Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാലയിലെ തോൽവിക്ക് മാണി - ജോസഫ് ഗ്രൂപ്പു പോരിനെ വിമർശിച്ച കോൺഗ്രസ് നേതൃത്ത്വതിന് കോന്നിയിലെയും വട്ടിയൂർക്കാവിലെയും തോൽവിയിൽ മിണ്ടാട്ടം മുട്ടി; വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥി നിർണയം തൊട്ടു പിഴച്ചെന്ന വിമർശനം ശക്തം; എല്ലാം എൻഎസ്എസിന്റെ ചെലവിൽ നേടിയെടുക്കാൻ ശ്രമിച്ച ചെന്നിത്തലയ്ക്കും ഫലം തിരിച്ചടി; അരൂരും എറണാകുളത്തും ഐക്യത്തോടെ പ്രവർത്തിച്ചപ്പോൾ വിജയം നേടി; കോൺഗ്രസ് 'മുക്ത്' ജില്ലകളുടെ എണ്ണം അഞ്ചായതോടെ നിരാശയോടെ പ്രവർത്തകർ

പാലയിലെ തോൽവിക്ക് മാണി - ജോസഫ് ഗ്രൂപ്പു പോരിനെ വിമർശിച്ച കോൺഗ്രസ് നേതൃത്ത്വതിന് കോന്നിയിലെയും വട്ടിയൂർക്കാവിലെയും തോൽവിയിൽ മിണ്ടാട്ടം മുട്ടി; വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥി നിർണയം തൊട്ടു പിഴച്ചെന്ന വിമർശനം ശക്തം; എല്ലാം എൻഎസ്എസിന്റെ ചെലവിൽ നേടിയെടുക്കാൻ ശ്രമിച്ച ചെന്നിത്തലയ്ക്കും ഫലം തിരിച്ചടി; അരൂരും എറണാകുളത്തും ഐക്യത്തോടെ പ്രവർത്തിച്ചപ്പോൾ വിജയം നേടി; കോൺഗ്രസ് 'മുക്ത്' ജില്ലകളുടെ എണ്ണം അഞ്ചായതോടെ നിരാശയോടെ പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ വരാനിരിക്കുന്നത് പൊട്ടിത്തെറിയുടെ നാളുകൾ. സിറ്റിങ് സീറ്റുകളായ വട്ടിയൂർക്കാവും കോന്നിയും കൈവിട്ട രീതിയാണ് പ്രവർത്തകരെ ചൊടിപ്പിക്കുന്നത്. രണ്ടിടത്തും കോൺഗ്രസിന്റെ സംഘടനാ സംവിധാനം വേണ്ടവിധത്തിൽ പ്രവർത്തിച്ചില്ലെന്ന ആക്ഷേപമാണ് ഇതോടെ ഉയരുന്നത്. പാല ഉപതിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ അതിന് കേരളാ കോൺഗ്രസിലെ ഗ്രൂപ്പുപോരിനെ പഴിച്ച കോൺഗ്രസ് നേതാക്കൾക്ക് ഇപ്പോൾ സ്വയം പഴി പറഞ്ഞു നടക്കേണ്ട അവസ്ഥയാണ് ഉണ്ടായത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ എല്ലാം എൻഎസ്എസിന്റെ കൈകളിൽ ഏൽപ്പിച്ച രമേശ് ചെന്നിത്തലയ്ക്കും തിരിച്ചടി നൽകുന്നതാണ് ഫലം.

പരാജയം ക്ഷണിച്ചു വരുത്തിയ നേതാക്കൾക്കെതിരെയും സംഘടനാ സംവിധാനത്തിലെ പിഴവുകൾക്കെതിരെയും മുതിർന്ന നേതാക്കൾ ഇപ്പോൾ രംഗത്തുവന്നിട്ടുണ്ട്. ഇത് വരും ദിവസങ്ങളിൽ കൂടുതൽ പൊട്ടിത്തെറിയിലേക്ക് നീങ്ങിയേക്കും. സംഘടനാ തലത്തിൽ ഉടൻ അഴിച്ചു പണി വേണമെന്നാണ് ആവശ്യം. നിലവിലുള്ള സംവിധാനവുമായി തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നേരിടാനാകില്ലെന്നു പാർട്ടിക്കുള്ളിലെ വിമർശകർ പറയുന്നു. 27ന് രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ചിട്ടുണ്ട്. നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനം ഉണ്ടാകാനാണ് സാധ്യത. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന പാർട്ടി പുനഃസംഘടനയെന്ന പ്രക്രിയയ്ക്കു ജീവൻ വയ്ക്കാനാണ് സാധ്യത. പരാജയം പഠിക്കാൻ കമ്മിഷനെ വയ്ക്കുന്നതിലപ്പുറം നേതാക്കൾക്കതിരെ നടപടിയുണ്ടാകുമോയെന്നും വരും ദിവസങ്ങളിലറിയാം.

അനൈക്യവും വിഭാഗീയതയും ജനത്തിന് ഇഷ്ടമല്ലെന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലമെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞതു യുഡിഎഫിലെ ഘടകക്ഷികളുടെ അഭിപ്രായമാണ്. ഉറച്ച സീറ്റുകൾ അനൈക്യം കാരണം നഷ്ടപ്പെടുത്തിയെന്ന പൊതുവികാരമാണ് ഘടക കക്ഷികൾക്കുള്ളത്. പാലായിലെ പരാജയത്തിനു കേരള കോൺഗ്രസ് മാണി - ജോസഫ് ഗ്രൂപ്പുകളുടെ തമ്മിലടിയെ കുറ്റപ്പെടുത്തിയ കോൺഗ്രസ് നേതൃത്വം വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിലെ പരാജയ കാരണങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അവർ ആകാംഷയോടെ നോക്കുന്നു.

സംഘടനാ സംവിധാനത്തിലെ പോരായ്മയ്‌ക്കെതിരെ വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി മോഹൻകുമാർ രംഗത്തെത്തിക്കഴിഞ്ഞു. എന്നാൽ, ഇവിടെ സ്ഥാനാർത്ഥി നിർണയം മുതൽ പിഴച്ചെന്ന അഭിപ്രായം പ്രവർത്തകർക്കിടയിൽ ഉണ്ട്. ആളുകൾ മികച്ച സ്ഥാനാർത്ഥിയെ നോക്കിയപ്പോൾ അത് വി കെ പ്രശാന്തിന് ഗുണകരമായി മാറുകയായിരുന്നു. അതേസമയം പ്രചാരണ സമയത്തും സംഘടനാ സംവിധാനത്തിലെ പിഴവുകൾ മോഹൻകുമാർ ചൂണ്ടിക്കാട്ടിയിരുന്നു. സ്ഥലം എംഎൽഎയായിരുന്ന കെ.മുരളീധരനും തിരുവനന്തപുരം എംപി. ശശി തരൂരും പ്രചാരണത്തിൽ സജീവമാകാത്തതാണ് മോഹൻകുമാറിനെ ചൊടിപ്പിച്ചത്. പിന്നീട് ഇരുവരും പ്രചാരണത്തിനിറങ്ങിയെങ്കിലും പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കാൻ ആളില്ലാത്തതു തിരിച്ചടിയായി.

അരൂരും എറണാകുളത്തും മുതിർന്ന നേതാക്കളാണ് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. അരൂരിൽ പി.ടി.തോമസും എറണാകുളത്ത് വി.ഡി.സതീശനും ഹൈബി ഈഡനും പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. ഷാനിമോൾ ഉസ്മാന് വേണ്ടി ഡിസിസി അധ്യക്ഷൻ എം ലിജുന്റെ നേതൃത്വത്തിൽ മികച്ച പ്രചരണ പ്രവർത്തനങ്ങളായിരുന്നു നടത്തിയത്. എന്നാൽ, വട്ടിയൂർക്കാവിലും കോന്നിയിലും ഇതായിരുന്നില്ല സാഹചര്യം. കോന്നിയിൽ പ്രചാരണത്തിനു നേതൃത്വം നൽകേണ്ട അടൂർ പ്രകാശ് എംപി. സജീവമായിരുന്നില്ലെന്ന ആക്ഷേപം ഉയർന്നു കഴിഞ്ഞു. സ്ഥാനാർത്ഥിയായി താൻ നിർദ്ദേശിച്ച റോബിൻ പീറ്ററെ നേതൃത്വം തഴഞ്ഞതോടെയാണ് അടൂർ പ്രകാശ് പ്രചാരണരംഗത്തു തണുപ്പൻ സമീപനം സ്വീകരിച്ചതെന്നു പ്രാദേശിക നേതൃത്വം പറയുന്നു. വട്ടിയൂർക്കാവിൽ പീതാംബരക്കുറുപ്പിനെ സ്ഥാനാർത്ഥിയാക്കണമെന്ന നിർദ്ദേശം തള്ളിയതോടെയാണ് കെ.മുരളീധരൻ പ്രചാരണ പ്രവർത്തനങ്ങളിൽനിന്ന് അകന്നത്. സ്ഥാനാർത്ഥി നിർണയ തർക്കങ്ങൾ കൈവിട്ടുപോയതോടെ രണ്ടു മണ്ഡലങ്ങളും മുന്നണിക്കു നഷ്ടപ്പെട്ടു.

എൽഡിഎഫ് വിജയമല്ല യുഡിഎഫിന്റെ പരാജയമാണിതെന്നു കെ.സുധാകരൻ എംപി. തുറന്നു പറഞ്ഞു. സംഘടനാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കാത്തതാണ് പരാജയ കാരണമെന്നു ചൂണ്ടിക്കാട്ടിയ രാജ്‌മോഹൻ ഉണ്ണിത്താൻ പാർട്ടിക്ക് അതീതമായി ചിന്തിക്കുന്നവരെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടു. എംഎൽഎമാരെ രാജി വയ്‌പ്പിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചതിനെതിരെ ഹസൻ രംഗത്തെത്തി. പരാജയ കാരണം കണ്ടെത്താൻ തൊലിപ്പുറത്തെ ചികിൽസ പോരെന്നായിരുന്നു വി എം.സുധീരന്റെ പ്രസ്താവന. തർക്കം മുറുകിയതോടെ, നേതാക്കൾ പരസ്യ പ്രസ്താവന നടത്തരുതെന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.

1996 മുതൽ യുഡിഎഫ് സ്ഥിരമായി വിജയിക്കുന്ന മണ്ഡലമാണ് കോന്നി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 72,800 വോട്ടാണ് യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് നേടിയത്. സിപിഎമ്മിന് ലഭിച്ചത് 52,052 വോട്ടും ബിജെപിക്ക് ലഭിച്ചത് 16,713 വോട്ടും. ഇത്തവണ കോൺഗ്രസ് സ്ഥാനാർത്ഥി മോഹൻരാജിന് ലഭിച്ചത് 44,146 വോട്ട്. കുറഞ്ഞത് 28,654 വോട്ട്. സിപിഎമ്മിന് 2047 വോട്ടും ബിജെപിക്ക് 23073 വോട്ടും കൂടി.

വട്ടിയൂർക്കാവിൽ കെ.മുരളീധരന് 51,322 വോട്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ചത്. ബിജെപിക്ക് 43700 വോട്ടും സിപിഎമ്മിന് 40441 വോട്ടും ലഭിച്ചു. ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് 40365 വോട്ട്. കുറഞ്ഞത് 10957 വോട്ട്. സിപിഎമ്മിന് 14,389 വോട്ട് കൂടി. ബിജെപിക്ക് 16247 വോട്ട് കുറഞ്ഞു. കോന്നിയിൽ കോൺഗ്രസിന്റെ നഷ്ടം ബിജെപിക്ക് ലാഭമായി. വട്ടിയൂർക്കാവിൽ കോൺഗ്രസിന്റെയും ബിജെപിയുടേയും വോട്ടു ചോർച്ച സിപിഎമ്മിനു ഗുണമായി.

വോട്ടു ചോർച്ചയിൽ കോന്നിയിലെയും വട്ടിയൂർക്കാവിലെയും എംഎൽഎമാരായിരുന്നവർക്കു പുറമേ നേതൃത്വത്തിനും പങ്കുണ്ടെന്നു വിമർശനം ഉയർന്നു കഴിഞ്ഞു. എറണാകുളത്ത് യുഡിഎഫ് കടന്നു കൂടുകയായിരുന്നു. സർക്കാരിനെതിരെ പോരാടാൻ നേതൃത്വത്തിനു കഴിയുന്നില്ലെന്നു വിമർശനം ഉയരുന്നുണ്ട്. നേതൃമാറ്റം വരുമോ അതോ നടപടികൾ തൊലിപ്പുറത്തെ ചികിൽസയാകുമോയെന്നറിയാൻ അണികളും കാത്തിരിക്കുന്നു. ഉമ്മൻ ചാണ്ടി കൂടുതൽ സജീവമാകണം എന്ന അഭിപ്രായം ഉയർത്തുന്നവർ നിരവധിയുണ്ട്. ഇവരുടെ ആവശ്യത്തിനും മുറവിളിക്കും ഇനിയും ശക്തകൂടാനാണ് സാധ്യത.

കോന്നിയിൽ പി. മോഹൻരാജ് പരാജയപ്പെട്ടതോടെ കേരളത്തിൽ കോൺഗ്രസിന് നിയമസഭാ പ്രതിനിധ്യമില്ലാത്ത ജില്ലകളുടെ എണ്ണം അഞ്ചായി മാറിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കാസർകോട്, ഇടുക്കി എന്നീ ജില്ലകളിൽ നിന്നും കോൺഗ്രസ് എം എൽ എമാരില്ല. ആകെയുള്ള എം എൽ എമാരുടെ എണ്ണത്തിലും കുറവ് സംഭവിച്ചു. കോന്നിയും വട്ടിയൂർക്കാവും നഷ്ടമായപ്പോൾ അകെ അംഗങ്ങളുടെ എണ്ണം 21 ആയി. ഇതിൽ മൂന്നിലൊന്നും എറണാകുളം ജില്ലയിൽ നിന്നാണ്. തിരുവനന്തപുരം ജില്ലയിൽ മൂന്ന് കോൺഗ്രസ് എംഎൽമാരാണുള്ളത്.

സിപി എമ്മിന് കനത്ത പ്രഹരമേൽപ്പിച്ച് അരൂരിൽ ഷാനിമോൾ ഉസ്മാൻ വിജയിച്ചതോടെ ആലപ്പുഴയിൽ നിന്നും കോൺഗ്രസിന് രണ്ടാമത്തെ എംഎൽഎ ആയി. കോൺഗ്രസ് പ്രതിനിധിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മാത്രം നിയമസഭയിലേക്ക് അയച്ച ജില്ലയായിരുന്നു ആലപ്പുഴ. മറ്റു ജില്ലകളിൽ കണ്ണൂർ, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിലും രണ്ട് എം എൽ എമാർ വീതമാണ് കോൺഗ്രസിനുള്ളത്. വയനാട്, മലപ്പുറം, തൃശൂർ, എന്നിവിടങ്ങളിൽ ഓരോന്നു വീതവും. കൊല്ലം, പത്തനംതിട്ട എന്നീ രണ്ടു ജില്ലകളിൽ നിന്നും യുഡിഎഫ് പ്രതിനിധ്യവുമില്ലാതെ ആയി. കാസർകോട്, ഇടുക്കി എന്നീ രണ്ടു ജില്ലകളിലും കോൺഗ്രസ് എം എൽ എമാർ ഇല്ല എങ്കിലും യഥാക്രമം മുസ്ലിം ലീഗും കേരള കോൺഗ്രസും ആ കുറവ് പരിഹരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP