന് ആരിഫ് അടക്കമുള്ളവർ ചോദിക്കുന്നതിനും പ്രസക്തിയുണ്ട്.

ജി.സുധാകരൻ നടത്തിയ പൂതന പരാമർശം അടക്കമുള്ള നെഗറ്റീവ് പ്രചാരവേലകൾ തിരിച്ചിടിച്ചുവെന്ന് വേണം കരുതാൻ. യുഡിഎഫ് സ്ഥാനാർത്ഥിയോട് വോട്ടർമാർക്ക് മമതയുണ്ടായിരുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. മണ്ഡലത്തിലെ വോട്ടർമാരിൽ 14 ശതമാനം വരുന്ന മുസ്ലിം വോട്ടർമാർ ആരിഫിന്റെ അഭാവത്തിൽ ഷാനിമോൾക്കൊപ്പം നിന്നു. ഒപ്പം മണ്ഡലത്തിൽ ഷാനി നേടിയ പൊതുസമ്മതി കൂടിയായപ്പോൾ ഈഴവ വോട്ടുകളും ഷാനിക്ക് അനുകൂലമായി. എസ്എൻഡിപി ഇടത്പക്ഷത്തിനൊപ്പമെന്ന് വ്യക്തമായിട്ടും സമുദായം പൂർണമായി അവർക്കൊപ്പമായിരുന്നില്ല. മുസ്ലിം വോട്ടുകൾ ഷാനിക്ക് പോയാലും ഈഴവ വോട്ടുകളും, മനു.സി.പുളിക്കന് അനുകൂലമാകുന്ന ക്രൈസ്തവ വോട്ടുകളും തുണയ്ക്കുമെന്നാണ് എൽഡിഎഫ് കണക്ക് കൂട്ടിയത്. എന്നാൽ അത് തെറ്റായിരുന്നുവെന്ന് ഇപ്പോൾ വ്യക്തമായി. സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചകളും ഇപ്പോൾ ഇടതുപാളയങ്ങളിൽ ചർച്ചയാവുന്നുണ്ട്. കൂടുതൽ ജനകീയനായ സ്ഥാനാർത്ഥിയെ തേരോട്ടം നയിക്കാൻ നിയോഗിക്കേണ്ടിയിരുന്നുവെന്നാണ് എൽഡിഎഫ് വിലിയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP